ഒരു വർഷത്തിൽ അര ഡസൻ ആളുകളെങ്കിലും കേരളത്തിൽ കിണറോ ടാങ്കോ വൃത്തിയാക്കുമ്പോൾ ശ്വാസംമുട്ടി മരിക്കുന്നുണ്ട്.
ഓക്സിജൻ കുറയുന്നതിനേക്കാൾ കാർബൺ മോണോക്‌സൈഡ് അല്ലെങ്കിൽ ഹൈഡ്രജൻ സൾഫൈഡ് കൂടുതൽ ഉള്ളതുകൊണ്ടാണ് ഇത്ര പെട്ടെന്ന് മരണം സംഭവിക്കുന്നത്.
ദ്രവമാലിന്യങ്ങൾ വേണ്ടത്ര ഓക്സിജൻ ഇല്ലാതെ അഴുകുമ്പോഴാണ് ഈ സാഹചര്യം ഉണ്ടാകുന്നത്. ഇതിൽ തന്നെ ഹൈഡ്രജൻ സൾഫൈഡ് ആണ് ഉണ്ടാകുന്നതെങ്കിൽ രൂക്ഷമായ ഗന്ധം ഉണ്ടാകും, അതൊരു മുന്നറിയിപ്പ് ആണ്. പക്ഷെ കാർബൺ മോണോക്‌സൈഡ് അങ്ങനെയല്ല. ഒരു ഗന്ധവും ഇല്ല, പക്ഷെ പെട്ടെന്ന് തന്നെ ആളെ മയക്കിവീഴ്ത്തും.
“Confined Space Entry” എന്നുള്ളത് സുരക്ഷാ രംഗത്ത് പ്രവർത്തിക്കുന്ന എല്ലാവരും ആദ്യമേ പഠിക്കുന്ന പാഠമാണ്. അതിന് കൃത്യമായ മാനദണ്ഡങ്ങൾ, വ്യക്തി സുരക്ഷാ ഉപകരണങ്ങൾ, ഗ്യാസ് മോണിറ്ററിങ് സംവിധാനം ഇതൊക്കെ ഉണ്ട്.
നിങ്ങൾ ഇറങ്ങുന്ന ടാങ്കിലോ കിണറിലോ ഇത്തരം വിഷവാതകങ്ങൾ ഉണ്ടോ, ഓക്സിജന്റെ അളവ് കുറവുണ്ടോ എന്ന് പരിശോധിക്കുന്നതാണ് ആദ്യത്തെ പടി. അതിന് വാട്ട്സ്ആപ്പ് യൂണിവേഴ്സിറ്റിയിലെ തന്ത്രങ്ങൾ ഒന്നും പോര. വെറും ആറായിരം രൂപ വിലയുള്ള ഒരു മൾട്ടി ഗ്യാസ് മോണിറ്റർ ഉണ്ടെങ്കിൽ കാര്യം സുരക്ഷിതമാക്കാം. ഇത് ഞാൻ ഇവിടെത്തന്നെ അമ്പത് പ്രാവശ്യമെങ്കിലും പറഞ്ഞിട്ടുണ്ട്. ഓരോന്നും ഓരോ മരണങ്ങൾക്ക് ശേഷമാണ്.
നഷ്ടപ്പെട്ട ആ ജീവന്റെ വില എന്താണ്? നമ്മുടെ സമൂഹം ജീവന് ഒരു വിലയും കല്പിക്കാത്തതാണ് അടിസ്ഥാന കാരണം. മൾട്ടി ഗ്യാസ് മീറ്റർ മാത്രമുള്ളതുകൊണ്ട് കാര്യമില്ല. ഇത്തരം ജോലികൾ പ്രത്യേക പരിശീലനം നടത്തിയ ആളുകൾ മാത്രം ചെയ്യണമെന്ന് നിഷ്കർഷിക്കണം, അവർക്ക് അതിന് പരിശീലനവും വ്യക്തി സുരക്ഷാ ഉപകരണങ്ങളും വേണമെന്ന് നിർബന്ധമാക്കണം.
ഇങ്ങനെ ചെയ്താൽ വളരെ കൂലി കൂടുതലുള്ള ഒരു തൊഴിലായി ഇത് മാറും. അപ്പോൾ തൊഴിലാളികൾ തന്നെ അവരുടെ ജീവന് കൂടുതൽ വില കല്പിക്കും, വേണ്ടത്ര വ്യക്തി സുരക്ഷാ ഉപകരണങ്ങൾ വാങ്ങുകയും ചെയ്യും.
ഇത്തരത്തിലുള്ള മരണം അവസാനത്തേത് അല്ല എന്നെനിക്കറിയാം. എങ്കിലും എന്റെ സുഹൃത്തുക്കളുടെ വീട്ടിലോ സ്ഥാപനത്തിലോ എങ്കിലും ഇത്തരം പ്രവർത്തികൾ ചെയ്യുന്നതിന് മുൻപ് ശ്രദ്ധിക്കുക. സുരക്ഷിതരായിരിക്കുക!
മുരളി തുമ്മാരുകുടി
Leave a Comment