പൊതു വിഭാഗം

ജനാധിപത്യത്തിലെ ആചാരങ്ങൾ…

ബ്രിട്ടീഷ് ജനാധിപത്യം എന്നെ എപ്പോഴും അന്പരപ്പിക്കുന്നു.
കഴിഞ്ഞ രണ്ടു വർഷമായി അവിടെ സർവത്ര കോലാഹലമാണ്. ബ്രെക്സിറ്റിന്റെ പേരിൽ ഒന്നും നടക്കുന്നില്ല, അതേസമയം ബ്രെക്സിറ്റും നടക്കുന്നില്ല.
 
അതിനിടയ്ക്കാണ് അവിടുത്തെ സ്പീക്കർ രാജിവെച്ച് പോകുന്നത്. ഇന്നലെയാണ് പുതിയ സ്പീക്കറെ തിരഞ്ഞെടുത്തത്.
സ്പീക്കറാകാൻ താല്പര്യമുള്ളവരെല്ലാം പേര് കൊടുക്കണം, അവർക്ക് അവർ എങ്ങനെ നല്ല സ്പീക്കർ ആകുമെന്ന് കുറച്ചു വാക്കുകളിൽ എംപിമാരോട് പറയാം. പിന്നെ ഒന്നാം റൌണ്ട് വോട്ടിങ്ങ് ആണ്. അന്പത് ശതമാനം പേരുടെ വോട്ട് കിട്ടുന്ന ആൾ സ്പീക്കറാകും. ആദ്യത്തെ റൗണ്ടിൽ അന്പത് ശതമാനം വോട്ട് കിട്ടിയില്ലെങ്കിൽ ഏറ്റും കുറച്ച് വോട്ട് കിട്ടിയ രണ്ടു പേർ പുറത്താകും, വോട്ടിങ്ങ് പിന്നേയും തുടരും. അതാണ് രീതി.
 
മൂന്നാം റൌണ്ട് വോട്ടിങ്ങിലാണ് ഇന്നലെ സ്പീക്കറെ തിരഞ്ഞെടുത്തത്. സർ ലിൻഡ്‌സെ ഹോയ്ൽ ആണ് സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടത്.
 
അതിശയം എന്തെന്ന് വച്ചാൽ ഇദ്ദേഹം ഭരണകക്ഷിയുടെ എംപി അല്ല. ഇത്രയും രാഷ്ട്രീയമായി വിഘടിതമായ പാർലമെന്റിന്റലും നല്ലൊരാളെ തിരഞ്ഞെടുക്കാൻ അവരുടെ പാർട്ടി എം പി മാർക്ക് ബുദ്ധിമുട്ടാകുന്നില്ല.
 
തിരഞ്ഞെടുപ്പിൽ ജയിച്ച എം പി യെ സീറ്റിൽ നിന്നും വലിച്ചു കൊണ്ടുവന്നാണ് സ്പീക്കറുടെ സീറ്റിലിരുത്തുന്നത്. എത്ര മനോഹരമായ ആചാരങ്ങൾ !! (ഇന്ത്യയിൽ ഏതോ ഒരു കമ്മൂണിറ്റിയുടെ വിവാഹത്തിന് മുൻപ് വരൻ പെട്ടെന്ന് വിവാഹം വേണ്ട എന്ന് പറഞ്ഞ് കാശിക്കു പോകാൻ തുടങ്ങുന്നതുപോലെ ഭാവിക്കുകയും പിന്നെ പെണ്ണിന്റെ അച്ഛൻ പറഞ്ഞു പിന്തിരിപ്പിച്ചു കൊണ്ടുവരികയും ചെയ്യുന്ന ചടങ്ങുണ്ടെന്ന് കേട്ടിട്ടുണ്ട്, അവിടെ നിന്നായിരിക്കണം ഈ വലിച്ചു കൊണ്ടുവരുന്ന ഐഡിയ സായിപ്പന്മാർക്ക് കിട്ടിയത്.
 
എന്താണെങ്കിലും സ്പീക്കറായാൽ പിന്നെ അദ്ദേഹം പാർട്ടിയിൽ നിന്നും രാജിവെക്കണം. സ്പീക്കർ ആയിരിക്കുന്ന ആൾ മറ്റുള്ള എം പി മാരെപോലെ തന്നെ പാർലമെന്റിലേക്ക് മത്സരിക്കണം. പക്ഷെ സ്പീക്കർക്കെതിരെ പ്രമുഖ പാർട്ടികൾ സ്ഥാനാർത്ഥികളെ നിറുത്താറില്ല. മിക്കവാറും സ്വമേധയാ തീരുമാനിക്കുന്നത് വരെ പാർട്ടിയും സർക്കാരും മാറിയാലും സ്പീക്കർ അവിടെ തുടരും.
 
മൊത്തം കുളമായിരുന്ന ഒരു പാർലമെന്റാണ് ഇത്തവണ ബ്രിട്ടനിൽ ഉണ്ടായിരുന്നത്, അടുത്ത മാസം പുതിയ പാർലമെന്റ് വരികയാണ്. എന്നാലും ഈ അവസാന കാര്യത്തിലെങ്കിലും പാർട്ടി ബ്രെക്സിറ്റ്‌ വിഷയങ്ങൾക്ക് അതീതമായി പെരുമാറാൻ എം പി മാർക്ക് സാധിച്ചത് സന്തോഷമുള്ള കാര്യമാണ്.
 
മുരളി തുമ്മാരുകുടി
 
https://www.bbc.com/news/uk-politics-50293505

Leave a Comment