പൊതു വിഭാഗം

ടൂറിസത്തിന്റെ കുതിച്ചു ചാട്ടവും കേരളത്തിന്റെ സാധ്യതകളും

2020 ൽ കോവിഡ് മൂലം ലോകമെമ്പാടും വിമാനങ്ങളും റെയിൽ സർവീസുകളും നിർത്തിവെക്കുകയും രാജ്യത്തിന് അകത്ത് പോലും യാത്രകൾ ബുദ്ധിമുട്ടാവുകയും ചെയ്ത സാഹചര്യത്തിൽ കേരളത്തിലെ ടൂറിസം രംഗത്ത് പ്രവർത്തിക്കുന്ന കുറച്ചുപേർ എന്നെ ഒരു വെബ്ബിനാറിന് വിളിച്ചിരുന്നു.

കോവിഡിന് ശേഷം ഒരു കാലം ഉണ്ടാകുമെന്നും അന്ന് ഏറ്റവും കൂടുതൽ വേഗത്തിൽ തിരിച്ചു വരാൻ പോകുന്നത് ടൂറിസം വ്യവസായം ആകുമെന്നുമാണ് ഞാൻ അന്നവരോട് പറഞ്ഞത്. ബിസിനസ് ഏതാണ്ട് നിശ്ചലമായി സാമ്പത്തികമായ പ്രതിസന്ധിയിൽ പെട്ടിരിക്കുന്നവരോട് ഞാൻ ഒരു നല്ല വാക്ക് പറഞ്ഞു എന്നേ അവർ അന്ന് കരുതിയുള്ളൂ. ചിലർ അത് പറയുകയും ഒരു പ്രതീക്ഷ എങ്കിലും നൽകിയതിന് നന്ദി പറയുകയും ചെയ്തു.

യാത്രകൾ കൂടുമെന്നും ടൂറിസം കുതിച്ചുചാടുമെന്നും ഉറച്ചു വിശ്വസിക്കാൻ എനിക്കൊരു കാരണമുണ്ടായിരുന്നു. അത് കോവിഡ് ലോക്ക് ഡൗൺ മനുഷ്യരിൽ ഉണ്ടാക്കിയ മാറ്റമാണ്. യാത്രകൾ അസാധ്യവും ജീവിതം എപ്പോൾ വേണമെങ്കിലും അവസാനിച്ചും പോയേക്കാമെന്ന ഭയം ഉണ്ടായപ്പോൾ മനുഷ്യരിൽ അടിസ്ഥാന ചിന്തയിൽ ഒരു മാറ്റമുണ്ടായി. സ്വത്തു സമ്പാദിക്കുന്നതും ബാങ്കിൽ നിക്ഷേപം ഉണ്ടാകുന്നതും ഒന്നുമല്ല അനുഭവങ്ങൾ സമ്പാദിക്കുന്നതാണ് ജീവിതം എന്ന് ആളുകൾക്ക് തോന്നിത്തുടങ്ങി. ലോക്ക് ഡൗൺ ഒക്കെ കുറയുന്ന കാലത്ത് സഞ്ചാരം പ്രധാനമാകണമെന്ന് ആളുകൾ ചിന്തിച്ചു തുടങ്ങി.

കോവിഡാനന്തരം ആഗോള ടൂറിസം രംഗത്ത് വലിയ കുതിച്ചുചാട്ടമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. പ്രതീക്ഷിച്ചതിലും നേരത്തെ തന്നെ ആഗോള വിമാന സർവ്വീസുകൾ എല്ലാം സാധാരണഗതിയിൽ ആയി എന്ന് മാത്രമല്ല വിമാനയാത്രക്കാരുടെ ബാഹുല്യം കഴിഞ്ഞ വർഷം തന്നെ പല പ്രമുഖ വിമാനത്താവളങ്ങളുടെയും പ്രവർത്തനം ബുദ്ധിമുട്ടിലാക്കി. കഴിഞ്ഞ യൂറോപ്യൻ സമ്മറിൽ തന്നെ ചില വിമാനത്താവളങ്ങളിൽ കിലോമീറ്ററുകൾ നീണ്ട ക്യൂ ഉണ്ടായി.

ഈ വർഷത്തെ ടൂറിസ്റ്റ് സീസൺ തുടങ്ങുകയാണ്. ഇപ്പോൾ തന്നെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിലെല്ലാം ടൂറിസ്റ്റുകളുടെ എണ്ണം കുതിച്ചുകയറുകയാണ്. ഇറ്റലിയിൽ, ഗ്രീസിൽ, പെറുവിൽ, ആംസ്റ്റർഡാമിൽ, ബാങ്കോക്കിൽ എല്ലാം ടൂറിസ്റ്റുകളുടെ എണ്ണം അതിവേഗത്തിൽ കൂടുന്നത് കൈകാര്യം ചെയ്യാൻ സർക്കാരുകൾക്ക് സാധിക്കാതെ വരുന്നു. ഫ്രാൻസിൽ വരുന്നവരെയെല്ലാം പാരീസിലേക്ക് വരാതെ മറ്റു നഗരങ്ങളിലേക്ക് പോകാൻ പ്രേരിപ്പിക്കുകയാണ് ഫ്രഞ്ച് സർക്കാർ. ആംസ്റ്റർഡാമിൽ ഉല്ലാസ നൗകകൾ നങ്കൂരമിടുന്നത് നിയന്ത്രിക്കാൻ ശ്രമിക്കുന്നു ഡച്ച് സർക്കാർ. വെനീസിലേക്ക് ടൂറിസ്റ്റുകളുടെ എണ്ണം നിയന്ത്രിക്കാൻ പ്രത്യേക നികുതി ഏർപ്പെടുത്തുന്നു. ടൂറിസ്റ്റുകളുടെ വർദ്ധനവ് അവിടങ്ങളിലെ ജീവിതച്ചിലവ് കൂട്ടുന്നതിനെതിരെ നാട്ടുകാർ പ്രതികരിച്ചു തുടങ്ങുന്ന അവസ്ഥയിലേക്ക് പോകുന്നു കാര്യങ്ങൾ. സ്പെയിനിലും ഇറ്റലിയിലും ഇത്തരം പ്രതിഷേധങ്ങൾ നടന്നു കഴിഞ്ഞു.

കേരളത്തിലും ടൂറിസം വളരുകയാണ്. പക്ഷെ നമ്മുടെ സാധ്യതയുടെ പത്തിലൊന്നു പോലും ഇപ്പോഴും ആയിട്ടില്ല എന്നാണ് എന്റെ വിശ്വാസവും അഭിപ്രായവും. യൂറോപ്യൻ രാജ്യങ്ങളിൽ മിക്കയിടത്തും അവിടുത്തെ ജനസംഖ്യയോടൊപ്പമോ അതിലധികമോ വിദേശടൂറിസ്റ്റുകൾ ഒരു വർഷത്തിൽ വരുമ്പോൾ കേരളത്തിൽ ഇപ്പോഴും വരുന്നത് നമ്മുടെ ജനസംഖ്യയുടെ പത്തു ശതമാനത്തിലും താഴെയാണ്.

ആയിരം ഗ്രാമങ്ങൾ, അതിലോരോന്നിലും പ്രകൃതിയുടെ, ഭക്ഷണത്തിന്റെ, കലയുടെ, കെട്ടിടങ്ങളുടെ, യാത്രയുടെ വൈവിധ്യങ്ങൾ. മൊത്തമായി  ഒഴിഞ്ഞു കിടക്കുന്ന പത്തുലക്ഷത്തിലേറെ വീടുകൾ, ആളുകളുള്ള വീടുകളിൽ പോലും വെറുതെ കിടക്കുന്ന മുറികൾ, എഞ്ചിനീയറിങ്ങ് കോളേജുകളിലുൾപ്പടെ വെറുതെ കിടക്കുന്ന ഹോസ്റ്റൽ മുറികൾ,  നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങൾ, മൂന്ന് അന്ത്രരാഷ്ട്ര തുറമുഖങ്ങൾ, ഊബറും സ്വിഗ്ഗിയും ആയി പാർട്ട് ടൈം തൊഴിലെടുത്ത് പരിചിതമായ യുവ തലമുറ, ടൂറിസം രംഗത്തെ അവസരങ്ങളിലേക്ക് എളുപ്പത്തിൽ പരിശീലനം ചെയ്തെടുക്കാവുന്ന മാനുഷിക ശേഷി. കേരളത്തിലെ ടൂറിസത്തിൽ ഒരു വിപ്ലവം നടത്താൻ ഇനി വേണ്ടത് ഫൈവ് സ്റ്റാർ ഹോട്ടലുകളോ വൻ നിക്ഷേപങ്ങളോ ഒന്നുമല്ല. വിദേശത്തുനിന്നും വരുന്ന പണം കുറഞ്ഞു വരുന്ന സാഹചര്യത്തിൽ നമ്മുടെ സമ്പദ്‌വ്യവസ്ഥ രക്ഷപ്പെടുത്താനുള്ള ഏറ്റവും സാധ്യമായതും എളുപ്പമായതും അത്യന്താപേക്ഷിതവുമായ പരിപാടി ടൂറിസം ആണെന്ന് നമ്മുടെ സമൂഹത്തെ ബോധ്യപ്പെടുത്തുകയാണ്. ടൂറിസത്തോടുള്ള നമ്മുടെ സമൂഹത്തിന്റെ കാഴ്ചപ്പാട് മാറ്റുകയാണ്.

അടുത്ത അഞ്ചു വർഷത്തിനകം ആഗോള ടൂറിസ്റ്റുകളുടെ എണ്ണം ഒരു കോടി എങ്കിലും ആക്കുക, ടൂറിസത്തിൽ നിന്നുള്ള വരുമാനം പത്തു ബില്യൺ ഡോളർ എങ്കിലും ആക്കുക, ടൂറിസം നമ്മുടെ ആയിരം ഗ്രാമങ്ങളിലും എത്തിക്കുക, ടൂറിസം രംഗത്ത് ഓരോ ഗ്രാമത്തിലും ചുരുങ്ങിയത് നൂറു പുതിയ സംരംഭകരെ എങ്കിലും കൊണ്ടുവരാൻ സഹായിക്കുക, മാസം നാല്പതിനായിരം രൂപയിലും അധികം ശമ്പളമുള്ള അഞ്ചു തൊഴിൽ എങ്കിലും ടൂറിസം രംഗത്ത് പുതിയതായി ഉണ്ടാക്കുക എന്നിങ്ങനെ കൃത്യമായ കുറച്ചു ലക്ഷ്യങ്ങളും പദ്ധതികളുമായി വേണം നമ്മുടെ ടൂറിസം രംഗത്തെ സമീപിക്കാൻ.

ഒരു കാര്യം കേരള സമൂഹവും നയം രൂപീകരിക്കുന്നവരും മനസ്സിലാക്കിയേ പറ്റൂ. കേരളത്തിന്റെ സാമ്പത്തിക വളർച്ച നിലനിർത്താൻ, കേരളത്തിലെ സാമൂഹ്യ സുരക്ഷാ പദ്ധതികൾ തുടരാൻ, കേരളത്തിലെ യുവജനങ്ങൾക്ക് ഇവിടെ സാമാന്യം ശമ്പളം ലഭിക്കുന്ന തൊഴിൽ ലഭിക്കാൻ കേരളത്തിലേക്ക് ആഗോള  ടൂറിസം വന്നേ മതിയാവൂ. അതേസമയം ആഗോള ടൂറിസ്റ്റുകൾക്ക് കേരളം വേണം എന്നൊരു നിർബന്ധവും ഇല്ല. ലോകത്ത് അറിയുന്നതും അറിയപ്പെടാത്തതും ആയി എത്രയോ ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകൾ ഉണ്ട്. അവരെല്ലാം ടൂറിസത്തിലെ കുതിച്ചുചാട്ടം ശ്രദ്ധിക്കുകയാണ്. ആഗോള ടൂറിസം എന്നത് ഏറ്റവും ജനാധിപത്യപരമായ വ്യവസായമാണ്. ജനാധിപത്യം ഇല്ലാത്ത രാജ്യങ്ങളിൽ നിന്നുള്ള ടൂറിസ്റ്റുകൾക്ക് പോലും എവിടെയാണ് അവർ അവധിക്ക് പോകേണ്ടത് എന്ന് തീരുമാനിക്കാനുള്ള അധികാരം ഉണ്ട്. അതായത് കേരളത്തെ ആഗോള ടൂറിസത്തിന്റെ ഓവർ ഫ്ലോയുടെ ഗുണഭോക്താവാക്കാൻ നമ്മൾ ശ്രമിച്ചില്ലെങ്കിൽ ടൂറിസ്റ്റുകൾ മറ്റെവിടെയെങ്കിലും പോകും.

സമയം നമ്മുടെ കൈയിലല്ല.

മുരളി തുമ്മാരുകുടി

Leave a Comment