ഒട്ടും അഭിമാനകരമല്ലാത്ത, എന്നാൽ എല്ലാ മലയാളികളും വായിക്കേണ്ട ഒരു വാർത്തയാണിത്. ലണ്ടനിൽ ജോലി ചെയ്യുന്ന മലയാളിയായ ബാങ്ക് മാനേജർ സമൂഹമാധ്യമത്തിൽ പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത ഒരു ‘പെൺ കുട്ടിയുമായി’ ലൈംഗികബന്ധം നടത്താനുദ്ദേശിച്ച് ഹോട്ടലിൽ മുറിയെടുത്തു കാത്തിരുന്നതും, പോലീസിന്റെ പിടിയിലാകുന്നതുമാണ് സംഭവം. കൊച്ചു പെൺകുട്ടിയായി തെറ്റിദ്ധരിപ്പിച്ച് ഇയാളെ കുടുക്കിയത്, ഇംഗ്ലണ്ടിൽ ഇത്തരം സാമൂഹ്യവിരുദ്ധരെ കണ്ടുപിടിക്കാൻ തുനിഞ്ഞിറങ്ങിയിരിക്കുന്ന ഒരു സംഘമാണ്. അവരാണ് ഇയാളെ പിടിച്ചു പൊലീസിന് കൈമാറിയത്.
ഇതിൽ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം ഇതാണ്. സെപ്റ്റംബർ ആദ്യമാണ് അയാൾ അറസ്റ്റിലാകുന്നത്. ഒക്ടോബർ അവസാനം കോടതി നടപടികളും ശിക്ഷ വിധിക്കലും കഴിഞ്ഞു. പതിനഞ്ചു മാസം ജയിൽ, പത്തു വർഷം ലൈംഗിക കുറ്റവാളികളുടെ രജിസ്റ്ററിൽ പേര് ലിസ്റ്റ് ചെയ്യുക ഇതൊക്കെയാണ് ശിക്ഷ. ഇൻഡ്യാക്കാരനായതിനാൽ ശിക്ഷ കഴിയുമ്പോൾ നാട്ടിലേക്ക് പോരേണ്ടിവരും. ബാങ്കിലെ ജോലി ഇപ്പോഴേ പോയി.
കുറ്റകൃത്യങ്ങൾ വേഗത്തിൽ വിചാരണ ചെയ്യപ്പെടുകയും, തക്ക ശിക്ഷ കിട്ടുകയും, അതിന്റെ ഭവിഷ്യത്തുകൾ കുറ്റവാളികൾ അനുഭവിക്കുന്നത് മറ്റുള്ളവർ കാണുകയും ചെയ്യുമ്പോൾ ആണ് കുറ്റകൃത്യങ്ങൾ കുറയുന്നത്.
കുറ്റകൃത്യങ്ങളിൽ അറസ്റ്റ് ചെയ്യപ്പെടുന്നതും ശിക്ഷിക്കപ്പെടുന്നതും തമ്മിലുള്ള സമയ ദൈർഘ്യം കുറഞ്ഞു വരണം. ഇത് കുറ്റവാളികൾ ശിക്ഷിക്കപ്പെടാൻ മാത്രമല്ല, നിരപരാധികൾ അധികകാലം തെറ്റായി ക്രൂശിക്കപ്പെടാതിരിക്കാനും പ്രധാനമാണ്. അപ്പോഴാണ് നീതിയുടെ നടത്തിപ്പിൽ ജനങ്ങൾക്ക് വിശ്വാസം ഉണ്ടാകുന്നത്. അത് സംഭവിക്കാത്തപ്പോളാണ് കുറ്റവാളികളെ നേരിട്ട് കൈകാര്യം ചെയ്യണമെന്ന (തെറ്റായ) ചിന്ത സമൂഹത്തിന് ഉണ്ടാകുന്നതും.
http://www.marunadanmalayali.com/news/special-report/news-87953
http://www.mirror.co.uk/news/uk-news/city-banker-snared-paedophile-hunters-11429524
Leave a Comment