പൊതു വിഭാഗം

ദുരിതാശ്വാസം, പഴയ തുണിയും പച്ചക്കറിയും

ലോകത്തെവിടെയും ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ ആ നാട്ടിൽ ഉള്ളവരും മറുനാട്ടിലുള്ളവരും അവിടേക്ക് സഹായങ്ങൾ അയക്കുന്ന രീതി ഉണ്ട്. ഇത് തികച്ചും ശരിയും മനുഷ്യ സഹജവും ആണ്.

ഇത്തരം സഹായങ്ങൾ പലപ്പോഴും നൽകുന്നത് വസ്തുവകകൾ ആയിട്ടാണ്. ദുരന്തന്തിന്റെ ആദ്യ ദിവസങ്ങളിൽ ഭക്ഷണവും വസ്ത്രവും പുതപ്പും ഒക്കെ എത്തിച്ചു കൊടുക്കേണ്ടത് അത്യാവശ്യവുമാണ്. ദുരന്തത്തിന്റെ രീതിയും പ്രദേശവും അനുസരിച്ച് മൂന്നോ നാലോ ദിവസം കഴിഞ്ഞാൽ അങ്ങോട്ട് വസ്തുവകകൾ അയക്കുന്നത് പല തരത്തിൽ ബുദ്ധിമുട്ടുണ്ടാക്കുകയാണ് ചെയ്യുന്നത്.

ഒന്നാമത് പല സ്ഥലങ്ങളിൽ നിന്നും വരുന്ന അനവധി വസ്തുക്കളുടെ ഇൻവെന്ററി, സ്റ്റോറേജ്, വിതരണം എന്നിവ ഉണ്ടാക്കുന്ന പ്രശ്നങ്ങൾ. പല രാജ്യങ്ങളിലും എയർപോർട്ടിലെ റൺവേയുടെ ചുറ്റും തന്നെ ദുരിതാശ്വാസ വസ്തുക്കൾ കൂട്ടമായി കൂട്ടിയിട്ടിരിക്കുന്നതും ഇത്തരം സാഹചര്യങ്ങളിൽ സ്ഥിരം കാഴ്ചയാണ്.

രണ്ടാമത്തേത് ഇങ്ങനെ വരുന്ന പലതും ദുരന്തപ്രദേശത്ത് ആവശ്യമില്ലാത്തതായിരിക്കും. ദുരന്തം കൈകാര്യം ചെയ്യുന്ന ഭാരിച്ച ഉത്തരവാദിത്തമുള്ളവർക്ക് ഇത് അനാവശ്യ ബുദ്ധിമുട്ടാകുന്നു.

മൂന്നാമത്തേത് ആളുകൾ അയക്കുന്ന മരുന്നുകൾ പോലുള്ള വസ്തുക്കൾ കൃത്യമായ കാലാവധിക്കുള്ളിൽ ഉപയോഗിക്കേണ്ടതായതിനാൽ ഡേറ്റ് കഴിഞ്ഞാൽ പിന്നെ അത് നശിപ്പിച്ചുകളയേണ്ട അധിക ബുദ്ധിമുട്ടുമുണ്ട്. അന്താരാഷ്ട്രമായി ഒരു രാജ്യത്തെ മരുന്നുകൾ മറ്റു രാജ്യങ്ങളിൽ ഉപയോഗിക്കാൻ നിയന്ത്രണങ്ങൾ പോലുമുണ്ട്. ഇവയും നശിപ്പിച്ചുകളയേണ്ടതായി വരും.

ആളുകൾക്ക് ആവശ്യമില്ലാത്ത തുണിത്തരങ്ങൾ, പച്ചക്കറികളും ബേക്കറി പലഹാരങ്ങളും ഉൾപ്പെടെ വേഗത്തിൽ ചീത്തയാകുന്ന വസ്തുക്കൾ എന്നിവയും അത് എത്തുന്ന പ്രദേശത്ത് കുഴപ്പം ഉണ്ടാക്കുന്നു.

ഇതൊന്നും കൂടാതെ മറ്റൊരു പ്രധാന കാരണം കൂടിയുണ്ട്. ഒരു രാജ്യത്തോ പ്രദേശത്തോ വലിയ ദുരന്തങ്ങൾ ഉണ്ടായാൽ അവിടുത്തെ മൊത്തം സമ്പദ്‌വ്യവസ്ഥ നിശ്ചലമാവുമല്ലോ. അതിന് ജീവൻ വക്കണമെങ്കിൽ ആ പ്രദേശത്തുള്ള കച്ചവടം നടക്കണം. അതിന് ആ നാട്ടിലേക്ക് പണം വരികയും വസ്തുക്കളുടെ ആവശ്യം ഉണ്ടാവുകയും വേണം. ഒരു നാട്ടിലേക്ക് അടുത്ത ആറു മാസത്തേക്ക് വേണ്ട അരിയും തുണിയും എല്ലാം പുറമേനിന്ന് എത്തിയാൽ ആ പ്രദേശങ്ങളിലെ കച്ചവടരംഗത്തുള്ളവരുടെ കച്ചവടം പൂട്ടിപ്പോകുന്ന സ്ഥിതി ഉണ്ടാകും.

ഇതൊക്കെ ലോകത്ത് അനവധി പ്രദേശങ്ങളിൽ കണ്ടിട്ടുള്ളത് കൊണ്ട് പല പ്രാവശ്യം പറഞ്ഞിട്ടുണ്ട്. ദുരന്തം ഉണ്ടാകുമ്പോൾ നമ്മളും എന്തെങ്കിലും ചെയ്യണമെന്നും അത് പ്രകടമായിത്തന്നെ വേണമെന്നുമുള്ള ആഗ്രഹം ആളുകളിൽ ഉണ്ടാകുന്നത് കൊണ്ട് കേരളത്തിലും ഇത്തരത്തിൽ ആവശ്യത്തിൽ കൂടുതൽ സാധനങ്ങളും, ഉപയോഗിച്ച തുണികളും, കേടാവുന്ന വസ്തുക്കളും ലോറിക്കണക്കിന് അയക്കുന്ന രീതി പണ്ടും ഉണ്ടായിട്ടുണ്ട്.

മുൻപൊക്കെ ദുരന്തം ഉണ്ടാകുമ്പോൾ ഞാൻ ഇത് മുൻകൂട്ടി പറഞ്ഞിരുന്നു. മൂന്നോ നാലോ ദിവസം കഴിഞ്ഞാൽ സഹായം പണമായി നൽകുന്നതാണ് നല്ലതെന്നും ദുരന്തത്തിൽ പെട്ടവരുടെ കയ്യിൽ ഏറ്റവും വേഗത്തിൽ പണം എത്തിക്കുന്നതാണ് നല്ലതെന്നുമുള്ള കാര്യം പലപ്പോഴും എഴുതിയിട്ടുണ്ട്.

എന്നാൽ പൊതുവെ സമൂഹത്തിന് ഇക്കാര്യം ഓർമ്മിപ്പിക്കുന്നത് അത്ര ഇഷ്ടമല്ല. ദുരന്തത്തിൽ പെട്ടവർക്ക് എന്തെങ്കിലും സഹായം കിട്ടുന്നത് തടയുകയാണ് ഉദ്ദേശം എന്ന തരത്തിലും “ഇയ്യാൾക്ക് ദുരന്തത്തെ പറ്റി എന്തറിയാം?” എന്ന തരത്തിലും കമന്റുകൾ വന്നിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇത്തവണ പല ആളുകളും ആവശ്യപ്പെട്ടിട്ടും ഇക്കാര്യത്തിൽ ഞാൻ ഒന്നും പറഞ്ഞിരുന്നില്ല.

രണ്ടുദിവസമായി വയനാട്ടിൽ കുന്നുകൂടുന്ന ദുരിതാശ്വാസ സഹായവസ്തുക്കളുടെ വീഡിയോ കണ്ടപ്പോൾ ആവശ്യത്തിലധികവും പെട്ടെന്ന് കേടായി പോകുന്നതുമായ സഹായങ്ങൾ എത്തിയിട്ടുണ്ട് എന്ന് മനസ്സിലായി. ഇന്നിപ്പോൾ മുഖ്യമന്ത്രിയുടെ പത്രസമ്മേളനം കേൾക്കുന്നു.

ആവശ്യത്തിൽ അധികം വസ്തുവകകൾ എത്തിയിട്ടുണ്ട്. ഇപ്പോഴും എത്തിക്കൊണ്ടിരിക്കുന്നു. അതിൽ പെട്ടെന്ന് കേടാവുന്ന പച്ചക്കറികളും ബേക്കറിസാധനങ്ങളും ഉണ്ട്. എട്ടു ടൺ പഴയ തുണിയാണ് എത്തിയിരിക്കുന്നത്. ഇനി അത് ഡിസ്പോസ് ചെയ്യേണ്ട ഉത്തരവാദിത്തം കൂടി സർക്കാരിന് ഉണ്ട്.

അതുകൊണ്ട് ഒരിക്കൽ കൂടി പറയാം.

ദൂരെ ദിക്കിൽ ദുരന്തം ഉണ്ടായാൽ വസ്തുവകകൾ അയക്കാതിരിക്കുന്നതാണ് നല്ലത്. വേഗത്തിൽ ചെയ്യാമെങ്കിൽ പണം സ്വരൂപിക്കുക, ദുരന്തം നടന്നതിന് ഏറ്റവും അടുത്ത് ദുരന്തബാധിതമല്ലാത്ത ടൗണുകളിലും നഗരങ്ങളിലും നിന്ന് ആവശ്യമായ വസ്തുക്കൾ വാങ്ങുക. ആസ്സാമിൽ പ്രളയം ഉണ്ടായപ്പോൾ കേരളത്തിൽ നിന്നും കുപ്പിവെള്ളം കയറ്റി അയക്കുന്ന കാഴ്ച ഒരിക്കൽ കണ്ടതാണ്!

ഒരാഴ്ച കഴിഞ്ഞാൽ കുറച്ചെങ്കിലും പണം ദുരന്തബാധിതരുടെ അടുത്ത് എത്തിക്കാനുള്ള വഴി നോക്കുക. കൂടുതൽ ധനസഹായം കൊടുക്കാൻ കഴിവും താല്പര്യവും ഉള്ളവർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കോ, വിശ്വാസയോഗ്യമായ മറ്റു ഏജൻസികൾ വഴിയോ പണമായി കൊടുക്കുക.

ഒരു കാരണവശാലും പഴയ വസ്തുക്കൾ കൊടുക്കാതിരിക്കുക. അത് ലഭിക്കുന്നവരുടെ അഭിമാനത്തിന്റെ പ്രശ്നം കൂടിയാണ്. നാളെ അപകടത്തിൽ പെടുന്നതും ക്യാമ്പിൽ ഇരിക്കുന്നതും നിങ്ങൾ ആണെന്ന് ചിന്തിക്കുക. അന്ന് ആരെങ്കിലും ഉപയോഗിച്ച തുണി കിട്ടാനാണോ നിങ്ങൾ ആഗ്രഹിക്കുന്നത്?

മുരളി തുമ്മാരുകുടി

Leave a Comment