പൊതു വിഭാഗം

ഗൾഫിന് ചൂട് പിടിക്കുന്പോൾ കേരളത്തിനെന്ത് സംഭവിക്കും?

മധ്യേഷ്യയിലെ വേനൽക്കാലമാണ് ശരിക്കും വേനൽക്കാലം. ചൂട് 45 ന് മുകളിൽ പോകും. കാറിന്റെ സീറ്റിൽ ഇരിക്കുന്പോൾ ആസനം പൊള്ളും, സ്റ്റിയറിങ്ങിൽ പിടിക്കുന്പോൾ കയ്യും.
 
ഈ വർഷം ഗൾഫിൽ ചൂട് പിടിക്കുന്നത് കാറിനും കാലാവസ്ഥക്കും മാത്രമല്ല. രാഷ്ട്രീയവും സുരക്ഷയും ചൂട് പിടിക്കുകയാണ്. ബ്രിട്ടീഷ് പതാകയിൽ പൊയ്ക്കൊണ്ടിരുന്ന ഒരു കപ്പൽ ഇറാൻ പിടിച്ചെടുത്തതാണ് അവസാനത്തെ സംഭവം. ഈ വിഷയത്തെക്കുറിച്ച് എഴുതണമെന്ന് പലരും പറഞ്ഞിരുന്നു.
 
എനിക്ക് പരിചയമുള്ള പ്രദേശമാണ്, വിഷയവും. വ്യക്തിപരമായും പ്രൊഫഷണലായും പ്രാധാന്യമുള്ള വിഷയമായതിനാൽ എപ്പോഴും ശ്രദ്ധ അവിടെയുണ്ട്. ഇറാനിലും ജിബ്രാൾട്ടറിലുമെല്ലാം നടക്കുന്നത് വലിയ ഒരു കിടമത്സരത്തിൻറെ ചെറിയ പ്രതിഫലനങ്ങളാണ്. അതുകൊണ്ടു തന്നെ കപ്പലിൽ ഉള്ളവരാരും വ്യക്തിപരമായി ഒരു അപകടത്തിലല്ല. പക്ഷെ ഗൾഫിൽ കാര്യങ്ങൾ എങ്ങോട്ട് പോകുമെന്ന് ആർക്കും പ്രവചിക്കാൻ പറ്റില്ല.
 
ഗൾഫിന് പുറത്തുള്ളവർക്ക് ഏറെ കൺഫ്യൂഷൻ ഉണ്ടാക്കുന്ന ഒന്നാണ് അവിടെ ഇപ്പോൾ നടക്കുന്ന സംഭവങ്ങൾ.
ഉദാഹരണത്തിന് ഗൾഫ് എന്ന് പറയുന്പോൾ ഏത് ഗൾഫ് ആണെന്നതിൽ തുടങ്ങും കൺഫ്യൂഷൻ. അറേബ്യൻ ഗൾഫ് ആണോ പേർഷ്യൻ ഗൾഫ് ആണോ? ഇത് രണ്ടും രണ്ടു ഗൾഫുകൾ ആണോ അതോ ഒന്നാണോ? ഒന്നാണെങ്കിൽ പിന്നെ എന്താണ് രണ്ടു പേരുകൾ വരുന്നത് ?
 
ഏതൊക്കെയാണ് ഗൾഫ് രാജ്യങ്ങൾ? ഇറാൻ ഗൾഫ് രാജ്യമാണോ?
ഏതൊക്കെയാണ് അറബ് രാജ്യങ്ങൾ? ഗൾഫ് രാജ്യങ്ങളും അറബ് രാജ്യങ്ങളും ഒന്നാണോ?
 
പേർഷ്യൻ രാജ്യമായ ഇറാന് അതിൻറെ അയൽപക്കത്ത് പോലുമല്ലാത്ത അറബ് രാജ്യമായ യെമെനിൽ എന്താണ് കാര്യം?
ഗൾഫ് രാജ്യമോ അറബ് രാജ്യമോ അല്ലാത്ത തുർക്കിക്ക് എന്താണ് ഈ രാജ്യങ്ങളുടെ ആഭ്യന്തര കാര്യത്തിൽ കാര്യം?
അമേരിക്ക എണ്ണയുടെ കാര്യത്തിൽ സ്വയം പര്യാപ്തത നേടിയിട്ടും എന്തുകൊണ്ടാണ് ഇറാനുമായി ഓരോന്ന് പറഞ്ഞു കൊന്പു കോർക്കുന്നത് ?
 
അൽ ഖ്വയ്‌ദയും ഐസിസും ഹൂത്തികളും തമ്മിൽ എന്താണ് വ്യത്യാസം?
 
ഇതോരോന്നും വിശദീകരിച്ച് എഴുതേണ്ടതാണ്. പക്ഷെ എഴുതാൻ പോയാൽ റിസ്ക് ആണ്. ഒരു കടലിന്റെ പേര് പോലും പരസ്പര സമ്മതം ഇല്ലാത്ത നാട്ടിൽ രാഷ്ട്രീയ വിഷയങ്ങൾ പറഞ്ഞാൽ എന്ത് മാത്രം വാഗ്വാദങ്ങൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാമല്ലോ. പോരാത്തതിന് കേരളത്തിൽ ഇതിൽ ഓരോ വിഷയത്തിലും വളരെ വ്യക്തമായ പക്ഷങ്ങളുള്ള ആളുകളുണ്ട്. അടുത്ത കാലത്തൊന്നും ഇതിനെപ്പറ്റി എഴുതാൻ പറ്റുമെന്നും തോന്നുന്നില്ല.
 
വ്യത്യസ്ത താൽപര്യങ്ങളുള്ള രാജ്യങ്ങളും അവയെ നയിക്കുന്നവരും ഉള്ളതിനാൽ കാര്യങ്ങൾ എപ്പോൾ വേണമെങ്കിലും കൈവിട്ട് പോകാം. ലക്ഷക്കണക്കിന് മലയാളികൾ അവിടെ ജോലി ചെയ്യുന്നു, അവിടെ സംഭവിക്കുന്ന കാര്യങ്ങൾ നമ്മൾ എപ്പോഴും ശ്രദ്ധിച്ചു കൊണ്ടിരിക്കണം. അതേ സമയം ആ രാജ്യങ്ങളിൽ നിങ്ങളുടെ സാമൂഹ്യ മാധ്യമങ്ങൾ എപ്പോഴും നിരീക്ഷണത്തിലാണ്. അതുകൊണ്ടു തന്നെ മുകളിൽ പറഞ്ഞ വിഷയങ്ങളിൽ ഉൾപ്പടെ അധികം ഇന്റർനെറ്റ് ഗവേഷണത്തിനോ, നാട്ടുകാരുമായി ചർച്ചക്കോ, വാഗ്വാദത്തിനോ പോകരുത്.
 
ഇന്നത്തെ എൻറെ വിഷയം ഇതല്ല. ഞാൻ കേരളം ഇത് വരെ നേടിയ പുരോഗതിയെക്കുറിച്ചും ഇനി കേരളത്തിനുണ്ടാകാൻ പോകുന്ന ഭാവിയേക്കുറിച്ചും പറയുന്പോൾ സ്ഥിരം കേൾക്കുന്ന ഒരു മറുപടി ‘ഗൾഫിലെ പണമില്ലെങ്കിൽ കാണാമായിരുന്നു. ഈ ഗൾഫിലെ പണം തീർന്നാൽ കേരളത്തിലെ പുരോഗതി അസ്തമിക്കും” എന്നാണ്.
 
ഇതിൽ ഒന്നാമത്തെ കാര്യം തീർത്തും ശരിയാണ്. കേരളത്തിലെ ഇന്നത്തെ സാന്പത്തിക സ്ഥിതിക്കും സ്ഥിരതക്കും നാം ഏറെ നന്ദി പറയേണ്ടത് ഗൾഫ് രാജ്യങ്ങളോടും അവിടെ ജോലി ചെയ്യുന്ന മലയാളികളോടുമാണ്. ലോകത്ത് സാന്പത്തികമായി പിന്നോക്കം നിൽക്കുന്ന രാജ്യങ്ങളെ സഹായിക്കാൻ സാന്പത്തികമായി മുൻനിരയിൽ നിൽക്കുന്ന രാജ്യങ്ങൾ സാന്പത്തിക സഹായം (donor aid) നൽകുന്ന രീതിയുണ്ട്. വികസിത രാജ്യങ്ങളുടെ ജി ഡി പി യുടെ ഏതാണ്ട് 0.7 ശതമാനം ഇങ്ങനെ നീക്കിവെക്കണമെന്നാണ് വെയ്പ്പ്. ഭൂരിഭാഗം രാജ്യങ്ങളും ഇത് ചെയ്യാറില്ല. സഹായം ചെയ്യുന്പോൾ തന്നെ അതിൽ വലിയൊരു ശതമാനം അതിൻറെ നടത്തിപ്പിന് പോകുന്നു, സഹായം കൊടുക്കുന്നതിന് സാന്പത്തികമായും അല്ലാതേയുമുള്ള കണ്ടീഷനുകൾ വെക്കുന്നു. പോരാത്തതിന് യൂറോപ്യൻ രാജ്യങ്ങളുടെ തലസ്ഥാനങ്ങളിൽ ഇരുന്നാണ് പലപ്പോഴും ആഫ്രിക്കയിലെയോ ഏഷ്യയിലെയോ രാജ്യങ്ങളുടെ ഗ്രാമങ്ങളിൽ എന്ത് ചെയ്യണമെന്ന് തീരുമാനിക്കുന്നത്. ഇതുകൊണ്ടൊക്കെ തന്നെ ഇത്തരം സഹായങ്ങൾ പലപ്പോഴും ഫലപ്രദമാകാറില്ല.
 
അന്താരാഷ്ട്രമായി വികസിത രാജ്യങ്ങൾ ചെയ്യുന്ന സഹായത്തിന്റെ മൂന്നു മടങ്ങാണ് പാവപ്പെട്ട രാജ്യങ്ങളിൽ നിന്നും മറ്റു രാജ്യങ്ങളിൽ പോയി തൊഴിൽ ചെയ്യുന്നവർ സ്വന്തം രാജ്യത്തേക്ക് അയക്കുന്നത് എന്നാണ് കണക്ക്. ഈ പണമാകട്ടെ ഏറ്റവും താഴത്തെ തട്ടിലാണ് ചിലവാക്കപ്പെടുന്നത്. യാതൊരു കണ്ടീഷനും അതിൻറെ കൂടെ വരുന്നുമില്ല. ഈ പണം നമ്മുടെ സന്പദ്‌വ്യവസ്ഥയിൽ അതിവേഗം കറങ്ങി നമ്മളെ പുഷ്ടിപ്പെടുത്തുന്നു. ഗൾഫിലെ എൻ ആർ കെ കൾക്ക് ഭാരത രത്നം കൊടുത്തില്ലെങ്കിലും കേരളം അവരെ കൂടുതൽ ബഹുമാനിക്കണമെന്ന് ഞാൻ പറയാറുള്ളത് ചുമ്മാതല്ല.
 
പക്ഷെ ഗൾഫിൽ ജോലി ചെയ്യുന്നവരെല്ലാം കേരളത്തിൽ തിരിച്ചെത്തിയാൽ നമ്മുടെ കാര്യം കുഴപ്പത്തിലാകും എന്ന ചിന്താഗതി എനിക്ക് ഒട്ടുമില്ല. വാസ്തവത്തിൽ നേരെ തിരിച്ചാണ് സംഭവിക്കുക. ഗൾഫിലേക്ക് പോയ മലയാളി അല്ല തിരിച്ചു വരുന്നത്, അത് ഡോക്ടർ ആണെങ്കിലും ഡ്രൈവർ ആണെങ്കിലും. ഓരോ തൊഴിൽ മേഖലയിലും പുതിയ സാങ്കേതിക വിദ്യ അവിടെ ഉപയോഗിക്കുന്നു, നമ്മുടെ ആളുകൾക്ക് അത് കാണാനും പഠിക്കാനും പരിശീലിക്കാനും അവസരമുണ്ടാകുന്നു. പല നാട്ടുകാരുമായി ബന്ധങ്ങൾ ഉണ്ടാകുന്നു, പലയിടത്തും സഞ്ചരിക്കുന്നു, പല ഭാഷകൾ പഠിക്കുന്നു, ചെറുതും വലുതുമായി സ്ഥാപനങ്ങൾ നടത്തുന്നു, കുറഞ്ഞും കൂടിയും നാട്ടിൽ സന്പാദ്യം എത്തുന്നു.
 
ഏതെങ്കിലും കാരണവശാൽ ഗൾഫിൽ നിന്നും ആളുകൾ മൊത്തമായി കേരളത്തിലേക്ക് വരേണ്ട ഒരു സാഹചര്യമുണ്ടായാൽ കേരളത്തിലെ സന്പദ്‌വ്യവസ്ഥയെ അത് പുതിയൊരു ഭ്രമണ പഥത്തിലെത്തിക്കും എന്നതിൽ എനിക്ക് ഒരു സംശയവുമില്ല. മൂലധനവും സാങ്കേതികമായ അറിവുകളും നെറ്റ് വർക്കുകളും ഒരുമിച്ചു വരുന്പോൾ ഇന്ത്യയിൽ ഇന്നേവരെ കാണാത്ത സാങ്കേതിക മികവുള്ള എഞ്ചിനീയറിങ്ങ് സ്ഥാപനങ്ങളും ആശുപത്രികളും ഹോസ്പിറ്റാലിറ്റി സൗകര്യങ്ങളും കേരളത്തിൽ ഉണ്ടാകും. ഇന്ത്യ എന്ന വൻ കന്പോളത്തിലെ സാങ്കേതിക സൂപ്പർ പവർ ആയി കേരളം മാറും. ദുബായിക്കും സിംഗപ്പൂരിനും കിടപിടിക്കുന്ന കൺസൾട്ടൻസി സ്ഥാപനങ്ങൾ കേരളത്തിലുണ്ടാകും. അവർ ലോകത്തിലെവിടെയും സേവനങ്ങൾ നൽകും. ലോകത്തെവിടെ നിന്നും മിടുക്കരായ മലയാളികൾക്ക് തിരിച്ചു കേരളത്തിൽ തൊഴിലിന് വരുന്നത് സാന്പത്തികമായി ലാഭകരമാകും. നമ്മുടെ ഒന്നാം കിട ആളുകൾ പുറത്തു പോയതിന് ശേഷം ബാക്കിയുള്ളവരിൽ നിന്നും അധ്യാപകർ തൊട്ട് രാഷ്ട്രീയക്കാർ വരെ ഉണ്ടാകുന്ന സാഹചര്യം മാറും. ഇവർ കൂടുതൽ ആഗോളമായ ഒരു സാമൂഹ്യ വ്യവസ്ഥ ആവശ്യപ്പെടും. സദാചാരക്കാർ കെട്ടുകെട്ടി നാട് കടക്കും.
 
മലയാളികളുടെ പണം കൊണ്ട് മാത്രമാവില്ല കേരളം വികസിക്കാൻ പോകുന്നത്. ലോകത്തെ മറ്റനവധി നാടുകളെ അപേക്ഷിച്ച് കേരളത്തിന് വലിയൊരു ഗുണമുണ്ട്. ഇത് നമ്മൾ വേണ്ട തരത്തിൽ മനസ്സിലാക്കിയിട്ടില്ല, പക്ഷെ പുറമെ നിന്നുള്ളവർ ശ്രദ്ധിക്കുന്നുണ്ട്. ലോകത്തെ തന്നെ ഏറ്റവും സാമൂഹ്യ രാഷ്ട്രീയ സ്ഥിരതയുള്ള പ്രദേശങ്ങളിൽ ഒന്നാണ് കേരളം. നമ്മുടെ ചുറ്റുമുള്ള പല രാജ്യങ്ങളും (ഉദാഹരണം ദുബായ്, ഒമാൻ, സിങ്കപ്പൂർ, വിയറ്റ്നാം) കേരളത്തേക്കാൾ സ്ഥിരതയുള്ള പ്രദേശങ്ങളാണെന്ന് ഒറ്റനോട്ടത്തിൽ തോന്നാം. പക്ഷെ അതീവ സ്ഥിരത ഉണ്ടായിരുന്ന സിറിയയും ലിബിയയും എത്ര വേഗത്തിലാണ് ഇപ്പോഴത്തെ നിലയിൽ എത്തിയത് എന്ന് ചിന്തിച്ചാൽ അറിയാം എങ്ങനെയാണ് കേരളം വ്യത്യസ്തമാകുന്നത് എന്ന്. നമ്മുടെ സമൂഹത്തിലുള്ള എല്ലാ അസ്ഥിരതകളും ഇപ്പോൾ തന്നെ നമ്മുടെ മുന്നിലുണ്ട്. മറ്റു രാജ്യങ്ങളിൽ അങ്ങനെയല്ല, അവ അടിച്ചൊതുക്കി വെച്ചിരിക്കയാണ്. ഒരവസരം വന്നാൽ അതൊക്കെ ഒറ്റയടിക്ക് നാലുവഴിക്ക് ഇറങ്ങും, സമൂഹവും സന്പദ്‌വ്യവസ്ഥയും താറുമാറാകും. കേരളത്തിൽ ആ ഒരു സാധ്യതയില്ല. ഇരു സർക്കാരും മാറി മാറി ഭരിക്കുന്നത് കൊണ്ട് ഒരു പാർട്ടി പോയി മറ്റൊരു പാർട്ടി വന്നാലും എന്ത് വരെ സംഭവിക്കാമെന്ന് എല്ലാവർക്കുമറിയാം. ഇതൊക്കെയാണ് ആഗോളമായ മൂലധനം ശ്രദ്ധിക്കുന്നത്.
 
ഇതൊക്കെ നടക്കുമോ എന്നായിരിക്കും നിങ്ങളുടെ ചിന്ത. ഗൾഫിൽ ഏതെങ്കിലും ഒരു പ്രതിസന്ധി ഉണ്ടായി മൊത്തമായി ആളുകൾ കേരളത്തിലേക്ക് വരേണ്ടി വരുന്ന സാധ്യത ഏറെ കുറവാണ്. വൻകിട യുദ്ധങ്ങൾക്കൊന്നും ഇപ്പോൾ പഴയ ഡിമാൻഡ് ഇല്ല. ആഗോള സന്പദ്‌വ്യവസ്ഥ പരസ്പര ബന്ധിതമായതിനാലാണ് ഇത് സംഭവിക്കുന്നതെന്ന് ഫ്രീഡ്മാൻ പറയുന്നു. എവിടെ കുഴപ്പമുണ്ടായാലും നഷ്ടം എല്ലാവർക്കും വരുമല്ലോ.
 
ഗൾഫ് എല്ലാക്കാലവും മലയാളികളുടെ തൊഴിൽ കന്പോളമായിരിക്കില്ല. വളരെ വേഗത്തിൽ വളരുന്ന ഒരു ജനസംഖ്യയാണ് അവിടെ. അവിടുത്തെ പുതിയ തലമുറക്ക് തൊഴിൽ വേണമല്ലോ. ഇപ്പോഴത്തെപ്പോലെ എല്ലാവർക്കും സർക്കാർ ജോലി അല്ലെങ്കിൽ ഉയർന്ന തൊഴിൽ അല്ലെങ്കിൽ സർക്കാരിന്റെ വെൽഫയർ പണം നൽകുന്ന രീതി അധിക കാലം നില നിൽക്കില്ല. 2030 ന് അപ്പുറത്തേക്ക് എണ്ണക്ക് ഇന്നത്തെപ്പോലെ മാർക്കറ്റ് ഉണ്ടാവില്ല. അപ്പോൾ അവർ തന്നെ പുതിയ സന്പദ്‌വ്യവസ്ഥയിലേക്ക് മാറേണ്ടി വരും, അതിന് വേണ്ട തരത്തിൽ അവിടുത്തെ പുതിയ തലമുറയെ തയ്യാറെടുപ്പിക്കുകയാണ് അവർ ചെയ്യുന്നത്. അപ്പോൾ നമുക്കവിടെ വലിയ സ്ഥാനമുണ്ടാവില്ല, ഉണ്ടാവണമെന്ന് പ്രതീക്ഷിക്കുന്നതും തെറ്റാണ്. എന്താണെങ്കിലും നമ്മൾ നമ്മുടെ നാട്ടിലേക്ക് മടങ്ങേണ്ടി വരും. അത് നമ്മുടെ നാട്ടിലെ സ്ഥിതി നന്നാവുന്നതനുസരിച്ച് സ്വമേധയാ മടങ്ങുകയാണോ അതോ അവിടുത്തെ സാഹചര്യം മാറുന്നതനുസരിച്ചു മടങ്ങേണ്ടി വരികയാണോ എന്നേ നോക്കാനുള്ളൂ.
 
അപ്പോൾ ഞാൻ പറഞ്ഞു വന്നത്, ഗൾഫിൽ ചൂട് കാലമാണ്. സൂക്ഷിച്ചിരിക്കുക. പക്ഷെ ഈ ചൂട് കുറഞ്ഞാലും കാലം മാറുകയാണ്, അതിന് തയ്യാറെടുക്കുക. വരാൻ പോകുന്ന കാലം കേരളത്തിന് കൂടുതൽ നല്ല കാലമാണ്, അവസരങ്ങൾക്ക് തയ്യാറാകുക. നമുക്ക് വേണ്ടത് ഒന്ന് മാത്രമാണ്. നാം വരാനിരിക്കുന്ന ഒരു സാന്പത്തിക ശക്തിയാണെന്ന് വിശ്വസിക്കുന്ന നേതൃത്വം, ഇപ്പോഴത്തെ നെഗറ്റിവിറ്റി മാറി അതിന് തയ്യാറെടുക്കുന്ന ജനങ്ങൾ. മതി, ബാക്കിയൊക്കെ കാലം ചെയ്തു കൊള്ളും.
 
മുരളി തുമ്മാരുകുടി
ജനീവ, ജൂലൈ 25

1 Comment

Leave a Comment