പൊതു വിഭാഗം

ജപ്പാൻ, കെ റെയിൽ, അരിയാഹാരം !

“ഓ ഇനിയിപ്പോ ജപ്പാന്റെ എഫിഷ്യൻസിയെ പറ്റി കേൾക്കേണ്ടി വരും.” ജപ്പാനിലേക്ക് വരുന്ന കാര്യം ഒരു പോസ്റ്റായി ഇട്ടിരുന്നു. അതിന് ഒരു സുഹൃത്ത് നൽകിയ കമന്റാണ്. അദ്ദേഹത്തിന് നല്ലത് മാത്രം വരണേ !

എന്നാലും പുള്ളിയെ കുറ്റം പറയാൻ പറ്റില്ല. ഞാൻ പോകുന്നിടത്തു നിന്നൊക്കെ എന്തെങ്കിലും പഠിക്കാൻ ഉണ്ടെങ്കിൽ അത് ഞാൻ ഇവിടെ പറയാറുണ്ട്. (ഞാൻ പോകുന്നിടത്തൊക്കെ കേരളത്തിൽ നിന്നും അവർക്ക് എന്ത് പഠിക്കാൻ പറ്റുമെന്നും പറയാറുണ്ട്, അത് ഫേസ്ബുക്കിൽ വരാത്തത് കൊണ്ടാണ് ഞാൻ നമ്മുടെ നാട്ടിലെ നല്ല കാര്യങ്ങൾ കാണുന്നില്ല എന്ന ചിന്ത ആളുകൾക്ക് ഉള്ളത്).

ഇന്ന് ഞാൻ ജപ്പാനിലെ എഫിഷ്യൻസിയെ പറ്റി പറയുന്നില്ല. അതൊക്കെ ഏറെ പറഞ്ഞിട്ടുണ്ടല്ലോ. ഇന്ന് മലയാളികൾക്ക് ജപ്പാനിൽ നിന്നും ഏറ്റവും എളുപ്പത്തിൽ പഠിക്കാൻ പറ്റുന്ന ഒരു കാര്യം പറയാം. ലോകത്ത് ഏറ്റവും കൂടുതൽ ആയുർദൈർഘ്യമുള്ള ആളുകൾ ജപ്പാനിലാണ്. ശരാശരി 84 വയസ്സ്. മലയാളികളേക്കാൾ പത്തു വയസ്സ് കൂടുതൽ. ഇതിന് പല കാരണങ്ങൾ ഉണ്ട്, പക്ഷെ അതിൽ പ്രധാനമായ ഒന്നാണ് അവരുടെ ഭക്ഷണരീതി.

മലയാളികളെ പോലെതന്നെ അരി ആഹാരം കഴിക്കുന്നവരാണ്, കൂട്ടത്തിൽ മീനും. എന്നാൽ അവർ അരി കഴിക്കുന്നതിന്റെ അളവ് വളരെ കുറവാണ്. ശരാശരി നമ്മൾ കഴിക്കുന്ന അരിയാഹാരത്തിന്റെ നാലിലൊന്ന്. ബാക്കി മീൻ, പച്ചക്കറികൾ, സൂപ്പുകൾ, മാംസം ഒക്കെയാണ്.

അരികൊണ്ടുള്ള ആഹാരങ്ങൾ അമിതമായി കഴിക്കുന്നത് ആരോഗ്യകരമല്ലെന്ന് നമ്മുടെ ഡോക്ടർമാരും ഡയറ്റീഷ്യൻസും സ്ഥിരമായി നമുക്ക് പറഞ്ഞു തരാറുണ്ട്. നമ്മൾ അരിയാഹാരം കഴിക്കുന്നവരായത് കൊണ്ട് ഇക്കാര്യം വേഗത്തിൽ മനസ്സിലാക്കേണ്ടതാണ്. പക്ഷെ എന്തുകൊണ്ടോ നമ്മൾ അത് മനസ്സിലാക്കുന്നില്ല.

പണ്ടൊക്കെ അരിക്ക് വലിയ വിലയുണ്ടായിരുന്നതിനാൽ ഹോട്ടലുകളിൽ പോലും നിശ്ചിത അളവ് ചോറ് മാത്രമേ തരാറുള്ളൂ. സ്റ്റാൻഡേർഡ് ഊണ് എന്ന വാക്ക് പുതിയ തലമുറ കേട്ടിട്ടുണ്ടാവില്ല. ഇന്നിപ്പോൾ ഊണാണെങ്കിലും കുഴിമന്തി ആണെങ്കിലും സാധനം അൺലിമിറ്റഡ് ആണ്. അതൊക്കെയാണ് നമ്മുടെ ആയുസ്സിനെ ലിമിറ്റഡ് ആക്കുന്നത്.

അരിയാഹാരം പകുതിയാക്കാൻ ഒരു ആരോഗ്യ പ്രചാരണ പദ്ധതി തുടങ്ങണം. ജപ്പാൻ സഹായത്തോടെയാണ് കെ.റെയിൽ വരാനിരുന്നത്. അത് നമ്മൾ ഉടക്കിവെച്ചിരിക്കയാണ്. ആർക്കാണിത്ര ധൃതി ?

അതവിടെ നിൽക്കട്ടെ, നമുക്ക് അല്പം ആരോഗ്യകരമായ ശീലങ്ങളെങ്കിലും പങ്കുവെക്കാമല്ലോ. അതിന് അല്പം ധൃതിയാകാം. 

മുരളി തുമ്മാരുകുടി

May be an image of food and text

Leave a Comment