പൊതു വിഭാഗം

ട്രപ്പീസ് ടെസ്റ്റ്…

“ചേട്ടാ, ലോണെടുത്ത് വിദേശത്ത് പഠിക്കാൻ പോകുന്നത് നല്ലതാണോ?”
 
“എനിക്കപ്പോൾ ഒരു ജോലിയുണ്ട്, അത് കളഞ്ഞിട്ട് പഠിക്കാൻ പോകുന്നത് ശരിയാണോ?”
 
“ഞാനും കുടുംബവും ഇപ്പോൾ ഗൾഫിലാണ്, ഓസ്‌ട്രേലിയയിലേക്ക് മൈഗ്രേറ്റ് ചെയ്യണം എന്നുണ്ട്. ഇത് റിസ്ക് ആണോ?”
 
എല്ലാ ദിവസവും എനിക്കു കിട്ടുന്ന ചോദ്യങ്ങളാണ്.
വാസ്തവത്തിൽ ഇതിന് എളുപ്പത്തിലുള്ള ഒരു മറുപടിയില്ല.
വിദേശത്ത് പഠിക്കുന്നതും, ജോലി ചെയ്തതിന് ശേഷം ഉന്നത വിദ്യാഭ്യാസം ചെയ്യുന്നതും, മൈഗ്രേറ്റ് ചെയ്യുന്നതും നല്ല കാര്യങ്ങളാണ്. സാധിക്കുന്നവരെല്ലാം അതിന് പോകണമെന്നു തന്നെയാണ് എൻറെ അഭിപ്രായം. എങ്കിലും ഇതിനൊക്കെ അല്പം റിസ്ക്കുണ്ട്.
 
അപ്പോൾ ചോദ്യങ്ങളുടെ ഉത്തരം നിങ്ങൾക്ക് റിസ്ക് എടുക്കാനുള്ള കഴിവുണ്ടോ എന്നതാണ്.
 
റിസ്ക് എടുക്കാൻ ഒന്നാമത് നല്ല മനക്കട്ടി വേണം.
‘സംശയാത്മാ വിനശ്യതി’ എന്ന് ഭഗവാൻ ഗീതയിൽ പറഞ്ഞിട്ടുണ്ട്. റിസ്ക് എടുക്കണോ വേണ്ടയോ എന്ന് ചോദിച്ച് സമയം കളയരുത്. അതേ സമയം റിസ്ക് എടുത്ത് പണി പാളിയാൽ പിന്നെ ആത്മഹത്യയേ വഴിയുള്ളൂ എന്ന് ചിന്തിക്കുന്നവർ നിൽക്കുന്നിടത്ത് തന്നെ നിൽക്കുന്നതാണ് നല്ലത്. ജീവിതം മൊത്തം റിസ്ക് എടുത്ത പരിചയമാണ് എനിക്കുള്ളത്. കേന്ദ്ര സർക്കാരിൽ ലഭിച്ച ഗസറ്റഡ് ഉദ്യോഗം ഉപേക്ഷിച്ച് ഞാൻ പി എച്ച് ഡി ക്ക് പോകുന്പോൾ എനിക്ക് ഇരുപത്തിമൂന്നു വയസ്സാണ്. പിന്നെയും എത്രയോ തവണ റിസ്കുകൾ എടുത്തിരിക്കുന്നു. ഇപ്പോഴും എടുക്കുന്നു. അതൊരു മനോഭാവമാണ്.
 
‘കപ്പലുകൾ തുറമുഖത്ത് സുരക്ഷിതമാണ്, പക്ഷെ അതിനല്ലല്ലോ കപ്പലുണ്ടാക്കിയത്’ എന്ന ചൊല്ലാണ് ജീവിതത്തിൽ എന്നെ നയിക്കുന്നത്. എല്ലാവരും അങ്ങനെ ആയിക്കൊള്ളണം എന്നില്ല.
റിസ്ക് എടുക്കാൻ പേടിയുള്ളവർ ഒരു ട്രപ്പീസ് ടെസ്റ്റ് നടത്തി നോക്കണം.
 
എന്താണ് ഈ ട്രപ്പീസ് ടെസ്റ്റ്?
സർക്കസ് കൂടാരത്തിൽ ഉയരത്തിൽ ഊഞ്ഞാലാടി കൈവിട്ടുള്ള ചാട്ടം ആണ് ട്രപ്പീസ്. ഇതിന് രണ്ടു വേർഷൻ ഉണ്ട്.
ഒന്നിൽ താഴെ ഒരു വല കെട്ടിയിട്ടുണ്ട്. മുകളിൽ നിന്നും ചാടിയാലും വലയിൽ വീഴും. ഒന്നുരണ്ടു പ്രാവശ്യം മുകളിലേക്കും താഴേക്കും ബൗൺസ് ചെയ്യുമെങ്കിലും ആള് ജീവനോടെ ബാക്കിയുണ്ടാകും, വീണ്ടും ഒരങ്കത്തിന് കൂടി ബാല്യം ഉണ്ടാകും.
രണ്ടാമത്തെ വേർഷൻ വലയില്ലാത്ത ട്രപ്പീസ് ആണ്. ഇതിനാണ് ആളുകൾ കൂടുതൽ കൈയടിക്കുന്നതും അതുകൊണ്ടു തന്നെ കൂടുതൽ വരുമാനം കിട്ടുന്നതും. താഴെ വീണാൽ ശേഷം ചിന്ത്യം.
ജീവിതത്തിലും ഇത് തന്നെയാണ് സ്ഥിതി. ജോലി ഉപേക്ഷിച്ച് പഠിക്കാൻ പോകുന്നതും ദുബായിൽ നിന്നും കാനഡയിലേക്ക് മൈഗ്രേറ്റ് ചെയ്യുന്നതും ഒരുതരം ട്രപ്പീസ് കളിയാണ്. താഴെ വലയുണ്ടെങ്കിൽ പിന്നെ അധികം പേടിക്കാനില്ല.
 
ഈ വല നിങ്ങളുടെ കുടുംബത്തിന്റെ ഉയർന്ന സാന്പത്തിക നില ആയിരിക്കാം,
നിങ്ങൾക്ക് മറ്റൊരു ജോലി ശരിയാക്കി തരാൻ കഴിവുള്ള ബന്ധുക്കളാകാം,
ജോലിയുള്ള നിങ്ങളുടെ പങ്കാളി ആകാം,
സഹായിക്കാൻ കഴിവുള്ള നല്ല സുഹൃത്തുക്കൾ ആകാം,
നിങ്ങൾക്ക് അറിയാവുന്ന മറ്റൊരു തൊഴിൽ ആകാം,
ഇവയിൽ ഒന്നിൽ കൂടുതൽ കാര്യങ്ങളാകാം.
 
ചോദിക്കേണ്ട ചോദ്യം ഇതാണ്, “ഞാൻ ലോണെടുത്ത് വിദേശത്ത് പഠിക്കാൻ പോകുന്നു, അവിടെ ചെന്ന് പഠനം കഴിഞ്ഞു ജോലി കിട്ടാതെ തിരിച്ചു വരേണ്ടി വന്നാൽ എൻറെ കാര്യം എന്താകും?” (മൈഗ്രെഷന്റെ കാര്യത്തിലോ ജോലി ഉപേക്ഷിച്ച് പഠിക്കാൻ പോകുന്ന കാര്യത്തിലോ ഇതേ ചോദ്യം ചോദിക്കാം).
അങ്ങനെ സംഭവിച്ചാൽ നിങ്ങളുടെയും ചുറ്റുമുള്ളവരുടെയും ജീവിതം വലിയ കുഴപ്പമില്ലാതെ മുന്പോട്ട് കൊണ്ടുപോകാൻ പറ്റുമെന്നാണ് ഉത്തരമെങ്കിൽ പിന്നെ ചാടാൻ അധികം പേടിക്കേണ്ട. മറിച്ച് അമ്മക്ക് പെൻഷൻ പറ്റിയപ്പോൾ കിട്ടിയ തുകയും അച്ഛന്റെ കൃഷിസ്ഥലം പണയം വച്ച് കിട്ടുന്ന പണവും ഉപയോഗിച്ചാണ് നിങ്ങൾ റിസ്ക് എടുക്കുന്നതെങ്കിൽ താഴെ വല ഇല്ല എന്ന് ചുരുക്കം.
ചില ആളുകൾക്ക് എത്ര വലയുണ്ടെങ്കിലും ചാടാൻ ധൈര്യം കാണില്ല. ചിലർക്കാകട്ടെ വലയില്ലെങ്കിലും ചാടാൻ പറ്റും. വലയില്ലാതെ ചാടാൻ അല്പം ധൈര്യം കൂടുതൽ വേണം. വ്യക്തിപരമായി ഞാൻ ആളുകളോട് വലയില്ലാതെ ചാടാൻ പറയാറില്ല.
 
നിങ്ങൾ ചാടണോ വേണ്ടയോ എന്ന തീരുമാനം നിങ്ങൾക്ക് മാത്രമേ എടുക്കാൻ പറ്റൂ. പക്ഷെ നിങ്ങളുടെ താഴെ ഒരു വലയുണ്ടോ എന്ന് പരിശോധിക്കാൻ എല്ലാവർക്കും പറ്റും. ഇതിന് വേണമെങ്കിൽ പ്രൊഫഷണൽ ലൈഫ് കോച്ചിന്റെ സഹായവും തേടാം.
 
മുരളി തുമ്മാരുകുടി
 

Leave a Comment