പൊതു വിഭാഗം

നിർമ്മിത ബുദ്ധിയുടെ പതിറ്റാണ്ടിലേക്ക്.

2009 മെയ് മൂന്നാം തിയതിയാണ് വാട്ട്സ്ആപ്പ് സമൂഹമാധ്യമരംഗത്തേക്ക് കടന്നു വരുന്നത്. 2009 ഡിസംബർ മുപ്പത്തി ഒന്നാം തിയതി ബഹുഭൂരിപക്ഷം മലയാളികളും അതിനെപ്പറ്റി കേട്ടിട്ടില്ല, ഉപയോഗിക്കുന്നവർ അതിലും കുറവ്.

പത്തുവർഷം കഴിഞ്ഞു 2019 ൽ എത്തി നിൽക്കുന്പോൾ വാട്ട്സ്ആപ്പ് ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങൾ ഉപയോഗിക്കാത്ത മലയാളികൾ കുറവാണ്. ലക്ഷക്കണക്കിന് മലയാളികളുടെ ദിവസം തുടങ്ങുന്നതും അവസാനിക്കുന്നതും വാട്ട്സാപ്പിലോ ഫേസ്ബുക്കിലോ ആണ്.

ഇത് കേരളത്തിന്റെ മാത്രം കഥയല്ല. 2010 കൾ സമൂഹമാധ്യമത്തിന്റെ കാലമായിരുന്നു. പണവും പദവിയും മാനവും അപമാനവും വാർത്തയും വർത്തമാനവും എല്ലാം സമൂഹമാധ്യമത്തിലൂടെ ആയി. വിദ്യാഭ്യാസത്തിനും വിനോദത്തിനുമുള്ള മാധ്യമമായി സമൂഹമാധ്യമങ്ങൾ മാറി.

സൗജന്യമായി ലഭ്യമായതുകൊണ്ടും ലോകത്തെവിടെയുമുള്ളവരുമായി സംവദിക്കാമെന്നതിനാലും ലോകമാകമാനമുള്ള ശതകോടികൾ സമൂഹമാധ്യമശൃംഖലയിൽ വന്നുചേർന്നു. പക്ഷെ ഇന്റർനെറ്റിൽ നമുക്കെന്തെങ്കിലും സൗജന്യമായി ലഭിക്കുമെങ്കിൽ അവിടുത്തെ യഥാർത്ഥ ഉൽപ്പന്നം നമ്മൾ തന്നെ ആണ് എന്ന സത്യം ഈ പതിറ്റാണ്ടിന്റെ അവസാനമായപ്പോഴേക്കും ആളുകൾ മനസ്സിലാക്കി തുടങ്ങി. നമ്മുടെ ഷോപ്പിങ്ങിനേയും തിരഞ്ഞെടുപ്പിനേയും മാത്രമല്ല നമ്മുടെ ചിന്തകളെ പോലും സമൂഹമാധ്യമങ്ങൾ നമ്മൾ അറിയാത്ത വിധത്തിൽ സ്വാധീനിക്കുന്നു എന്നും അങ്ങനെ സ്വാധീനിക്കാനുള്ള അവരുടെ കഴിവിനെ വിറ്റവർ കാശുണ്ടാക്കുന്നു എന്നും ആളുകൾ മനസ്സിലാക്കി വരുന്നതേ ഉള്ളൂ. ഈ കാര്യങ്ങൾ കൂടുതൽ മനസ്സിലാക്കി വരുന്നതോടെ നമ്മെ ‘വിറ്റുണ്ടാക്കുന്ന’ പണത്തിൽ ഒരു പങ്ക് നമുക്ക് തരണം എന്ന ആവശ്യം ഉയരും. സ്വകാര്യതയുടെ ലംഘനം പേടിച്ച് ആളുകൾ സമൂഹമാധ്യമങ്ങളിൽ നിന്ന് ഓടിയകലുകയും ചെയ്യും. എന്താണെങ്കിലും സമൂഹമാധ്യമങ്ങളുടെ സുവർണ്ണകാലം കഴിഞ്ഞു എന്നാണ് എൻറെ വിശ്വാസം.

2020 കളിലെ താരം നിർമ്മിതബുദ്ധി (artificial intelligence) ആയിരിക്കും എന്നതിൽ സംശയമില്ല. ഇപ്പോൾ തന്നെ നമുക്ക് ചുറ്റും നിർമ്മിതബുദ്ധി ഉപയോഗിച്ച് പ്രവർത്തിക്കുന്ന അനവധി സംവിധാനങ്ങളുണ്ട്. ഓരോ തവണ ഗൂഗിളും ഫേസ്ബുക്കും ഉപയോഗിക്കുന്പോൾ നിർമ്മിതബുദ്ധി നമ്മളെ സഹായിച്ചുകൊണ്ടിരിക്കുന്നു. നിർമ്മിതബുദ്ധിയുടെ സഹായം സ്വീകരിക്കുന്പോൾ എല്ലാം നമ്മൾ നിർമ്മിത ബുദ്ധിയെ കൂടുതൽ കഴിവുറ്റതാക്കാനായുള്ള ഡേറ്റ അവർക്ക് നൽകുന്നു.

നമ്മൾ ഇന്നറിയുന്ന തൊഴിലുകളിൽ 47 ശതമാനവും ഈ പതിറ്റാണ്ടിന്റെ അവസാനത്തോടെ ഇല്ലാതാകും എന്നാണ് വിദഗ്ദ്ധർ പറയുന്നത്. നിർമ്മിതബുദ്ധി പുതിയ തൊഴിലുകൾ ഉണ്ടാക്കുകയും ചെയ്യും. ഇത് കൂടാതെ അധ്യാപകർ, ഡോക്ടർ, എൻജിനീയർ, പാചകക്കാർ വരെയുള്ളവരുടെ തൊഴിലുകൾ നിർമ്മിതബുദ്ധി എളുപ്പമാക്കും. നിർമ്മിതബുദ്ധിയെ എങ്ങനെ നമ്മൾ മനസിലാക്കുന്നു, ഉപയോഗിക്കുന്നു എന്നനുസരിച്ചിരിക്കും നമ്മുടെ തൊഴിൽ സുരക്ഷ. ഒരു സമൂഹമെന്ന നിലയിൽ നമ്മുടെ ഭാവിയും നിർമ്മിതബുദ്ധിയുടെ പതിറ്റാണ്ടിനെ നമ്മൾ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നനുസരിച്ചിരിക്കും.

2020 ൽ ഈ വിഷയത്തിൽ അനവധി ലേഖനങ്ങൾ എഴുതാൻ പ്ലാൻ ഉണ്ട്. ഈ രംഗത്ത് ജോലി ചെയ്യുന്നവർ കൂടുതൽ അറിവുകൾ പങ്കുവെക്കണം.

എല്ലാവർക്കും നവവത്സരാശംസകൾ..!

മുരളി തുമ്മാരുകുടി

 

Leave a Comment