പൊതു വിഭാഗം

തീപിടിക്കുന്ന കാഴ്ചകൾ…

എറണാകുളത്ത് ബ്രോഡ് വേയിൽ തീ പിടിച്ച് ഒരു കട കത്തിക്കൊണ്ടിരിക്കുന്നു.
 
വിശാലമായ വഴി എന്നൊക്കെ പേരുണ്ടെങ്കിലും വിശാലമായിരുന്നത് അതുണ്ടാക്കിയ കാലത്ത് മാത്രമായിരുന്നു. ഇന്നിപ്പോൾ എറണാകുളത്തെ ഏറ്റവും വീതികുറഞ്ഞ മുഖ്യ കൊമേഴ്‌സ്യൽ റോഡുകളിൽ ഒന്നാണത്.
 
അവിടേക്ക് ഫയർ എഞ്ചിനുകൾക്ക് പോകാനും വരാനുമുള്ള സൗകര്യം കഷ്ടിയാണ്. പതിവ് പോലെ അപകട സ്ഥലത്ത് ജനസാഗരം ഹാജരുണ്ട്. ലൈവിൽ കാണുന്ന ചിത്രത്തിൽ ഫയർ എൻജിന്റെ മുകളിൽ പോലും പൊതുജനമുണ്ട്. ലൈവ് കാണിക്കുന്ന കാമറാമാനും കാമറയുമായി തീയിലേക്ക് ചാടാൻ തയ്യാറായിരിക്കുകയായിരിക്കണം അല്ലേ?
 
ദുരന്ത രംഗത്ത് രക്ഷാപ്രവർത്തനം നടക്കുന്നിടത്ത് ചുമ്മാ ആളുകൂടി നിൽക്കുന്നതിൽ മൂന്ന് കുഴപ്പങ്ങൾ ഉണ്ട്. ഒന്നാമത്, അവിടേക്ക് സുരക്ഷാ വാഹനങ്ങൾക്ക് വരികയും പോവുകയും ചെയ്യുന്നത് ബുദ്ധിമുട്ടാവുന്നു, രണ്ടാമത് ദുരന്ത രക്ഷാ പ്രവർത്തനം നടത്തുന്നതിന്റെ കൂടെ കാഴ്ചക്കാരുടെ സുരക്ഷയും ശ്രദ്ധിക്കേണ്ടി വരുന്നു. മൂന്നാമത് ആളുകളും കാഴ്ചക്കാരും നോക്കി നിൽക്കുന്നത് രക്ഷാപ്രവർത്തനത്തിൽ ഏർപ്പെടുന്നവരെ സമ്മർദ്ദത്തിൽ ആക്കുന്നു. പ്രൊഫഷണലായിട്ടുള്ള തീരുമാനമല്ലാതെ ആളുകൾ ചിന്തിക്കുന്ന തരത്തിലുള്ള തീരുമാനം എടുക്കേണ്ടി വരുന്നു. ദുരന്ത – രക്ഷാ പ്രവർത്തനങ്ങളിൽ റോൾ ഇല്ലാത്തവർ ആ പ്രദേശത്തേക്ക് പോയി തിരക്ക് കൂട്ടാതിരിക്കുന്നതാണ് ശരി.
 
എന്നാണ് സുരക്ഷയുടെ അടിസ്ഥാന പാഠങ്ങൾ നമ്മൾ പഠിക്കാൻ പോകുന്നത്? ഏതെങ്കിലും അഗ്നിബാധയിൽ കാഴ്ചക്കാരും കാമറക്കാരും അപകടത്തിൽ പെട്ടിട്ട് വേണോ ഇക്കാര്യത്തിൽ ഒരു തീരുമാനം ആകാൻ?
 
ബ്രോഡ് വേയിലെ അഗ്നി ബാധ വേഗത്തിൽ നിയന്ത്രണത്തിലാകുമെന്നും ആളപായം ഉണ്ടാവില്ല എന്നും ഉള്ള ആഗ്രഹത്തോടെ…
 
മുരളി തുമ്മാരുകുടി
 

Leave a Comment