വേനലവധി തുടങ്ങിയപ്പോൾ തന്നെ മുങ്ങിമരണത്തെപ്പറ്റി ഒരു കമന്റിട്ടിരുന്നു. എന്നിട്ടും നാട്ടിൽ പോയിട്ട് ദിവസം രണ്ടെങ്കിലും കുട്ടികളുടെ മുങ്ങി മരണം വായിച്ചു.
ഇന്നിതാ ഇൻഫോ പാർക്കിൽ നിന്നും ഇരട്ട മരണം. പപ്പടവടയിലെ കൂട്ടായ്മയിൽ ഏറ്റവും കൂടുതൽ പേർ ഇൻഫോപാർക്കിൽ നിന്നായിരുന്നു. ഇലക്ഷന് നിൽക്കുകയാണെങ്കിൽ ഇൻഫോപാർക്ക് ഉള്ള നിയോജകമണ്ഡലത്തിൽ നിന്ന് തന്നെ എന്ന് ഉറപ്പിച്ചതാണ്. ഇന്ന് ഈ വാർത്ത കണ്ടപ്പോൾ അവിടെ പോലും എന്റെ ലേഖനങ്ങൾക്ക് വലിയ വായന ഇല്ല എന്ന് മനസ്സിലായി. കഷ്ടം.
ഒരു കാര്യം കൂടി പറയാം. കഴിഞ്ഞ വർഷം ഞാൻ മൂവാറ്റുപുഴയിൽ ഒരു റിസോർട്ടിൽ പോയിരുന്നു, പുഴക്ക് അടുത്താണ്. ആളുകൾ കുളിക്കാൻ ഇറങ്ങുന്നിടത്ത് ഒരു രക്ഷാ സംവിധാനവും ഇല്ല. ഞാൻ അത് ഇവിടെ പേര് സഹിതം പറഞ്ഞു. ഉടനെ വന്നു ചിലർ “ചേട്ടാ, പാവം ആണ്, ജീവിക്കാൻ വേണ്ടി ചെയ്യുന്നതാണ്, പോസ്റ്റ് മാറ്റിയില്ലെങ്കിൽ അവരുടെ ബിസിനസ്സ് പോകും” എന്നൊക്കെ. ഒരാളുടെ ജീവനോളം വലുതാണോ മറ്റൊരാളുടെ ജീവനോപാധി?
വെള്ളവും ആയി ബന്ധപ്പെട്ട് ടൂറിസം നടത്തുന്ന എവിടെയും ഒരു ലൈഫ് ബോയ് ഉണ്ടന്നത് നിർബന്ധം ആക്കണം. പതിനായിരം രൂപ പോലും ചിലവില്ല. മുങ്ങിപ്പോകുന്നവരെ പുറത്തെടുത്താൽ പ്രഥമ ശുശ്രൂഷ കൊടുക്കേണ്ടത് എങ്ങനെ എന്ന് ഒരു ജോലിക്കാരൻ എങ്കിലും പഠിച്ചിരിക്കണം. ഇതൊന്നും ചെയ്യാത്ത പാവങ്ങൾ ആണ് ആളെ കൊള്ളുന്നത്. ഇതൊന്നും ഇല്ലാത്ത റിസോർട്ടോ ബോട്ടോ ഒക്കെ കണ്ടാൽ അവരോടും പറയണം, ഇവിടെ ഒരു പോസ്റ്റും ഇടണം. ആരെങ്കിലും ഒക്കെ രക്ഷപെട്ടാലോ.
Leave a Comment