പൊതു വിഭാഗം

നാലാം വ്യവസായ വിപ്ലവത്തിലേക്കുള്ള യാത്ര!

നാലാം വ്യവസായ വിപ്ലവത്തിലേക്കുള്ള യാത്ര

കുറച്ചു നാളുകളായി തൃശൂർ മാനേജ്മെന്റ് അസോസിയേഷൻ ഒരു പ്രോഗ്രാമിന് വിളിക്കുന്നു. ബാങ്കോക്കിൽ വച്ച് കണ്ടുമുട്ടിയപ്പോൾ ശ്രീ. പോൾ തോമസ് (ESAF) വീണ്ടും അക്കാര്യം ഓർമ്മിപ്പിച്ചു. ഏപ്രിൽ മാസത്തിൽ നാട്ടിൽ വരുന്പോൾ സംസാരിക്കാമെന്ന് സമ്മതിച്ചു.

നാലാം വ്യവസായ വിപ്ലവത്തിലേക്ക് എങ്ങനെയാണ് കേരളത്തെ നയിക്കേണ്ടത് എന്നതായിരുന്നു സംഭാഷണ വിഷയം.

കൊച്ചിയെ വ്യാവസായിക തലസ്ഥാനമായി ആളുകൾ പറയുന്പോഴും നാലു വന്പൻ ബാങ്കുകളുടെയും മറ്റനവധി ഫൈനാൻസ് സ്ഥാപനങ്ങളുടെയും കേന്ദ്രസ്ഥാനമായ തൃശൂരിനെ കേരളത്തിലെ ഫിനാൻസ് കാപ്പിറ്റൽ ആയി ഇനിയും മലയാളികൾ മനസ്സിലാക്കിയിട്ടില്ലെന്നു പറഞ്ഞാണ് സംഭാഷണം തുടങ്ങിയത്. പ്രസ്ഥാനങ്ങൾ വളരുന്നതിന് ഘടനാപരമായ നിയന്ത്രണങ്ങൾ ഉണ്ടായിരുന്നില്ലെങ്കിൽ ഹോങ്കോങ്ങോ ദുബായോ പോലുള്ള സാന്പത്തിക കേന്ദ്രം ആയേനെ തൃശൂർ എന്ന എന്റെ അഭിപ്രായം ഒരിക്കൽ കൂടി ആവർത്തിച്ചു.

വേൾഡ് എക്കണോമിക് ഫോറത്തിന്റെ എക്സിക്ക്യൂട്ടിവ് ചെയർമാൻ ക്ളോസ് ഷ്വാബിന്റെ നാലാം നാലാം വ്യവസായ വിപ്ലവം എന്ന പുസ്തകത്തെ പരിചയപ്പെടുത്തിക്കൊണ്ടാണ് നാലാം വ്യവസായ വിപ്ലവത്തെ നിർവ്വചിച്ചത്. നിർമ്മിത ബുദ്ധി, റോബോട്ടിക്‌സ്, ബയോളജി, ഹൈസ്പീഡ് ഇന്റർനെറ്റ് എന്നിങ്ങനെ നവീനമായ അനവധി സാങ്കേതികവിദ്യകളിൽ ഒരുമിച്ചുണ്ടാകുന്ന കുതിച്ചുചാട്ടമാണ് നാലാം വ്യവസായ വിപ്ലവത്തിലേക്ക് ലോകത്തെ നയിക്കുന്നത്. ഒന്നാം വ്യവസായ വിപ്ലവം പോലെ ഇത് തൊഴിലുകളെയും സന്പദ് വ്യവസ്ഥയെയും മാത്രമല്ല രാഷ്ട്രങ്ങളെയും രാഷ്ട്രീയത്തെയും മാറ്റിമറിക്കും.

ആധുനിക സാങ്കേതികവിദ്യകൾ നമ്മുടെ ജീവിതം എങ്ങനെ മാറ്റുന്നു, അഥവാ എളുപ്പമാക്കുന്നു എന്നതിന്റെ ഉദാഹരണത്തിൽ നിന്നും തുടങ്ങി. കേരളത്തിൽ നിന്നും ദുബായിലേക്ക് ഒരാൾ വിമാനത്തിൽ പോകുന്പോൾ എയർപോർട്ടിന്റെ ഗേറ്റിലുള്ള സെക്യൂരിറ്റി മുതൽ ചെക്കിങ്ങ് ഇൻ, ഇമ്മിഗ്രെഷൻ, സെക്യൂരിറ്റി, ബോർഡിങ് ഗേറ്റ് ചെക്ക്, എയർ ക്രാഫ്റ്റ് ഗേറ്റ് ചെക്ക് എന്നിങ്ങനെ അനവധി തലങ്ങളിൽ ആളുകൾ നമ്മെ പരിശോധിക്കുന്നു. അതേ സമയം ദുബായിൽ നിന്നും കൊച്ചിയിലേക്ക് വരുന്പോൾ ഇപ്പോൾ എയർ പോർട്ടിന് അകത്തേക്ക് വരാൻ സുരക്ഷാ പരിശോധനക്ക് ആളില്ല. ചെക്ക് ഇൻ മാത്രമല്ല ലഗ്ഗേജ് ഡ്രോപ്പും ഇപ്പോൾ ഓട്ടോമാറ്റിക് ആണ്. ഇമ്മിഗ്രെഷൻ കൺട്രോൾ ഐറിസ് ചെക്കിങ് നടത്തുന്നു. സെക്യൂരിറ്റി ചെക്കും ബോർഡിങ് ഗേറ്റിലെ ചെക്കിങ്ങും ആണ് ഇപ്പോൾ മനുഷ്യരുമായി ഇന്റർഫേസ് ഉള്ളത് (യൂറോപ്യൻ രാജ്യങ്ങളിൽ ബോർഡിങ് ഗേറ്റ് കണ്ട്രോളും ഇപ്പോൾ ഓട്ടോമാറ്റിക്ക് ആണ്). ഇതിനർത്ഥം ദുബായ് എയർപോർട്ട് കൊച്ചിയേക്കാൾ സുരക്ഷ കുറഞ്ഞതാണെന്നല്ല. ആധുനിക സാങ്കേതിക വിദ്യകളുടെ ഉപയോഗം കൊണ്ട് കാര്യങ്ങൾ കൂടുതൽ എളുപ്പവും കാര്യക്ഷമവും പല അർത്ഥത്തിലും കൂടുതൽ സുരക്ഷിതവും ആക്കിയിരിക്കുന്നു.

എയർപോർട്ടിൽ മാത്രമല്ല നമ്മുടെ ദൈനംദിന ജീവിതത്തിലെ വിദ്യാഭ്യാസം, കൃഷി, നിർമ്മാണം എന്നീ മറ്റു മേഖലകളിലും സാങ്കേതികമായി നാം എവിടെ നിൽക്കുന്നു എന്നതാണ് ആദ്യം ശ്രദ്ധിക്കേണ്ടത്. ലോകത്തിലെ ചില രാജ്യങ്ങൾ നാലാം സന്പദ് വ്യവസ്ഥയിലേക്ക് കുതിക്കുന്നു എന്നതിന്റെ അർത്ഥം മറ്റു രാജ്യങ്ങൾ മൂന്നാം വ്യവസായ വിപ്ലവത്തിന്റെ കാലത്താണെന്നല്ല. കൃഷിയും നിർമ്മാണവും പോലെ പല രംഗങ്ങളിലും നമ്മൾ പലപ്പോഴും ഒന്നാം വ്യവസായ വിപ്ലവത്തിനും മുൻപുള്ള രീതികളാണ് അവലംബിക്കുന്നത്. ന്യൂ എഡ്യൂക്കേഷൻ പോളിസി എന്ന് നാം പറയുന്ന പുതിയ വിദ്യാഭ്യാസ നയം (അത് തന്നെ കേരളം പൂർണ്ണമായും നടപ്പിലാക്കാൻ തുടങ്ങിയിട്ടില്ല) കഴിഞ്ഞ നൂറ്റാണ്ടിൽ തന്നെ പല രാജ്യങ്ങളിലും സാധാരണമായ രീതികളാണ്.

എന്തുകൊണ്ടാണ് നമ്മുടെ വിദ്യാഭ്യാസത്തിന്റെയും സന്പദ്‌വ്യവസ്ഥയുടെയും രീതികൾ കാലത്തിനൊത്ത് പുരോഗമിക്കാത്തത്? ഇത്തരം വിഷയങ്ങളിൽ തീരുമാനങ്ങൾ എടുക്കേണ്ടവരുടെ പുതിയ സാങ്കേതികവിദ്യകളുടെ സാധ്യതകളെപ്പറ്റിയുള്ള അവബോധം ഒരു പ്രധാന വിഷയമാണ്. നമ്മുടെ സമൂഹത്തെ മുന്നോട്ടു നയിക്കുന്ന സർവ്വരംഗങ്ങളിലും (രാഷ്ട്രീയം, ബ്യൂറോക്രസി, അക്കാദമിക്, മാധ്യമം, ജുഡീഷ്യറി) ഉള്ളവർ തമ്മിലുള്ള ആരോഗ്യകരമായ നെറ്റ്‌വർക്കിങ്  ഇതിന് പ്രധാനമാണ്. ഇത്തരത്തിൽ ഭാവിയെ അറിയുന്ന, ഭാവിയിലേക്ക് സമൂഹത്തെ നയിക്കുന്ന ഒരു പുതിയ തലമുറ നേതൃത്വത്തെ സൃഷ്ടിച്ചെടുക്കാൻ ബോധപൂർവ്വമായ ശ്രമം വേണമെന്ന് ആഹ്വാനം ചെയ്താണ് കാര്യങ്ങൾ അവതരിപ്പിച്ചത്. ലോകത്തിന്റെ അനവധി ഭാഗങ്ങളിൽ നിന്നുള്ള ധാരാളം ഉദാഹരണങ്ങൾ പുട്ടിനു പീര പോലെ എടുത്തുപയോഗിച്ചു.

വളരെ ലൈവ് ആയ ഒരു ചോദ്യോത്തര വേളയാണ് പിന്നീട് ഉണ്ടായത്. റഷ്യ-ഉക്രൈൻ സംഘട്ടനത്തിൽ ഡ്രോണുകൾ ആകാശയുദ്ധത്തെ മാറ്റിമറിക്കുന്നതിനെപ്പറ്റി ഞാൻ പറഞ്ഞിരുന്നു. പത്തുവർഷത്തിന് ശേഷം എയർ ഫോഴ്‌സ് എന്നത് പ്രധാനമായും ഡ്രോൺ ഫോഴ്‌സുകൾ ആയിരിക്കും എന്ന് ചർച്ചയുടെ ഭാഗമായി വിശദീകരിച്ചു.

ഡോക്ടർമാർ ഉൾപ്പടെ ഉള്ളവരുടെ തൊഴിലുകൾ പുതിയ സാങ്കേതിക വിദ്യയുടെ സാഹചര്യത്തിൽ ഇല്ലാതാകുമോ എന്ന ചോദ്യം ഉയർന്നു. ദശലക്ഷക്കണക്കിന് ജോലികൾ, ഹൈ ടെക്ക് ഉൾപ്പടെ, ഇല്ലാതാകും എന്നത് ഉറപ്പാണെങ്കിലും തൽക്കാലം പുതിയ സാങ്കേതിക വിദ്യകൾ മനസ്സിലാക്കുന്ന പ്രൊഫഷണൽസിന് ആവശ്യം കൂടുകയാണ് ഉണ്ടാവുക എന്ന് ഉത്തരമായി പറഞ്ഞു.

തൊഴിലുകൾ ഇല്ലാതാകുന്ന സാഹചര്യത്തിൽ എങ്ങനെയാണ് റീ സ്‌കില്ലിങ് സാധ്യമാക്കുന്നത് എന്നതും ചർച്ചയായി. നാല്പത് വയസ്സ് കഴിഞ്ഞവർക്ക് റീ-സ്കിലിങ്ങിന് വേണ്ടി സാന്പത്തിക സഹായം ചെയ്യുകയും യൂണിവേഴ്സിറ്റികളിൽ അവർക്കതിനുള്ള സംവിധാനം ഒരുക്കുകയും ചെയ്യുന്ന സിംഗപ്പൂർ മോഡലിനെ കുറിച്ച് സംസാരിച്ചു.

ചോദ്യങ്ങൾ വന്നുകൊണ്ടേ ഇരുന്നു. ഡിന്നറിനു സമയം ആയപ്പോൾ ശ്രോതാക്കളുടെയും ഭക്ഷണത്തിന്റെയും ഇടയ്ക്കു നിൽക്കുന്ന പ്രഭാഷകൻ ഹിപ്പോപൊട്ടാമസിന്റെയും വെള്ളത്തിന്റെയും ഇടയ്ക്കു നിൽക്കുന്ന ടൂറിസ്റ്റിനെപ്പോലെ അടി ഇരന്നു വാങ്ങുകയാണെന്ന് മനസ്സിലാക്കി ചർച്ച അവസാനിപ്പിച്ചു.

സാധാരണ കഥാപ്രസംഗം ഒക്കെ അവതരിപ്പിച്ചു കഴിഞ്ഞാൽ വീണ്ടും പ്രോഗ്രാമിന് വിളി വരുന്പോഴാണല്ലോ കഥപറച്ചിൽ നന്നായി എന്ന് മനസിലാകുന്നത്. തൃശൂരിൽ വിദ്യാർത്ഥികളുമായി സംവദിക്കാൻ വീണ്ടും വരണമെന്ന ആവശ്യം ഉന്നയിച്ചതോടെ സന്തോഷമായി തിരിച്ചുപോന്നു.

സംഘാടകർക്ക്, പോൾ തോമസിന്, ചോദ്യങ്ങൾ ചോദിച്ചവർക്ക്, ചോദിയ്ക്കാൻ പറ്റാത്തവർക്ക്, ജോസിക്ക് എല്ലാവർക്കും നന്ദി.

മുരളി തുമ്മാരുകുടി

May be an image of 1 person and text that says "AIMA ALL INDIA HOHИAMAOTИETAHOOATΟΥ NOIA MANAGEMENT ASSOCIATION Thrissur nЛ Management Sinee 1990- Association GUEST LECTURE "Moving Kerala into the Fourth Industrial Revolution" CHIEF GUEST DR. MURALEE THUMMARUKUDY DIRECTOR G20 GLOBAL LAND INITIATIVE 6.45 6.45PM PM M April 27, 2024 Saturday tma.tcr@gmail.com 9895760505 Ashoka Inn Thrissur Followed By 101"May be an image of 17 people and text

Leave a Comment