പൊതു വിഭാഗം

പതിനെട്ടാം കല്ല് !

ഒരുകണക്കിന് നമ്മൾ ചരിത്രം കുറിച്ച തലമുറയാണ്. നമ്മുടെ അപ്പൂപ്പന്മാർ തൊണ്ണൂറ്റി ഒൻപതിലെ വെള്ളപ്പൊക്കത്തിന്റെ കഥ പറഞ്ഞു നമ്മളെ ബോറടിപ്പിച്ചതു പോലെ നമ്മുടെ കൊച്ചു മക്കളോട് പറഞ്ഞ് ആളാവാൻ പറ്റിയ ഒരു ദുരന്തം നമുക്കും കിട്ടി. നമുക്കതിനെ ‘പതിനെട്ടിന്റെ പണി’ എന്ന് വിളിക്കാം. നമ്മുടെ അപ്പൂപ്പന്മാർ അത് ഓർമ്മകളിൽ മാത്രമേ കുറിച്ച് വെച്ചുള്ളൂ (തകഴി ‘വെള്ളപ്പൊക്കത്തിൽ’ എന്ന ചെറുകഥയിലും മാമ്പറ കുഞ്ഞഹമ്മദ് മാപ്പിള പാട്ടുകളിലും കുറിച്ചിട്ടു).
 
സ്വന്തം പറമ്പിന്റെ അറ്റത്ത് ഒരു കുറ്റി നാട്ടിയോ വീടിന്റെ ഭിത്തിയിൽ ഒരു വര വരച്ചോ അതൊന്നു രേഖപ്പെടുത്തിവെക്കണമെന്ന് കരണവർമാർക്ക് തോന്നിയില്ല. ഫലമെന്തായി, ഒരു തലമുറ കഴിഞ്ഞപ്പോൾ അതൊക്കെ അപ്പൂപ്പന്റെ പുളു ആണെന്ന് മക്കളും കൊച്ചുമക്കളും വിചാരിച്ചു. വെള്ളം പൊങ്ങിയിടത്തു വീട് വെച്ചു. മഴ വന്നപ്പോൾ വീട് വിട്ട് ഓടേണ്ടിവന്നു. ഓടാൻ പറ്റാത്തവർ മരിച്ചു പോയി. ഇപ്പോഴാണ് ശരിക്കും അച്ഛന്റെയും അപ്പൂപ്പന്റെയും സ്മരണ വരുന്നത്.
 
ഈ പണി നമ്മൾ നമ്മുടെ കുട്ടികൾക്ക് ഉണ്ടാക്കരുത്. പതിനെട്ടിന് പണി എവിടം വരെയെത്തി എന്ന് നാം നമ്മുടെ ചുറ്റും അടയാളപ്പെടുത്തിവെക്കണം. വീടിന്റെ ചുമരിൽ, അമ്പലത്തിന്റെ മേൽക്കൂരയിൽ, സംസ്കൃത സർവ്വകലാശാലയുടെ രണ്ടാം നിലയിൽ തുടങ്ങി എവിടെയൊക്കെ വെള്ളം എത്തിയോ അവിടെയൊക്കെ നമുക്ക് പ്രളയത്തിന്റെ അടയാളം കോറിയിടണം. ജപ്പാനിൽ ഓരോ സുനാമി കഴിയുമ്പോഴും ആ നാട്ടുകാർ അങ്ങനെയാണ് അടുത്ത തലമുറക്ക് മുന്നറിയിപ്പ് നൽകുന്നത്. ഇതൊക്കെ നമുക്കും എളുപ്പത്തിൽ ചെയ്യാമല്ലോ. നമ്മുടെ അടയാളത്തെ നമുക്ക് പതിനെട്ടാം കല്ല് എന്ന് വിളിക്കാം. ഓരോ ആഗസ്റ്റിലും നമുക്ക് ഈ കല്ലിന്റെ മുന്നിൽ പോയി നിന്ന് മരിച്ചവരുടെ ഓർമ്മ പുതുക്കാം, വേണമെങ്കിൽ ഒരു ഭണ്ഡാരം വച്ച് ദുരന്ത ലഘൂകരണത്തിന് ഫണ്ട് പിരിക്കാം.
 
ഇതുകൊണ്ട് മറ്റൊരു ഗുണം കൂടിയുണ്ട്. ദുരന്തം, സുരക്ഷ, കാലാവസ്ഥ വ്യതിയാനം എന്നൊക്കെ പറയുന്നത് ആളുകൾ കൂടുതൽ സീരിയസ് എടുക്കും. പുഴ കയറി വന്നതിന്റെ തെളിവ് പതിനെട്ടിന്റെ പണിയായി മുന്നിൽ നിൽക്കുമ്പോൾ “ഓ ചുമ്മാ, അതൊക്കെ പഴയ ആളുകൾ പുളു പറയുന്നതല്ലേ” എന്ന് ഒരു തലമുറയും പറയില്ല. ഇനി അഥവാ അവർ നമ്മുടെ മുന്നറിയിപ്പ് അവഗണിച്ചു പുഴയിറമ്പിൽ വീട് വച്ചാൽ ഓടുന്ന സമയത്ത് സ്വന്തം കയ്യിലിരിപ്പിനെ പഴിച്ചാൽ മതി. അപ്പൂപ്പനെയും അമ്മൂമ്മയെയും സ്മരിക്കേണ്ട !!
 
മുരളി തുമ്മാരുകുടി
 

Leave a Comment