പൊതു വിഭാഗം

നമുക്ക് ഒരു സർവ്വകലാശാല മതി

കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്ത് നിന്നും വിദ്യാർത്ഥികളുടെ കൊഴിഞ്ഞ്പോക്ക് ഉണ്ടാകുമെന്നും മുപ്പത് ശതമാനം കോളേജുകൾ എങ്കിലും പൂട്ടേണ്ടിവരുമെന്നും ഞാൻ ആദ്യം എഴുതിയപ്പോൾ അതിലെ യുക്തി അല്ല, എന്റെ ഉദ്ദേശശുദ്ധിയായിരുന്നു ഈ രംഗത്ത് പ്രവർത്തിക്കുന്നവർ പ്രധാനമായി ചർച്ച ചെയ്തത്.

ഇപ്പോൾ കോളേജുകളിൽ കുട്ടികൾ കുറയുന്നു എന്ന വസ്തുത വ്യക്തമാണ്. കോളേജുകൾ എങ്ങനെ ഏകീകരിക്കാമെന്ന് ചിന്തിച്ചു തുടങ്ങേണ്ട സമയമാണ്.

എളുപ്പത്തിൽ ചെയ്യാവുന്ന, ചെയ്യേണ്ടുന്ന ഒന്നുണ്ട്. സംസ്ഥാന സർക്കാരിൻറെ അധികാര പരിധിയിൽ വരുന്ന എല്ലാ യൂണിവേഴ്സിറ്റികളും ഏകീകരിച്ച് ഒറ്റ അഡ്മിനിസ്ട്രേഷന്റെ കീഴിൽ കൊണ്ടുവരിക. പ്രാദേശികമായി വിഭജിക്കപ്പെടുന്ന സർവ്വകലാശാലകൾ (കോട്ടയം, കണ്ണൂർ etc) വിഷയമനുസരിച്ച് വിഭജിക്കുന്ന സർവ്വകലാശാലകൾ (ടെക്നോളജി, മെഡിസിൻ, കൃഷി) പഠനരീതി അനുസരിച്ച് (അഫിലിയേറ്റിംഗ്, ഓപ്പൺ etc) ഇതൊന്നും ഈ നൂറ്റാണ്ടിന്റെ രീതിയല്ല.

അക്കാദമിക്ക് സ്വയംഭരണമുള്ള ഒരു സർവ്വകലാശാല, പൂർണ്ണമായും ഡിജിറ്റൈസ് ചെയ്ത അഡ്മിനിസ്ട്രേഷൻ, സെനറ്റും സിൻഡിക്കേറ്റും അല്ലാതെ വിദ്യാഭ്യാസത്തിൽ അറിവും കഴിവും താല്പര്യവും ഉള്ളവർ ഉൾപ്പെടുന്ന ഗവേർണൻസ് സംവിധാനം, വിദ്യാർത്ഥി കേന്ദ്രീകൃതമായ തത്വശാസ്ത്രം, ഇതൊക്കെ ഇന്നു വന്നാൽ പത്തു വർഷത്തിനകം നമ്മുടെ ഉന്നത വിദ്യാഭ്യാസ രംഗം തിരിച്ചു പിടിക്കാം. അല്ലെങ്കിൽ ഈ പറഞ്ഞതൊക്കെ തന്നെ സംഭവിക്കും.

മാറ്റുവിന്‍ ചട്ടങ്ങളെ സ്വയ,

മല്ലെങ്കില്‍ മാറ്റുമതുകളീ നിങ്ങളെത്താൻ… എന്നല്ലേ?

മുരളി തുമ്മാരുകുടി

May be an image of text

Leave a Comment