എറണാകുളത്തെ കഫെയിൽ ഉണ്ടായ പൊട്ടിത്തെറിയിൽ ഒരാൾ മരിച്ചത് വാർത്തയ്ക്കപ്പുറം ചർച്ചയോ വിഷയമോ ആയില്ല.
അതിന് പ്രധാന കാരണം മരിച്ചത് ഒരു ഇതര സംസ്ഥാന തൊഴിലാളി ആയത് തന്നെ. രണ്ടു ദിവസം കഴിഞ്ഞാൽ കഫേ വീണ്ടും തുറക്കും, വീണ്ടും നമ്മൾ അവിടുത്തെ വൈബ് ഒക്കെ കണ്ട് ആഹ്ലാദിക്കും.
കേരളത്തിൽ ശരാശരി ഒരു ദിവസത്തിൽ ഒരു മറുനാടൻ തൊഴിലാളിക്കാണ് തൊഴിൽ സ്ഥലത്തുണ്ടാകുന്ന അപകടത്തിൽ മരണം സംഭവിക്കുന്നത്. ഇവർക്ക് വേണ്ടി ഇവിടെ ചർച്ചയോ സമരമോ ഒന്നുമില്ല എന്നത് പോകട്ടെ, കുടുംബങ്ങൾക്ക് വേണ്ടത്ര നഷ്ടപരിഹാരം പോലും കിട്ടുന്നില്ല.
സിലിണ്ടർ പൊട്ടിത്തെറിച്ച അപകടം പുറത്തറിയാതിരിക്കാൻ അപകടം പറ്റിയ തൊഴിലാളിയെ ആശുപത്രിയിൽ കൊണ്ടുപോകാതിരുന്ന മറ്റൊരു സാഹചര്യത്തെ പറ്റി ഞാൻ എഴുതിയിരുന്നു. ആ പ്രസ്ഥാനം നടത്തിയിരുന്നത് നമ്മുടെ നാട്ടുകാരനാണ്, വേണ്ടത്ര ലോക്കൽ ബന്ധങ്ങൾ ഉള്ളയാൾ, മരിച്ചത് ഇതര സംസ്ഥാന തൊഴിലാളി. അതിനും ഫോളോ അപ്പ് ഒന്നുമുണ്ടായില്ല.
വേണ്ടത്ര നഷ്ടപരിഹാരം ഇല്ല എന്നത് പോകട്ടെ, ഇവരുടെ മൃതദേഹം നാട്ടിൽ എത്തിക്കാൻ പോലും പലപ്പോഴും സാധിക്കുന്നില്ല. ഇത്തരത്തിൽ മരിച്ച മറ്റൊരു ഇതര സംസ്ഥാന തൊഴിലാളിയുടെ മൃതദേഹം ആംബുലൻസിൽ കയറ്റിയതിന് ശേഷം പൊതുവഴിയിൽ ഇട്ട് വിലപേശിയതും ആലുവയിൽ തന്നെയാണ്.
ഇത്തരത്തിലുള്ള മറ്റൊരു ജീവിതവും നമുക്ക് ചുറ്റും ഒരു പാരലൽ യൂണിവേഴ്‌സ് പോലെ ഉണ്ട് എന്നത് നാം ശ്രദ്ധിക്കുന്നത് പോലുമില്ല. ഏതെങ്കിലും ഇതര സംസ്ഥാന തൊഴിലാളി ഉൾപ്പെട്ട ഒരു കുറ്റകൃത്യം നടക്കുമ്പോൾ അല്ലാതെ അവരുടെ ജീവിതത്തിന് നേരെ നമ്മൾ കണ്ണടക്കുകയാണ്. അവരുടെ ജീവന് നമ്മൾ പ്രത്യേക വിലയൊന്നും കാണുന്നില്ല.
തൊഴിൽ കുടിയേറ്റത്തിലൂടെ കൊണ്ടുവന്ന സമ്പത്ത് വളർച്ചയുടെ അടിസ്ഥാന മൂലധനം ആക്കിയ സംസ്ഥാനത്തിൽ ഉള്ളവരെങ്കിലും ഇവിടേക്ക് തൊഴിലിന് വന്നവരുടെ ജീവിതത്തെ അല്പം കൂടി കരുണയോടെ കാണേണ്ടതുണ്ട്. അവരുടെ ജീവന് നമ്മുടെ ജീവന്റെ അത്രയും വില കല്പിക്കേണ്ടതും ഉണ്ട്.
മുരളി തുമ്മാരുകുടി
Leave a Comment