പൊതു വിഭാഗം

ദുരന്തകാലത്തെ കൊടുക്കലും വാങ്ങലും…

കേരളത്തിലും കേരളത്തിന് പുറത്തും പ്രളയവും മറ്റു ദുരന്തങ്ങളുമുണ്ടാകുന്പോൾ ഞാൻ ആവർത്തിച്ച് പറയുന്ന കാര്യമാണ് ദുരന്തത്തിന്റെ ആദ്യ ദിനങ്ങൾ കഴിഞ്ഞാൽപ്പിന്നെ അങ്ങോട്ട് ഭക്ഷണവും വെള്ളവും വസ്ത്രവും അയക്കരുതെന്ന്. പരമാവധി സഹായം പണമായി നൽകുക. ആളുകൾ അവർക്ക് ആവശ്യമുള്ളത് വാങ്ങട്ടെ, അവിടുത്തെ കച്ചവടക്കാർ ദുരിതത്തിൽ നിന്നും പുറത്തു വരട്ടെ, സന്പദ്‌വ്യസ്ഥയിൽ പണം ഓടിത്തുടങ്ങട്ടെ. ആഗോളമായി അനവധി അനുഭവങ്ങളിൽ നിന്നുണ്ടായ പരിചയത്തിൽ നിന്നാണ് പറയുന്നത്.
 
എൻറെ സുഹൃത്തുക്കൾ ഉൾപ്പെടെ ഈ രംഗത്ത് ഇടപെട്ടവർക്കെല്ലാം ആദ്യം ഈ ഉപദേശത്തോട് എതിർപ്പായിരുന്നു. ഈ വിഷയത്തിലെ എൻറെ പരിചയത്തെയും മനുഷ്യത്വത്തെയും വരെ ചോദ്യം ചെയ്തവരുണ്ട്. എന്നാൽ അനാവശ്യമായി വസ്തുവകകൾ റെയിൽവേ സ്റ്റേഷനിലും കലക്ടറേറ്റിലും കെട്ടിക്കിടക്കുന്നതും, ഒരേ ആളുകൾക്ക് തന്നെ ഡസൻ കണക്കിന് മുണ്ടും നൈറ്റിയും ആളുകൾ എത്തിക്കുന്നതും നേരിട്ട് കണ്ടപ്പോൾ പലർക്കും മനംമാറ്റമുണ്ടായി.
 
എന്നാൽ കേരളത്തിന്റെ പൊതുബോധത്തിൽ ഇപ്പോഴും മാറ്റമുണ്ടായിട്ടില്ല. ദുരന്തമുണ്ടായാലുടനെ പ്രത്യേകിച്ച് പ്ലാനിങ്ങൊന്നുമില്ലാതെ കിട്ടുന്ന വസ്തുക്കളെല്ലാം സംഭരിക്കുക, പറ്റുന്നിടത്തേക്കൊക്കെ കയറ്റിവിടുക എന്നതാണ് ഇപ്പോഴും നടക്കുന്നത്. പണം കൊടുക്കാനുള്ള വിശ്വാസക്കുറവും പണം വാങ്ങാനുള്ള ചില സാങ്കേതിക ബുദ്ധിമുട്ടുകളും കൊണ്ട് വസ്തുവകകൾ തന്നെയാണ് ഇപ്പോഴും ദുരന്തപ്രദേശത്തേക്ക് കൂടുതൽ എത്തുന്നത്.
 
നമ്മുടെ സമൂഹത്തിന്റെ ചിന്താഗതി മാറ്റണം. ദുരന്തം നടക്കുന്പോൾ ഇക്കാര്യം പറഞ്ഞാൽ ആളുകൾക്ക് അധികം ഇഷ്ടപ്പെടില്ല. അതിനാൽ കേരളത്തിലെ എംബിഎ, സോഷ്യോളജി, ഇക്കണോമിക്സ് കോളേജുകളോട് ഒരപേക്ഷയുണ്ട്.
 
നിങ്ങളുടെ കോളേജിനടുത്ത് ദുരന്തമുണ്ടായി ആളുകൾ ക്യാംപിലേക്ക് മാറിത്താമസിക്കുകയും ചെയ്യുന്ന ഒരു സാഹചര്യമുണ്ടായെങ്കിൽ അവിടെ ഒരു പഠനം നടത്തണം.
 
മൂന്നു സെറ്റ് ആളുകളെ ആണ് ഇന്റർവ്യൂ ചെയ്യേണ്ടത്.
 
1. ക്യാംപിൽ ദുരന്തബാധിതരായി എത്തിയവർ: അവർക്ക് എന്തൊക്കെ സഹായങ്ങളാണ് ലഭിച്ചത്. കൂടുതൽ സഹായം പണമായി കിട്ടുന്നതായിരുന്നോ നല്ലത് ?
 
2 . ദുരിതാശ്വാസ ക്യാംപുകൾ നടത്തിയവർ: അവർക്ക് എന്തൊക്കെ സഹായങ്ങളാണ് ലഭിച്ചത്. കൂടുതൽ സഹായം പണമായി കിട്ടുന്നതായിരുന്നോ നല്ലത് ?
 
3. ആ പ്രദേശത്തെ കച്ചവടക്കാർ: ദുരന്തത്തിന് ശേഷം അവരുടെ കച്ചവടത്തിൽ എന്ത് മാറ്റമാണുണ്ടായത് ?
 
പത്തു സ്ഥലത്തു നിന്നെങ്കിലും ഇത്തരം പഠനം നമുക്ക് കിട്ടിയാൽ ആ പഠനത്തിൽ നിന്നുള്ള നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ നമുക്ക് ഒരു ബോധവൽക്കരണം നടത്താം.
 
ഈ പഠനം നടത്താൻ താല്പര്യമുള്ളവർ കോൺടാക്ട് ചെയ്യണം. thummarukudy@ gmail.com.
മുരളി തുമ്മാരുകുടി
അബൂജ, സെപ്റ്റംബർ 4
 

Leave a Comment