പൊതു വിഭാഗം

പുതിയ വിദ്യാഭ്യാസ നയം: ഭാഷയുടെ എഞ്ചിനീയറിങ്ങ്.

നമ്മൾ നടത്തുന്ന നിക്ഷേപങ്ങളിൽ ഏറ്റവും കൂടുതൽ ആദായം (return on investment) ലഭിക്കുന്നത് പണത്തിനോ ഭൂമിക്കോ സ്വർണ്ണത്തിനോ ഒന്നുമല്ല, വിദ്യാഭാസത്തിനാണ്. ഇത് നമ്മുടെ കാര്യത്തിലും നമ്മുടെ കുട്ടികളുടെയും ബന്ധുക്കളുടെയും കാര്യത്തിൽ ശരിയാണ്. ആ അർത്ഥത്തിൽ വിദ്യാഭ്യാസത്തിൽ ഒരു രാജ്യം നിക്ഷേപം നടത്തുന്പോൾ അത് രാജ്യത്തിൻറെ ഭാവിയെത്തന്നെ മാറ്റിമറിക്കുന്നു. മത തീവ്രവാദം, രാഷ്ട്രീയം, വർണ്ണം, വർഗ്ഗം, മറ്റു രാജ്യങ്ങളോടുള്ള ശത്രുതകൾ ഇവയെല്ലാം സ്‌കൂൾ കരിക്കുലത്തിൽ കുത്തിനിറച്ച രാജ്യങ്ങളിൽ എന്ത് സംഭവിച്ചുവെന്ന് നാം ഏറെ കണ്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ 10+2 ആണോ 5+3+3+4 ആണോ വിദ്യാഭ്യാസ രീതി, ഭൗതിക സൗകര്യങ്ങൾ ഉണ്ടാക്കുന്നുണ്ടോ എന്നതിനേക്കാളൊക്കെ ഉപരിയാണ് പുസ്തകങ്ങൾക്കുള്ളിൽ എന്താണ് പഠിപ്പിക്കുന്നത് എന്ന കാര്യം. ഭാഷകൾ, ചരിത്രം, സാമൂഹ്യപാഠം ഇതൊക്കെ ഇക്കാര്യത്തിൽ ഏറെ പ്രധാനമാണ്.
 
ഈ വിദ്യാഭ്യാസ നയത്തിൽ ഏറ്റവും കൂടുതൽ മാറ്റങ്ങൾ നിർദ്ദേശിച്ചിട്ടുളളത് ഭാഷാ പഠനത്തിലാണ്. മൂന്നു വയസ്സുള്ള കുട്ടികളെ ഏത് ഭാഷയിലാണ് പഠിപ്പിക്കേണ്ടത് എന്ന് തുടങ്ങി ഭാഷകൾക്ക് വേണ്ടിയുള്ള യൂണിവേഴ്സിറ്റികളിൽ എന്തൊക്കെ പഠിപ്പിക്കണം എന്ന് വരെ ഭാഷാപഠനത്തെ സംബന്ധിക്കുന്ന അനവധി കാര്യങ്ങൾ ഈ പോളിസിയിലുണ്ട്. നമ്മുടെ രാജ്യത്തിൻറെ ഭാവി എങ്ങോട്ടാണ് പോകുന്നതെന്നറിയാൻ താല്പര്യമുള്ളവർ അറുപത് പേജുള്ള പുതിയ വിദ്യാഭ്യാസനയത്തിൽ എവിടെയൊക്കെയാണ് ഭാഷയുടെ എഞ്ചിനീയറിങ്ങ് നടത്തിയിരിക്കുന്നതെന്ന് വായിച്ച് മനസ്സിലാക്കാൻ ശ്രമിക്കുന്നത് നന്നായിരിക്കും.
 
സ്‌കൂൾ വിദ്യാഭ്യാസവും കോളേജ് വിദ്യാഭ്യാസവും പ്രൊഫഷണൽ വിദ്യാഭ്യാസവും അധ്യാപകരുടെ വിദ്യാഭ്യാസവും വ്യത്യസ്‌തമായ വിഭാഗങ്ങളിൽ ആണെങ്കിൽ ഭാഷാപഠനം പോളിസിയിൽ പലയിടത്തുമായി വിന്യസിച്ചിരിക്കുകയാണ്. എത്രമാത്രം പ്രാധാന്യം ഈ വിഷയത്തിന് നൽകിയിട്ടുണ്ട് എന്ന് മനസ്സിലാക്കാൻ ഞാൻ വളരെ ലളിതമായ ഒരു ടെസ്റ്റ് നടത്തി നോക്കി. പോളിസിയിൽ ഭാഷ, ഇന്ത്യൻ ഭാഷകൾ, വിദേശ ഭാഷകൾ, ഇംഗ്ലീഷ്, ഹിന്ദി, എന്നിങ്ങന വാക്കുകൾക്ക് വേണ്ടി സെർച്ച് ചെയ്തു. ഇതിന്റെ ഉത്തരം താഴെ കൊടുക്കുന്നു.
 
Language – 126 times
Indian languages – 34 times
Sanskrit – 23 times
Mother Tongue – 11 times
Home Language – 8 times
Regional Languages – 7 times
English – 5 times
Foreign Languages – 2 times
Malayalam – 2 times
Hindi – 1 time
ഏത് ഭാഷയിലാണ് വിദ്യാഭ്യാസം തുടങ്ങേണ്ടത്? വിദ്യാഭ്യാസ നയത്തിൽ ഇതുവരെയുള്ള ചർച്ചകളിൽ ഏറ്റവും മുന്നിട്ട് നിന്നത് പ്രാഥമിക വിദ്യാഭ്യാസത്തിന്റെ ഭാഷ ആണല്ലോ. പോളിസി വായിച്ച ഞാൻ വാസ്തവത്തിൽ ഇപ്പോഴും കൺഫ്യൂഷനിലാണ്, കാരണം ഏതു ഭാഷയിലാണ് പ്രാഥമിക വിദ്യാഭ്യാസം നടത്തേണ്ടതെന്ന് കൃത്യമായി പറഞ്ഞിട്ടില്ല. പോളിസിയിൽ ഉപയോഗിച്ചിരിക്കുന്ന ഭാഷ ഇതാണ്.
“Wherever possible, the medium of instruction until at least Grade 5, but preferably till Grade 8 and beyond, will be the home language/mother tongue/local language/regional language. Thereafter, the home/local language shall continue to be taught as a language wherever possible.”
ഇതിൽ ഹോം ലാംഗ്വേജ് എന്നത് പുതിയ ഒരു പ്രയോഗമാണ്, അതാണ് പക്ഷെ ഒന്നാമതായി കൊടുത്തിരിക്കുന്നത്.
എന്താണീ ഹോം ലാംഗ്വേജ് ? പോളിസി അത് നിർവ്വചിക്കുന്നുണ്ട്.
“Home language is usually the same language as the mother tongue or that which is spoken by local communities.”
 
ഇതും ആശയക്കുഴപ്പമുണ്ടാക്കുന്നതാണ്. കേരളത്തിൽ ജീവിക്കുന്ന മലയാളിക്കുട്ടിയുടെ മാതൃഭാഷയും ലോക്കൽ കമ്മ്യൂണിറ്റി സംസാരിക്കുന്ന ഭാഷയും ഒന്നാണ്. എന്നാൽ ബാംഗ്ലൂരിൽ വളരുന്ന കുട്ടിയുടെ ഹോം ലാംഗ്വേജ് ഏതാണ്?
അന്താരാഷ്ട്രമായി ഹോം ലാംഗ്വേജ് എന്നതിന്റെ നിർവചനം അല്പം വ്യത്യസ്തമാണ്. “A home language is the first language we learn to speak” എന്നാണത്. ഇത് അച്ഛനമ്മമാരുടെ ഭാഷയോ അവർ ജീവിക്കുന്ന ചുറ്റുപാടിലെ ഭാഷയോ ആകാം.
എന്തുകൊണ്ടാണ് കുട്ടികളുടെ പ്രാഥമിക വിദ്യാഭ്യാസം ഹോം ലാംഗ്വേജ് ൽ വേണമെന്ന് പറയുന്നത് ?
പോളിസി അതും പറയുന്നുണ്ട്.
“It is well understood that young children learn and grasp nontrivial concepts more quickly in their home language/mother tongue”.
ശരിയാണ്.
നമ്മുടെ നിർവ്വചനമനുസരിച്ച് അമ്മയുടെ ഭാഷയും കുട്ടി ജീവിക്കുന്ന നാട്ടിലെ ഭാഷയും ഒന്നാണെങ്കിൽ കാര്യം വ്യക്തമാണ്. കേരളത്തിൽ ജീവിക്കുന്ന മലയാളിക്കുട്ടികൾക്ക് ഹോം ലാംഗ്വേജ് മലയാളമാണ്. അവരുടെ വിദ്യാഭ്യാസം ആരംഭിക്കേണ്ടത് മലയാളത്തിലാണ്. ഇതാണ് കൂടുതൽ അഭികാമ്യമെന്ന് ധാരാളം ആഗോള പഠനങ്ങളുമുണ്ട്.
പക്ഷെ കേരളത്തിൽ ജീവിക്കുന്ന ബംഗാളികളായ കുട്ടികൾ പറഞ്ഞു തുടങ്ങുന്നതും വീട്ടിൽ പറയുന്നതും ബംഗാളിയാണ്, അതവണവരുടെ ഹോം ലാംഗ്വേജ്. മലയാളിക്കുട്ടികളെ ഇംഗ്ളീഷിൽ പഠിപ്പിച്ചു തുടങ്ങുന്നത് പോലെ തന്നെയാണ് ബംഗാളികളായ കുട്ടികളെ മലയാളത്തിൽ സ്‌കൂളിൽ പഠിപ്പിക്കുന്നത്, അതുകൊണ്ട് ഹോം ലാംഗ്വേജ് ൽ പഠിപ്പിക്കുന്ന ഒരു ഗുണവും ഉണ്ടാവില്ല. പെരുന്പാവൂരിലുള്ള ബംഗാളി കുട്ടികളെ നാം ബംഗാളിയിലാണ് പഠിപ്പിച്ചു തുടങ്ങേണ്ടത്. അങ്ങനെ ചെയ്യാൻ പറ്റുമെങ്കിൽ അത് നല്ല കാര്യവുമാണ്.
 
ഇക്കാര്യത്തിൽ കൂടുതൽ കൃത്യത വേണം, ശാസ്ത്രീയമായി തീരുമാനിക്കുകയും വേണം. പ്രാദേശികഭാഷയിൽ പഠിപ്പിക്കാനായി ഇംഗ്ലീഷ് മീഡിയം ഒഴിവാക്കുകയും മറിച്ച് കുട്ടി ഏത് നാട്ടിലാണോ ജീവിക്കുന്നത് അവിടുത്തെ പ്രാദേശിക ഭാഷയിൽ പഠിപ്പിച്ചു തുടങ്ങുകയും ചെയ്യുന്നത് കുട്ടിയുടെ വളർച്ചക്ക് പ്രത്യേക ഗുണം ചെയ്യുകയില്ലെന്ന് മാത്രമല്ല, പ്രായോഗികമായി വിഷമങ്ങൾ ഉണ്ടാക്കുകയും ചെയ്യും.
 
മൂന്നു ഭാഷകളുടെ പദ്ധതി: രണ്ടുവയസിനും എട്ടുവയസിനും ഇടക്ക് കുട്ടികൾക്ക് അതിവേഗത്തിൽ ഭാഷകൾ പഠിക്കാൻ സാധിക്കുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്, പ്രായോഗിക തലത്തിലും തെളിയിക്കപ്പെട്ടതാണ്. അച്ഛനും അമ്മയും വ്യത്യസ്ത ഭാഷകൾ സംസാരിക്കുന്ന വീടുകളിൽ കുട്ടികൾ അച്ഛന്റെയും അമ്മയുടെയും ഭാഷ ഒരു ബുദ്ധിമുട്ടുമില്ലാതെ പിടിച്ചെടുക്കും, തിരിച്ച് അവരോട് അവരുടെ ഭാഷയിൽ മാത്രം സംസാരിക്കുകയും ചെയ്യും. ഇത്തരം ഒരു കുടുംബം താമസിക്കുന്നത് മൂന്നാമതൊരു ഭാഷ സംസാരിക്കുന്ന സ്ഥലത്താകുകയും കുട്ടികൾക്ക് ആ നാട്ടിലെ കുട്ടികളുമായി ഇടപെടാൻ അവസരം ഉണ്ടാവുകയും ചെയ്താൽ കുട്ടികൾ ആ ഭാഷയും പഠിച്ചെടുക്കും. ഈ തത്വം ഉപയോഗിച്ച് എട്ടു വയസിനു മുൻപ് തന്നെ കൂടുതൽ ഭാഷകൾ കുട്ടികളെ പഠിപ്പിക്കണമെന്നാണ് പോളിസി പറയുന്നത്.
കുട്ടികളെ മൂന്നു ഭാഷകൾ പഠിപ്പിക്കണമെന്നും അതിൽ രണ്ടെണ്ണമെങ്കിലും ഇന്ത്യൻ ഭാഷകൾ ആയിരിക്കണമെന്നും സെക്കണ്ടറി സ്ക്കൂൾ കഴിയുന്പോഴേക്കും രണ്ടു ഭാഷകളിൽ അടിസ്ഥാനമായ അറിവും (basic proficiency) ഒരു ഭാഷയിൽ കുറച്ചുകൂടി ആഴത്തിലുള്ള അറിവും (literature level) വേണമെന്നാണ് പോളിസി പറയുന്നത്.
 
ശാസ്ത്രീയമായ ഇന്ത്യൻ ഭാഷകൾ: “India’s languages are among the richest, most scientific, most beautiful, and most expressive in the world, with a huge body of ancient as well as modern literature (both prose and poetry), film, and music written in these languages that help form India’s national identity and wealth.” എന്ന് പോളിസി പറയുന്നു.
പോരാത്തതിന് സംസ്കൃതത്തെ പറ്റി കൂടുതൽ പറയുന്നുണ്ട്.
Sanskrit, while also an important modern language mentioned in the Eighth Schedule of the Constitution of India, possesses a classical literature that is greater in volume than that of Latin and Greek put together, containing vast treasures of mathematics, philosophy, grammar, music, politics, medicine, architecture, metallurgy, drama, poetry, storytelling, and more (known as ‘Sanskrit Knowledge Systems’), written by people of various religions as well as non-religious people, and by people from all walks of life and a wide range of socio-economic backgrounds over thousands of years.
 
ഇതുകൊണ്ടൊക്കെ സ്‌കൂളിൽ എല്ലാ തലത്തിലും സംസ്‌കൃതം പഠിക്കാനായി അവസരം ഉണ്ടാകുമെന്നും കുട്ടികൾ പഠിക്കേണ്ട മൂന്നു ഭാഷകളിൽ ഒന്നായി സംസ്‌കൃതം എടുക്കാമെന്നും പോളിസി പറയുന്നു. എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സംസ്‌കൃത വിഭാഗം ഉണ്ടാകും, സംസ്കൃത സർവകലാശാലകളെ മറ്റുള്ള വിഷയങ്ങൾ കൂടി പഠിപ്പിക്കുന്ന മൾട്ടി ഡിസ്‌സിപ്ലിനറി സ്ഥാപനങ്ങൾ ആക്കും. സംസ്‌കൃത അധ്യാപകരെ ധാരാളമായി പരിശീലിപ്പിക്കും, നിയമിക്കും.
 
“Sanskrit Universities too will move towards becoming large multidisciplinary institutions of higher learning. Departments of Sanskrit that conduct teaching and outstanding interdisciplinary research on Sanskrit and Sanskrit Knowledge Systems will be established/strengthened across the new multidisciplinary higher education system. Sanskrit will become a natural part of a holistic multidisciplinary higher education if a student so chooses. Sanskrit teachers in large numbers will be professionalized across the country in mission mode through the offering of 4-year integrated multidisciplinary B.Ed. dual degrees in education and Sanskrit “
 
ക്ലാസിക്കൽ ഭാഷകൾ: സംസ്‌കൃതം കൂടാതെ മറ്റു ക്ലാസിക്കൽ ഭാഷകളെ പറ്റിയും പോളിസി പറയുന്നുണ്ട്.
 
“In addition to Sanskrit, other classical languages and literatures of India, including Tamil, Telugu, Kannada, Malayalam, Odia, Pali, Persian, and Prakrit, will also be widely available in schools as options for students, possibly as online modules, through experiential and innovative approaches, to ensure that these languages and literature stay alive and vibrant.”
 
ആറാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെ ഇന്ത്യയിൽ എവിടെയുമുള്ള കുട്ടികൾക്ക് തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, ഒറിയ, പാലി, പേർഷ്യൻ, പ്രകൃത് (Prakrit) എന്നീ ക്ലാസിക്കൽ ഭാഷകൾ ചുരുങ്ങിയത് രണ്ടു വർഷമെങ്കിലും പഠിക്കാനുള്ള അവസരം ഉണ്ടാകുമെന്ന് പോളിസി പറയുന്നു. മൂന്ന് ഭാഷകൾ പഠിക്കുന്നതിന് പുറമെ ആണിത്.
 
മറ്റുഭാഷകൾ: മൂന്നു ഭാഷകൾ കുട്ടികൾക്ക് പഠിക്കാനുള്ളത് കൊണ്ട് ഭരണഘടനയുടെ എട്ടാം അനുബന്ധത്തിലുള്ള ഭാഷകൾ എല്ലാം മറ്റു സംസ്ഥാനങ്ങളിൽ പഠിപ്പിക്കാനുള്ള സാധ്യതയുണ്ട്. ഇതിന് വേണ്ടി വിവിധ സംസ്ഥാന സർക്കാരുകൾ തമ്മിൽ അധ്യാപരെ കൈമാറ്റം ചെയ്യാനുള്ള സംവിധാനം ഉണ്ടാക്കാമെന്നും പോളിസി നിർദ്ദേശിക്കുന്നുണ്ട്.
 
ബി എഡ് ഡിഗ്രിയിൽ ഏതെങ്കിലും ഒരു ഭാഷയും കൂടി പഠിച്ച് ഡബിൾ ഡിഗ്രി നേടാനുള്ള അവസരമുണ്ടാകും. വിവിധ ഭാഷകൾക്ക് വേണ്ടി ദേശീയ ഇൻസ്റിറ്റ്യൂട്ടുകൾ സ്ഥാപിക്കും (eg: National Institute (or Institutes) for Pali, Persian and Prakrit). ഭരണഘടനയുടെ എട്ടാം അനുബന്ധത്തിലുള്ള ഭാഷകൾക്കെല്ലാം ആ ഭാഷയിലെ വിദഗ്ദ്ധർ ഉൾപ്പെട്ട അക്കാദമി സ്ഥാപിക്കും. മലയാളം യൂണിവേഴ്സിറ്റി പോലുള്ള യൂണിവേഴ്സിറ്റികളെ വികസിപ്പിച്ച് എല്ലാ വിഷയങ്ങളും പഠിപ്പിക്കുന്ന മൾട്ടി ഡിസിപ്ലിനറി യൂണിവേഴ്സിറ്റികൾ ആക്കും.
 
കേരളം ഇപ്പോൾ മറ്റനവധി സംസ്ഥാനങ്ങളിൽ നിന്നുള്ളവർക്ക് തൊഴിൽ അവസരങ്ങൾ നൽകുന്ന പ്രദേശമായതിനാൽ അവിടങ്ങളിൽ മലയാളം പഠനത്തിന് വലിയ ഡിമാൻഡ് ഉണ്ടാകും. കേരളത്തിൽ നിന്നും ആയിരക്കണക്കിന് ഭാഷാ അധ്യാപകരെ നമുക്ക് ഇന്ത്യയിലാകെ വിന്യസിക്കാനുള്ള അവസരമാണ്. ഓൺലൈൻ ആയി മലയാളം പഠിക്കാനുള്ള അവസരവും വർദ്ധിപ്പിക്കണം.
 
ഇന്ത്യയും ഭാഷയും: മുൻപ് പറഞ്ഞ ഭാഷാ പഠനം കൂടാതെ ആറാം ക്ലാസിനും എട്ടാം ക്ലാസിനും ഇടക്കുള്ള എല്ലാ വിദ്യാർത്ഥികളും “ഇന്ത്യയിലെ ഭാഷകൾ” എന്ന പാഠവും പഠിക്കണമെന്ന് പോളിസി നിർദ്ദേശിക്കുന്നു. ഭാഷകൾ തമ്മിലുള്ള ബന്ധം, ഐക്യം, ഓരോ ഭാഷയും മറ്റേ ഭാഷയെ എങ്ങനെ സ്വാധീനിക്കുന്നു എന്നതെല്ലാം പഠന വിഷയമായിരിക്കും. വിവിധ ഭാഷയിൽ നിന്നുള്ള ചെറിയ വാക്കുകൾ, അവിടുത്തെ പ്രശസ്തരായ എഴുത്തുകാർ, പുസ്തകങ്ങൾ ഇവയെ അറിയാനുള്ള അവസരവുമുണ്ടാകും. വളരെ നല്ല ആശയമാണ്.
 
വിദേശ ഭാഷകൾ: സെക്കണ്ടറി തലത്തിൽ (ഒന്പതാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെ) കൊറിയൻ, ജാപ്പനീസ്, തായ്, ഫ്രഞ്ച്, ജർമ്മൻ, സ്പാനിഷ്, പോർട്ടുഗീസ്, റഷ്യൻ ഭാഷകൾ പഠിക്കാനുള്ള അവസരം ഉണ്ടാകുമെന്ന് പോളിസി പറയുന്നു. മറ്റു സംസ്കാരങ്ങളെ അറിയാനും, തൊഴിലിനും മറ്റുമായി സഞ്ചരിക്കാനും ഇത് സഹായകമാകും. കേരളം ഏറ്റവും കൂടുതൽ അവസരം ഉപയോഗിക്കേണ്ടത് ഇതിനാണ്.
 
സൈൻ ലാംഗ്വേജ് – ഭിന്നശേഷിയുള്ള കുട്ടികൾക്ക് (divyang എന്നാണ് പോളിസിയിലെ പ്രയോഗം) ദേശീയമായും പ്രാദേശികമായും ആംഗ്യഭാഷ വികസിപ്പിക്കുമെന്നും പഠിപ്പിക്കുമെന്നും പോളിസി പറയുന്നു. കേരളം ഇപ്പോൾ തന്നെ ഈ കാര്യം വളരെ നന്നായി ചെയ്യുന്നുണ്ട്. ഭിന്നശേഷി ഉള്ളവരെ മാത്രമല്ല എല്ലാ കുട്ടികളേയും കുറച്ചെങ്കിലും ആംഗ്യഭാഷ പഠിപ്പിക്കണമെന്നാണ് എൻറെ വ്യക്തിപരമായ അഭിപ്രായം.
മൊഴിമാറ്റത്തിന് പുതിയ സ്ഥാപനം: പുതിയ സ്ഥാപനങ്ങൾ ഏറെയാണ് പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. വിവിധ ഭാഷകൾ തമ്മിൽ മൊഴിമാറ്റം ചെയ്യുന്നതിന് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രാൻസ്ലേഷൻ ആൻഡ് ഇന്റെർപ്രെറ്റേഷൻ ( Indian Institute of Translation and Interpretation (IITI)) സ്ഥാപിക്കും.
 
സാങ്കേതിക വിദ്യകളുടെ ഉപയോഗം: നിർമ്മിതബുദ്ധിയുടെ വരവ് ഭാഷാപഠനത്തെ ഏറെ മാറ്റുകയാണ്. ഭാഷകൾ പ്രധാനമായിരിക്കുമെങ്കിലും ഭാഷാപഠനം എന്നതിന് ഇന്നുള്ള അർത്ഥമായിരിക്കില്ല പത്തുവർഷത്തിൽ ഉണ്ടാവുക. ഇക്കാര്യത്തെപ്പറ്റി പോളിസി പലയിടങ്ങളിലും പരാമർശിക്കുന്നുണ്ട്. ഇക്കാര്യത്തിൽ കേരളത്തിന് ഏറെ സാദ്ധ്യതകൾ ഉണ്ട്.
നാഷണൽ പോളിസി വായിക്കുന്നവരും ചർച്ച ചെയ്യുന്നവരും ഭാഷയുമായി ബന്ധപ്പെട്ട കാര്യങ്ങൾ മനസ്സിരുത്തി വായിക്കണം. ചിന്തിക്കുന്നവർക്ക് ഏറെ ദൃഷ്ടാന്തങ്ങൾ ഇവിടെയുണ്ട്. അത് ഞാൻ ചിന്തിക്കുന്നവർക്ക് തന്നെ വിടുന്നു.
 
#NEPReview 4
 
മുരളി തുമ്മാരുകുടി

Leave a Comment