സുപ്രീം കോടതിയിൽ ജസ്റ്റീസ് ചന്ദ്രചൂഡ് ചീഫ് ജസ്റ്റീസ് ആയിരിക്കുമ്പോൾ സ്ഥിരമായി ഒരു മണിക്കൂർ സുപ്രീം കോടതിയിലെ വാദപ്രതിവാദങ്ങൾ കാണുമായിരുന്നു. പ്രത്യേകിച്ചും ചന്ദ്രചൂഡും കപിൽ സിബലും രംഗത്തുള്ളപ്പോൾ. വളരെ വിജ്ഞാനപ്രദമായിരുന്നു ആ രംഗങ്ങൾ. ഇപ്പോൾ അത് തീർന്നു. അങ്ങനെ കിട്ടിയ സമയം സഫാരി ടി.വി. കാണുന്നു.
നമുക്ക് സാധാരണഗതിയിൽ അധികം അറിവില്ലാത്തതും അറിയാൻ സാധ്യതയില്ലാത്തതുമായ രംഗങ്ങളിൽ നിന്നുള്ളവർ സംസാരിക്കുമ്പോൾ കേട്ടിരിക്കാൻ ഉത്സാഹമാണ്. ട്രെയിൻ ഡ്രൈവറുടെ ജോലിയും കാഴ്ചകളും ഒക്കെ അത്തരത്തിലുള്ളവയാണ്.
കഴിഞ്ഞ ദിവസമാണ് ജയിലിലെ വിശേഷങ്ങൾ ജയിലറുടെ കണ്ണുകളിലൂടെ കാണിക്കുന്ന ഒരു പ്രോഗ്രാം കാണുന്നത്. ഇതിൽ പറഞ്ഞ പല കാര്യങ്ങളും എന്നെ അമ്പരപ്പിച്ചു.
ജയിലിലെ കിടപ്പ്, ഭക്ഷണം, വസ്ത്രം തുടങ്ങിയ കാര്യങ്ങളെല്ലാം ഇപ്പോഴും വളരെ നാളുകൾക്ക് മുൻപ് തീരുമാനിക്കപ്പെട്ട രീതിയിലാണ്.
ഉദാഹരണത്തിന് കേരളത്തിലെ ആളുകൾ പായയിൽ കിടന്നിരുന്ന കാലത്തായിരിക്കണം ജയിലിലും അന്തേവാസികൾക്ക് പായ കൊടുത്തത്. എന്നാൽ കേരളം പായയിൽ നിന്നും കിടക്കയിലേക്കും നിലത്തു നിന്നും കട്ടിലിലേക്കും മാറിയെങ്കിലും ജയിൽപുള്ളികൾ ഇപ്പോഴും നിലത്ത് പായയിൽ തന്നെ.
ഒരു കാലത്ത് പരുക്കനിട്ട തറ ടൈൽ ആക്കിയെങ്കിലും നിലത്തു നിന്നും കട്ടിലിലേക്ക് ഒരു മാറ്റം ഇതുവരെയില്ല. തലയിണ എന്നത് പ്രത്യേകം മെഡിക്കൽ സർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ മാത്രം ലഭിക്കുന്നതാണ്. ജയിലിലെ ആൺ അന്തേവാസികളെല്ലാം, ഒരിക്കലും മുണ്ടെടുത്തിട്ടില്ലാത്ത വിദേശികൾ ഉൾപ്പെടെ, മുണ്ടുടുക്കണം എന്നാണത്രെ നിർദ്ദേശം. പല്ലു തേക്കാൻ ഇപ്പോഴും ഉമിക്കരി തന്നെ. സ്ത്രീകളുടെ വേഷം ഇപ്പോഴും സാരിയും റൗക്കയും ആണെന്നാണ് അദ്ദേഹം പറഞ്ഞതിൽ നിന്നും മനസ്സിലാക്കിയത്.
ഇതൊക്കെ കാലോചിതമായി മാറ്റണമെന്നാണ് ഇദ്ദേഹത്തിന്റെ അഭിപ്രായം. ഞാൻ പൂർണ്ണമായി അംഗീകരിക്കുന്നു.
എന്തുകൊണ്ടാണ് നമ്മുടെ നാട് ഇരുപത്തി ഒന്നാം നൂറ്റാണ്ടിൽ എത്തിയിട്ടും ചില ജയിൽ രീതികൾ ഇപ്പോഴും പത്തൊമ്പതാം നൂറ്റാണ്ടിൽ കിടക്കുന്നത്?
ജയിലിൽ പോകുന്നവർ പൊതുവെ ഏതെങ്കിലും കുറ്റം ചെയ്തവർ ആയത് കൊണ്ടുതന്നെ പൊതുജനങ്ങൾക്ക് ഈ വിഷയത്തിൽ അത്ര താല്പര്യമില്ല.
ജയിലിൽ പോകുന്നത് കേരള ജനസംഖ്യയുടെ ചെറിയൊരു ശതമാനമാണ്. മൂന്നു കോടി ജനസംഖ്യയുള്ള കേരളത്തിൽ പതിനായിരം പേരാണ് ജയിലിലുള്ളത്. അതായത് ഒരു ലക്ഷത്തിന് 33 പേർ. ഇത് ലോകത്തെ ഏറ്റവും കുറഞ്ഞ നിരക്കുകളിൽ ഒന്നാണ്. അമേരിക്കയിൽ ഇത് ഒരു ലക്ഷത്തിന് ആയിരത്തിൽ മുകളിൽ ആണ്. പൊതുവെ സുരക്ഷിതമായ സ്വിറ്റ്സർലാന്റിൽ പോലും നമ്മുടെ ഇരട്ടിയാണ് ആനുപാതികമായി ജയിലിലുള്ളവരുടെ എണ്ണം. ജയിലിൽ കിടക്കുന്നവരുടെ എണ്ണം കുറവായതും അവർ പൊതുവിൽ സാമ്പത്തികമായി ഏറ്റവും പിന്നോക്കമായവർ ആയതും ഇക്കാര്യത്തിൽ ആർക്കും അത്ര താല്പര്യമില്ലാത്തതിന് മറ്റു കാരണങ്ങളാണ്.
ഇപ്പോൾത്തന്നെ ജയിലിൽ നല്ല ഭക്ഷണമാണെന്നും അതുകൊണ്ടാണ് നാട്ടിൽ കുറ്റവാളികൾ കൂടുന്നതെന്നും പലപ്പോഴും കമന്റുകൾ കാണാറുണ്ട്. ജയിലിൽ പാർപ്പിക്കുക എന്നതാണ് ശിക്ഷ എന്നും ജയിലിൽ പാർപ്പിക്കുന്നത് ആളുകളെ അവിടെ വേറെ ശിക്ഷക്ക് വിധേയരാക്കാനല്ല എന്നുമുള്ള അടിസ്ഥാന തത്വം മനസ്സിലാക്കാത്തത് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്.
ജയിലിൽ ഉദ്യോഗസ്ഥർ നടത്തുന്ന, അല്ലെങ്കിൽ അവരുടെ അനുമതിയോടെയോ മൗന സമ്മതത്തോടെയോ നടത്തുന്ന മോശപ്പെട്ട കാര്യങ്ങൾ സ്വാഭാവികമായും ഈ പരമ്പരയിൽ ഇല്ല. അതുകൊണ്ട് ജയിലർമാർ പറയുന്നത് കൂടാതെ ജയിലിൽ താമസിച്ചിട്ടുള്ളവർ പറയുന്ന ചില കാര്യങ്ങളും നമ്മൾ ശ്രദ്ധിക്കണം.
ജയിലിലേക്ക് വരുന്ന ഉടനെയുള്ള ‘നടയടി’ ഇപ്പോൾ സാധാരണമല്ലെങ്കിലും ചിലർക്കൊക്കെ വാർഡന്മാരുടെ മൗനാനുവാദത്തോടെ സഹതടവുകാർ അടി കൊടുക്കുന്നത് അപൂർവമല്ലെന്ന് അടുത്തയിടെ പോലും ജയിലിൽ കിടന്നവർ പറഞ്ഞിട്ടുണ്ട്.
തടവുകാർക്ക് ലഭിക്കേണ്ട നിസാരമായ അവകാശങ്ങൾ പോലും നിരസിക്കുന്നതിലോ വൈകിക്കുന്നതിലോ ആനന്ദം കണ്ടെത്തുന്ന ഉദ്യോഗസ്ഥർ!
മാറ്റം ഭൗതിക സൗകര്യങ്ങളിൽ മാത്രമല്ല, ഉദ്യോഗസ്ഥ മനോഭാവത്തിലും വേണം.
മുരളി തുമ്മാരുകുടി
Leave a Comment