കഴിഞ്ഞ രണ്ടാഴ്ചയായി വൈകുന്നേരങ്ങളിൽ രണ്ടോ മൂന്നോ മണിക്കൂർ ചിലവാക്കുന്നത് സുപ്രീം കോടതിയിലെ ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെ പറ്റിയുള്ള വാദങ്ങൾ കേൾക്കാനാണ്. ഇംഗ്ളീഷിൽ “riveting” എന്നൊരു പ്രയോഗം ഉണ്ട്. കണ്ണെടുക്കാൻ തോന്നാത്തത് എന്ന് വേണമെങ്കിൽ പറയാം. നിയമ വിദ്യാർത്ഥികളെ നിർബന്ധിതമായി കേൾപ്പിക്കേണ്ടതും, ഭരണഘടന അനുസരിച്ചുള്ള ജനാധിപത്യത്തിന്റെ ഭാവിയിൽ താല്പര്യമുളളവർ ശ്രദ്ധിക്കേണ്ടതും ആണ്.
ഞാൻ ഒരു നിയമ വിദഗ്ദ്ധൻ ഒന്നുമല്ലെങ്കിലും ഇത് വരെ കേട്ടതിൽ നിന്നും എനിക്ക് മനസ്സിലായ രണ്ടു സുപ്രധാന വിഷയങ്ങൾ ഇവയാണ്.
- ആർട്ടിക്കിൾ 370 ലെ തന്നെ വകുപ്പുകൾ ഉപയോഗിച്ച് ആർട്ടിക്കിൾ 370 നിർവീര്യമാക്കിയ നടപടി ഭരണഘടനാനുസൃതമാണോ?
- ഒരു സംസ്ഥാനത്തെ വിഭജിച്ച് രണ്ടു കേന്ദ്രഭരണ പ്രദേശങ്ങൾ ഉണ്ടാക്കാൻ ഭരണഘടന അനുവദിക്കുന്നുണ്ടോ?
ഇതിൽ ആർട്ടിക്കിൾ 370 റദ്ദാക്കാൻ ഉപയോഗിച്ച വകുപ്പ് വളരെ കൃത്യമായി എഴുതി വെക്കപ്പെട്ടതാണ്.
(3) Notwithstanding anything in the foregoing provisions of this article, the President may, by public notification, declare that this article shall cease to be operative or shall be operative only with such exceptions and modifications and from such date as he may specify:
Provided that the recommendation of the Constituent Assembly of the State referred to in clause (2) shall be necessary before the President issues such a notification.
“പ്രസിഡന്റിന് ഒരു പൊതു ഉത്തരവിലൂടെ ആർട്ടിക്കിൾ 370 പ്രാബല്യത്തിൽ ഇല്ല എന്ന് തീരുമാനിക്കാനുള്ള അധികാരം ഉണ്ട്. പക്ഷെ അതിന് മുൻപ് ജമ്മു കശ്മീരിലെ ഭരണഘടന നിർമ്മാണ സമിതിയുടെ ശുപാർശ ഉണ്ടായിരിക്കണം.”
ഏകദേശ പരിഭാഷ ആണ്. നിയമ വിദഗ്ദ്ധർ കേസുമായി വരേണ്ട.
ജമ്മു കശ്മീരിലെ ഭരണഘടന ഉണ്ടാക്കുന്ന സമിതി 1957 ൽ തന്നെ പിരിച്ചു വിട്ടതാണ്. അപ്പോൾ പിന്നെ ഈ വകുപ്പ് ഉപയോഗിക്കാൻ വകുപ്പില്ല എന്നതാണ് കേന്ദ്ര ഗവൺമെന്റിന്റെ തീരുമാനത്തെ എതിർക്കുന്നവരുടെ പ്രധാന വാദം.
സർക്കാരിന് അനവധി വാദങ്ങൾ ഉണ്ട്, അതിൽ പ്രധാനപ്പെട്ട ഒന്ന് ആർട്ടിക്കിൾ 370 ഒരു താൽക്കാലികമായ വകുപ്പായിരുന്നുവെന്നും അത് ഒഴിവാക്കരുതെന്ന് ജമ്മു കശ്മീരിലെ ഭരണഘടന ഉണ്ടാക്കുന്ന സമിതിക്ക് അഭിപ്രായം ഉണ്ടായിരുന്നെങ്കിൽ അത് അവർ പറയണമായിരുന്നു എന്നും അങ്ങനെ പറയാതിരുന്നതിനാൽ പിന്നെ ഉചിതമായ തീരുമാനം എടുക്കാൻ പ്രസിഡന്റിന് അവകാശം ഉണ്ടെന്നും ആണ്. ഇന്നലത്തെ വാദത്തിൽ സോളിസിറ്റർ ജനറൽ ഒന്ന് കൂടി കടത്തി പറഞ്ഞു. സംസ്ഥാന ഭരണഘടന നിർമ്മാണ സമിതിയുടെ ഉപദേശം ലഭിക്കണം എന്ന് മാത്രമാണ് ഭരണഘടന പറയുന്നത്, അത് പ്രസിഡന്റ് അനുസരിക്കണം എന്നല്ല എന്ന്.
സാധാരണ ഗതിയിൽ വക്കീലന്മാർ വാദം പറയുന്പോൾ അവ തനിക്ക് മനസ്സിലായി എന്ന് അവരെ മനസ്സിലാക്കാൻ സുപ്രീം കോടതി ചീഫ് ജസ്റ്റീസ് കൃത്യമായ നിരീക്ഷണങ്ങൾ നടത്തും. അതേ സമയം തന്നെ കോടതിക്ക് ഈ വിഷയത്തിൽ തുറന്ന മനസ്സാണെന്ന് കാണിക്കാൻ അദ്ദേഹം എപ്പോഴും ശ്രദ്ധിക്കുകയും ചെയ്യും.
ഈ വിഷയത്തോട് അനുബന്ധമായി ഉള്ള ഒരു വിഷയത്തിലാണ് നമ്മൾ കുറച്ചു കൂടി ശ്രദ്ധിക്കേണ്ടത്. അത് ഒരു സംസ്ഥാനമായിരുന്ന ജമ്മു കാശ്മീരിനെ വിഭജിച്ച് രണ്ടു കേന്ദ്രഭരണ പ്രദേശങ്ങൾ (ജമ്മു കശ്മീർ, ലഡാഖ്) ഉണ്ടാക്കിയതാണ്.
ഒരു സംസ്ഥാനത്തെ വിഭജിച്ച് മറ്റൊരു സംസ്ഥാനം ഉണ്ടാക്കുന്നതൊക്കെ സംഭവിച്ചിട്ടുള്ളതാണെങ്കിലും ഒരു സംസ്ഥാനത്തെ വിഭജിച്ചു രണ്ടു കേന്ദ്രഭരണ പ്രദേശങ്ങൾ ആക്കുന്നത് ആദ്യമാണെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. അപ്പോൾ ഈ അധികാരം ഉണ്ടോ എന്നുള്ളതും സുപ്രീം കോടതിയുടെ മുൻപിൽ ഉണ്ട്.
ഇതിന്റെ ഉത്തരം അങ്ങനെ അധികാരം ഉണ്ട് എന്നാണെങ്കിൽ പ്രത്യാഘാതങ്ങൾ ദൂരവ്യാപകം ആണ്. മറ്റേതൊരു സംസ്ഥാനത്തേയും വിഭജിച്ചു കേന്ദ്രഭരണ പ്രദേശങ്ങൾ ആക്കാം. കേന്ദ്രഭരണ പ്രദേശങ്ങളിലെ ജനങ്ങളുടെയും സർക്കാരിന്റെയും അവകാശങ്ങൾ സംസ്ഥാനങ്ങളിൽ ഉള്ളതിൽ നിന്നും വ്യത്യസ്തമാണല്ലോ. അതാണല്ലോ ഡൽഹിയിൽ മുഖ്യമന്ത്രിയും ലെഫ്റ്റനന്റ് ഗവർണറും തമ്മിൽ നടക്കുന്ന അധികാര വടം വലി. അത് നാളെ എവിടെയും ഉണ്ടാകാം. വാദം രണ്ടാഴ്ച പിന്നിട്ടു, ഒന്നോ രണ്ടോ മാസത്തിനകം വിധിയുണ്ടാകും. കാത്തിരുന്ന് കാണാം.
ഇന്ന് പക്ഷെ ഞാൻ പറയാൻ തുടങ്ങിയത് മറ്റൊരു കഥയാണ്. അതിലും സുപ്രീം കോടതിയും ജസ്റ്റീസും ഉണ്ട്. ഞാൻ ജനിക്കുന്നതിനും മുൻപുള്ള കഥയാണ്, ഇതിലെ നായകൻ എൻറെ അമ്മാവൻ ആണ്.
എന്റെ ഒരമ്മാവൻ ഇന്ത്യൻ എയർഫോഴ്സിൽ ടെസ്റ്റിംഗ് എൻജിനീയർ ആയിരുന്നു. അതിന് ശേഷം നാസിക്കിലെ ഹിന്ദുസ്ഥാൻ ഏറോനോട്ടിക്കൽസിൽ ടെസ്റ്റിംഗിലെ മാനേജർ ആയി റിട്ടയർ ചെയ്തു.
വിമാനത്തിന്റെ ജീവിത ചക്രത്തിലെ ഏറ്റവും പ്രധാനമായ സമയമാണ് അതിനെ ടെസ്റ്റ് ചെയ്യുന്നത്. വിമാനം നിർമ്മിച്ചതിന് ശേഷം നിലത്തും ആകാശത്തും എല്ലാ സിസ്റ്റവും പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തണം. ആദ്യമായി ആകാശത്ത് ടെസ്റ്റ് ചെയ്യുന്പോൾ എന്തെങ്കിലും കുറവുണ്ടെങ്കിൽ പണിപാളും. അതുകൊണ്ട് ഏറ്റവും മിടുക്കരായ പൈലറ്റ്മാരാണ് ടെസ്റ്റിംഗ് പൈലറ്റ് ആകുന്നത്. (ഇവരിൽ തന്നെ ഏറ്റവും മിടുക്കരായവരെ ആണ് പൊതുവെ അസ്ട്രോനോട്ടുകൾ ആയി തിരഞ്ഞെടുക്കുന്നത്).
ഇന്ത്യയിലെ ടെസ്റ്റ് പൈലറ്റുമാരിൽ ഏറ്റവും മിടുക്കനായ ഒരാൾ ആയിരുന്നു ഗ്രൂപ്പ് കാപ്റ്റൻ സുരഞ്ജൻ ദാസ്. അമ്മാവൻ ഏറെക്കാലം അദ്ദേഹത്തോടൊപ്പം ജോലി ചെയ്തിട്ടുണ്ട്.
ഒരിക്കൽ ഒരു വിമാനത്തിന്റെ പരീക്ഷണ പറക്കലിന്റെ ഭാഗമായി സുരഞ്ജൻ ദാസും അമ്മാവനും അമ്മാവന്റെ ഒരു കൂട്ടുകാരനും ഡൽഹിയിലേക്ക് പറന്നു. പിറ്റേന്നാണ് തിരിച്ചു പറക്കുന്നത്. അമ്മാവനും കൂട്ടുകാരനും എയർ ഫോഴ്സിന്റെ ഏതോ ഗസ്റ്റ് ഹൗസിൽ താമസിക്കും. സുരഞ്ജൻ ദാസിന്റെ അച്ഛൻ ഡൽഹിയിൽ ആണ് ജോലി ചെയ്യുന്നത്, അദ്ദേഹം അവിടെയും.
വിമാനത്താവളത്തിൽ പൈലറ്റിനെ കൊണ്ടുപോകാൻ പ്രത്യേക വാഹനം വന്നിട്ടുണ്ട്.
“വരൂ വീട്ടിൽ വന്നു ചായ കുടിച്ചിട്ട് പോകാം” എന്ന് ശ്രീ ദാസ് പറഞ്ഞു. അമ്മാവനും കൂട്ടുകാരനും സമ്മതിച്ചു. യാത്ര ചെയ്ത ക്ഷീണത്തിൽ കാറിൽ ഇരുന്ന് അമ്മാവൻ ഉറങ്ങി. വണ്ടി നിർത്തി ഇറങ്ങിയപ്പോൾ വലിയ സെറ്റ് അപ്പ് ഉള്ള വീടാണ്. എന്താണെങ്കിലും ഇറങ്ങി.
വീട്ടിൽ അദ്ദേഹത്തിന്റെ അച്ഛൻ ഉണ്ട്, നല്ല പ്രായമുള്ള ഒരാൾ. ദാസ് സ്വന്തം മുറിയിലേക്ക് പോയി. അമ്മാവനും കൂട്ടുകാരനും അച്ഛനും തനിച്ചായി.
അന്ന് (1959) ഇന്ത്യയിൽ സൈനികർക്കൊക്കെ വലിയ താല്പര്യമുള്ള ഒരു കേസ് കത്തി നിൽക്കുന്ന കാലമാണ്. ഇന്ത്യൻ നാവിക സേനയിലെ ഒരു ഉയർന്ന ഉദ്യോഗസ്ഥൻ ഭാര്യയുടെ കാമുകനെ സർവീസ് റിവോൾവർ ഉപയോഗിച്ച് വെടിവച്ചു കൊന്ന ഒരു കേസാണത് (നാനാവതി കേസ് എന്ന പേരിൽ പ്രശസ്തമാണ്, ഇതേ പറ്റി സിനിമകൾ പോലും ഇറങ്ങിയിട്ടുണ്ട്). എങ്ങനെയോ ആ വിഷയം ചർച്ചയായി.
പട്ടാളക്കാർ പൊതുവെ പുളു ആണെന്നാണല്ലോ വയ്പ്പ്. അറിഞ്ഞാലും അറിഞ്ഞില്ലെങ്കിലും ഏതു വിഷയത്തിലും ആധികാരികമായി അഭിപ്രായം പറയും. അമ്മാവന്റെ കൂട്ടുകാരൻ ദാസിന്റെ അച്ഛനെ കുറച്ചു നിയമം പഠിപ്പിച്ചു. അദ്ദേഹം അതൊക്ക കേട്ടിരിക്കുകയും ചെയ്തു.
കുറച്ചു കഴിഞ്ഞപ്പോൾ ദാസ് കുളിച്ചു വേഷം മാറി വന്നു, വിശദമായി ചായ സൽക്കാരം കഴിഞ്ഞു അവർ തിരിച്ചിറങ്ങി. ദാസും പിതാവും അവരെ സ്നേഹത്തോടെ യാത്രയാക്കി.
വീടിന് പുറത്ത് ഗേറ്റിൽ എത്തിയപ്പോൾ അവിടെ പോലീസ് പാറാവ്, അവരൊന്നു ഞെട്ടി. ആരാണയാൾ ?
പുറത്തിറങ്ങി ബോർഡ് നോക്കിയപ്പോൾ അവരുടെ കിളി പോയി.
സുധി രഞ്ജൻ ദാസ്, ചീഫ് ജസ്റ്റീസ് ഓഫ് ഇന്ത്യ !!
(ചീഫ് ജസ്റ്റിസിനെ ലോ പോയിന്റ് പഠിപ്പിച്ചത് അമ്മാവന്റെ കൂട്ടുകാരൻ ആണെന്നാണ് അമ്മാവൻ പറഞ്ഞത്, പക്ഷെ അറിവില്ലാത്ത കാര്യത്തിൽ ആധികാരികമായി അഭിപ്രായം പറഞ്ഞത് എന്റെ അമ്മാവനായിരുന്നു എന്ന് തോന്നിയാലും എനിക്കീ പുളു പറയുന്ന സ്വഭാവം പാരന്പര്യമായി കിട്ടിയതെന്ന് തോന്നിയാലും എൻറെ വായനക്കാരെ കുറ്റം പറയാൻ പറ്റില്ല.).
നന്പർ 1 സഫ്ദർ ജംഗ്ഗ് റോഡിലെ ബംഗ്ലാവായിരുന്നുവത്രെ അന്ന് ചീഫ് ജസ്റ്റിസിന്റെ വീട്. പിൽക്കാലത്ത് അത് പ്രധാനമന്ത്രിയുടെ വസതി ആയി. ശ്രീമതി ഇന്ദിരാഗാന്ധി വെടിയേറ്റ് മരിച്ചത് ഇവിടെയാണ്, ഇപ്പോൾ അതൊരു മ്യൂസിയമാണ്.
ഇന്ത്യൻ എയർ ഫോഴ്സിന്റെ അഭിമാനമായിരുന്ന സുരഞ്ജൻ ദാസ് 1970 ൽ ഒരു പരീക്ഷണപറക്കലിൽ കൊല്ലപ്പെട്ടു. രാജ്യം അദ്ദേഹത്തെ പദ്മവിഭൂഷൺ നൽകി ആദരിച്ചു. ബാംഗളൂരിൽ ഒരു റോഡിന് അദ്ദേഹത്തിന്റെ നാമകരണം ചെയ്തിട്ടുണ്ട്. ഇപ്പോഴും ഇന്ത്യൻ എയർ ഫോഴ്സിലെ ടെസ്റ്റ് പൈലറ്റ് ട്രൈനികളിൽ ഒന്നാമത് വരുന്നവർക്ക് ഇദ്ദേഹത്തിന്റെ പേരിൽ അവാർഡ് ഉണ്ട്.
മുരളി തുമ്മാരുകുടി
Leave a Comment