2018 ജൂൺ മുതൽ ആഗസ്ത് വരെ കുട്ടനാട്ടിൽ തുടങ്ങി കേരളമെന്പാടും ബാധിച്ച ദുരന്തങ്ങളെ, നേരിട്ട് ദുരിതമനുഭവിച്ചവരും അതിൻറെ പ്രത്യാഘാതങ്ങൾ ഇന്നും അനുഭവിക്കുന്നവരും ഒഴികെയുള്ളവർ മറന്നു തുടങ്ങിയിരിക്കുന്നു.
ഇത്തരം ദുരന്തങ്ങൾ ഇനിയും ആവർത്തിക്കാതിരിക്കണമെങ്കിൽ ഈ ദുരന്തങ്ങളെ, അതിൻറെ അടിസ്ഥാന കാരണങ്ങളെ, ദുരന്തം എങ്ങനെ നേരിട്ടു എന്നതിനെ ഒക്കെ നാം ശരിയായി പഠിക്കണം. ഡോകുമെന്റ് ചെയ്യണം. തെറ്റുകൾ തിരുത്തണം. അടുത്ത തലമുറക്ക് ദുരന്ത ലഘൂകരണത്തിൻറെ പാഠങ്ങൾ പറഞ്ഞു കൊടുക്കണം. ഇതൊന്നും നൂറു വർഷം മുൻപ് ചെയ്യാതിരുന്നതു കൊണ്ടാണ് പത്തുലക്ഷം മലയാളികൾക്ക് വീടുവിട്ട് ഓടേണ്ടി വന്നത്. നമ്മുടെ പൂർവികർ ചെയ്ത തെറ്റ് നാം ആവർത്തിക്കരുത്. അവരെക്കാൾ അറിവും, കഴിവും, ദീർഘവീക്ഷണവമുള്ള ഒരു തലമുറയാണ് നമ്മൾ.
2018 ലെ ദുരന്തങ്ങളെക്കുറിച്ച് മാതൃഭൂമി ഒരു പഠനം നടത്തുകയാണ്. അവർക്ക് സാങ്കേതിക നിർദ്ദേശങ്ങൾ ഞാൻ നൽകുന്നുണ്ട്. കേരളത്തിലെ പ്രളയവും ഉരുൾപൊട്ടലും മണ്ണിടിച്ചിലും ഉണ്ടായ പ്രദേശങ്ങൾ സന്ദർശിച്ചും, ഇതുവരെ നടന്ന പഠനങ്ങൾ അവലോകനം ചെയ്തും, നാട്ടുകാരോടും വിദഗ്ദ്ധരോടും സംസാരിച്ചും ഒക്കെയാണ് പഠനം തയ്യാറാക്കാൻ പോകുന്നത്. പ്രളയത്തിന് മുൻപും പ്രളയ സമയത്തും അതിന് ശേഷവും കുട്ടികൾ, മുതിർന്നവർ, സ്ത്രീകൾ, കേരളത്തിലെ പ്രവാസികൾ (ഇതര സംസ്ഥാനത്തൊഴിലാളികള്), ഭിന്നശേഷിക്കാർ, ആദിവാസികൾ തുടങ്ങിയവരുടെ കാര്യത്തിൽ ഉണ്ടായിരുന്ന പ്രത്യേക പ്രശ്നങ്ങൾ ഈ പഠനം കൂടുതൽ ആഴത്തിൽ പഠിക്കും. പ്രളയത്തിന് ശേഷം വന്ന അനവധി പഠനങ്ങളിൽ നിന്നും ഈ പഠനത്തെ വേർതിരിക്കുന്നതും ഒരു പരിധി വരെ ഈ വിഷയങ്ങൾ ആയിരിക്കും.
ഓരോ രണ്ടു വർഷത്തിൽ ഒരിക്കൽ ‘World Reconstruction Conference’ ലോകബാങ്കും ഐക്യ രാഷ്ട്ര സഭയും ഒരുമിച്ചു നടത്താറുണ്ട്. ഇത്തവണ അത് ജനീവയിൽ ആയിരിക്കും. ‘Inclusion’ ആണ് ഈ വർഷത്തെ പ്രമേയം. കേരളത്തിനായി ഒരു സ്പെഷ്യൽ സെഷൻ തന്നെ പ്ലാൻ ചെയ്തിട്ടുള്ളതുകൊണ്ട് കേരളത്തിലെ പഠനങ്ങൾ അവർക്ക് താല്പര്യമുള്ള വിഷയമാണ്. ഈ പഠനം അവിടെ റിലീസ് ചെയ്യാം എന്നാണ് പ്ലാൻ. കൂടുതൽ അറിയാൻ താല്പര്യമുള്ളവർ എനിക്ക് ഒരു മെയിൽ അയച്ചാൽ മതി.
പതിവ് പോലെ ഈ പഠനത്തിലും നിങ്ങളുടെ സഹായം വേണം.
1. പ്രളയവും മണ്ണിടിച്ചിലും ഉൾപ്പെട്ട 2018 ലെ ദുരന്തത്തെയും അതിനെ പ്രതിരോധിച്ചതിനെയും കുറിച്ച് നിങ്ങൾ എന്തെങ്കിലും പഠനം നടത്തിയിട്ടുണ്ടെങ്കിലോ വീഡിയോ ഉണ്ടാക്കിയിട്ടുണ്ടെങ്കിലോ അവ ഷെയർ ചെയ്യണം.
2. പ്രളയകാലത്ത് യുവാക്കൾ ഉൾപ്പെടെ അനവധി പേർ കേരളത്തിന് അകത്തും പുറത്തും വിഷയത്തിൽ ഇടപെട്ടുവല്ലോ. അതിനെപ്പറ്റി നിങ്ങൾ ലേഖനങ്ങൾ എഴുതിയിട്ടുണ്ടെങ്കിൽ (ചെറിയ ബ്ലോഗ് ആണെങ്കിൽ പോലും) അവ ഷെയർ ചെയ്യണം. പ്രളയകാലത്തെ മികച്ച പ്രവര്ത്തനങ്ങള് (Best Practices) എന്നു നിങ്ങള്ക്കു തോന്നിയിട്ടുള്ളവ ശ്രദ്ധയില്പ്പെടുത്തണം.
3. പ്രളയത്തിന് ശേഷം നടക്കുന്ന കംപാഷനേറ്റ് കേരളം പോലുള്ള നൂതനമായ പദ്ധതികൾ ഉണ്ടെങ്കിൽ അവയുടെ വിവരങ്ങൾ പങ്കുവെക്കണം.
4. പ്രളയത്തിന് മുൻപും, പ്രളയകാലത്തും, പ്രളയത്തിന് ശേഷവും കുട്ടികൾ, മുതിർന്നവർ, സ്ത്രീകൾ, ആദിവാസികൾ, ഭിന്നശേഷിക്കാർ, ഇതരസംസ്ഥാനത്തൊഴിലാളികള് ഇവരുമായി ബന്ധപ്പെട്ട എന്തെങ്കിലും പ്രത്യേക വിഷയങ്ങൾ നിങ്ങൾ റിപ്പോർട്ടിൽ കാണാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ പഠന സംഘവുമായി ബന്ധപ്പെടണം. ഇതുമായി ബന്ധപ്പെട്ട ഏതെങ്കിലും പ്രദേശങ്ങൾ ഫീൽഡ് വർക്കിൽ ഉൾപ്പെടുത്തണമെന്ന് നിങ്ങൾ കരുതുന്നുവെങ്കിൽ ആ വിവരം ഷെയർ ചെയ്യണം.
5. പരിസ്ഥിതി നാശം ദുരന്തത്തെ രൂക്ഷമാക്കിയതോ ദുരന്തം പരിസ്ഥിതി നാശം ഉണ്ടാക്കിയതോ ആയ സ്ഥലങ്ങൾ നിങ്ങളുടെ അറിവിൽ ഉണ്ടെങ്കിൽ അവിടെ ഫീൽഡ് വിസിറ്റ് ചെയ്യാൻ ഞങ്ങൾക്ക് താല്പര്യമുണ്ട്. ആ സ്ഥലങ്ങളുടെ വിവരങ്ങൾ പങ്കുവെക്കണം.
6. നിങ്ങൾക്ക് ഈ പഠനത്തെ കൂടുതൽ അറിയണമെന്നോ പഠനത്തിൽ പങ്കചേരണമെന്നോ ഉണ്ടെങ്കിൽ പഠന സംഘവുമായി ബന്ധപ്പെടണം.
Center for Migration and Inclusive Development (CMID) ആണ് പഠനം കോർഡിനേറ്റ് ചെയ്യുന്നത്. അതുകൊണ്ട് മുൻപറഞ്ഞ ഏതെങ്കിലും കാര്യത്തിൽ നിങ്ങൾക്ക് വിവരങ്ങൾ പങ്കുവെക്കാൻ ഉണ്ടെങ്കിൽ അതിൻറെ എക്സിക്യൂട്ടീവ് ഡയറക്ടർ ആയ ഡോക്ടർ ബിനോയ് പീറ്ററെ ബന്ധപ്പെടുക (benoy@cmid.org.in, മൊബൈൽ. 9447781270 ). ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുകയും വേണം.
നിങ്ങളുടെ എല്ലാ സഹായവും തീർച്ചയായും റിപ്പോർട്ടിൽ പരാമർശിക്കപ്പെടും. റിപ്പോർട്ടിന്റെ സോഫ്റ്റ് കോപ്പി ഫ്രീ ആയി ഓൺലൈനിൽ ലഭ്യമാക്കുകയും ചെയ്യും.
സഹായങ്ങൾക്ക് മുൻകൂർ നന്ദി!
മുരളി തുമ്മാരുകുടി
Leave a Comment