കേരളത്തിലെ സർവ്വകലാശാലകളിൽ ഈ അദ്ധ്യയനവർഷം മുതൽ നാലുവർഷ ഡിഗ്രി കോഴ്സുകൾ വരുമെന്ന വാർത്ത കണ്ടു. സന്തോഷം.
ഡിഗ്രി നാലുവർഷം ആക്കുന്നതിനോടൊപ്പം സ്വന്തം വിദ്യാഭ്യാസം പ്ലാൻ ചെയ്യാൻ കുട്ടികൾക്ക് കൂടുതൽ സ്വതന്ത്ര്യം ലഭിക്കുമെന്നും വായിച്ചു. അതിലേറെ സന്തോഷം.
കഴിഞ്ഞ നൂറ്റാണ്ടിൽ തന്നെ മറ്റനവധി രാജ്യങ്ങളിൽ നിലവിൽ വന്ന കാര്യങ്ങളാണ്. കഴിഞ്ഞ ഇരുപത് വർഷമായി ഞാൻ ഉൾപ്പെടെ കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസത്തിൻറെ ഭാവിയിൽ താല്പര്യവും ആകംക്ഷയും ഉള്ളവർ നിരന്തരം ആവശ്യപ്പെടുന്നതുമാണ്. ഇപ്പോൾ എങ്കിലും വരുന്നത് നല്ലതാണ്, സ്വാഗതാർഹമാണ്.
എന്നാൽ കേരളത്തിലെ ഉന്നതവിദ്യാഭ്യാസം എത്തിച്ചേർന്നിരിക്കുന്ന പ്രതിസന്ധിയെ നേരിടാൻ ഈ പരിഷ്കാരങ്ങൾ too little too late ആണ്. കേരളത്തിലെ അഫിലിയേറ്റഡ് കോളേജ്-സർവ്വകലാശാല സംവിധാനത്തിന് ഇനി ഭാവിയില്ല. lt is Incurable.
അഫിലിയേറ്റഡ് കോളേജ്-യൂണിവേഴ്സിറ്റി സംവിധാനം എടുത്തുകളഞ്ഞ് വിദ്യാഭ്യാസരംഗത്ത് ആത്മാർത്ഥമായ ലിബറലൈസേഷൻ എത്തിയാൽ മാത്രമേ നമ്മുടെ ഉന്നതവിദ്യാഭ്യാസ രംഗത്തെ മുന്നോട്ട് നയിക്കാൻ പറ്റൂ. അതുവരെ നടത്തുന്ന മാറ്റങ്ങൾ
“പാഥസാം നിചയം വാര്‍ന്നൊഴിഞ്ഞളവു
സേതു ബന്ധനോദ്യോഗമെന്തെടോ?”
എന്ന കഥകളി പദമാണ് എന്നെ ഓർമ്മിപ്പിക്കുന്നത്. shut the stable door after the horse has bolted.” എന്ന് ഇംഗ്ലീഷ്.
കേരളത്തിലെ മുപ്പത് ശതമാനം കോളേജുകളും 2030 ആകുന്നതോടെ പൂട്ടിപ്പോകും എന്ന് ഞാൻ പ്രവചിച്ചിരുന്നു. നാലുവർഷ ഡിഗ്രി ആ സാഹചര്യം മാറ്റുന്നില്ല.
ഉന്നതവിദ്യാഭ്യാസരംഗത്ത് റാഡിക്കൽ ആയ മാറ്റങ്ങൾ നാം നടത്തിയില്ലെങ്കിൽ കേരളത്തിലെ സർവ്വകലാശാലകൾ ഉൾപ്പെടെ ഉള്ളവ പകുതിയും പൂട്ടിപ്പോകും എന്നാണ് ഞാൻ വിശ്വസിക്കുന്നത്.
മുരളി തുമ്മാരുകുടി
Leave a Comment