ഹവായിൽ നിന്നുള്ള ചിത്രങ്ങളും വീഡിയോയും പേടിപ്പെടുത്തുന്നതാണ്. കടലോര നഗരങ്ങളിൽ നിന്നുള്ള അഗ്നിബാധയിൽ നിന്നും രക്ഷപെടാൻ ആളുകൾക്ക് കടലിലേക്ക് ഓടേണ്ടി വരുന്ന കാഴ്ച. അവിടെ മണിക്കൂറുകളോളം നിൽക്കേണ്ടി വരുന്ന സാഹചര്യം. ഇപ്പോൾ തന്നെ നൂറിലേറെ മരണങ്ങൾ, മരണ സംഖ്യ ഉയരുമെന്ന മുന്നറിയിപ്പ്.
ഈ വർഷം ഇന്ത്യയുടെ ജി 20 പ്രസിഡൻസിയിൽ കാട്ടുതീ ഉണ്ടാകുന്ന പ്രദേശങ്ങളുടെ പുനരുജ്ജീവനം ഒരു വിഷയമായി ഇന്ത്യ ഉയർത്തിക്കാട്ടി. ഈ വിഷയത്തിൽ ജി 20 രാജ്യങ്ങളിൽ നിന്നുള്ള നല്ല ഉദാഹരണങ്ങൾ ഒരു പുസ്തകമായി പ്രസിദ്ധീകരിച്ചു.
ഈ വിഷയം പഠിക്കാനായി ഞാൻ ജർമ്മനിയിലെ ഫ്രിബുവിലെ ഗ്ലോബൽ ഫയർ മോണിറ്ററിങ്ങ് സെന്ററിൽ പോയ കഥ ഒരിക്കൽ പറഞ്ഞിരുന്നു. അവർ പറഞ്ഞ ഒരു കാര്യം അന്ന് ഞാൻ അത്ര ശ്രദ്ധിച്ചില്ല, പക്ഷെ ഇപ്പോൾ ഹവായിൽ കാണുന്ന കാഴ്ചകളും കേരളത്തിലെ ചില പ്രത്യേകതകളും ആ വിഷയം കൂടുതൽ ചിന്തിപ്പിക്കുന്നു.
കാലാവസ്ഥ വ്യതിയാനത്തിന്റെ കാലഘട്ടത്തിൽ കാട്ടുതീ പോലെ നാട്ടു തീയും സാധാരണം ആകുമെന്നതാണ് അവർ പറഞ്ഞ ഒരു കാര്യം. പണ്ടൊക്കെ അമേരിക്കയിലും ഓസ്ട്രേലിയയിലും മാത്രം കേട്ടുകൊണ്ടിരുന്ന നഗരപ്രാന്തങ്ങളിൽ ഉള്ള മരങ്ങളിൽകൂടി പടരുന്ന അഗ്നിബാധ ഇപ്പോൾ ലോക വ്യാപകം ആയിട്ടുണ്ട്. കാനഡയിൽ, ഇസ്രായേലിൽ, ഗ്രീസിൽ, ടർക്കിയിൽ, റഷ്യയിൽ ഒക്കെ ഇതിപ്പോൾ പ്രശ്നമാകുന്നു.
കാട്ടുതീയുടെ കാര്യത്തിൽ മനുഷ്യൻ കാട്ടിൽ കയറി ഇടപെടുന്നത് അഗ്നിബാധകൾ കൂട്ടുന്പോൾ നാട്ടു തീയുടെ കാര്യത്തിൽ മനുഷ്യൻ വേണ്ടത്ര ഇടപെടാത്തതാണ് പലപ്പോഴും പ്രശ്നമാകുന്നത്. അടിക്കാടുകൾ വെട്ടുക, മനുഷ്യവാസ പ്രദേശങ്ങളും നഗരപ്രാന്തങ്ങളിൽ ഉള്ള ചെറുകാടുകളും തമ്മിൽ തീ പടരാതിരിക്കാനുള്ള ഇടനാഴി ഉണ്ടാക്കുക (ഫയർ ബ്രേക്ക്), ഇതൊക്കെ കൃത്യമായി ചെയ്താൽ അഗ്നിബാധകൾ കുറക്കാം.
കേരളത്തിൽ പാടം മാത്രമല്ല, ധാരാളം കരഭൂമിയും ഇപ്പോൾ കൃഷി ചെയ്യാതെ കിടക്കുകയാണല്ലോ. അവിടെയെല്ലാം പുല്ലും, വള്ളിയും, മരവും പടർന്നു കിടക്കുന്നു. വേനൽക്കാലത്ത് പുല്ലും വള്ളിയുമെല്ലാം ഉണങ്ങി അഗ്നിബാധക്കുള്ള സാധ്യത കൂട്ടുന്നു. ഇടിമിന്നലോ, താഴ്ന്നു കിടക്കുന്ന വൈദ്യുതി ലൈനോ അലക്ഷ്യമായി ഉപയോഗിക്കുന്ന ഒരു സിഗരറ്റ് കുറ്റിയോ അഗ്നിബാധക്ക് തുടക്കമിടുന്നു. നമ്മുടെ ഫയർ സർവ്വീസ് സംവിധാനം പ്രധാനമായും നഗരങ്ങളിലെ തീ അണക്കാൻ പരിശീലിപ്പിക്കപ്പെട്ടവർ ആണ്. ഗ്രാമങ്ങളിൽ അഗ്നിബാധ ഉണ്ടായാൽ അവിടെ എത്തിച്ചേരാൻ തന്നെ സമയം എടുക്കും.
ഈ കാലവർഷത്തിൽ മഴ വളരെ കുറവായിരുന്നു. തുലാവർഷം പതിവ് പോലെ ആയാൽ പോലും അടുത്ത വേനൽക്കാലം വരൾച്ചയുടേതായിരിക്കും. അഗ്നിബാധക്കുള്ള എല്ലാ ചേരുവകളും ചേർന്ന് വരുന്നതിനാൽ അടുത്ത വർഷം നാട്ടുതീയുടെ പല കാഴ്ചകൾ നമ്മൾ കാണും.
നിങ്ങളുടെ വീടിന് ചുറ്റും “നാട്ടു തീ” ഉണ്ടാകാനുള്ള സാധ്യത ഉണ്ടോ എന്നൊന്ന് പരിശോധിക്കുന്നത് നന്നായിരിക്കും. വീടിന് ഒരു ഫയർ ഇൻഷുറൻസ് എടുത്തു വക്കുന്നതും നല്ലതാണ്. ഫയർ സർവീസിന്റെ നന്പർ കരുതണം. അടുത്ത വർഷത്തിൽ പതിവിൽ കൂടുതൽ അഗ്നിബാധക്ക് സാധ്യത ഉണ്ടെന്ന് ഫയർ സർവീസുകാരും കരുതണം.
സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട!
മുരളി തുമ്മാരുകുടി
ലിങ്ക് – https://www.g20.org/…/G20_ECSWG-Compendium_of_Best…
Leave a Comment