അറുപത് പേജുള്ള പുതിയ വിദ്യാഭ്യാസ നയത്തിൽ പതിനേഴ് പേജുകളാണ് ഉന്നത വിദ്യാഭ്യാസത്തെ കുറിച്ചുള്ളത് (പ്രൊഫഷണൽ വിദ്യാഭ്യാസം ഒഴികെ). ഉന്നത വിദ്യാഭ്യാസത്തെ അടിമുടി മാറ്റാൻ ഉതകുന്ന നിരവധി നിർദ്ദേശങ്ങളുണ്ട്. പ്രധാനമായവ ഇവിടെ പറയാം.
1. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ കൂടുതൽ വിപുലവും (മൂവായിരം കുട്ടികളോ അതിലധികമോ ഉള്ളത്) വിവിധ വിഷയങ്ങൾ ഒരേ സ്ഥാപനത്തിൽ പഠിപ്പിക്കുന്നതും (multi-disciplinary) ആകണമെന്നതാണ് ഏറ്റവും സുപ്രധാനമായ നിർദ്ദേശം. അടുത്ത പതിനഞ്ചു വർഷത്തിനകം ചെറുതോ ഒരേ വിഷയം മാത്രം പഠിപ്പിക്കുന്നതാ ആയ സ്ഥാപനങ്ങൾ (ഉദാഹരണം എഞ്ചിനീയറിങ്ങ് കോളേജുകൾ, ബി എഡ് കോളേജുകൾ) കൂടുതൽ വിഷയങ്ങൾ പഠിപ്പിക്കുന്നതും കൂടുതൽ വിദ്യാർത്ഥികളെ പ്രവേശിപ്പിക്കുന്നതുമായ സ്ഥാപനങ്ങളാക്കി മാറ്റണം.
2. യൂണിവേഴ്സിറ്റികൾ ‘deemed to be university’, ‘affiliating university’, ‘affiliating technical university’, ‘unitary university’ എന്നൊക്കെയുള്ള വേർതിരിവുകൾ മാറ്റി യൂണിവേഴ്സിറ്റികൾ എന്ന ഒറ്റ പേരിലായിരിക്കും അറിയപ്പെടുക. യൂണിവേഴ്സിറ്റികൾക്ക് ഗവേഷണത്തിൽ കൂടുതൽ ശ്രദ്ധ കൊടുക്കുന്ന “റിസർച്ച് യൂണിവേഴ്സിറ്റിയോ” അധ്യാപനത്തിൽ കൂടുതൽ ശ്രദ്ധ കൊടുക്കുന്ന “ടീച്ചിങ് യൂണിവേഴ്സിറ്റിയോ” ആകാം. രണ്ടാണെങ്കിലും വിപുലവും പല വിഷയങ്ങൾ ഒരേ സ്ഥാപനത്തിൽ പഠിപ്പിക്കുന്നുണ്ട് എന്നതും പ്രധാനമാണ്.
3. അഫിലിയേറ്റഡ് കോളേജ് എന്ന സംവിധാനം പതിനഞ്ചു വർഷം കൊണ്ട് ഇല്ലാതാക്കണം. ഇപ്പോഴുള്ള എല്ലാ അഫിലിയേറ്റഡ് കോളേജുകൾക്കും വേണമെങ്കിൽ വളർന്ന് അല്ലെങ്കിൽ കൂട്ടുകൂടി യൂണിവേഴ്സിറ്റികളാകുകയോ വേണ്ടത്ര മാറ്റങ്ങൾ വരുത്തി സ്വന്തമായി കരിക്കുലം സെറ്റ് ചെയ്യാനും ഡിഗ്രി കൊടുക്കാനും അർഹതയുള്ള ഓട്ടോണമസ് കോളേജുകളാകുകയോ ചെയ്യാം. പ്രാബല്യത്തിൽ വരികയാണെങ്കിൽ ഇത് വിപ്ലവകരമായ മാറ്റങ്ങളാണ്. ഒരു നൂറ്റാണ്ടായി നമ്മുടെ ഉന്നത വിദ്യാഭ്യാസത്തെ കൂച്ചുവിലങ്ങിട്ടിരിക്കുന്ന യൂണിവേഴ്‌സിറ്റി ബ്യുറോക്രസിയുടെ പിടിയിൽ നിന്നും നമ്മുടെ കോളേജുകൾ വിടുതൽ നേടട്ടെ. ഓട്ടോണമസ് കോളേജുകളോടുള്ള കേരളത്തിലെ താത്വികമായ എതിർപ്പുകളും ഓട്ടോണമി കൊടുത്താലും അതിനു മുകളിൽ വീണ്ടും അനാവശ്യമായ നിയന്ത്രണങ്ങളും ആയിരിക്കുന്ന യൂണിവേഴ്സിറ്റിയുടെ രീതിയും മാറ്റാനുള്ള ഒരു സുവർണാവസരമാണ്.
4. ഉന്നത വിദ്യാഭ്യാസത്തിന്റെ നിയന്ത്രണത്തിനായി ഹയർ എഡ്യൂക്കേഷൻ കമ്മീഷൻ ഓഫ് ഇന്ത്യ (HECI) എന്നൊരു പുതിയ സ്ഥാപനം ഉണ്ടാകും. ഇപ്പോൾ നമ്മുടെ യൂണിവേഴ്സിറ്റികളെ കെട്ടിവരിഞ്ഞിരിക്കുന്ന യു ജി സി യെ മാറ്റി “light but tight” ആയിരിക്കും പുതിയ റെഗുലേറ്ററി സിസ്റ്റം. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ നിയന്ത്രിക്കുന്നതിന്, അവരെ ഗ്രേഡ് ചെയ്യുന്നതിന്, അവർക്ക് സാന്പത്തിക സഹായം കൊടുക്കുന്നതിന്, അക്കാദമിക് പ്രോഗ്രാമുകളുടെ നിലവാരം നിജപ്പെടുത്തുന്നതിന് എന്നിങ്ങനെയായി നാലു സ്വതന്ത്ര വിഭാഗങ്ങൾ ഉൾപ്പെട്ടതായിരിക്കും HECI. ഇനിയാണ് എനിക്ക് ഏറെ ഇഷ്ടപ്പെട്ട നിർദ്ദേശം.
“The functioning of all the independent verticals for Regulation (NHERC), Accreditation (NAC), Funding (HEGC), and Academic Standard Setting (GEC) and the overarching autonomous umbrella body (HECI) itself will be based on transparent public disclosure, and use technology extensively to reduce human interface to ensure efficiency and transparency in their work. The underlying principle will be that of a faceless and transparent regulatory intervention using technology.”
നമ്മുടെ ഉന്നത വിദ്യാഭ്യാസ രംഗത്തെ വരിഞ്ഞുമുറുക്കുന്നത് നിയമങ്ങളെക്കാൾ ഉപരി അത് നടപ്പിലാക്കുന്ന വ്യക്തികളാണെന്ന് കമ്മിറ്റി മനസ്സിലാക്കിയിട്ടുണ്ട്. അതുകൊണ്ടാണ് സാങ്കേതികവിദ്യയിൽ ഊന്നി ആളുകളുടെ ഇടപെടൽ കുറച്ചുകൊണ്ടുള്ള ഒരു സംവിധാനം അവർ നിർദ്ദേശിക്കുന്നത്. കൊട് കൈ! .
5. നാലു വർഷ ഡിഗ്രി കോഴ്‌സുകൾ – യൂണിവേഴ്സിറ്റികളിലെ ഡിഗ്രികൾ നാലുവർഷം ആക്കുവാൻ നിർദ്ദേശമുണ്ട്. അതേസമയം ഒരു വർഷത്തെ പഠനശേഷം സർട്ടിഫിക്കറ്റുമായോ രണ്ടു വർഷത്തെ പഠനത്തിന് ശേഷം ഡിപ്ലോമയുമായോ പുറത്തിറങ്ങാനുള്ള അവസരവും ഉണ്ട്. പതിനായിരക്കണക്കിന് തോറ്റ എൻജിനീയർമാരെ സൃഷ്ടിച്ച് അവരുടെ ആത്മവിശ്വാസവും മാതാപിതാക്കളുടെ സന്പാദ്യവും നശിപ്പിക്കുന്ന ഇപ്പോഴത്തെ സംവിധാനം മാറുമല്ലോ, നല്ലത്.
6. അക്കാഡമിക് ക്രെഡിറ്റ് ബാങ്കുകൾ ഉണ്ടാകുന്നു: ദേശീയമായി എല്ലാ വിദ്യാർത്ഥികൾക്കും അക്കൗണ്ട് ഉള്ള ഒരു അക്കാഡമിക് ക്രെഡിറ്റ് ബാങ്ക് പോളിസി നിർദ്ദേശിക്കുന്നു, അവിടെ വിദ്യാർത്ഥി എവിടെ നിന്നു നേടിയ അക്കാഡമിക് ക്രെഡിറ്റുകളും നിക്ഷേപിക്കാം. ക്രെഡിറ്റുകൾ പഠിക്കുന്ന യൂണിവേഴ്സിറ്റിയിൽ നിന്നോ, മറ്റു യൂണിവേഴ്സിറ്റികളിൽ നിന്നോ, ഇന്ത്യയിൽ നിന്നോ, വിദേശത്തു നിന്നോ, ക്‌ളാസ് റൂമിൽ നിന്നോ, ഓൺലൈൻ ആയോ നേടാം. ഇവയെല്ലാം ചേർത്ത് കുട്ടികൾക്ക് സർട്ടിഫിക്കറ്റോ, ഡിപ്ലോമയോ ബിരുദമോ നൽകാം. ഉന്നത വിദ്യാഭ്യാസ രംഗത്ത് നമ്മൾ പഠിക്കുന്ന ഒരോ വിഷയത്തിനും ഒരു നിശ്ചിതമായ മൂല്യം (ക്രെഡിറ്റ്) നൽകുന്നതും അത്തരത്തിൽ ഒരു യൂണിവേഴ്സിറ്റിയിൽ നിന്ന് ലഭിച്ച ക്രെഡിറ്റ് മറ്റൊരു യൂണിവേഴ്സിറ്റിയിൽ ഉപയോഗിക്കാനാകുന്നതും കഴിഞ്ഞ നൂറ്റാണ്ടിൽ തന്നെ ലോകത്ത് പ്രാബല്യത്തിലുള്ളതാണ്. നമ്മൾ അല്പം വൈകിയാണെങ്കിലും അങ്ങോട്ട് പ്രവേശിക്കുകയാണ്.
7. വിവിധ വിഷയങ്ങളുടെ കൂടിച്ചേരൽ: വിദ്യാർത്ഥികൾക്ക് അവരുടെ താല്പര്യമനുസരിച്ച് ആർട്സ്, സയൻസ്, ഭാഷ, എഞ്ചിനീയറിങ്ങ്, മെഡിസിൻ, വൊക്കേഷണൽ വിഷയങ്ങൾ, സംഗീതമോ മറ്റു കലകളോ ഒരുമിച്ചു പഠിക്കാനുള്ള അവസരമുണ്ടാക്കണമെന്നും ഡിഗ്രി പഠനം അതിനുള്ള ഫ്ലെക്സിബിലിറ്റി നൽകണമെന്നും പോളിസി നിർദ്ദേശിക്കുന്നു. ആർട്സും സയൻസും എഞ്ചിനീയറിങ്ങും അക്കാദമിക് വിഷയങ്ങളും വൊക്കേഷണൽ കോഴ്‌സുകളും എല്ലാം പരസ്പര പൂരകങ്ങൾ ആണെന്നുള്ള കാര്യവും ലോകം പണ്ടേ അംഗീകരിച്ചതാണ്. ഇന്ത്യയിലെ അതിപുരാതനമായ വിദ്യാഭ്യാസ പാരന്പര്യത്തിന്റെ ഭാഗവുമാണ്. ഇതൊക്കെ നമ്മൾ തിരിച്ചു പിടിക്കുന്നത് നല്ല കാര്യമാണ്.
8. മഹാ”മേരു”ക്കളുടെ വരവ്. വിവിധ വിഷയങ്ങൾ പഠിപ്പിക്കാൻ സൗകര്യമുളളതും ഏറെ വലുപ്പമുള്ളതുമായ ഐ ഐ ടി കളോട് കിടപിടിക്കുന്ന പുതിയ സ്ഥാപനങ്ങൾ നിർദ്ദേശിക്കപ്പെട്ടിട്ടുണ്ട്. “Multidisciplinary Education and Research University” എന്നായിരിക്കും ഇതിന്റെ പേര്. പതിനായിരത്തിനു മുകളിൽ വിദ്യാർഥികൾ ഒരേ കാന്പസിൽ പഠിക്കുന്നതും അവിടെ മെഡിസിൻ തൊട്ടു ഫിലോസഫി വരെ പഠിപ്പിക്കുന്നതും വിദേശങ്ങളിൽ സാധാരണമാണ്. അന്പതിനായിരം കുട്ടികളിൽ കൂടുതൽ പഠിക്കുന്ന യൂണിവേഴ്സിറ്റികളും യൂണിവേഴ്സിറ്റിയിലെ കുട്ടികളും അധ്യാപകരും ഭൂരിപക്ഷമുള്ള നഗരങ്ങളും പലയിടത്തും ഉണ്ട്. ഇത്തരത്തിലുള്ള ഒന്ന് കേരളത്തിൽ എത്തിക്കാൻ നമ്മൾ ശ്രമിക്കണം. ആദ്യ സെറ്റ് MERU വിൽ ഒന്ന് തീർച്ചയായും നമുക്ക് മേടിച്ചെടുക്കണം.
9. വിദ്യാഭ്യാസത്തിന്റെ ആഗോളവൽക്കരണം – വിദേശത്തു നിന്നും നല്ല മാതൃകകൾ സ്വീകരിക്കുന്നത് കൂടാതെ ലോകത്തെ ആദ്യ നൂറു റാങ്ക് ഉള്ള വിദേശ വിദ്യാഭ്യാസ സ്ഥാപങ്ങൾക്ക് ഇന്ത്യയിൽ കാന്പസുകൾ തുറക്കാനും വിദേശ വിദ്യാർത്ഥികൾക്ക് ഇന്ത്യയിൽ പഠിക്കുന്നത് എളുപ്പമാക്കാനുമുള്ള നിർദ്ദേശങ്ങൾ പുതിയ പോളിസിയിൽ ഉണ്ട്. അതുപോലെതന്നെ ഇന്ത്യയിലെ നല്ല യൂണിവേഴ്സിറ്റികൾക്ക് വിദേശത്ത് കാന്പസ് തുറക്കാനുള്ള അവസരവുമുണ്ടാകും. സ്വാഗതാർഹമായ നിർദ്ദേശങ്ങളാണ്.
10 . സ്വകാര്യമേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളെ സർക്കാർ സ്ഥാപനങ്ങളെ പോലെ തന്നെ കണ്ട് “light but tight”റെഗുലേഷൻ നടത്തുമെന്നും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സർക്കാർ നിശ്ചയിക്കുന്ന പരിധിക്കുള്ളിൽ ഫീസ് എത്ര വേണമെങ്കിലും വാങ്ങാമെന്നുമുള്ള നിർദ്ദേശങ്ങളുണ്ട്. സ്വകാര്യ സ്ഥാപനങ്ങളിൽ പഠിക്കുന്ന പകുതി കുട്ടികൾക്കെങ്കിലും ഏതെങ്കിലും വിധത്തിലുള്ള സാന്പത്തിക സഹായം നൽകണമെന്നും സ്ഥാപനങ്ങൾ നടത്തി ഉണ്ടാക്കുന്ന പണം ആ സ്ഥാപനത്തിൽ തന്നെ നിക്ഷേപിക്കണമെന്നും പോളിസി നിർദ്ദേശിക്കുന്നു. ഇതിനോട് കൂടി കൂടുതൽ വിദ്യാർഥികൾ, വിവിധ വിഷയങ്ങൾ, ഒരേ സ്ഥാപനത്തിന്റെ കീഴിൽ കൊണ്ടുവരുന്നത്, എല്ലാം കൂട്ടി വായിച്ചാൽ നമുക്കും സ്വകാര്യ സർവ്വകലാശാലകൾക്ക് തയ്യാറെടുക്കാൻ സമയമായി.
11.. ഉന്നത വിദ്യാഭ്യാസത്തിന് വരുന്ന കുട്ടികളുടെ എണ്ണം (Gross Enrollment Ratio, GER) ഇപ്പോഴത്തെ 28 ശതമാനത്തിൽ നിന്നും 2035 ആകുന്നതോടെ അന്പത് ശതമാനം ആക്കണമെന്നാണ് പോളിസി നിർദ്ദേശിക്കുന്നത്. അടുത്ത ഇരുപത് വർഷത്തിനകം ആയിരത്തിനും രണ്ടായിരത്തിനുമിടക്ക് പുതിയ സർവ്വകലാശാലകൾ ഉണ്ടാകുമെന്നും അയ്യായിരത്തിനും പതിനായിരത്തിനും ഇടയിൽ ഡിഗ്രി നല്കാൻ അവകാശമുള്ള ഓട്ടോണമസ് കോളേജുകൾ ഉണ്ടാകുമെന്നുമാണ് കരട് പോളിസി കണക്ക് കൂട്ടിയിരുന്നത്. പുതിയ പോളിസിയിൽ അതില്ല. അതേസമയം വൊക്കേഷണൽ കോഴ്‌സുകൾ GER കണക്കു കൂട്ടുന്നതിൽ ഉൾപ്പെടുത്തുമെന്നും പറയുന്നുണ്ട്. ഇത് രണ്ടു വ്യത്യസ്തമായ കാഴ്ചപ്പാടാണ്, എങ്ങനെയാണ് നടപ്പിലാക്കാൻ പോകുന്നതെന്ന് കണ്ടറിയണം.
കേരളത്തിലാണ് ഇത്തരം ഒരു വിദ്യാഭ്യാസ നയം കൊണ്ടുവന്നിരുന്നത് എങ്കിൽ ഇതിനകം എത്രയോ സമരപ്രഖ്യാപനങ്ങൾ നമ്മൾ കണ്ടേനെ. മുൻപ് പറഞ്ഞ ഓരോ ഖണ്ഡികയിലും ആശയപരമായും പ്രായോഗികമായും കേരളത്തിൽ എതിർപ്പുകൾ ഉണ്ടായിട്ടുണ്ട്, സമരങ്ങളും അടിപിടികളും ഉൾപ്പടെ. പക്ഷെ ഇനി എതിർപ്പിന്റെ കാലമല്ല, പുതിയ നയം നടപ്പിലാക്കുന്പോൾ കേന്ദ്ര സർക്കാർ ലക്ഷക്കണക്കിന് കോടി രൂപയായിരിക്കും അടുത്ത പതിനഞ്ചു വർഷത്തിനകം ഈ രംഗത്തേക്ക് ഇറക്കാൻ പോകുന്നത്. എങ്ങനെയാണ് പുതിയ നയത്തിലെ നിർദ്ദേശങ്ങൾ അവസരമാക്കി മാറ്റി, പരമാവധി സ്ഥാപനങ്ങളും, അവക്കെല്ലാം സ്വയംഭരണാധികാരവും, പദ്ധതി വിഹിതവും അംഗീകാരവും നേടിയെടുക്കാൻ പറ്റുന്നത് എന്നതിലായിരിക്കണം നമ്മുടെ ശ്രദ്ധ. ഇതിനായി സർക്കാരും സ്വകാര്യ മേഖലയും ഒത്തു പ്രവർത്തിക്കണം.
മുരളി തുമ്മാരുകുടി, Neeraja Janaki
Leave a Comment