റെയിൽ പാളത്തിൽ തൊഴിൽ ചെയ്തുകൊണ്ടിരുന്ന നാല് ഇതരസംസ്ഥാന തൊഴിലാളികൾ ട്രെയിനിടിച്ചു മരിച്ചത് കഴിഞ്ഞ മാസം ആണ്. രണ്ടു ലക്ഷം രൂപയാണെന്ന് തോന്നുന്നു നഷ്ടപരിഹാരം പ്രഖ്യാപിച്ചത്. പിന്നീടൊന്നും ഉണ്ടായില്ല.
ഇന്നിപ്പോൾ നിർമ്മാണം നടത്തിക്കൊണ്ടിരുന്ന റോഡിൽ കിടന്നുറങ്ങുന്ന അഞ്ചു പേർ, രണ്ടു കുട്ടികൾ ഉൾപ്പടെ, ലോറി കയറി മരിക്കുന്നു. ലോറി ഓടിച്ചിരുന്നത് ഡ്രൈവർ അല്ല ക്ളീനർ ആയിരുന്നു എന്നും അയാൾക്ക് ലൈസൻസ് ഇല്ലായിരുന്നു എന്നും ഡ്രൈവറും ക്ളീനറും മദ്യപിച്ചിരുന്നു എന്നും പ്രാഥമിക വാർത്തകൾ വരുന്നു.
ആഹാരം, പാർപ്പിടം, വസ്ത്രം ഒക്കെ മനുഷ്യന്റെ ഏറ്റവും പ്രാഥമികമായ ആവശ്യങ്ങളും പൗരന്റെ അവകാശമാകേണ്ടതും ആണ്. നമ്മുടെ ചുറ്റും, നമ്മുടെ ആവശ്യങ്ങൾ നിറവേറ്റാനായി തൊഴിലെടുക്കുന്ന അനവധി ആളുകൾക്ക് ഇതൊന്നും ഇല്ല എന്നത് നമ്മളെ ചിന്തിപ്പിക്കേണ്ടതാണ്.
പക്ഷെ അതുണ്ടാകും എന്ന് തോന്നുന്നില്ല. മരിച്ചത് പാവങ്ങൾ ആണ്, ബന്ധുബലമോ സംഘബലമോ ഇല്ലാത്തവർ ആണ്, സാമൂഹ്യ ശൃംഘലയിൽ ശക്തമായ കണ്ണികൾ ഇല്ലാത്തവർ ആണ്. ഇത് നമ്മുടെ കോടതികളിലൂടെ കടന്നു പോയി ഇവർക്കെന്തെങ്കിലും നഷ്ടപരിഹാരം ലഭിക്കുമോ ?
എന്തിന്, ആദ്യത്തെ ജയിൽ വാസം ഒക്കെ കഴിഞ്ഞു പുറത്തിറങ്ങിയാൽ ഈ അപകടം ഉണ്ടാക്കിയവർക്ക് എന്തെങ്കിലും തരത്തിലുള്ള പ്രത്യാഘാതം ഉണ്ടാക്കുമോ? ഇത്തരം അപകടങ്ങൾ മറ്റൊരിടത്ത്അവർ ആവർത്തിക്കില്ല എന്ന് എന്തെങ്കിലും ഉറപ്പുണ്ടോ?
ഒന്നുമില്ല.
ഒന്നോ രണ്ടോ ലക്ഷം രൂപ നഷ്ടപരിഹാരം ആരെങ്കിലും കൊടുത്താൽ തന്നെ വലിയ കാര്യം.
അടുത്ത വാർത്ത വരുന്നത് വരെ ഇതിനി വർത്തയൊന്നുമല്ല.
മുരളി തുമ്മാരുകുടി
Leave a Comment