ജസ്റ്റീസ് ഹേമ കമ്മിറ്റി റിപ്പോർട്ട് ഭാഗികമായെങ്കിലും പുറത്ത് വന്നതിന് ശേഷം ആശാവഹമായ കാര്യങ്ങളാണ് കേരളസമൂഹത്തിൽ ഉണ്ടായത്.
- ഈ രംഗത്ത് നടക്കുന്ന ലൈംഗികചൂഷണങ്ങളെപ്പറ്റിയും മനുഷ്യാവകാശ ലംഘനങ്ങളെപ്പറ്റിയും പൊതുസമൂഹത്തിൽ കൂടുതൽ അറിവും അവബോധവും ഉണ്ടായി.
- തങ്ങൾക്ക് നേരെ ഉണ്ടായ ചൂഷണങ്ങൾ വർഷങ്ങൾക്ക് ശേഷം ആണെങ്കിലും പുറത്തു പറയാൻ അതിജീവിതർക്ക് അവസരവും ആത്മവിശ്വാസവും ഉണ്ടായി.
- ഇത്തരം തുറന്നു പറച്ചിലുകളെ സമൂഹം കൂടുതൽ തന്മയീഭാവത്തോടെ കണ്ടു തുടങ്ങി.
- വിഷയത്തെ ഗൗരവമായിട്ടാണ് സർക്കാർ സമീപിക്കുന്നതെന്ന് ഉറപ്പിക്കുന്ന തരത്തിൽ സർക്കാർ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു, മൊഴിയെടുത്തു, ചിലത് കേസിലേക്കും ചിലത് മജിസ്‌ട്രേറ്റിന് മുൻപിൽ മൊഴിയെടുക്കുന്ന ഘട്ടം വരെയും എത്തി.
- മാധ്യമങ്ങൾ ഈ വിഷയത്തെ വിടാതെ പിന്തുടരുന്നു എന്ന് മാത്രമല്ല പണ്ടൊക്കെ സെലിബ്രിറ്റികളായ സിനിമാതാരങ്ങളെ മൃദുവായി കൈകാര്യം ചെയ്തിരുന്ന മാധ്യമങ്ങൾ സ്ഥിരമായും, കൃത്യമായും, ശക്തമായും ചോദ്യങ്ങൾ ചോദിച്ചുകൊണ്ടിരിക്കുന്നു.
- വിഷയത്തിൽ ഉൾപ്പെട്ടവരും വിഷയം അറിഞ്ഞിട്ടും ഒന്നും ചെയ്യാതിരുന്നവരും മാധ്യമങ്ങളുടെ മുന്നിൽ വരാൻ മടിക്കുന്നു.
ഇതൊക്കെ നല്ല തുടക്കമാണ്. നീതി തേടിയുള്ള ഇരകളുടെ യാത്രയും മലയാള സിനിമാ രംഗം ശുദ്ധീകരിക്കാനുള്ള യാത്രയും തുടങ്ങുന്നതേ ഉള്ളൂ. ഏറെ കടമ്പകൾ ഇനിയുമുണ്ട്. ഇതൊക്കെ നമ്മുടെ നീതിന്യായ സംവിധാനങ്ങളിലൂടെ കടന്നു പോകുമ്പോൾ പൂർണ്ണവിജയം ഉണ്ടാകും എന്ന് പറയാനും സാധിക്കില്ല.
ലൈംഗിക ചൂഷണവും മനുഷ്യാവകാശ ലംഘനങ്ങളും സിനിമാ രംഗത്ത് മാത്രം ഉള്ളതല്ല. മാധ്യമ രംഗത്ത്, അക്കാദമിക് രംഗത്ത്, സർക്കാരും സ്വകാര്യവും ആയിട്ടുള്ള ഔദ്യോഗിക രംഗങ്ങളിൽ, ആരോഗ്യ രംഗത്ത്, എയർ ലൈൻ ഉൾപ്പടെയുള്ള ഹോസ്പിറ്റാലിറ്റി രംഗത്ത്, അസംഘടിത മേഖലകളിൽ ഒക്കെ ഇതുണ്ട്. അവിടെയും പ്രശ്നം ഉണ്ടെന്നത് സിനിമാ രംഗത്തെ പ്രശ്നങ്ങളുടെ തീവ്രത കുറക്കുന്നില്ല. പക്ഷെ സിനിമാരംഗത്ത് സംഭവിക്കുന്ന തുറന്നുപറച്ചിൽ മറ്റു രംഗങ്ങളിൽ ഉള്ളവർക്കും തുറന്നു പറയാനുള്ള ആത്മവിശ്വാസം നൽകിയേക്കും. സിനിമാ രംഗത്തെ ചൂഷകർക്ക് സംഭവിക്കുന്നത് മറ്റു രംഗത്തുള്ള ചൂഷകരും ശ്രദ്ധിക്കും, അവർ അല്പമൊക്കെ മര്യാദക്കാരാകാനും മതി.
എന്താണെങ്കിലും കേരള സാമൂഹ്യ ചരിത്രത്തിലെ ഒരു പ്രധാനപ്പെട്ട സമയമാണ് കടന്നു പോകുന്നത്. പൊതുസമൂഹം ഇതുവരെ വളരെ നന്നായിട്ടാണ് ഇതിൽ ഇടപെടുന്നത്. ഈ ശ്രദ്ധയും കരുതലും തുടരണം. ചൂഷണ വിമുക്തമായ ഒരു കേരളം ഉണ്ടാക്കിയെടുക്കേണ്ടത് അടുത്ത തലമുറയോടുള്ള നമ്മുടെ ഉത്തരവാദിത്തമാണ്.
മുരളി തുമ്മാരുകുടി
Leave a Comment