പൊതു വിഭാഗം

ജാഗ്രതയും മുന്നൊരുക്കവും…

ഞായറാഴ്ച വൈകിട്ട് കൊച്ചിയിൽ നിന്നും ജനീവയിലേക്ക് പുറപ്പെട്ടു. പതിവിലും വളരെ കുറച്ച് ആളുകൾ മാത്രമേ ബന്ധുക്കളെ യാത്രയാക്കാൻ കൊച്ചി വിമാനത്താവളത്തിൽ ഉണ്ടായിരുന്നുള്ളൂ. വിമാനത്താവളത്തിലുള്ള നാലിലൊന്ന് ആളുകളും മാസ്ക് ധരിച്ചിരുന്നു.
 
അബുദാബിയിലും സ്ഥിതിഗതികൾ വ്യത്യസ്തമല്ല. പല നാടുകളിൽ നിന്നുള്ള ആളുകളിൽ മാസ്ക് ധരിച്ചവരുടെ എണ്ണം കൊച്ചിയിലേക്കാൾ ഇരട്ടിയാണ്. ഹോട്ടലിലും ഷോപ്പിങ്ങിലും ആളുകൾ കുറവ്, ബോർഡിങ്ങ് ഗേറ്റിലും ആളുകൾ കൂട്ടംകൂടി നിൽക്കുന്നും സംസാരിക്കുന്നുമില്ല. അല്പം പേടിപ്പിക്കുന്ന അന്തരീക്ഷം.
 
തിങ്കളാഴ്ച രാവിലെ ആറുമണിക്ക് ജനീവയിൽ എത്തി. ഇറ്റലിയിൽ കൊറോണ വൈറസ് ഏറ്റവും ബാധിച്ചിരിക്കുന്ന മിലാൻ ജനീവയിൽ നിന്നും അരമണിക്കൂർ പോലും ആകാശ ദൂരത്തല്ല. അതുകൊണ്ട് എന്തെങ്കിലും ചോദ്യമുണ്ടാകുമെന്ന് വിചാരിച്ചെങ്കിലും ഉണ്ടായില്ല. വരുന്നവരുടെ ചൂടും പരിശോധിക്കുന്നില്ല. COVID 19 സാഹചര്യങ്ങൾ എയർപോർട്ടിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. യാത്രക്ക് ശേഷം പനിയോ ചുമയോ ഉണ്ടായാൽ എന്ത് ചെയ്യണമെന്നും ബന്ധപ്പെടേണ്ട ഫോൺ നന്പറും ഉണ്ട്. വിമാനത്താവളത്തിലെ ജോലിക്കാരിൽ ആരും മാസ്ക് ധരിച്ചിട്ടില്ല, വിമാനത്താവളത്തിന് പുറത്ത് എല്ലാം പതിവുപോലെ തന്നെ.
 
വീട്ടിലെത്തി ഒരു മണിക്കൂറിനകം ഓഫീസിൽ എത്തിയപ്പോൾ പ്രധാന വിഷയം എമർജൻസി പ്ലാനിംഗ് ആണ്. എല്ലാ കാലത്തും ഐക്യരാഷ്ട്ര സഭക്ക് ഉത്തരവാദിത്തങ്ങൾ നിറവേറ്റാനുണ്ട്, ദുരന്തങ്ങളുടെ കാലത്ത് പ്രത്യേകിച്ചും. കൂടാതെ ജോലി ചെയ്യുന്നവരുടെ സുരക്ഷ ഉറപ്പു വരുത്തുകയും വേണം. ഇതിനൊക്കെയായി ‘ബിസിനസ്സ് കണ്ടിന്യൂവിറ്റി പ്ലാൻ’ ഉണ്ട്. ഒരു എമർജൻസി ഉണ്ടായാൽ എങ്ങനെയാണ് അത് കൈകാര്യം ചെയേണ്ടത്, ആളുകളെ അവിടെ നിന്നും മാറ്റേണ്ടി വന്നാൽ എങ്ങനെയാണ് ചെയ്യുന്നത്, ആളുകൾ ഓഫീസിൽ എത്തിയില്ലെങ്കിലും എങ്ങനെയാണ് പ്രോജക്ടുകൾ നടത്തിക്കൊണ്ടുപോകേണ്ടത് എന്നതിനെല്ലാം പ്രോട്ടോക്കോൾ ഉണ്ട്. അഫ്ഘാനിസ്ഥാനിലും സുഡാനിലും ഉൾപ്പടെ യുദ്ധവും വിപ്ലവവും ഉണ്ടായിട്ടുള്ളതുകൊണ്ട് പലപ്പോഴും അത് പ്രാബല്യത്തിൽ വരുത്തേണ്ടി വരാറുമുണ്ട്. ജനീവ പൊതുവിൽ സുരക്ഷിതമായ ഒരു പ്രദേശമായതിനാൽ കഴിഞ്ഞ രണ്ടു പതിറ്റാണ്ടിൽ ഒരിക്കലും അങ്ങനെ ഒരു സാഹചര്യം ഉണ്ടായിട്ടില്ല. പക്ഷെ ഇറ്റലിയിൽ വലിയ ഒരു പ്രദേശം യാത്ര വിലക്കുകൾ ഏർപ്പെടുത്തിയ സാഹചര്യത്തിൽ അങ്ങനെയുള്ള സാഹചര്യങ്ങൾ ജനീവയിൽ ഉണ്ടായാൽ എങ്ങനെ തയ്യാറെടുക്കാം എന്നതായിരുന്നു പ്രധാന ചർച്ച. ഈ ആഴ്ച അവസാനം ഒന്നോ രണ്ടോ സെനാറിയോകൾ ടെസ്റ്റ് ചെയ്ത് എവിടെയാണ് കൂടുതൽ തയ്യാറെടുപ്പുകൾ വേണ്ടതെന്ന് കണ്ടുപിടിക്കും. അത് കഴിഞ്ഞാൽ പിന്നെ ജാഗ്രതയോടെ പണികൾ തുടരും.
 
കേരളത്തിൽ നിന്നുള്ള വാർത്തകളും ഫേസ്ബുക്കിലെ ടൈം ലൈനും കൊറോണയാൽ നിറഞ്ഞിരിക്കുന്നു. ടി വി യും വ്യത്യസ്തമാകാൻ വഴിയില്ല. പോരാത്തതിന് ഫേക് ന്യൂസും തട്ടിപ്പ് ഉപദേശങ്ങളുമായി വാട്ട്സ്ആപ്പ് വിദഗ്ദ്ധരും രംഗത്തുണ്ട്. ആളുകൾ ഇത് തന്നെ കാണുന്നു, വായിക്കുന്നു, സംസാരിക്കുന്നു, പേടിക്കുന്നു, മറ്റുള്ളവരെ പേടിപ്പിക്കുന്നു.
 
ഏതൊരു ദുരന്തകാലത്തും വേണ്ടത് പേടിയും ആശങ്കയും അല്ല, ജാഗ്രതയും മുന്നൊരുക്കവും ആണ്. എങ്ങനെയാണ് കൊറോണയെ കൈകാര്യം ചെയ്യേണ്ടതെന്ന് ലോകാരോഗ്യ സംഘടന കൃത്യമായി നിർദ്ദേശങ്ങൾ നൽകുന്നുണ്ട്. കേരളത്തിലെ ആരോഗ്യ വകുപ്പ് ഏറ്റവും കാര്യക്ഷമമായിട്ടാണ് കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത്. ഇവരുടെ നിർദ്ദേശങ്ങൾ വായിക്കുക, മനസ്സിലാക്കുക, പാലിക്കുക, മറ്റുള്ളവരെ പറഞ്ഞു മനസിലാക്കുക, ഇതൊക്കെയാണ് നാം ചെയ്യേണ്ടത്.
 
2018 ലെ പ്രളയ കാലത്തും ഞാൻ പറഞ്ഞ ഒരു കാര്യം പുറത്തു നടക്കുന്ന പ്രളയം എപ്പോഴും വീടിന്റെ സിറ്റിംഗ് റൂമിൽ സംസാരവിഷയം ആക്കരുത് എന്നാണ്. ഇത് വീട്ടിലെ കുട്ടികളെയും ഭിന്നശേഷി ഉള്ളവരെയും പ്രായമായവരേയും ഭയപ്പെടുത്തും. കൊറോണയുടെ കാര്യവും വ്യത്യസ്തമല്ല. സർക്കാർ നിർദ്ദേശങ്ങൾക്കപ്പുറം ഓരോ മണിക്കൂറിലും പുതിയതായി വരുന്ന വീഡിയോയും, വാട്ട്സ്ആപ്പ് സന്ദേശങ്ങളും, പവർ പോയിന്റുകളും വായിച്ചും ഫോർവേഡ് ചെയ്തും ടെൻഷൻ കൂട്ടരുത്.
 
വ്യക്തിപരമായി കൊറോണ വരാനുള്ള സാദ്ധ്യതകൾ എന്തൊക്കെ ഉണ്ടെന്നും അത് പരമാവധി ഒഴിവാക്കാൻ എന്ത് മുൻകരുതലുകൾ എടുക്കണമെന്നും ചിന്തിക്കുക. ഇത് കുടുംബത്തിലും ഓഫീസിലും വേണം. സ്വിറ്റ്സർലാണ്ടിലും ഫ്രാൻസിലും ആയിരം പേരിൽ കൂടുതൽ പങ്കെടുക്കുന്ന എല്ലാ പരിപാടികളും, ഔദ്യോഗികവും, സാമൂഹ്യവും, വ്യക്തിപരവും, ആയവ സർക്കാർ നിരോധിച്ചിരിക്കുകയാണ്. കേരളത്തിലെ ശരാശരി വിവാഹം പോലും ഇപ്പോൾ ആയിരത്തിൽ കൂടുതൽ ആളുകൾ ഉള്ളതാണ്. വിവാഹത്തിന് അധികമുള്ള ആളുകളെ ക്ഷണിക്കുന്നത് ഒഴിവാക്കാൻ പറ്റിയ കാലമാണ്. ടോയ്‌ലറ്റിൽ പോയി വന്നാൽ പോലും കൈ കഴുകുന്ന ശീലം ഇനിയും ശരിക്കു പഠിക്കാത്ത മലയാളികൾക്ക് അത് പഠിക്കാനും പറ്റിയ സമയമാണ്.
ഓഫിസിലും ശ്രദ്ധിക്കേണ്ട കാര്യങ്ങളുണ്ട്. മീറ്റിംഗുകളും യാത്രകളും ഒഴിവാക്കി ഫോണിലും വീഡിയോ കോൺഫറൻസിലും ജോലികൾ ചെയ്യാമല്ലോ. എല്ലാ ആളുകളും എല്ലാ ദിവസവും ഓഫീസിൽ വരേണ്ട കാര്യമുണ്ടോ? ആഴ്ചയിൽ ഒരു ദിവസം വീട്ടിലിരുന്നു ജോലി ചെയ്ത് നോക്കാം. പുതിയ തൊഴിൽ രീതികളും സംസ്കാരങ്ങളും പരീക്ഷിക്കാനുള്ള കാലവും കൂടിയാണിത്. ചെറിയ പനിയും ചുമയുമുണ്ടെങ്കിലും ആത്മാർത്ഥത കാരണം ആളുകൾ ഓഫീസിൽ വരുന്ന സംസ്‌ക്കാരമുള്ള നാടാണ് കേരളം. ഈ തെറ്റായ രീതിയും മാറ്റാൻ പറ്റിയ കാലമാണ്.
കാര്യങ്ങൾ ഇതിനപ്പുറവും കാണണം. കൊറോണ ആഗോള സന്പദ്‌വ്യവസ്ഥയിൽ ഇപ്പോൾ തന്നെ കുഴപ്പങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. ടൂറിസവും എയർ ലൈനും ആയി ബന്ധപ്പെട്ട ബിസിനസ്സിൽ ആണ് നിങ്ങൾ എങ്കിൽ ഇക്കാര്യം ഇപ്പോൾ തന്നെ നിങ്ങൾക്ക് അറിയാം. മറ്റുള്ള രംഗത്തേക്കും ഇത് പടരും. എങ്ങനെയാണ് നിങ്ങൾ ഉൾപ്പെട്ട പ്രസ്ഥാനങ്ങളെ കൊറോണ ബാധിക്കാൻ പോകുന്നത്? ഏതെങ്കിലും തരത്തിൽ അതിന്റെ ആഘാതം കുറയ്‌ക്കാൻ പറ്റുമോ? എന്നെല്ലാം ചർച്ച ചെയ്യേണ്ട സമയമാണ്.
 
സർക്കാരും ശ്രദ്ധിക്കേണ്ട കാര്യങ്ങളുണ്ട്. കൊറോണ കാലം കടന്നു പോകുമെങ്കിലും ആഗോള സന്പദ്‌വ്യവസ്ഥയെ ഇത് കാര്യമായി ബാധിച്ചുകൊണ്ടിരിക്കുകയാണ്. ടൂറിസം വലുതായി കുറഞ്ഞു, വിമാന യാത്രകൾ കുറഞ്ഞതോടെ അവിടെ നിന്നും നഷ്ടത്തിന്റെ കഥകൾ ആണ് കേൾക്കാൻ പോകുന്നത്, എണ്ണവില അടുത്തകാലത്തൊന്നും എത്താത്തത്ര ബാരലിന് മുപ്പത് ഡോളറിൽ താഴെ ആകാൻ പോകുന്നു. ഇതെല്ലാം എങ്ങനെയാണ് കേരളത്തിന്റെ സന്പദ്‌വ്യവസ്ഥയെ ബാധിച്ചേക്കാവുന്നത്? ഇതിന്റെ പ്രത്യാഘാതങ്ങൾ കുറക്കാൻ എന്തൊക്കെ മുൻകരുതലുകളാണ് ഇപ്പോൾ നമുക്ക് എടുക്കാൻ സാധിക്കുന്നത്? യാത്രകൾ കുറയുകയും ജോലികൾ ലോകത്തെവിടെ നിന്നും ചെയ്യാൻ സാധിക്കുകയും ചെയ്യുന്ന ഒരു കാലവും സംസ്കാരവും ഉണ്ടായാൽ ഉന്നത വിദ്യാഭ്യാസമുള്ളവർ ധാരാളമുള്ളതും, നല്ല കണക്ടിവിറ്റിയുള്ളതും പൊതുവിൽ ജീവിത ചിലവ് കുറഞ്ഞതുമായ കേരളത്തിന് വലിയ സാധ്യതകളുണ്ട്. എങ്ങനെയാണ് ആ സാധ്യതകളെ നമുക്ക് പരമാവധി പ്രയോജനപ്പെടുത്താൻ സാധിക്കുന്നത്? ഇതൊക്കെയാകട്ടെ നാം ശ്രദ്ധിക്കുന്ന കാര്യങ്ങൾ.
 
സുരക്ഷിതരായിരിക്കുക!
 
മുരളി തുമ്മാരുകുടി

Leave a Comment