സിനിമാരംഗത്തെ ലൈംഗികചൂഷണങ്ങളെപ്പറ്റി സിനിമയെപ്പറ്റി കേൾക്കുന്ന കാലം തൊട്ടേ കേൾക്കുന്നതാണ്. കാലവും നൂറ്റാണ്ടും മാറിയിട്ടും കാര്യങ്ങൾ ഇപ്പോഴും ‘ബ്ലാക്ക് ആൻഡ് വൈറ്റ്’ കാലത്ത് നിന്നും മാറിയിട്ടില്ല എന്നത് തെറ്റാണ്, ഒരു പരിഷ്കൃത സമൂഹത്തിന് അപമാനകരമാണ്.
ഇത്തരത്തിൽ സ്ത്രീകളെ പീഡിപ്പിക്കുകയും ചൂഷണം ചെയ്യുകയും ചെയ്യുന്നവർ ‘താരങ്ങളായി’ ഇപ്പോഴും നമ്മുടെ മുന്നിൽ നിൽക്കുന്നു എന്നതും, അവർ ചെയ്ത കുറ്റങ്ങൾക്ക് യാതൊരു ശിക്ഷയോ പ്രത്യാഘാതമോ ഇല്ലാതെ തുടരുമെന്നതും എന്നെ നടുക്കുന്നുണ്ട്.
റിപ്പോർട്ട് പൊതുജനങ്ങളുടെ മുന്നിൽ വെക്കാൻ സമയം എടുത്തതിന് എന്തൊക്കെ കാരണങ്ങൾ ഉണ്ടായാലും റിപ്പോർട്ട് സർക്കാരിന് ലഭിച്ചതിന് ശേഷം അവരുടെ കണ്ടെത്തലുകളിലും ശിപാർശകളിലും സാംസ്കാരിക മന്ത്രിമാർ എന്ത് തീരുമാനമെടുത്തു എന്നറിയാൻ ജനങ്ങൾക്ക് തീർച്ചയായും അവകാശമുണ്ട്.
പ്രത്യേകിച്ചും ആരോപണ വിധേയരായവർ തന്നെ ഇപ്പോൾ സർക്കാർ സ്ഥാപനങ്ങളിലും കമ്മിറ്റികളിലും ഉണ്ടാകുമോ? അവർക്ക് സർക്കാർ കോൺടാക്ടുകളും പുരസ്കാരങ്ങളും ഈ കഴിഞ്ഞ നാലു വർഷത്തിനകം ലഭിച്ചിട്ടുണ്ടാകുമോ? അങ്ങനെ സംഭവിച്ചാൽ അവർക്കെതിരെ മൊഴി നൽകിയവർക്ക് എന്ത് സന്ദേശമാണ് നൽകുന്നത്?
ഒരാൾ ആരോപണ വിധേയൻ ആയതുകൊണ്ട് അയാൾ തെറ്റുകാരൻ ആകണമെന്നില്ല. ഇപ്പോൾ അവരുടെ പേരുകൾ പുറത്തു വരാത്തത് കൊണ്ട് നായകൻമാർ മുതൽ പ്രൊഡക്ഷൻ കൺട്രോളർ വരെയുള്ള സിനിമാലോകം ആകെ സംശയത്തിന്റെ നിഴലിലാണ്. ഇവിടെ നെല്ലും പതിരും തിരിച്ച് എങ്ങനെയാണ് ആരോഗ്യകരമായ ഒരു തൊഴിൽമേഖല സിനിമാരംഗത്ത് ഉണ്ടാക്കുന്നത്?
#metoo മൂവ്മെന്റിനു ശേഷം ലോകത്തെമ്പാടും ഇത്തരം സാഹചര്യങ്ങൾ ഉണ്ടായി. അത് കൈകാര്യം ചെയ്തതിന്റെ നല്ല മാതൃകകൾ ഉണ്ടല്ലോ?
ഒരു കാര്യം മാത്രം പ്രതീക്ഷ നൽകുന്നു. സിനിമാരംഗത്തും ആത്മവിശ്വാസമുള്ള സ്ത്രീകളുടെ കൂട്ടായ്മ വളർന്നു വരുന്നു. അവരെ ചവിട്ടിത്താഴ്ത്താനുള്ള ശ്രമങ്ങളെ അതിജീവിച്ചും അവർ മുന്നോട്ടുപോകുന്നു!
സമൂഹത്തിന്റെ പിന്തുണ അവർക്കാകണം. മറ്റേതൊരു തൊഴിൽ രംഗത്തേയും പോലെ തൊഴിൽ കിട്ടാനും തുടരാനും ലൈംഗികചൂഷണങ്ങൾക്കും പീഡനങ്ങൾക്കും നിന്നുകൊടുക്കേണ്ട ഗതികേട് ഉണ്ടാകരുത്.
നമ്മൾ ഇരുപത്തി ഒന്നാം നൂറ്റാണ്ടിൽ ആണ്.
മുരളി തുമ്മാരുകുടി
Leave a Comment