പൊതു വിഭാഗം

തീയിൽ കുരുത്ത പാഠങ്ങൾ

ഒരു ഐ ഐ ടി ക്കാരനെ എങ്ങനെ തിരിച്ചറിയാം എന്നുള്ളതിനെ കുറിച്ച് ഒരു ജോക്ക് ഉണ്ട്.
“ഒരു ബുദ്ധിമുട്ടുമില്ല, പരിചയപ്പെട്ട് പത്തു മിനിറ്റിനകം അവർ തന്നെ അക്കാര്യം പറഞ്ഞിരിക്കും.”
 
സത്യമാണ്. ഞാൻ തന്നെ ഇക്കാര്യം ഇടക്കിടക്ക് ഇവിടെ പറയാറുണ്ടല്ലോ. കഴിഞ്ഞ ദിവസം എന്നോട് ഒരു സുഹൃത്ത് ചോദിച്ചു,
“സത്യം പറ… ചേട്ടൻ ബി കോം ഫസ്റ്റ് ക്‌ളാസ്സ് തന്നെയാണോ?”
 
ഐ ഐ ടി യിൽ നിന്നും പഠിച്ചിറങ്ങുന്നതിൽ ബി ടെക്ക് കാർ മാത്രമേ ഒറിജിൽ ഐ ഐ ടി ക്കാർ ഉള്ളൂ എന്നും മറ്റുള്ളവരൊക്കെ ചുമ്മാതാണെന്നും നിങ്ങൾ പറഞ്ഞു കേട്ടിട്ടുണ്ടാകും. ഞാനും കേട്ടിട്ടുണ്ട്.
 
ഞങ്ങൾ അത് കാര്യമാക്കാറില്ല, കാരണം അത് പറയുന്നത് മുഴുവനും ഐ ഐ ടിയിൽ പഠിക്കാത്തവരാണ്. ജീവിതത്തിൽ ധാരാളം കാശുണ്ടാക്കണം എന്ന് വിചാരിച്ചിട്ടും പറ്റാത്ത ചിലർ, കാശുള്ളവരെ നോക്കി “ഓ, ഈ കാശൊക്കെ ഉണ്ടാക്കിയിട്ടെന്ത് കാര്യം” എന്ന തത്വശാസ്ത്രം പറയാറില്ലേ, അതുപോലെയേ ഉള്ളൂ ഇതും.
 
അതവിടെ ഇരിക്കട്ടെ.
 
ഐ ഐ ടി യിൽ നിന്നും പി എച്ച് ഡി നേടി റിസർവ്വ് ബാങ്കിന്റെ ഒരു സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന ഞാൻ ഒരു ദുരന്ത നിവാരണ വിദഗ്ദ്ധൻ ആകുമെന്ന് സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല, ആഗ്രഹിച്ചിരുന്നുമില്ല. കാര്യങ്ങൾ പക്ഷെ ആ വഴിക്കാണ് പോയത് എന്നുമാത്രം.
 
ബ്രൂണൈ ഷെൽ പെട്രോളിയത്തിൽ ജോയിൻ ചെയ്ത് ഒരാഴ്ചക്കകം ഒരു ഓയിൽ എണ്ണച്ചോർച്ച മാനേജ് ചെയ്യേണ്ടി വന്ന ഹതഭാഗ്യന്റെ കഥ ഞാൻ മുൻപൊരിക്കൽ പറഞ്ഞിട്ടുണ്ട്.
 
വാസ്തവത്തിൽ പിന്നീടാണ് ഞാൻ ദുരന്ത നിവാരണത്തിനുള്ള പരിശീലനങ്ങൾ നേടിയത്.
 
അടിസ്ഥാനപരമായി ദുരന്ത നിവാരണത്തിന് മൂന്ന് തലങ്ങളുണ്ട്.
ഒന്നാമത്തേത് ഏറ്റവും മുൻ നിരയിലുള്ള ജോലിയാണ്. ഒരു ട്രെയിൻ നദിയിൽ വീണാൽ അതിൽ നിന്നുള്ള ആളുകളെ രക്ഷിക്കാൻ വെള്ളത്തിൽ മുങ്ങുക, എടുത്തു പുറത്തെത്തിക്കുന്നവർക്ക് പ്രഥമ ശുശ്രൂഷ കൊടുക്കുക, ആശുപത്രിയിൽ എത്തിക്കുക എന്നിങ്ങനെ. ഓയിൽ സ്പിൽ ആണെങ്കിൽ അതിനെ പ്രതിരോധിക്കാൻ ബൂം ഡിപ്ലോയ് ചെയ്യുക, എണ്ണ സ്‌കിം ചെയ്യുക, ഡിസ്‌പെർസൻറ് സ്പ്രേ ചെയ്യുക ഇതൊക്കെയാണ് മുൻ നിര ജോലികൾ. ഇതിന് നല്ല പരിശീലനം, പ്രത്യേക ഉപകരണങ്ങൾ, വ്യക്തി സുരക്ഷാ ഉപകരണങ്ങൾ, പിന്നെ ആരുടെ നിർദ്ദേശം അനുസരിച്ചാണ് പ്രവർത്തിക്കേണ്ടത് (കമാൻഡ് കൺട്രോൾ) എന്നുള്ള അറിവ് വേണം. ഫീൽഡ് ട്രെയിനിങ് രണ്ടോ മൂന്നോ ദിവസം ഉണ്ടാകും.
 
അടുത്ത പരിശീലനം മുൻ നിരയിൽ കാര്യങ്ങൾ ഏകോപിപ്പിക്കാനുള്ളതാണ്. ട്രെയിൻ നദിയിൽ വീണ ഉദാഹരണം എടുത്താൽ മുങ്ങൽ വിദഗ്ദ്ധർ, പ്രഥമ ശുശ്രൂഷ വിദഗ്ദ്ധർ, ആംബുലൻസ് ഡ്രൈവർ ഇവരെ തമ്മിൽ ഏകോപിപ്പിക്കണം. ഓൺ സീൻ കമാണ്ടർ എന്നാണ് ഇത്തരം ആളുകളുടെ പേര്. അതിന് പ്രത്യേക പരിശീലനം ആവശ്യമാണ്. വെള്ളത്തിൽ മുങ്ങുകയോ കടലിൽ നിന്നും എണ്ണ കോരിയെടുക്കുക ഒന്നും ഇവരുടെ ജോലിയല്ല. പക്ഷെ ഗ്രൗണ്ടിൽ ജോലി ചെയ്യുന്നവർക്കുള്ള സഹായം എത്തിക്കുക, അവരുടെ സുരക്ഷ ഉറപ്പു വരുത്തുക, ലോക്കൽ പോലീസും മറ്റുള്ളവരുമായി ബന്ധപ്പെടുക, ഹെഡ് ഓഫിസുമായി നിരന്തരം സന്പർക്കത്തിലിരിക്കുക, മൈക്കും ചൂണ്ടി വരുന്ന പ്രാദേശിക പത്രക്കാരെ സമാധാനിപ്പിക്കുക ഇതൊക്കെ ഓൺ സീൻ കമാണ്ടറുടെ ജോലിയാണ്. ഇതിന് വേറെ രീതിയിലുള്ള പരിശീലനമാണ്. ഓൺ സീൻ കമാൻഡർ ട്രെയിനിങ് മൂന്നു മുതൽ അഞ്ചു ദിവസം വരെ നീണ്ടു നിൽക്കും. ഇത് ഞാൻ സിംഗപ്പൂരിലാണ് ചെയ്തതെന്നാണ് എന്റെ ഓർമ്മ.
 
മൂന്നാമത്തേത് സ്ഥാപനത്തിന്റെ ഹെഡ് ഓഫീസിൽ ഇരുന്നു ചെയ്യേണ്ട കാര്യങ്ങളാണ്. താഴെ ഫീൽഡിൽ ജോലി ചെയ്യുന്നവർക്കുള്ള എല്ലാ സഹായങ്ങളും (ആളുകൾ, ഭക്ഷണം, ടോയ്‌ലറ്റ്, ആംബുലൻസ്) എത്തിക്കണം, ആർമിയുടെ സഹായം വേണമെങ്കിൽ അതും, ദേശത്തു നിന്നോ വിദേശത്തു നിന്നോ എന്തെങ്കിലും സഹായം വേണമെങ്കിൽ അതും സംഘടിപ്പിക്കണം. ഇനി കാര്യങ്ങൾ എങ്ങോട്ടാണ് നീങ്ങാൻ സാധ്യത എന്ന് നിരന്തരം ചിന്തിച്ചുകൊണ്ടിരിക്കണം, അതിന് തയ്യാറെടുക്കണം. പിന്നെ തലസ്ഥാനത്തുള്ള മാധ്യമ സിംഹങ്ങളെ കൈകാര്യം ചെയ്യണം. ഇതിന് വേറൊരു തലത്തിലുള്ള പരിശീലനമാണ്. കോർപ്പറേറ്റ് എമർജൻസി റെസ്പോൺസ് ട്രെയിനിങ് എന്നാണ് ഇതിന്റെ പേര്. ഒന്നോ രണ്ടോ ദിവസം ഉറക്കമില്ലാതെ ജോലി ചെയ്യുന്നത് മുതൽ പത്രക്കാരെ കൈകാര്യം ചെയ്യൽ വരെ ഇതിൽ പഠിപ്പിക്കും. അഞ്ചു ദിവസം നീണ്ട പരിശീലനമാണിത്. ലണ്ടനിലാണ് ഈ പരിശീലനം നേടിയത്.
 
എന്റെ കാര്യത്തിൽ പക്ഷെ ആദ്യം ഉണ്ടായത് ദുരന്തമാണ്, പിന്നീടാണ് പരിശീലനം വരുന്നത്. ബ്രൂണൈയിൽ ഞാൻ എത്തി ഒരാഴ്ചക്കകം ഓയിൽ സ്പിൽ ഉണ്ടായ കാര്യം പറഞ്ഞല്ലോ. ഒമാനിൽ എത്തുന്പോൾ ആണ് കൂടുതൽ ഉത്തരവാദിത്തമുള്ള കോർപ്പറേറ്റ് എമർജൻസി റെസ്പോൺസ് ടീമിൽ അംഗമാകുന്നത്.
മൊത്തം പത്തുപേരാണ് ഈ ടീമിൽ ഉള്ളത്. സേഫ്റ്റി, എൻവിറോണ്മെന്റ്, മെഡിക്കൽ, ലോജിസ്റ്റിക്, പബ്ലിക് റിലേഷൻസ്, ഓപ്പറേഷൻ, പ്രൊക്യൂർമെന്റ്, ഫിനാൻസ്, കാലാവസ്ഥ പ്രവചനം, പിന്നെ ഒരു ഡയറക്ടറും. ഓരോ വകുപ്പിൽ നിന്നും ഒരാളാണ് ടീമിൽ, ഇവർ ഓരോ ആഴ്ചയും മാറി വരും. സ്ഥാപനത്തിന് അഞ്ചു ഡയറക്ടർമാർ ഉള്ളതിൽ ഒരാൾ ഓരോ ആഴ്ചയും ഡ്യൂട്ടി ഡയറക്ടർ ആകും. ഡ്യൂട്ടിയിൽ ഉള്ളവർക്ക് അക്കാലത്ത് ഒരു പേജർ ഉണ്ടാകും, പിന്നീട് മൊബൈൽ ഫോൺ ആയി. ഡ്യൂട്ടിയുള്ള ആഴ്ചയിൽ കോർപ്പറേറ്റ് ഓഫീസിൽ നിന്നും പതിനഞ്ചു മിനുട്ടിൽ എത്താവുന്ന സ്ഥലത്ത് ഉണ്ടായിരിക്കണം, സ്മാൾ അടിക്കരുത് എന്നിങ്ങനെയുള്ള നിബന്ധനകളുണ്ട്. പകരമായി ഓരോ ആഴ്ച ഡ്യൂട്ടി എടുക്കുന്പോഴും നൂറു റിയാൽ (അന്ന് പതിനായിരം രൂപ ആയിരുന്നു എന്ന് തോന്നുന്നു) പ്രതിഫലം കിട്ടും.
 
ശനിയാഴ്ച രാവിലെ ഏഴരക്കാണ് ഡ്യൂട്ടി തുടങ്ങുന്നത്. എല്ലാവരും കോർപ്പറേറ്റ് എമർജൻസി കൺട്രോൾ റൂമിൽ എത്തും. ഓപ്പറേഷൻസ് വിഭാഗത്തിലെ ആൾ ആ ആഴ്ച എന്ത് ഓപ്പറേഷനാണ് നടക്കുന്നത്, അതിൽ എന്തെങ്കിലും അപായ സാധ്യത ഉണ്ടോ എന്നെല്ലാം വിശദീകരിക്കും. കാലാവസ്ഥക്കാരൻ എന്തെങ്കിലും കാലാവസ്ഥ ബന്ധിതമായ വിഷയങ്ങൾ ഉണ്ടോ, കാറ്റുണ്ടോ, മഴയുണ്ടോ എന്നൊക്കെ ഫോർകാസ്റ്റ് പറയും. മീറ്റിങ്ങ് തീർന്നു.
 
എന്തെങ്കിലും ഒരു എമർജൻസി ഉണ്ടായാൽ പകലോ രാത്രിയോ നമ്മുടെ പേജർ അലാം അടിക്കും. പിന്നെ മുൻപിൻ നോക്കാതെ എമർജൻസി റൂമിൽ എത്തണം. പതിനഞ്ചു മിനിറ്റിനകം എത്തിയില്ലെങ്കിൽ വിശദീകരണം തേടും, അവർ വേറെ ആളെ വിളിക്കുകയും ചെയ്യും. എന്താണ് എമർജൻസി എന്ന് ഓപ്പറേഷൻസ് വിശദീകരിക്കും, എന്ത് ചെയ്യണമെന്ന് കൂട്ടായി തീരുമാനിക്കും. ഇതാണ് തിയറി എന്ന് ഞാൻ പറഞ്ഞു കേട്ടിട്ടുളളത്.
 
നാല്പത് വർഷങ്ങളായി നല്ല നിലയിൽ നടക്കുന്ന ഒരു സ്ഥാപനത്തിലാണ് ഞാൻ ജോലി ചെയ്യുന്നത്. അവിടെ ദുരന്തങ്ങൾ ഒന്നും ഉണ്ടാകാറില്ല. അതുകൊണ്ട് ഓരോ ആറു മാസം കൂടുന്പോഴും ഞങ്ങൾ ഒരു സെനാറിയോ പ്ലാൻ ചെയ്യും, എല്ലാവരും ഓടി വരും, എന്നിട്ട് കാര്യങ്ങൾ ചർച്ച ചെയ്യും പോകും.
ഒരിക്കൽ എന്റെ ബോസ് അവധിക്ക് പോയി (പഴയ ബ്രൂണൈ ബോസ് തന്നെ). അതുകൊണ്ട് രണ്ടാഴ്ച എനിക്ക് ഡ്യൂട്ടി എടുക്കേണ്ടി വന്നു. രണ്ടാമത്തെ ആഴ്ചയിൽ ഒരു വൈകുന്നേരം എട്ടുമണിക്ക് പേജർ ഇരുന്നു വിറക്കാൻ തുടങ്ങി. എട്ടു മിനിറ്റിനകം ഞാൻ കോർപ്പറേറ്റ് എമർജൻസി സെന്ററിൽ എത്തി.
എമർജൻസി സെന്ററിന് മൂന്നു മുറികളുണ്ട്. ആദ്യത്തെ മുറി ഒബ്സെർവർക്കും സപ്പോർട്ട് സ്റ്റാഫിനും ഉള്ളതാണ്. നടുവിലെ മുറി എമർജൻസി ടീമിനുള്ളതാണ് അവിടെ വേറെ ആർക്കും പ്രവേശനമില്ല. മൂന്നാമത്തെ മുറി ഭക്ഷണത്തിനും വിശ്രമത്തിനും സൗകര്യമുള്ളതാണ്. എമർജൻസി ടീമിലെ ആളുകൾക്ക് ചിലപ്പോൾ 24 മണിക്കൂറും അവിടെ നിൽക്കേണ്ടി വരും. അപ്പോൾ അവർക്കുള്ള എല്ലാ സൗകര്യങ്ങളും വേണമല്ലോ.
 
ഇത്തവണ പ്രശ്നം ഗുരുതരമാണ്. എണ്ണക്കായി കുഴിച്ചുകൊണ്ടിരുന്ന ഒരു കിണറിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു, അതിനി എപ്പോൾ വേണമെങ്കിലും അഗ്നിക്കിരയാകാം. കരയിലെ എണ്ണ പര്യവേക്ഷണം ഒരു എണ്ണക്കന്പനിയെ സംബന്ധിച്ചിടത്തോളം ഏറ്റവും ഗുരുതരമായ സ്ഥിതിവിശേഷമാണ്. ആളുകളുടെ ജീവൻ നഷ്ടപ്പെട്ടേക്കാം, പരിസ്ഥിതിനാശം ഉണ്ടാകും, സ്ഥിതിഗതികൾ സാധാരണ ഗതിയിലാക്കാൻ വളരെ ചിലവുണ്ടാകും. അത്രയും നാൾ നഷ്ടപ്പെടുന്ന എണ്ണയുടെ വില, അതുണ്ടാക്കുന്ന കുപ്രസിദ്ധി, ഇതൊക്കെ പ്രശ്നമാണ്. അടുത്ത് വീടുകൾ ഉണ്ടെങ്കിൽ അവരുടെ ജീവൻ, അങ്ങോട്ട് എണ്ണയോ അഗ്നിയോ പടർന്നാൽ ഉണ്ടാകുന്ന നഷ്ടം ഇങ്ങനെ സാന്പത്തികവും അല്ലാതെയുമുള്ള നഷ്ടങ്ങൾ വേറെയുണ്ട്.
 
ഈ സാഹചര്യത്തെയാണ് ഞങ്ങൾ നേരിടേണ്ടത്. പതിനഞ്ചു മിനുട്ടിനുള്ളിൽ എല്ലാവരും വന്നു. മീറ്റിംഗ് തുടങ്ങി.
ഏതൊരു ദുരന്തത്തിന്റെയും ആദ്യ സമയ പ്രശ്നം എന്ന് പറയുന്നത് ആവശ്യത്തിന് വിവരം ലഭ്യമായിരിക്കില്ല എന്നതാണ്. അതേ സമയം തീരുമാനങ്ങൾ എടുക്കുന്നത് വൈകിക്കാനും പാടില്ല. കാരണം, തീരുമാനം വൈകിയാൽ പ്രശ്നം കൂടുതൽ ഗുരുതരമാകും. അപ്പോൾ സമ്മർദ്ദത്തിൽ നിൽക്കുന്പോൾ ആവശ്യത്തിന് ഇൻഫോർമേഷൻ ഇല്ലാതെ തീരുമാനങ്ങൾ എടുക്കുക എന്നതാണ് ആദ്യത്തെ വലിയ വെല്ലുവിളി.
 
ഭൂമിക്കടിയിലുള്ള എണ്ണപ്പാടത്തിൽ നിന്നും അതിവേഗതയിൽ ആകാശത്തോളം ഉയർന്ന് എണ്ണ ഒരു ഫൗണ്ടൻ പോലെ പെയ്യുകയാണ്. എണ്ണക്കിണർ കുഴിക്കാൻ ഉപയോഗിച്ച റിഗും, ആ കിണറിലെ വിവരങ്ങൾ ശേഖരിക്കാൻ വേണ്ട ഉപകാരണങ്ങളുള്ള ലോഗിംഗ് ട്രക്കും എണ്ണയിൽ കുളിച്ചു കിടക്കുകയാണ്. ഭാഗ്യത്തിന് ആരുടേയും ജീവൻ നഷ്ടപ്പെട്ടില്ല.
 
റേഡിയോ ആക്റ്റീവ് സോഴ്‌സുകൾ ഉൾപ്പെടെ അനവധി വിലപ്പെട്ട ഉപകരണങ്ങളുള്ള ഒരു വാഹനമാണ് ലോഗിംഗ് ട്രക്ക്. പത്തുകോടിയോളം രൂപ വിലയുള്ള അതിന് സ്വന്തമായി ചലിക്കാനുള്ള കഴിവുണ്ട്, പക്ഷെ എണ്ണയുടെ ഫൗണ്ടന്‌ താഴെ അത് സ്റ്റാർട്ട് ചെയ്യുന്നത് റിസ്ക്ക് ആണ്. ആ ട്രാക്കിന്റെ മുന്നിലോ പുറകിലോ ഒരു കേബിൾ കെട്ടിയാൽ ദൂരെ നിന്നും വലിച്ചു മാറ്റിയിടാം. ഒരാൾ ട്രക്കിന്റെ അടുത്ത് എത്തണം കേബിൾ ഹുക്ക് ചെയ്യണം. ഒരു മിനുട്ട് നേരത്തെ കാര്യമേ ഉള്ളൂ. ട്രക്ക് വീണ്ടെടുക്കാം, പത്തുകോടി ലാഭിക്കാം പോരാത്തതിന് കിണറിനുള്ളിൽ എന്താണ് സംഭവിച്ചതെന്നുള്ള വിവരവും കിട്ടും.
 
ഒരാളെ ട്രക്കിനടുത്തേക്ക് വിടണോ?
 
ഇതാണ് ഒന്നാമത്തെ ചോദ്യം.
 
പത്തുകോടി രൂപയും അതിൽ കൂടുതൽ വിവരങ്ങളും ഒരു വശത്ത്.
ഒരു ചെറിയ അപകടം ഉണ്ടാകാനുള്ള സാധ്യത മറുവശത്ത്.
പോകാൻ തയ്യാറായി ആളുകൾ നിൽക്കുകയാണ്, നിർദ്ദേശം എത്തേണ്ടത് കേന്ദ്രത്തിൽ നിന്നാണ്.
 
ഡയറക്ടർക്ക് ഒട്ടും സംശയമില്ല. നമ്മുടെ ഒരു സ്റ്റാഫിന് എന്തെങ്കിലും ചെറിയ അപകടമെങ്കിലും സംഭവിക്കാൻ സാധ്യത ഉണ്ടെങ്കിൽ നമ്മൾ ആ റിസ്ക് എടുക്കേണ്ട.
 
മൂന്ന് ദിവസം എണ്ണയുടെ ഫൗണ്ടൈൻ അവിടെ നിന്ന് വാരി വിതറി, പക്ഷെ പിന്നീടൊരാളും ആ ട്രക്കിന് പുറകെ പോയില്ല. മൂന്നാം ദിവസം എണ്ണക്ക് തീ പിടിച്ചു. ട്രക്കും റിഗും അഗ്നിക്കിരയായി (ചിത്രങ്ങൾ നോക്കുക).
 
എണ്ണ കുഴിച്ചെടുക്കുക എന്നതാണ് കന്പനിയുടെ ജോലി. എണ്ണക്കിണറിന്റെ നിയന്ത്രണം പോയിക്കഴിഞ്ഞാൽ അത് വീണ്ടെടുക്കുക ഞങ്ങൾക്ക് പരിചയമുള്ള പണിയല്ല. അതിന് നിലവിൽ ലോകത്തിൽ അപൂർവ്വം കന്പനികളേ ഉള്ളൂ. അമേരിക്കയിൽ ഒന്നോ രണ്ടോ, റഷ്യയിൽ ഒന്ന്, പോളണ്ടിൽ ഒന്ന് അങ്ങനെ മൊത്തം വിരലിലെണ്ണാവുന്നത്. ശരിക്കും ജീവൻ പണയം വെച്ചുള്ള ജോലിയാണ് ഇവർ ചെയ്യുന്നത്. ഞാൻ കണ്ടിട്ടുളളതിൽ ഏറ്റവും കൂടുതൽ ദിവസവേതനമുള്ള പണിക്കാർ ഇവരാണ്. ഒരു ദിവസം ഏഴു ലക്ഷത്തിൽ കൂടുതൽ !.
 
അമേരിക്കയിലുള്ള ഒരു സ്ഥാപനത്തിനാണ് കന്പനിയുമായി കോൺട്രാക്ട് ഉള്ളത്. അവരെ വരുത്താൻ ഏർപ്പാട് ചെയ്തു. പ്രത്യേക വിമാനവും വിമാനം നിറയെ പണിയായുധങ്ങളുമായി അവരെത്തി.
ഒരു എണ്ണക്കിണർ നിയന്ത്രണത്തിൽ എത്തിക്കുക എന്നാൽ എളുപ്പ ജോലിയല്ല. രണ്ടോ മൂന്നോ മാസങ്ങൾ എടുക്കാം, ഓരോ ദിവസവും പക്ഷെ അനവധി തീരുമാനങ്ങൾ എടുക്കാനുണ്ട്. ഞങ്ങൾ ടേൺ എടുത്ത് എമർജൻസി റൂമിൽ ഉണ്ട്.
 
ഒരു ദിവസം ഉച്ചക്ക് ഓൺ സീൻ കമാണ്ടറുടെ വിളി വന്നു.
“ഒരു വലിയ ക്രെയിൻ വേണമെന്നാണ് വെൽ കൺട്രോൾ വിദഗ്ദ്ധർ പറയുന്നത്. ഉടൻ വേണം. സ്പെസിഫിക്കേഷൻ ഫാക്സ് വഴി അയച്ചിട്ടുണ്ട്.”
 
“ശരി, എവിടെ കിട്ടും ക്രെയിൻ ?” ഡയറക്ടർ ചോദിച്ചു.
ലോജിസ്റ്റിക്സിന്റെ ചാർജ്ജുള്ള ആൾ ക്രെയിൻ അന്വേഷിച്ചു ഫോൺ കോളുകളിൽ മുഴുകി.
 
അരമണിക്കൂറിനകം അദ്ദേഹം മറുപടിയുമായി വന്നു. ഒമാനിൽ ഈ പറഞ്ഞ കപ്പാസിറ്റിയുള്ള ഒരു ക്രെയിൻ ഉണ്ട്. അത് ഒമാനിലെ എൽ എൻ ജി പ്ലാന്റിൽ ഒരു കോൺട്രാക്ട് കിട്ടി സുർ എന്ന സ്ഥലത്തേക്ക് പോയിക്കൊണ്ടിരിക്കയാണ്. അവർക്ക് ആറു മാസത്തെ കോൺട്രാക്റ്റ് ഉണ്ട്. ഒരു ദിവസം പതിനായിരം ഡോളർ ആണ് കോൺട്രാക്റ്റ് റേറ്റ്. ഇപ്പോൾ ഞങ്ങളുടെ അടുത്തേക്ക് വന്നാൽ മറ്റേ കോൺട്രാക്ട് പോകും. പക്ഷെ ഇതിന്റെ പ്രാധാന്യം മനസ്സിലാക്കി എമർജൻസി റെസ്പോൺസിന് വരാൻ അവർ തയ്യാറാണ്. പക്ഷെ മറ്റേ കോൺട്രാക്ടിൽ അവർക്ക് കിട്ടുമായിരുന്ന മുഴുവൻ തുകയും വാഗ്ദാനം ചെയ്യണം, ഏതാണ്ട് 1.8 മില്യൺ ഡോളർ, പന്ത്രണ്ട് കോടി രൂപ.
 
സാധാരണ ഗതിയിൽ ഒരു കന്പനിക്കും ഇത്തരം ഒരു എഗ്രിമെന്റ് കൊടുക്കുക സാധ്യമല്ല. ഒന്നാമതായി ഒരു കന്പനിയെ മാത്രം ആശ്രയിക്കാൻ പറ്റില്ല. ദുബായിലൊക്കെ വേറെ കന്പനികൾ കണ്ടേക്കാം, കുറച്ചു കൂടി അന്വേഷിച്ചാൽ വേറെ ക്രെയിനുകളും കണ്ടേക്കാം. അരമണിക്കൂറിലെ അന്വേഷണം കൊണ്ടാണ് തീരുമാനം എടുക്കേണ്ടത്, അതും സിംഗിൾ സോഴ്സിങ്ങ്.
രണ്ടാമത്തേത് ഒരു മില്യൺ ഡോളറിന്റെ തീരുമാനമാണ്.
 
സാധാരണ ഗതിയിൽ ഓരോ സ്ഥാപനത്തിലും ഓരോ ലെവലിലും എത്ര വരെ പ്രൊക്യൂർമെൻറ് നടത്താം, എത്ര കൊട്ടേഷൻ വേണം, അത് എവിടെ പബ്ലിഷ് ചെയ്യണം എന്നതിനൊക്കെ നിയമമുണ്ട്. എന്റെ ലെവലിൽ രണ്ടായിരത്തി അഞ്ഞൂറ് ഡോളർ വരെയുള്ള ജോലികൾക്ക് തീരുമാനം എടുക്കാം, എന്റെ ബോസിന് പതിനായിരം, അതിന്റെ ബോസിന് അന്പതിനായിരം എന്നിങ്ങനെ. ഒരു ഡയറക്ടർക്ക് പരമാവധി തീരുമാനം എടുക്കാവുന്നത് ഒരു ലക്ഷം ഡോളറിന്റെ പ്രൊക്യൂർമെൻറ് ആണ്. അതിന് മുകളിൽ ആണെങ്കിൽ ഒരു മൈനർ ടെണ്ടർ ബോർഡ് ഉണ്ട് (2.5 മില്യൺ വരെ, അത് ആഴ്ചയിൽ ഒരിക്കലാണ് കൂടുന്നത്). അതിലും കൂടുതൽ ആണെങ്കിൽ (25 മില്യൺ) മേജർ ടെണ്ടർ ബോർഡ് ഉണ്ട്, അത് മാസത്തിലൊരിക്കലോ അതിലും ചുരുക്കത്തിലുമൊ യാണ് കൂടേണ്ടത്.
 
ഇതിപ്പോൾ ഒരു എമർജൻസി സാഹചര്യമാണ്. ഈ എമർജൻസി റൂമിലേക്ക് കയറുന്പോൾ ഞങ്ങളുടെ അധികാര പരിധി ഏറെ വർദ്ധിക്കും. സിംഗിൾ സോഴ്സ്, കോൺട്രാക്ടിങ്, പ്രൊക്യൂർമെൻറ് നിയമങ്ങൾ മാറും. ആ എമർജൻസി എങ്ങനെയാണ് കൈകാര്യം ചെയ്യുക എന്നതാണ് പ്രധാനം. അതിനുവേണ്ടി ഉചിതമായ ഏതൊരു തീരുമാനവും ഈ കമ്മറ്റിക്ക് എടുക്കാം. ആ കമ്മറ്റിയുടെ തീരുമാനങ്ങൾ അപ്പോൾ ആരും ചോദ്യം ചെയ്യില്ല.
പക്ഷെ അതിനു മുൻപ് ഒരു കാര്യം ചെയ്യണം. തീരുമാനം എടുക്കുന്നതിന് മുൻപ് അപ്പോഴത്തെ ദുരന്ത സാഹചര്യം, ലഭ്യമായ വിവരങ്ങൾ ഇവ ഒരു വൈറ്റ് ബോർഡിൽ എഴുതണം. ഈ വിഷയം എമർജൻസി കമ്മിറ്റി ചർച്ച ചെയ്യണം, കമ്മിറ്റിയുടെ തീരുമാനം ബോർഡിൽ എഴുതണം. ഒരു സ്വിച്ചമർത്തിയാൽ വൈറ്റ് ബോർഡിൽ എഴുതിയതെല്ലാം ഒരു ഫാക്സ് പ്രിന്റ് പോലെ പ്രിന്റ് ഔട്ട് ആയി വരും. അത് നമ്മൾ എടുത്ത് ഫയലിൽ വെക്കണം. അത്രേയുള്ളൂ കാര്യം.
 
ഞങ്ങൾ ക്രെയിൻ ആവശ്യപ്പെട്ട സമയവും സാഹചര്യവും എഴുതി, ക്രെയിൻ വേണോ വേണ്ടയോ എന്നത് ഞങ്ങളുടെ തീരുമാനമല്ല, അത് അന്വേഷിക്കേണ്ടത് ഞങ്ങളുടെ ഉത്തരവാദിത്തവുമല്ല. അത് ഓൺ സീൻ കമാണ്ടർ ചെയ്തിരിക്കണം, അയാളെ ദുരന്ത സമയത്ത് ചോദ്യം ചെയ്യേണ്ട കാര്യമില്ല. അതിനുള്ള അധികാരവും ഞങ്ങൾക്കില്ല.
 
ക്രെയിൻ അന്വേഷിക്കാൻ ഞങ്ങൾ എന്ത് ചെയ്തു, എന്ത് ഓഫറാണ് ലഭിച്ചത് അത്രയും എഴുതി.
 
ഇനി തീരുമാനമാണ്. ഈ ക്രെയിൻ ഒരു പക്ഷെ ഒരാഴ്ച മാത്രമേ നമുക്ക് വേണ്ടി വരൂ, അപ്പോൾ ഒരു ലക്ഷം ഡോളറിന് പകരമാണ് പതിനെട്ടു ലക്ഷത്തിന്റെ കോൺട്രാക്ട് കൊടുക്കേണ്ടത്. കുറച്ചു കൂടി ഒന്ന് വില പേശിയാൽ അല്പം കുറച്ചു കിട്ടിയേക്കാം. പതിനെട്ട് ലക്ഷം ഡോളർ ചെറിയ തുകയല്ല, ഡയറക്ടറുടെ സാധാരണ അധികാരത്തിന് മുകളിലാണ്. ടെണ്ടർബോർഡ് കൂടി വേണമെങ്കിൽ റെഗുലറൈസ് ചെയ്യാം, അല്ലെങ്കിൽ ടെണ്ടർ ബോർഡ് സംവിധാനത്തിൽ നിന്നും മാറ്റണം എന്ന് ആവശ്യപ്പെടാം.
പക്ഷെ തൽക്കാലം നമ്മൾ ഒരു എമർജൻസിയിൽ ആണ്. അതുകൊണ്ട് ഇത്തരം നിയമത്തിന്റെ നൂലാമാലകൾക്കോ സാന്പത്തികമായ ചെറിയ ലാഭങ്ങൾക്കോ ഒന്നും സമയമില്ല. കാര്യം നടത്തുക എന്നതാണ് പ്രധാനം. അതാണ് കന്പനിയുടെ പോളിസി, അത് ഞങ്ങൾക്കറിയാം.
 
കാര്യങ്ങൾ വിശദീകരിച്ചു കഴിഞ്ഞപ്പോൾ തീരുമാനം എടുക്കാൻ ഡയറക്ടർക്ക് ഒരു മിനുട്ട് പോലും വേണ്ടി വന്നില്ല.
“ശരി ആ ക്രെയിൻ നമ്മൾ എടുക്കുന്നു.” ഡയറക്ടർ തീരുമാനിച്ചു.
തീരുമാനം ഞങ്ങൾ ബോർഡിൽ എഴുതി. ലോജിസ്റ്റിക് കാരൻ ക്രെയിൻ മുതലാളിയെ വിളിച്ചു, മുതലാളി ക്രെയിൻ ഡ്രൈവറെയും. അഞ്ചു മിനിറ്റിനകം സൂറിലേക്ക് പൊയ്ക്കൊണ്ടിരുന്ന ക്രെയിൻ സൗലിയയിലേക്ക് പോയി തുടങ്ങി. പ്രൊക്യൂർമെൻറ് വിഭാഗം കോൺട്രാക്ട് തയ്യാറാക്കാൻ തുടങ്ങി. ഇരുപത്തി നാലു മണിക്കൂറിനകം ക്രെയിൻ അപകട സ്ഥലത്തെത്തുമെന്ന് ഓൺ സീൻ കമാണ്ടറെ ഞങ്ങൾ വിവരം അറിയിച്ചു.
 
അടുത്ത വിഷയത്തിലേക്ക് ഞങ്ങൾ കടന്നു.
 
ഇത്തരം സാഹചര്യങ്ങളിൽ ഞങ്ങൾക്ക് ഇൻഷുറൻസ് ഉണ്ട്, അതിന്റെ ഒരു ഏജന്റും വക്കീലും പുറത്ത് സപ്പോർട്ട് റൂമിൽ ഇരിക്കുന്നുണ്ട്. ഞങ്ങൾ എടുക്കുന്ന തീരുമാനങ്ങൾക്ക് അവസാനം ബില്ല് കൊടുക്കേണ്ടി വരുന്നത് അവരാണ്. ഞങ്ങളുടെ തീരുമാനം ഒരു പ്രിന്റ് ഔട്ട് ആയി അവർക്ക് അരമണിക്കൂർ കഴിഞ്ഞാൽ കിട്ടും, ഞങ്ങളുടെ എം ഡി ക്കും. പക്ഷെ ആ തീരുമാനത്തെ പറ്റി അപ്പോൾ അഭിപ്രായം പറയാനോ മാറ്റാൻ ആവശ്യപ്പെടാനോ അവർക്ക് അവകാശമില്ല. ഒരു എമർജൻസി സമയത്ത് മാനേജിങ്ങ് ഡയറക്ടർക്കും മുകളിലാണ് എമർജൻസി ഡയറക്ടർ. എമർജൻസി ഡയറക്ടറെ എപ്പോൾ വേണമെങ്കിലും മാറ്റാനോ സ്വയം ആ സ്ഥാനത്ത് വന്നിരിക്കണോ എം ഡി ക്ക് അധികാരമുണ്ട്. പക്ഷെ ഡ്യൂട്ടി എമർജൻസി ഡയറക്ടർ എടുക്കുന്ന തീരുമാനം അവർക്ക് മാറ്റാൻ പറ്റില്ല, കാരണം ഓരോ എമർജൻസിയും വ്യത്യസ്തമാണ്. വേഗതയാണ് എമർജൻസിയുടെ അടിസ്ഥാന ഘടകം. a serious, unexpected, and often dangerous situation requiring immediate action എന്നാണ് എമർജൻസിയുടെ നിർവ്വചനം തന്നെ. അപ്പോൾ തീരുമാനങ്ങളും വേഗത്തിൽ തന്നെ എടുക്കേണ്ടി വരും. ഈ തീരുമാനങ്ങളെ പിൽക്കാലത്ത് എ സി റൂമുകളിൽ ചായയും കുടിച്ചിരുന്ന് അപഗ്രഥിക്കാൻ ആർക്കും കഴിയും, കൂടുതൽ ശരിയായ തീരുമാനങ്ങൾ അവർ എടുത്തേക്കുകയും ചെയ്യാം. പക്ഷെ ആ സഹചര്യത്തിന്റെ നടുക്ക് ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പരിമിതമായ സമയത്തിനുള്ളിൽ തീരുമാനം എടുക്കാനാണ് ഇങ്ങനെ ഒരു സംവിധാനം ഉണ്ടാക്കിയിരിക്കുന്നത്. ഏതൊരു സാഹചര്യത്തിലും തീരുമാനങ്ങൾ എടുക്കാൻ കഴിവുണ്ടെന്ന് ഉറപ്പുള്ളവരെയാണ് കന്പനി എമർജൻസി ടീമിൽ വച്ചിരിക്കുന്നത്. ആ നിലയിൽ മാത്രമേ പിൽക്കാലത്ത് ഞങ്ങളുടെ തീരുമാനത്തെ ഞങ്ങൾക്ക് ന്യായീകരിക്കേണ്ട കാര്യമുള്ളൂ. ഇത്തരം സാഹചര്യത്തിൽ പ്രവർത്തിച്ചിട്ടില്ലാത്തവർക്കും നിയമങ്ങളാണ് ഏറ്റവും പ്രധാനമെന്നുള്ള തരത്തിൽ ചിന്താഗതിയുള്ളവർക്കും ഇതൊന്നും മനസ്സിലാകണമെന്നില്ല. അത്തരം ആളുകൾ സാധാരണ ഈ കമ്മിറ്റികളിൽ എത്താറുമില്ല.
 
നാല്പത്തി ഒന്ന് ദിവസത്തിന് ശേഷം സൗലിയയിലെ എണ്ണക്കിണർ നിയന്ത്രണത്തിലായപ്പോഴേക്കും മുപ്പത് മില്യൺ ഡോളറിന്റെ (അന്ന് നൂറ്റി അന്പത് കോടി രൂപ) തീരുമാനങ്ങൾ ഞങ്ങൾ എടുത്തിരുന്നു എന്നാണ് എന്റെ ഓർമ്മ. പക്ഷെ ഒരാളുടെ പോലും ജീവൻ നഷ്ടപ്പെടാതെ, കന്പനിയുടെ ഇമേജിന് വലിയ കോട്ടമില്ലാതെ, പരിസ്ഥിതി നാശം പരമാവധി കുറച്ച് ആ വിഷയം കൈകാര്യം ചെയ്തു എന്ന ഉത്തമ ബോധ്യം ഞങ്ങൾക്കുണ്ട്. അപ്പോൾ തന്നെ പി ഡബ്ല്യൂ ഡി പിടിച്ച് ഒരു അവാർഡും തന്നിരുന്നു എന്നാണ് ഓർമ്മ.
പിൽക്കാലത്ത് അമേരിക്കയിൽ ഗൾഫ് ഓഫ് മെക്സിക്കോയിൽ ഇത്തരത്തിൽ ഒരു ബ്ലോ ഔട്ട് ഉണ്ടായി. അത് നിയന്ത്രണത്തിലാക്കാൻ നൂറ്റി അൻപത് ദിവസങ്ങൾ എടുത്തു. ആ സമയമെല്ലാം കടലിൽ എണ്ണ പടർന്നു. അത് നീക്കം ചെയ്യാനുള്ള ചിലവും പിഴയും ശിക്ഷയും ഒക്കെയായി ബി പി എന്ന കന്പനിക്ക് ഇരുപത്തി അഞ്ചു ബില്യൺ ഡോളർ ആണ് ചെലവായത്. ഒരു ലക്ഷത്തി എഴുപതിനായിരം കോടി രൂപ. പതിനൊന്നാളുകളുടെ ജീവനും നഷ്ടപ്പെട്ടു.
 
കരയിലും കടലിന് നടക്കും ഉണ്ടാകുന്ന അപകടങ്ങൾ വ്യത്യസ്തമാണെന്നാലും തീരുമാനങ്ങൾ എടുക്കുന്ന രീതികൾ ഒന്ന് തന്നെയാണ്. അവരുടെ സാഹചര്യം എന്തായിരുന്നുവെന്നൊന്നും എനിക്കറിയില്ല, പക്ഷെ ഇങ്ങനെ മറ്റൊന്ന് കാണുന്പോഴാണ് നമ്മൾ വേഗത്തിൽ എടുത്ത തീരുമാനങ്ങളുടെ ഗുണവും ദുരന്തങ്ങളുടെ സാധ്യമാകുമായിരുന്ന വ്യാപ്തിയും നമ്മൾ തന്നെ മനസ്സിലാക്കുന്നത്.
 
എന്റെ ജീവിതത്തിലെ അവിസ്മരണീയമായ ഒരു കാലഘട്ടമാണ് ആ നാല്പത്തി ഒന്ന് ദിവസം. എത്രയോ പാഠങ്ങളാണ് ഞാനന്ന് പഠിച്ചത്. അതിന് ശേഷമാണ് കോർപ്പറേറ്റ് എമർജൻസി പരിശീലനത്തിന് പോകുന്നത്. വലിയ എമർജൻസികൾ കൈകാര്യം ചെയ്യുന്നവരെ ഇത്തരം പരിശീലനത്തിന് വിടണം. പോരാത്തതിന് എമർജൻസി സമയത്ത് മാത്രം പ്രാബല്യത്തിൽ വരുന്ന അധികാരങ്ങളും ചട്ടങ്ങളും ക്രോഡീകരിക്കണം. ഒരു ദുരന്തത്തിന്റെ മധ്യത്തിൽ ഉത്തമ ബോധ്യത്തോടെ ഒരാൾ തീരുമാനമെടുക്കുന്പോൾ ദുരന്തകാലം കഴിഞ്ഞുള്ള സമയത്ത് ആ വിഷയത്തിൽ അറിവോ ഉത്തരവാദിത്വമോ പരിചയമോ ഇല്ലാത്തവർ തീരുമാനങ്ങളേയും തീരുമാനം എടുത്തവരേയും വിലയിരുത്തുന്നത് ഒഴിവാക്കണം. അല്ലെങ്കിൽ ദുരന്തകാലത്ത് തീരുമാനങ്ങൾ എടുക്കാൻ ആളുകൾ മടിക്കും. നഷ്ടം മൊത്തം സമൂഹത്തിന് ആവുകയും ചെയ്യും. സ്വകാര്യ സ്ഥാപനങ്ങൾ എങ്കിലും ഇക്കാര്യം ശരിയായി മനസ്സിലാക്കിയിട്ടുണ്ട്.
 
#യാത്രചെയ്തിരുന്നകാലം
 
മുരളി തുമ്മാരുകുടി
No photo description available.Image may contain: cloud, sky, fire, outdoor and foodImage may contain: 8 people, people sitting, table and indoorImage may contain: fire, cloud, mountain, sky and outdoorImage may contain: fire, sky and outdoorImage may contain: one or more people, people standing, fire and outdoorImage may contain: outdoor and nature

Leave a Comment