എന്റെ അമ്മാവൻ ഒരു കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകനായിരുന്നു. തിരഞ്ഞെടുപ്പ് വന്നാൽ പോസ്റ്റർ ഒട്ടിക്കാനും ചുമരെഴുതാനും പോകും. പോസ്റ്ററുകൾ മൊത്തമായി വരുന്നത് ഞങ്ങളുടെ വീട്ടിലാണ്. അതുകൊണ്ടു തന്നെ പണ്ടത്തെ തിരഞ്ഞെടുപ്പ് ഇപ്പോഴും ഓർമ്മയിലുണ്ട്. 1970 ൽ അസംബ്ലി തിരഞ്ഞെടുപ്പ് നടക്കുമ്പോൾ എനിക്ക് ആറു വയസ്സേയുള്ളൂ പ്രായം. എന്നിട്ടും അന്ന് ഞങ്ങൾ കുന്നത്തുനാട് അസംബ്ലിയുടെ ഭാഗമായിരുന്നെന്നും എം കെ കൃഷ്ണൻ എന്നൊരാളായിരുന്നു ‘ഞങ്ങളുടെ’ സ്ഥാനാർഥി എന്നും ഓർക്കുന്നുണ്ട്. പക്ഷെ ‘പെട്ടി പൊട്ടിച്ചപ്പോൾ കൃഷ്ണനും പൊട്ടി’ എന്നോർക്കാൻ മാത്രം ഇഷ്ടമല്ല.
അതല്ല ഇന്നത്തെ എന്റെ വിഷയം.1970-ലെ നിയമസഭാ തിരഞ്ഞെടുപ്പ് ഞാൻ ശരിക്ക് ഓർക്കുന്നുവെങ്കിലും എഴുപത്തി ഒന്നിലെ ലോകസഭ തിരഞ്ഞെടുപ്പിനെപ്പറ്റി ഒരോർമ്മയും ഇല്ല. ഏതു മണ്ഡലം ആയിരുന്നു, ആരൊക്കെയായിരുന്നു സ്ഥാനാർത്ഥികൾ, ആരു ജയിച്ചു, എന്തിന് അങ്ങനെ ഒരു തിരഞ്ഞെടുപ്പ് ഉണ്ടായതായി പോലും ഓർമ്മയിലില്ല. എന്നാൽ അതേ വർഷം നടന്ന ഇൻഡോ പാക്ക് യുദ്ധ ദിനങ്ങൾ ഓർമ്മയുണ്ട് താനും.
ലോകസഭ തിരഞ്ഞെടുപ്പ് സാധാരണ ഗതിയിൽ കേരളത്തിൽ വലിയൊരു സംഭവമല്ല എന്നാണ് എന്റെ വിശ്വാസം. കാരണം ലോകസഭയിലെ അഞ്ഞൂറ്റി നാല്പതിന്റെ കണക്കു കൂട്ടലുകളിൽ കേരളത്തിലെ ഇരുപത് ഒരിക്കലും ഒരു നിർണ്ണായക ശക്തിയാകാറില്ല. ദേശീയ നയങ്ങളും വീക്ഷണങ്ങളുമുളള രണ്ടു പാർട്ടികളാണ് നമ്മുടെ മുന്നണികളെ നയിക്കുന്നതെന്നും കേരളത്തിലെ ചെറിയ പാർട്ടികൾ പോലും കേന്ദ്രത്തിൽ ‘ആയാ റാം ഗയാ റാം’ രാഷ്ട്രീയത്തിൽ പെടാറില്ല എന്നതും ഇതിന് കാരണമാണ്. രണ്ടു വർഷത്തിനു ശേഷം വരാൻ പോകുന്ന നിയമസഭ തിരഞ്ഞെടുപ്പിന്റെ ഒരു പ്രാക്ടീസ് മാച്ച് ആയിട്ടാണ് പലപ്പോഴും രാഷ്ട്രീയ കക്ഷികൾ ലോകസഭ തിരഞ്ഞെടുപ്പിനെ കാണുന്നത്. അതിനാൽ ‘തീരെ മോശം’ പ്രകടനം കാഴ്ചവെക്കാതിരിക്കുക എന്നതാണ് പ്രധാന ലക്ഷ്യം. ഫുട്ബോൾ ഭാഷയിൽ പറഞ്ഞാൽ ഡിഫൻസീവ് ഗെയിം ആണ് കളിക്കുന്നത്. കണക്കിന്റെ കളിയിൽ വലിയ അധികാര സ്ഥാനങ്ങൾക്ക് സാധ്യത ഇല്ലാത്തതിനാലും ഭാഷ സ്വാധീനം പ്രശ്നമായതുകൊണ്ടും നമ്മുടെ രാഷ്ട്രീയത്തിലെ എ ടീമിൽ കളിക്കുന്നവർക്കൊന്നും കേന്ദ്രത്തിലേക്ക് പോകാൻ ഇഷ്ടമല്ല. കേരള രാഷ്ട്രീയത്തിലെ വെള്ളിമൂങ്ങകൾ പലപ്പോഴും കേരള രാഷ്ട്രീയത്തിൽ തങ്ങൾക്ക് ഭീഷണി ആകാൻ സാധ്യതയുള്ളവരെ പതുക്കെ ഡൽഹിയിലേക്ക് കെട്ടുകെട്ടിക്കുകയാണ് പതിവ്. Kicking Upstairs എന്ന് ഇംഗ്ലീഷിൽ ഒരു ചൊല്ല് തന്നെയുണ്ട്.
അടുത്ത ലോക സഭാ തിരഞ്ഞെടുപ്പിലേക്ക് ഇനി അധികം ദൂരമില്ല. രണ്ടായിരത്തി പത്തൊമ്പത് മെയ് മാസത്തിന് മുൻപ് തിരഞ്ഞെടുപ്പ് നടന്നിരിക്കണം, എന്നാൽ ഈ വർഷം നടക്കുന്ന രാജസ്ഥാൻ മധ്യപ്രദേശ് തിരഞ്ഞെടുപ്പുകളുടെ വിധിയും ഗതിയും അനുസരിച്ച് ലോകസഭ ഈ വർഷത്തിൽ തന്നെ വന്നു കൂടായ്കയില്ല. നിയമസഭാ തിരഞ്ഞെടുപ്പാകുമ്പോൾ ആറുമാസം മുൻപേ ജാഥകൾ വരും, മൂന്നു മാസം മുൻപെങ്കിലും അടുത്തതായി ഭരിക്കാനുള്ളവർ കർമ്മപദ്ധതികൾ ഉണ്ടാക്കാൻ ശ്രമിക്കും. പക്ഷെ ലോകസഭക്ക് എല്ലാം അവസാന നിമിഷത്തിലെ തട്ടിക്കൂട്ട് തന്നെയാണ്. ലോകസഭാ തിരഞ്ഞെടുപ്പായതിനാൽ ഇന്ത്യക്ക് മൊത്തമായി ഒരു പ്രകടനപത്രിക ഉണ്ടാക്കി അതിന്റെ മലയാളം പരിഭാഷ ഉണ്ടാക്കേണ്ട കാര്യമേയുള്ളൂ.
ഇതൊക്കെ മാറേണ്ട കാലമായി. വികസനത്തിന്റെ പാതയിൽ ശരാശരി ഇന്ത്യയിൽ നിന്നും ഏറെ വ്യത്യസ്തമാണ് കേരളത്തിന്റെ സ്ഥിതി. ആരോഗ്യരംഗത്തും വിദ്യാഭ്യാസ രംഗത്തും എന്തിന് പൊതുഗതാഗതത്തിന്റെ കാര്യത്തിൽ പോലും ഇപ്പോൾ കേരളം എത്തിനിൽക്കുന്നത് ഇന്ത്യയിലെ പാർലിമെന്റിൽ ബഹുഭൂരിപക്ഷം പേരെയും തിരഞ്ഞെടുക്കുന്ന പ്രദേശങ്ങളിൽ നിന്നും ഏറെ മുന്നിലാണ്. അപ്പോൾ ഇന്ത്യയിലെ ബഹുഭൂരിപക്ഷത്തിന് വേണ്ടി ഉണ്ടാക്കുന്ന പദ്ധതികൾ അല്ല ശരിക്കും നമുക്ക് വേണ്ടത്. അതേ സമയം നമ്മുടെ നല്ല മാതൃകകൾ ഇന്ത്യയുടെ മറ്റിടങ്ങളിൽ വ്യാപിപ്പിക്കാനുള്ള വലിയ അവസരവും കൂടിയുണ്ട്. അതുകൊണ്ട് ഇക്കാര്യങ്ങളിൽ വ്യക്തമായ നിലപാടുകൾ നമുക്ക് വേണം, അത് കേന്ദ്രത്തിൽ പറഞ്ഞു ഫലിപ്പിക്കാൻ കഴിവുള്ളവർ ആയിരിക്കണം ഡൽഹിക്ക് പോകേണ്ടത്.
അടുത്ത ലോകസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി ആഭ്യന്തര കുടിയേറ്റം തൊട്ട് പ്രകൃതി സംരക്ഷണം, വിദ്യാഭ്യാസം, നഗരവൽക്കരണം എന്നിങ്ങനെ കേരളത്തെ ബാധിക്കുന്ന, കേന്ദ്ര നയങ്ങൾ കൊണ്ടും പരിപാടികൾ കൊണ്ടും മാത്രം മാറ്റം വരുത്താവുന്ന, വിഷയങ്ങളെപ്പറ്റി ഞാൻ ഒരു സീരീസ് പ്ലാൻ ചെയ്യുകയാണ്. എങ്ങനെയാണ് ഈ വിഷയങ്ങളിൽ കേരളത്തിന്റെ പ്രശ്നങ്ങൾ ഇന്ത്യയിലെ ബഹുഭൂരിപക്ഷം പ്രദേശങ്ങളിൽ നിന്നും വ്യത്യസ്തമായിരിക്കുന്നത്, എന്ത് നിയമ/നയ വ്യതിയാനങ്ങളിൽ കൂടിയാണ് നമുക്ക് ഇക്കാര്യത്തിൽ ഗുണകരമായ മാറ്റങ്ങൾ ഉണ്ടാക്കാൻ പറ്റുന്നത്, ഇതൊക്കെയാണ് ചിന്താവിഷയം. മാസത്തിൽ ഒന്ന് വീതം, മാസത്തിന്റെ ഒന്നാം തിയതി തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നത് വരെ എഴുതാം എന്നതാണ് പ്ലാൻ. പതിവ് പോലെ വായനക്കാരുടെ കമന്റുകളാണ് സീരിസിനെ പൊലിപ്പിക്കാൻ പോകുന്നത്. ഇത്തവണ ലോക കേരളസഭയിൽ പോയപ്പോൾ ഒരു കാര്യം മനസ്സിലായി. ഞാൻ ഫേസ്ബുക്കിൽ കാണുന്നതിലും കൂടുതൽ ആളുകൾ ഇപ്പോൾ എന്റെ പോസ്റ്റുകൾ ശ്രദ്ധിക്കുന്നുണ്ട്, രാഷ്ട്രീയത്തിലും മാധ്യമരംഗത്തും ഉള്ളവരടക്കം. ഇവിടെ നടക്കുന്ന ചർച്ചകൾ പൊതുരംഗത്ത് എത്തും എന്നതിൽ സംശയമില്ല. അതുകൊണ്ട് നിങ്ങൾ തീർച്ചയായും ഈ ചർച്ചയിൽ പതിവുപോലെ പങ്കെടുക്കണം.
മുകളിൽ പറഞ്ഞ നാല് വിഷയങ്ങൾ കൂടാതെ, മാറ്റം അനിവാര്യമായ നിങ്ങൾക്ക് താല്പര്യമുള്ള വിഷയങ്ങൾ ഏതൊക്കെയാണ്? അത് കൂടി പറയൂ…
മുരളി തുമ്മാരുകുടി.
Leave a Comment