പൊതു വിഭാഗം

ദുബായിലെ വീടും 35000 കോടി രൂപയും !

ഇത്തവണത്തെ ഇക്കണോമിസ്റ്റിൽ വളരെ പ്രധാനപ്പെട്ട ഒരു വാർത്തയുണ്ട്.

ഒരു ഫിനാൻഷ്യൽ കാപിറ്റൽ എന്ന രീതിയിൽ മുംബൈയുടെ പ്രാധാന്യം കുറയുന്നുവെന്നും ഫിനാൻഷ്യൽ സെക്ടറിൽ ഉള്ള ധാരാളം ഇന്ത്യക്കാർ ദുബായിൽ നിന്നും ഓപ്പറേറ്റ് ചെയ്യുന്നു എന്നുമാണ് അത്.

ഇതിന് അനവധി കാരണങ്ങളും ലേഖനത്തിൽ ഉണ്ട്. ശ്രദ്ധിക്കപ്പെടേണ്ടതാണ്.

ആ ലേഖനത്തിനുള്ളിൽ ചെറിയൊരു കണക്ക് ഉണ്ട്. കഴിഞ്ഞ വർഷം മാത്രം ദുബായിൽ വീട് വാങ്ങാൻ വേണ്ടി ഇന്ത്യക്കാർ ചിലവാക്കിയ തുക 4.3 ബില്യൺ ഡോളർ വരുമത്രേ, ഏകദേശം 35000 കോടി രൂപ.

പണ്ടൊന്നും ദുബായിൽ ഇന്ത്യക്കാർക്ക് വീട് വാങ്ങാൻ സാധിക്കില്ലായിരുന്നു. പാശ്ചാത്യ രാജ്യങ്ങളിലേത് പോലെ ഏറെ നാൾ താമസിച്ചാലും പൗരത്വം കിട്ടാത്തത് കൊണ്ട് അവിടെ സ്ഥിരമായി താമസിക്കാമെന്നൊരു ചിന്തയും ഇന്ത്യക്കാർക്ക് ഇല്ലായിരുന്നു.

ഇതൊക്കെ മാറുകയാണ്. യു.എ.ഇ.യിൽ പലയിടത്തും ഇപ്പോൾ ഇന്ത്യക്കാർക്ക് വീട് വാങ്ങാം, വീടുള്ളവർക്ക് അവിടെ ദീർഘകാലം താമസിക്കാം.

ഈ നിയമം വന്നതോടെ ആയിരക്കണക്കിന് ഇന്ത്യക്കാർ ദുബായിൽ വീട് വാങ്ങുകയാണ്. ഇതിൽ ഏറെ മലയാളികളും ഉണ്ട്, എനിക്കറിയാവുന്നവർ തന്നെ പലരും വീട് വാങ്ങിക്കഴിഞ്ഞു. ഗോൾഡൻ വിസ ഉൾപ്പടെ വിസ നിയമങ്ങൾ കൂടുതൽ ഉദാരമായതോടെ പുതിയതായി എത്തുന്ന പലരും വീട് വാങ്ങാൻ ശ്രമിക്കുന്നു.

ദുബായിൽ ഇപ്പോഴുള്ള, സാന്പത്തികമായി നല്ല നിലയിലുള്ള വലിയ ശതമാനം മലയാളികളുടെയും പദ്ധതി ദുബായിൽ ഒരു വീട് വാങ്ങുക, കുട്ടികളെ വിദേശത്തേക്ക് പഠിക്കാൻ വിടുക എന്നതാണ്. കുട്ടികൾ അവിടെ സെറ്റിൽ ചെയ്തോളും, പറ്റിയാൽ അവരെ പിന്തുടരുക, ഇല്ലെങ്കിൽ ദുബായിൽ തുടരുക എന്നതാണ് നയം.

ദുബായിൽ വീട് വാങ്ങാൻ സാധിക്കും എന്ന് വരുന്പോൾ ഇവർ നാട്ടിൽ വീട് ഉണ്ടാക്കില്ല, സ്ഥലം വാങ്ങില്ല എന്ന് മാത്രമല്ല നാട്ടിൽ ഇപ്പോഴുള്ള വീടും സ്ഥലവും വിറ്റ് ആ പണം ദുബായിൽ വീട് വാങ്ങാൻ കൊണ്ടുവരുന്നവരെയും എനിക്കറിയാം.

കേരളത്തിലേക്ക് ഏറ്റവും കൂടുതൽ പണം അയക്കുന്ന പ്രദേശങ്ങളിൽ ഒന്നാണ് യു.എ.ഇ. അവിടെ നിന്നും വരുന്ന പണത്തിലാണ് കുറവ് വരുന്നത്.

യു.എ.ഇ. മാത്രമല്ല മറ്റു ഗൾഫ് രാജ്യങ്ങളിലും വിസ നിയമങ്ങളിൽ മാറ്റങ്ങൾ നടക്കുന്നുണ്ട്.

ഇതിനൊക്കെ കേരളത്തിൽ വലിയ സാന്പത്തിക സാമൂഹ്യ പ്രത്യാഘാതങ്ങൾ ഉണ്ട്.

കേരളത്തിലേക്ക് വരുന്ന പണത്തിൽ കുറവ് വരുമെന്നും കേരളത്തിൽ പണവും തൊഴിലും ഇല്ലാതാകുന്പോൾ മറുനാട്ടിൽ നിന്നുള്ള തൊഴിലാളികൾ നാട്ടിൽ കുറഞ്ഞുവരുമെന്നും ഞാൻ പറഞ്ഞത് ഇതൊക്കെ കണ്ടിട്ടാണ്.

നോർക്ക ഇതൊക്കെ ശ്രദ്ധിക്കുന്നുണ്ടോ?

മുരളി തുമ്മാരുകുടി

May be an image of text that says "EDITION DELHI 34°C NEWS Indians Spent THE TIMES OF INDIA Explainers Videos City India World Business Tech Cricket Sports Entertainment Auto TV Web Series 35,500 Crore Own Dubai Homes ® THIS STORY FROM FEBRUARY 5, 2023 Indians spent Rs 35,500 crore to own Dubai homes in 2022 Sudipta Sengupta TNN Updated: Feb 2023, 16:49 IST YOU'RE READING SHARE AA Indians spent Rs 35,500 crore to own Dubai homes in 2022"

Leave a Comment