1962 ൽ കണ്ടുപിടിച്ചതും കുട്ടികളുടെ സുരക്ഷക്ക് വളരെ ഗുണകരമാണെന്ന് തെളിയിക്കപ്പെട്ടതും ഒട്ടേറെ രാജ്യങ്ങളിൽ കഴിഞ്ഞ നൂറ്റാണ്ടിൽ തന്നെ നിയമം മൂലം നിർബന്ധമാക്കിയതുമായ ചൈൽഡ് സേഫ്റ്റി സീറ്റ് 2024 ലും കേരളത്തിൽ നടപ്പാക്കാതിരിക്കുന്നത് തികച്ചും തെറ്റാണ്. ഇതിന് ശാസ്ത്രീയമോ പ്രായോഗികമോ ആയ ഒരു നീതീകരണവും ഞാൻ കാണുന്നില്ല.
ചൈൽഡ് സീറ്റിന്റെ വില, കേരളത്തിൽ വിൽക്കുന്ന ശരാശരി കാറിന്റെ വിലയുടെ ഒരു ശതമാനം പോലും വരുന്നില്ല. ഒരു വർഷം പത്തു കുട്ടികളുടെ ജീവൻ രക്ഷിക്കുമെങ്കിൽ അതിന്റെ വിലയെന്താണ്?. ഇംഗ്ലീഷിൽ “നോ ബ്രെയിനർ” എന്നു പറയുന്ന സാഹചര്യമാണ്. ഇതിന് മലയാള പരിഭാഷ ഇല്ല.
കേരളത്തിൽ ചൈൽഡ് സീറ്റുകൾ ലഭ്യമല്ല എന്നതിൽ ഒരു യുക്തിയും ഇല്ല. ഞാൻ ബ്രൂണൈയിൽ ഷെല്ലിൽ പരിസ്ഥിതി വകപ്പിന്റെ തലവനായിരുന്ന സമയത്ത് അവിടെ വലിയ കാട്ടുതീയും വായുമലിനീകരണവും ഉണ്ടായി. അതിനെ നേരിടാൻ ഹോം എയർ ഫിൽട്ടറുകൾ ആവശ്യമായി വന്നു. ഏറ്റവും നല്ല എയർക്വാളിറ്റി ഉള്ള രാജ്യമായിരുന്നു അന്നുവരെ ബ്രൂണൈ. അതുകൊണ്ട് രാജ്യത്ത് ഒരു ഹോം എയർ ഫിൽട്ടർ പോലുമില്ല. പക്ഷെ പതിനായിരം എയർ ഫിൽട്ടർ ഇരുപത്തിനാലു മണിക്കൂറിനകം ബ്രൂണൈയിൽ എത്തി. അപ്പോൾ കേരളത്തിൽ ഒരു ലക്ഷമോ പത്തുലക്ഷമോ ചൈൽഡ് സീറ്റ് എത്തിക്കണമെങ്കിൽ അത് കമ്പോളത്തിന് പൂ പറിക്കുന്നത് പോലെ നിസ്സാരമായ കാര്യമാണ്.
കുട്ടികളുടെ ജീവന് വില കല്പിക്കണം, ചൈൽഡ് സീറ്റ് നിർബന്ധമാക്കണം.
മുരളി തുമ്മാരുകുടി
Leave a Comment