പൊതു വിഭാഗം

ഗുജറാത്തിൽ നിന്നും പഠിക്കുന്പോൾ

ഡൽഹിയിലെ വിദ്യാഭ്യാസ രംഗത്തെ പറ്റി പഠിക്കാൻ കേരളത്തിൽ നിന്നും പോയ “ഒഫീഷ്യൽസ്” സർക്കാർ ഉദ്യോഗസ്ഥർ ആയിരുന്നില്ല എന്നതായിരുന്നു രണ്ടു ദിവസം മുൻപത്തെ ചർച്ചാവിഷയം.
കേരളത്തിലെ ചീഫ് സെക്രട്ടറി ഗുജറാത്ത് ഗവൺമെന്റ് നടപ്പിലാക്കുന്ന ഡാഷ് ബോർഡ് പ്രോഗ്രാമിനെ പറ്റി അറിയാൻ അവിടേക്ക് പോകുന്നു എന്നതാണ് ഇന്നത്തെ വിഷയം.
ഇന്ത്യ പോലെ വളരെ വൈവിധ്യമുള്ള രാജ്യത്ത് ഓരോ സംസ്ഥാനങ്ങളും നയങ്ങളും പദ്ധതികളും ഉണ്ടാക്കുന്പോൾ തീർച്ചയായും മറ്റുള്ളവർക്ക് മാതൃകാപരമായ കാര്യങ്ങൾ എല്ലായിടത്തും ഉണ്ടാകും. ചില പദ്ധതികൾ നടത്തുന്നത് പാളിപ്പോയത് പോലും മറ്റു സംസ്ഥാനങ്ങൾക്ക് പാഠമാക്കാം. ഒന്നുകിൽ അത്തരം പരിപാടികൾ ചെയ്യാതിരിക്കാം, അല്ലെങ്കിൽ ചെയ്യുന്പോൾ കൂടുതൽ ശ്രദ്ധിക്കാം, മാറ്റങ്ങളോടെ ചെയ്യാം. അപ്പോൾ ശരിയാകുന്നതിൽ നിന്നും തെറ്റിപ്പോകുന്നതിൽ നിന്നും പഠിക്കാനുണ്ട്. അങ്ങനെ പഠിക്കുന്നത് ഒരു നല്ല കാര്യമാണ്.
ഡൽഹിയിൽ വിദ്യാഭ്യാസ രംഗത്ത് എന്തെങ്കിലും നല്ല കാര്യം ഉണ്ടെങ്കിൽ നമ്മുടെ ഉദ്യോഗസ്ഥർ തന്നെ അവിടെ പോകുന്നതിൽ ഒരു തെറ്റുമില്ല എന്ന് മാത്രമല്ല അത് തന്നെയാണ് ശരി. എല്ലാം തികഞ്ഞ ഒരു സംസ്ഥാനമോ പ്രദേശമോ ഇല്ല. വാസ്തവത്തിൽ പോളിസി രംഗത്ത് വളരെ നല്ല മുന്നേറ്റങ്ങൾ ഡൽഹിയിൽ സംഭവിക്കുന്നുണ്ട്. ലണ്ടൻ സ്‌കൂൾ ഓഫ് ഇക്കണോമിക്‌സിൽ നിന്നുൾപ്പെടെ ലോകത്തെ ഏറ്റവും നല്ല സ്ഥാപനങ്ങളിൽ നിന്നുള്ള ചെറുപ്പക്കാരായ പോളിസി വിദഗ്ദ്ധർ അവിടെ സർക്കാരിനെ സഹായിക്കുന്നുണ്ട്. ഡയലോഗ് ആൻഡ് ഡെവലപ്പ്മെന്റ് കമ്മീഷൻ ഓഫ് ഡൽഹി എന്ന സ്ഥാപനം തന്നെ നമ്മൾ അറിയേണ്ടതും അനുകരിക്കേണ്ടതുമായ ഒരു മാതൃകയാണ്. ട്വീറ്റുകളെ പറ്റിയുള്ള ചർച്ചകളിൽ ഒന്നും ആരും ഇതൊന്നും പറഞ്ഞു കണ്ടില്ല. ആരാണ് ഒഫിഷ്യൽ എന്നുള്ള ഡിക്ഷണറി പരിശോധനയിൽ നമ്മുടെ ചർച്ചകൾ മുങ്ങിപ്പോകുന്നു എന്നതാണ് ശരിയായ ദുരന്തം.
ഗുജറാത്തിലെ സന്ദർശനത്തിന്റെ കാര്യവും വ്യത്യസ്തമല്ല. തീർച്ചയായും അവിടെയും നല്ല പദ്ധതികളും നടത്തിപ്പ് രീതികളും ഉണ്ടാകും. ഒരു ഫെഡറൽ സംവിധാനത്തിൽ അത് പഠിക്കുന്നതിൽ എന്താണ് കുഴപ്പം?
ഇതൊന്നും ആർക്കും അറിയാത്ത കാര്യമൊന്നുമല്ല. ഇപ്പോഴത്തെ ഒച്ചപ്പാട് രാഷ്ട്രീയമാണെന്ന് ആർക്കാണ് അറിയാത്തത്. ഇപ്പോൾ ഭരിക്കുന്നത് യു. ഡി. എഫ്. ആയിരുന്നെങ്കിൽ ഇതിലപ്പുറം ഒച്ചപ്പാടുണ്ടാകുമായിരുന്നു.
വാസ്തവത്തിൽ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലും ലോകത്തെ തന്നെ മറ്റു പ്രദേശങ്ങളിലും നടക്കുന്ന നല്ല നയങ്ങളും നിയമങ്ങളും പദ്ധതികളും ശ്രദ്ധിക്കാനും അതിൽ നിന്നുള്ള നല്ല പാഠങ്ങൾ പഠിക്കാനുമായിത്തന്നെ നമുക്കൊരു സംവിധാനം വേണം. സാധിക്കുന്പോഴെല്ലാം നമ്മുടെ ഉദ്യോഗസ്ഥർ മാത്രമല്ല രാഷ്ട്രീയ നേതാക്കളും മറ്റു സംസ്ഥാനങ്ങളും രാജ്യങ്ങളും സന്ദർശിക്കണം. അതുപോലെ തന്നെ നമ്മുടെ നാട്ടിലെ നല്ല മാതൃകകൾ മറ്റുള്ളവരെ അറിയിക്കാനും അവരെ നമ്മുടെ നാട്ടിലേക്ക് ക്ഷണിച്ച് അത് പങ്കുവെക്കാനും ഒരു സംവിധാനം ഉണ്ടാക്കണം.
അതാണ് ഞാൻ സ്വപ്നം കാണുന്ന കിനാശ്ശേരി!
മുരളി തുമ്മാരുകുടി

Leave a Comment