കേരള പോലീസിനെക്കുറിച്ച് രണ്ടു വാർത്തകൾ അടുത്തടുത്ത ദിവസങ്ങളിൽ വന്നു.
കോട്ടയത്ത് ഒരു തട്ടുകടയിൽ ചെന്ന പോലീസുകാരനെ ലോക്കൽ റൗഡി ചവിട്ടിക്കൊന്നതാണ് ഒന്നാമത്തെ സംഭവം. കുറ്റവാളിയെ പിടികൂടിയിട്ടുണ്ട്. സ്ഥിരം കുറ്റവാളിയാണെന്ന് വാർത്ത. കൊല്ലപ്പെട്ടത് പോലീസുകാരൻ ആയതുകൊണ്ടെങ്കിലും കുറ്റവാളി ഇനി ജാമ്യത്തിൽ പുറത്തിറങ്ങി കൂടുതൽ കുറ്റം ചെയ്യുന്ന സാഹചര്യം ഉണ്ടാവില്ലെന്ന് പ്രതീക്ഷിക്കാം.
പത്തനംതിട്ടയിൽ വിവാഹാഘോഷം കഴിഞ്ഞു വരുന്ന ആളുകളെ പോലീസ് ആള് മാറി തല്ലിയതാണ് രണ്ടാമത്തെ സംഭവം. ഏറ്റവും തെറ്റായ കാര്യമാണ്. ഉത്തരവാദിയായ എസ്.ഐ. സസ്‌പെൻഡ് ചെയ്യപ്പെട്ടു എന്ന് മനസിലാക്കുന്നു. നല്ലത്.
ആരുടെ ഭരണം ആണെങ്കിലും പോലീസിനെ പറ്റി പൊതുവെ മോശമായ അഭിപ്രായം പറയുന്നതാണ് സാധാരണം. ജനങ്ങളുമായി ഏറ്റവും അടുത്ത് നിൽക്കുന്നതുകൊണ്ടും അവരുടെ പ്രവർത്തികൾക്ക് ജനങ്ങളുടെ ദൈനംദിന വിഷയങ്ങളിൽ ഏറെ പ്രാധാന്യമുള്ളതുകൊണ്ടും പോലീസിന്റെ ഓരോ വീഴ്ചകളും ആളുകൾ സൂഷ്മതയോടെ കാണുന്നു, ചർച്ച ചെയ്യുന്നു. സ്വാഭാവികം.
എനിക്ക് പക്ഷെ കേരള പോലീസിനെ പറ്റി പൊതുവെ മോശമായ അഭിപ്രായമല്ല ഉള്ളത്.
വലിയ കുറ്റകൃത്യങ്ങൾ കുറക്കുന്ന കാര്യത്തിൽ കേരളത്തിലെ പോലീസ് ഏറെ മുൻപന്തിയിൽ ആണ്. 1980 മുതൽ ഇങ്ങോട്ട് നാല്പത് വർഷത്തെ കൊലപാതകങ്ങൾ നോക്കൂ. കൊലപാതകങ്ങളുടെ എണ്ണം അഞ്ഞൂറിന് മുകളിൽ നിന്നും മുന്നൂറിലേക്ക് താഴ്ന്നു.
ഈ കാലഘട്ടത്തിൽ കേരളത്തിലെ ജനസംഖ്യ വളരെ കൂടി എന്നും കേരളത്തിൽ മലയാളികൾ പലരും പേടിക്കുന്നത് പോലെ മറുനാട്ടുകാരുടെ എണ്ണം എത്രയോ മടങ്ങായി എന്നും ഓർക്കണം. എന്നിട്ടും കൊലപാതകങ്ങളുടെ എണ്ണം കുറയുകയാണ്.
ജനസംഖ്യയിൽ ഒരു ലക്ഷത്തിൽ ഒന്നിന് താഴെയാണ് കേരളത്തിൽ കൊലപാതക നിരക്ക്, ഇന്ത്യൻ ശരാശരിയുടെ മൂന്നിൽ ഒന്ന്. ഒരു ലക്ഷത്തിന് പന്ത്രണ്ടാണ് കേരളത്തിൽ റോഡപകട നിരക്ക്. ഒരു ലക്ഷത്തിൽ നാല്പതിനും മുകളിൽ കൊലപാതക നിരക്കുള്ള രാജ്യങ്ങൾ ഉണ്ട്. ലോകത്ത് ഏറ്റവും അക്രമങ്ങൾ കുറഞ്ഞ രാജ്യങ്ങളുമായി താരതമ്യപ്പെടുത്താവുന്നതാണ് നമ്മുടെ കൊലപാതകങ്ങളുടെ നിരക്ക്. ഇക്കാര്യത്തിൽ നമ്മുടെ പോലീസിങ്ങിന്റെ പ്രകടനം അംഗീകരിക്കപ്പെടേണ്ടതാണ്.
നമ്മുടെ പോലീസിംഗ് രീതികൾ ഏറെ മാറിയിട്ടുണ്ട്. നിർമ്മിത ബുദ്ധി ഉൾപ്പടെയുള്ള സംവിധാനങ്ങൾ ഉപയോഗിച്ചും സൈബർ പോലീസിംഗ് ശക്തമാക്കിയും ആണ് നമ്മൾ മുന്നേറുന്നത്.
പക്ഷെ പൊതുജനങ്ങളുമായി ഇടപഴകുന്ന കാര്യത്തിൽ നമ്മുടെ പോലീസിന്റെ രീതികൾ ഇപ്പോഴും പഴഞ്ചനാണ്. ജങ്ഷനിൽ വന്നിറങ്ങി ലാത്തി വീശി വഴിയേ പോകുന്നവരെയെല്ലാം അടിച്ചുവീഴ്‌ത്തുന്ന കലാപരിപാടി ഒന്നും ഈ നിർമ്മിത ബുദ്ധിയുടെ കാലഘട്ടത്തിന് ചേർന്നതല്ല. ഇത് മാറണം.
മാറ്റം വരേണ്ടത് പൊലീസിന് മാത്രമല്ല. കുറ്റവാളിയായെന്ന് പൊതുജനം കരുതുന്ന ഒരാളെ പോലീസ് പിടിച്ചാൽ അയാളെ പോലീസ് മർദ്ദിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് കൂടുതൽ പേരും. പോലീസ് മർദ്ദനം കൊണ്ടൊന്നും ആരും നന്നായിട്ടില്ലെന്നും മർദ്ദിച്ചു കിട്ടുന്ന മൊഴികൾ കൊണ്ട് മാത്രം കേസുകൾ ജയിക്കാൻ പറ്റില്ലെന്നും ധാരാളം പഠനങ്ങൾ ഉണ്ട്. പക്ഷെ ഇഴഞ്ഞു നീങ്ങുന്ന നമ്മുടെ നിയമസംവിധാനങ്ങളിൽ പോലീസിന്റെ രണ്ട് ഇടിയാണ് കുറ്റം ചെയ്തവർക്ക് ആകെ കിട്ടാൻ സാധ്യതയുള്ള ശിക്ഷ എന്നൊരു പൊതുബോധം ഉണ്ട്. അതുകൊണ്ടാണ് പോലീസ് കേസന്വേഷിച്ചാൽ മാത്രം പോരാ അല്പം ശിക്ഷ കൂടി നടപ്പിലാക്കണമെന്ന് നാം ആഗ്രഹിക്കുന്നതും പോലീസ് പൊതുബോധത്തിനനുസരിച്ച് പ്രവർത്തിക്കുന്നതും.
മാറ്റം വരണം, പോലീസിനും ജനങ്ങൾക്കും. അപ്പോൾ പോലീസിംഗ് മാറും.
മുരളി തുമ്മാരുകുടി
Leave a Comment