മൊബൈൽ ഫോൺ റോമിങ്ങ് ഇന്നും ചിലവുള്ളതായി നിലനിൽക്കുന്നതിനാൽ ലോകത്തെവിടെ സഞ്ചരിച്ചാലും അവിടുത്തെ സിം എടുക്കുന്ന രീതി യു.എന്നിൽ ചേർന്ന നാൾ മുതലുണ്ട്.
രാജ്യത്തും സിം കാർഡ് കിട്ടാനുള്ള സമയം, ആവശ്യമായ രേഖകൾ, അതിന്റെ ചിലവ് ഇതൊക്കെ ആ രാജ്യങ്ങളുടെ സമ്പദ്‌വ്യവസ്ഥയും ഭരണസംവിധാനവും ആയി ഏറെ ബന്ധപ്പെട്ടിരിക്കുന്നു എന്ന് ഞാൻ കണ്ടിട്ടുണ്ട്. കാലം ചെല്ലുന്തോറും ഇത് മാറുന്നതും ശ്രദ്ധിച്ചിട്ടുണ്ട്.
ഉദാഹരണത്തിന് 2003 ൽ ഞാൻ സ്വിറ്റ്സർലണ്ടിൽ ചെല്ലുമ്പോൾ ഏത് കൊച്ചുകടയിലും മൊബൈൽ സിം കിട്ടുമായിരുന്നു. 25 യൂറോ, മേടിച്ച് ഫോണിൽ ഇട്ടാൽ മതി, നമ്മൾ ഓൺലൈൻ ആയി.
ഇന്നിപ്പോൾ അത് മാറി. സിം എടുക്കണമെങ്കിൽ നമ്മുടെ പാസ്സ്‌പോർട്ട് കോപ്പി കൊടുക്കണം, രെജിസ്റ്റർ ചെയ്യണം, കുറച്ചു സമയം എടുക്കും. ചിലവ് അല്പം കുറഞ്ഞിട്ടുണ്ടെന്ന് മാത്രം.
ഇന്ത്യയിലെ കാര്യവും ഏതാണ്ട് ഇതുപോലെയാണ്. ആദ്യം സിം കിട്ടാൻ വളരെ ബുദ്ധിമുട്ടായിരുന്നു, പിന്നെ എളുപ്പമായി. ഇപ്പോൾ രെജിസ്ട്രേഷൻ ഒക്കെയായി കുറച്ചു കൂടി സമയം എടുക്കുമെങ്കിലും ചിലവ് തീരെ കുറഞ്ഞു.
ഞാൻ കണ്ടിട്ടുള്ളതിൽ ഒരു സിം കിട്ടാൻ ഏറ്റവും ബുദ്ധിമുട്ടുണ്ടായിരുന്നത് മ്യാന്മറിൽ ആണ്. അപേക്ഷ കൊടുത്താൽ ഒരു വർഷത്തോളം എടുക്കുമായിരുന്നു അവിടെ ഒരു സിം കിട്ടാൻ (2008 ലെ കാര്യം). അതുകൊണ്ട് തന്നെ വിസിറ്റിനു വരുന്നവർക്ക് സിം എടുക്കാൻ പറ്റില്ലല്ലോ. അതിനവിടെ ഒരു സമാന്തര സംവിധാനം ഉണ്ട്. അവിടത്തെ ടാക്സി ഡ്രൈവർമാർ സിം വാടകക്ക് കൊടുക്കുന്നവരായിരുന്നു. ആഴ്ചയിൽ പത്തു ഡോളർ അല്ലെങ്കിൽ മാസം മുപ്പത് ഡോളർ എന്നിങ്ങനെ. അവർക്കൊരു വരുമാനമാർഗ്ഗം ആയിരുന്നു അത്. ഇപ്പോൾ കാര്യങ്ങൾ മാറിയോ എന്തോ.
അമേരിക്കയിൽ വിസിറ്റർ ആയി ഒരു സിം എടുക്കാൻ ഇപ്പോഴും ചിലവ് വളരെ കൂടുതൽ ആണ്. രെജിസ്ട്രേഷൻ പ്രശ്നങ്ങൾ അവിടെയും ഉണ്ട്.
ഇതൊക്കെ ഓർക്കാൻ കാരണം ഇത്തവണ ദുബായിൽ എത്തിയപ്പോൾ അവിടുത്തെ ഇമ്മിഗ്രെഷൻ കഴിഞ്ഞ ഉടൻ തന്നെ അവർ ഒരു സിം എടുത്തു കയ്യിൽ തന്നതുകൊണ്ടാണ്. ഫ്രീ സിം, 1 GB (data) എന്ന് കവറിൽ എഴുതിയിട്ടുണ്ട്.
കാര്യം എനിക്ക് ഇതിന് മുൻപും ഇത് ലഭിച്ചിട്ടുണ്ടെങ്കിലും രെജിസ്റ്റർ ചെയ്യണം എന്നൊക്കെ കണ്ടതുകൊണ്ട് അതിന് ശ്രമിച്ചില്ല, പകരം പുറത്തുനിന്നും സിം വാങ്ങി.
ഇത്തവണയും പുറത്തു നിന്ന് സിം വാങ്ങാനാണ് du ഷോ റൂമിൽ എത്തിയത്. നോക്കിയപ്പോൾ ഒരാഴ്ചത്തേക്ക് 199 ദിർഹം, (നാലായിരം രൂപയോളം). എന്നാൽ ഫ്രീ സിം നോക്കിയേക്കാം എന്ന് കരുതി.
സിം എടുത്ത് ഫോണിൽ ഇട്ടു, ഉടൻ ജനിച്ച വർഷം ടൈപ്പ് ചെയ്യാൻ മെസ്സേജ് വന്നു. അത് കൊടുത്തതും എന്റെ പേരുവെച്ച് വെൽകം മെസ്സേജ് വന്നു. ഇമ്മിഗ്രെഷനിൽ കൊടുത്ത ഡേറ്റ മൊബൈൽ കമ്പനിയുമായി ലിങ്ക് ചെയ്തതാണ്.
ഒരാഴ്ച്ച ആ സിം ഉപയോഗിച്ചു, ആവശ്യത്തിന് ടോപ്പ് അപ്പ് ചെയ്തു. തിരിച്ചു ദുബായിൽ ഇമ്മിഗ്രെഷൻ ഗേറ്റിൽ നിന്ന് കടന്നതും ഉടൻ മെസ്സേജ് വന്നു. നിങ്ങളുടെ മൊബൈൽ നമ്പർ കുറച്ചു സമയത്തിനകം ഡി ആക്ടിവേറ്റ് ചെയ്യും എന്നായിരുന്നു അത്. ഇവിടെയും ഇമ്മിഗ്രെഷനും മൊബൈൽ സിസ്റ്റവുമായി ബന്ധിച്ചതാണ്.
ലോകത്തെ ഏറ്റവും നല്ല ഇ ഗവേർണൻസ് സംവിധാനം എസ്റ്റോണിയ എന്ന രാജ്യത്തെയാണ്. ഒരു പൗരനോട് ഏതു ഡേറ്റയും ജീവിതത്തിൽ ഒരിക്കൽ മാത്രമേ ചോദിക്കൂ എന്നാണ് അവർ നൽകുന്ന പ്രോമിസ്. കാരണം അവിടെ എല്ലാ സംവിധാനങ്ങളും പരസ്പരബന്ധിതമാണ്.
യൂണിവേഴ്സിറ്റിയിൽ നിന്നും ഡിഗ്രി സർട്ടിഫിക്കറ്റ് കിട്ടാൻ യൂണിവേഴ്സിറ്റി ഇഷ്യൂ ചെയ്ത മാർക്ക് ലിസ്റ്റുകൾ തിരിച്ച് അപ്‌ലോഡ് ചെയ്യുന്ന തരത്തിലാണ് നമ്മുടെ ഇ ഗവെർണൻസ് ഇപ്പോഴും നിൽക്കുന്നത്. മറ്റു വകുപ്പുകളും വ്യത്യസ്തമല്ല.
നല്ല ഉദാഹരണങ്ങൾ ലോകത്തുണ്ട്. പഠിക്കേണ്ടതതാണ്.
മുരളി തുമ്മാരുകുടി.
Leave a Comment