പൊതു വിഭാഗം

തിരുവേഗപ്പുറ മഹാക്ഷേത്രം.

കഴിഞ്ഞ മാസം കോട്ടക്കൽ നിന്നും തൃത്താലക്ക് പോവുകയായിരുന്നു. പത്തു മണിക്കാണ് തൃത്താല മീറ്റിംഗ് തുടങ്ങുന്നത്. കേരളത്തിലാണെങ്കിൽ പോലും പറ്റുന്പോൾ ഒക്കെ കൃത്യ സമയത്ത് എത്താൻ ശ്രമിക്കും. അതുകൊണ്ട് കോട്ടക്കലിൽ നിന്നും അല്പം നേരത്തേ ഇറങ്ങി. രാവിലെ ഓഫീസ്/സ്‌കൂൾ സമയങ്ങൾ ആകാത്തതിനാലാകണം റോഡിൽ അധികം തിരക്കില്ല, ഈ കണക്കിന് പോയാൽ ഒന്പത് മണിക്ക് തൃത്താല എത്തുമെന്ന് ഗൂഗിൾ അമ്മാവൻ.
 
ഒരു മണിക്കൂർ എന്ത് ചെയ്യുമെന്നായി ചിന്ത.
“ഇവിടെ അടുത്തെവിടെയെങ്കിലും പ്രശസ്തമായ ക്ഷേത്രങ്ങൾ ഉണ്ടോ?”, ഞാൻ ഡ്രൈവറോട് ചോദിച്ചു.
“തിരുവേഗപ്പുറം ഉണ്ട്”
“എന്നാൽ അവിടെ ഒന്ന് പോകാം.
ഞാൻ ഇതിന് മുൻപ് ആ വഴി പോയിട്ടുണ്ടോ എന്നെനിക്കറിയില്ല, പക്ഷെ ഈ ക്ഷേത്രത്തെപ്പറ്റി കേട്ടിട്ടില്ല.
 
വളാഞ്ചേരിയിൽ നിന്നും കൊപ്പത്തിന് പോകുന്ന വഴിയിൽ തൂതപ്പുഴ (കുന്തിപ്പുഴ എന്നാണ് ഗൂഗിൾ മാപ്പ് പറയുന്നത്) കടന്നാലുടൻ ഇടതു വശത്താണ് തിരുവേഗപ്പുറ ക്ഷേത്രം.
വലിയ ക്ഷേത്രമാണ്, പുഴക്കരുകിൽ നല്ല സെറ്റിങ്ങും ആണ്. ആളുകൾ തീരെ ഇല്ല. ചുറ്റുവട്ടത്തുനിന്നുള്ള പതിവുകാർ എന്ന് തോന്നിക്കുന്നവർ പത്തുപേരിൽ കൂടുതൽ ഇല്ല.
 
വാസ്തവത്തിൽ എനിക്ക് ഏറ്റവും ഇഷ്ടം ഇത്തരം ക്ഷേത്രങ്ങളിൽ പോകാനാണ്. വലിയ തിരക്കുള്ള ക്ഷേത്രങ്ങളിൽ നിവൃത്തിയുണ്ടെങ്കിൽ പോകാറില്ലെങ്കിലും, ആൾത്തിരക്കില്ലാത്ത ശാന്തമായ ക്ഷേത്രങ്ങളിൽ പോകുന്നത് സന്തോഷമാണ്. പറവൂരിനടുത്തെ തിരുവാലൂർ ക്ഷേത്രം ഇത്തരത്തിൽ എനിക്ക് ഇഷ്ടമുള്ളതും ഇടക്ക് പോകുന്നതുമാണ്.
 
രാവിലെ ജീൻസും ജുബ്ബയും ആണ് വേഷം. നാട്ടിലെ പ്രസംഗത്തിനുള്ള യൂണിഫോം ആണ്. അതുമായി ക്ഷേത്ത്രത്തിലേക്ക് ചെന്നു.
“ഇവിടെ പാന്റ് ഇട്ട് കയറാൻ പറ്റില്ല കേട്ടോ.”
“ആട്ടെ, മാറാൻ മുണ്ടിനുള്ള സൗകര്യമുണ്ടോ”
“ഇല്ല, മുണ്ട് കയ്യിലുണ്ടെങ്കിൽ അത് മാറാനുള്ള സൗകര്യമുണ്ട്”
ഭാഗ്യത്തിന് കൈയിൽ മുണ്ടുണ്ടായിരുന്നതുകൊണ്ട് ജീൻസ് മാറി മുണ്ടുടുത്ത് ക്ഷേത്രത്തിൽ പ്രവേശിച്ചു (പോകുന്നവർ ഇക്കാര്യം ശ്രദ്ധിക്കുക).
 
സാധാരണ മഹാ ക്ഷേത്രങ്ങളെ പോലെ തന്നെയാണ് ഇതിന്റെ നിർമ്മാണവും. വലിയ ചുറ്റുമതിലിനകത്തേക്ക് കടന്നാൽ പുറത്തെ പ്രദക്ഷിണത്തിനുള്ള പാത, മഹാക്ഷേത്രം ആയതിനാൽ കൂത്തന്പലം, പിന്നെ ചുറ്റന്പലം, അതിനുള്ളിൽ ശ്രീകോവിൽ.
ഇവിടുത്തെ ചിട്ടയനുസരിച്ച് ഭക്തജനങ്ങൾക്ക് പടിഞ്ഞാറേ നടയിലൂടെയാണ് പ്രവേശനം. ചുറ്റന്പലം കടന്നു വന്നാൽ കാണുന്നത് വട്ട ശ്രീകോവിലാണ് (ഇതും എനിക്ക് ഏറെ ഇഷ്ടമുളളതാണ്). മഹാദേവൻ ആണ് പ്രതിഷ്ഠ (വീണ്ടും ഇഷ്ടം, പ്രത്യേകിച്ചും വലൈന്റൈൻസ് ഡേയിൽ നമ്മൾ അറിഞ്ഞിഷ്ടപ്പെടേണ്ട ആളാണ് ശിവൻ).
 
ശിവക്ഷേത്രത്തിൽ പ്രദക്ഷിണം വെക്കുന്നതിന് പ്രത്യേക ചിട്ടകളുണ്ട്. പക്ഷെ ഇവിടെ അതിലും കോംപ്ലിക്കേറ്റഡ് ആണ് കാര്യങ്ങൾ.
 
കാരണം മഹാദേവനെ കൂടാതെ രണ്ടു പ്രതിഷ്ഠകൾ കൂടി ചുറ്റന്പലത്തിനകത്ത് ഉണ്ട്. വിഷ്ണുവും, ശങ്കരനാരായണനും.
സാധാരണ മഹാക്ഷേത്രങ്ങളിൽ ഉപ ദൈവ പ്രതിഷ്ഠകൾ ഉണ്ടാകാറുണ്ടെങ്കിലും മുഖ്യപ്രതിഷ്ഠയോടൊപ്പം തന്നെ പ്രാമുഖ്യം അവർക്ക് ഉണ്ടാകാറില്ല. ഇവിടെ അങ്ങനെ അല്ല. ചുറ്റന്പലത്തിനകത്ത് മൂന്ന് വലിയ ശ്രീകോവിൽ ഉണ്ട്, അവർക്ക് ഓരോരുത്തർക്കും ചുറ്റന്പലത്തിൽ കിഴക്കോട്ട് വാതിലും അതിന് പുറത്ത് കൊടിമരവും. (ഇങ്ങനെ ഒന്ന് ഞാൻ വേറൊരു ക്ഷേത്രത്തിലും കണ്ടിട്ടില്ല).
 
ഇതിങ്ങനെ സംഭവിച്ചതിന് പിന്നിൽ ഒരു ഐതീഹ്യമുണ്ട്.
പാലാഴി മഥനത്തിനായി മന്ഥര പർവ്വതം ഉയർത്തിയും നാഗങ്ങളെ ഭക്ഷിച്ചും രോഗാതുരനായ ഗരുഡനോട് രോഗശാന്തിക്ക് ബ്രഹ്മാവ് കൽപ്പിച്ചത് ഗയയിൽ നിന്നും ശിവലിംഗം കൊണ്ടുവന്ന് കുന്തിപ്പുഴയുടെ തീരത്തുള്ള വിഷ്ണുക്ഷേത്രത്തിൽ പ്രതിഷ്ഠിച്ചു പ്രാർത്ഥിക്കാനാണ്. അങ്ങനെയാണ് വിഷ്ണുക്ഷേത്രത്തിനകത്ത് പ്രാമുഖ്യത്തോടെ ശിവന്റെ പ്രതിഷ്ഠ ഉണ്ടായത്.
 
മുൻപ് പറഞ്ഞത് പോലെ ശങ്കരനും നാരായണനും ശങ്കരനാരായണനും മൂന്നു ശ്രീകോവിലുകളിൽ അടുത്തടുത്തിരിക്കുന്ന ഈ ക്ഷേത്രത്തിൽ ശരിയായി പ്രദക്ഷിണം വെക്കേണ്ടത് എങ്ങനെയെന്ന് സാധാരണക്കാർക്ക് ആശയക്കുഴപ്പമാകും. അത് പരിഹരിക്കാൻ ഒരു രേഖാചിത്രം ക്ഷേത്രത്തിനകത്തുണ്ട്.
 
ഈ ക്ഷേത്രത്തെ ചുറ്റിപ്പറ്റി മറ്റൊരു ഐതീഹ്യം കൂടിയുണ്ട്. പൂന്താനത്തിന് ശ്രീകൃഷ്ണൻ ദർശനം നൽകിയെന്ന് പറയുന്ന ഒരു സ്ഥലവും ഇവിടെ അടയാളപ്പെടുത്തിയിട്ടുണ്ട്.
 
ഗരുഡന്റെ രോഗശാന്തിക്ക് വേണ്ടി നടത്തിയ പ്രതിഷ്ഠകൾ ഉള്ളതുകൊണ്ടായിരിക്കണം രോഗശാന്തിക്ക് വേണ്ടിയാണ് കൂടുതൽ ആളുകൾ ഇവിടെ വരുന്നത്. കുംഭമാസത്തിലാണ് ഇവിടുത്തെ ഉത്സവം. ഉത്സവത്തിന് ചുറ്റന്പലത്തിൽ ദീപങ്ങൾ തെളിക്കുന്പോൾ മനോഹരമായിരിക്കും എന്നാണ് ഞാൻ കാണുന്ന ചിത്രങ്ങൾ പറയുന്നത്. പുഴ ക്ഷേത്രത്തിന് തൊട്ടടുത്തല്ലെങ്കിലും ക്ഷേത്രമിരിക്കുന്ന സ്ഥലത്തെ ചുറ്റിയാണ് ഒഴുകുന്നത്.
 
ക്ഷേത്രത്തിനും പുഴക്കും ഇടക്കുള്ള സ്ഥലം ഒരൽപ്പം ലാൻഡ്‌സ്‌കേപ്പിംഗ് നടത്തിയെടുത്താൽ കേരളത്തിലെ ഏറ്റവും ഭംഗിയുള്ള ക്ഷേത്രങ്ങളിൽ ഒന്നായിരിക്കും.
ആദ്യം പറഞ്ഞത് പോലെ ശരാശരി ദിവസങ്ങളിൽ അത്ര തിരക്കൊന്നുമില്ല. പോയാൽ നമുക്ക് ധാരാളം സമയമെടുത്തും ക്ഷേത്രം കാണാം. ക്ഷേത്രത്തിന് പടിഞ്ഞാറോട്ട് നടന്നാൽ പുഴ വളഞ്ഞൊഴുകുന്നുണ്ട്. നല്ല ഗ്രാമീണ അന്തരീക്ഷമാണ്. ദൈവ വിശ്വാസമോ ക്ഷേത്രങ്ങളിൽ താല്പര്യമോ ഉള്ളവർ പോയിരിക്കേണ്ട സ്ഥലമാണ്.
 
ഒരു വരവ് കൂടി വരേണ്ടി വരും. അത് വൈകീട്ടാകണമെന്നും ദീപാലംകൃതമായി ക്ഷേത്രത്തെ കാണണമെന്നും ആഗ്രഹവും ഉണ്ട്.
 
മുരളി തുമ്മാരുകുടി
 

Leave a Comment