പൊതു വിഭാഗം

ജപ്പാനിലെ ഒഴിഞ്ഞ വീടുകൾ, കേരളത്തിലെ ഒഴിയുന്ന വീടുകൾ…

ജപ്പാനിൽ 90 ലക്ഷത്തോളം ഒഴിഞ്ഞ വീടുകൾ, എന്താണ് ജപ്പാനിൽ സംഭവിക്കുന്നത് എന്നാണ് ചോദ്യം? റാഡിക്കൽ ആയ സംഭവം ഒന്നുമല്ല. ടോട്ടൽ ഫെർട്ടിലിറ്റി റേറ്റ് കുറയുന്ന പ്രദേശങ്ങളിൽ പുറത്തു നിന്നും കുടിയേറ്റം സംഭവിച്ചില്ലെങ്കിൽ ഇത് സ്വാഭാവികമാണ്. ഇതാണ് ഇപ്പോൾ ജപ്പാനിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത്.

ജപ്പാനിൽ 1960 കളിൽ തന്നെ ഫെർട്ടിലിറ്റി റേറ്റ് രണ്ടിന് താഴെ ആയി. എന്നിട്ടും ജപ്പാൻ കുടിയേറ്റത്തിന്റെ കാര്യത്തിൽ കർശനമായ നിയന്ത്രണങ്ങൾ നിലനിർത്തി. ജപ്പാനിലെ ആളുകളുടെ ശരാശരി ആയുസ്സ് എഴുപത് വയസ്സിൽ താഴെ എന്നുള്ളതിൽ നിന്നും തൊണ്ണൂറിന് മുകളിലേക്ക് ഉയർന്നത് കൊണ്ട് കുറച്ചു നാൾ കൂടി ജനസംഖ്യ കുറവ് അനുഭവപ്പെട്ടില്ല. എന്നാൽ 2008 ന് ശേഷം ജനസംഖ്യ കുറഞ്ഞു തുടങ്ങി. 2008 ലെ ജനസംഖ്യയെക്കാൾ  ഏകദേശം 25 ലക്ഷം ആളുകൾ ഇപ്പോൾ ജപ്പാനിൽ കുറവാണ്.

ഇത് ജപ്പാന്റെ മാത്രം കഥയല്ല. ഏറെ താമസിയാതെ കേരളത്തിലും ഇതാണ് സംഭവിക്കാൻ പോകുന്നത്. കേരളത്തിലെ ടോട്ടൽ ഫെർട്ടിലിറ്റി റേറ്റ് കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാന ദശകത്തിൽ തന്നെ രണ്ടിന് താഴേക്ക് എത്തിയിരുന്നു. അതേസമയം തന്നെ നമ്മുടെ ആയുർദൈർഘ്യം വർദ്ധിച്ചുവന്നത് കൊണ്ട് ജനസംഖ്യയിലെ കുറവ് ഇനിയും കണ്ടു തുടങ്ങിയിട്ടില്ല.

ജനസംഖ്യയുടെ സാധാരണ പ്രൊജക്ഷൻ അനുസരിച്ച് തന്നെ 2035 ആകുന്നതോടെ നമ്മുടെ ജനസംഖ്യ താഴേക്ക് വന്നു തുടങ്ങും. ഒപ്പം അടുത്തയിടെയുള്ള കുട്ടികളുടെ വിദേശ കുടിയേറ്റത്തിന്റെ ട്രെൻഡ് കൂടി കണക്കിലെടുത്താൽ കാര്യങ്ങൾ കുറച്ചുകൂടി നേരത്തെ ആകാനും മതി.

2010 ലെ കണക്കനുസരിച്ച് കേരളത്തിലും പത്തു ലക്ഷം വീടുകൾ ഒഴിഞ്ഞു കിടക്കുന്നുണ്ട്. 2030 ആകുന്പോഴേക്ക് പല കാരണങ്ങളാൽ അത് ഇരട്ടിയെങ്കിലും ആകും.

കേരളത്തിൽ ഭൂമിയുടെ വില കുറയും എന്ന് ഞാൻ ഇടക്കിടക്ക് പറയുന്പോൾ ‘വീടുണ്ടാക്കാൻ’ ഉള്ള ഭൂമിയുടെ വില  കുറയുന്നില്ല എന്ന് ആളുകൾ ചൂണ്ടിക്കാണിക്കാറുണ്ട്. പൊതുവെ അത് ശരിയുമാണ്. പക്ഷെ ജനസംഖ്യ കുറഞ്ഞു തുടങ്ങുകയും കൂടുതൽ വീടുകൾ അടഞ്ഞു കിടക്കുകയും ചെയ്യുന്പോൾ അതും മാറും. ഇപ്പോൾ തന്നെ കേരളത്തിൽ പലയിടത്തും ഈ ട്രെൻഡ് കാണാനുണ്ട്.

മുരളി തുമ്മാരുകുടി

No photo description available.

Leave a Comment