പൊതു വിഭാഗം

ക്വാറി വികസനം.

എൻറെ ചെറുപ്പകാലത്ത് വെങ്ങോലയിൽ ഒരു മലയുണ്ടായിരുന്നു, ചുണ്ടമല. അതിന്റെ മുകളിൽ കയറി നിന്നാൽ ഒരു ഭാഗത്ത് മലയാറ്റൂർ മലയും മറു ഭാഗത്ത് കൊച്ചിൻ റിഫൈനറിയും കാണാമായിരുന്നു. ഓണക്കാലമായാൽ ഞങ്ങൾ കദളിപ്പൂ പറിക്കാൻ പോകുന്നത് അവിടെയാണ്, മധ്യവേനൽ അവധിക്ക് കളിക്കാനും.
 
ഇന്നവിടെ ചുണ്ടമലക്ക് പകരമുള്ളത് വലിയൊരു കുഴിയാണ്. നമുക്ക് വേണമെങ്കിൽ അതിനെ ചുണ്ടക്കുഴി എന്ന് വിളിക്കാം. 1980 കളിലാണെന്ന് തോന്നുന്നു ചുണ്ടമലയിൽ ക്വാറി വന്നത്. ആദ്യം മണ്ണെടുത്തു, പിന്നെ പാറ, ശേഷം വലിയ ക്രഷർ ആയി. ഇന്നിപ്പോൾ വെങ്ങോലയിലെ മല കുളമായതിന്റെ ചിത്രം മനോരമയിൽ കണ്ടപ്പോൾ ഇതെല്ലാം ഓർത്തു.
 
ഇത് ചുണ്ടമലയിലെ മാത്രം കാര്യമല്ല. വെങ്ങോല ഉൾപ്പെട്ട താലൂക്കിന്റെ പേര് കുന്നത്ത് നാട് എന്നായിരുന്നു. ഇന്നത് കുന്നില്ലാത്ത നാടാണ്. കുന്നത്ത് നാട്ടിലെ ‘മണ്ണി’ലാണ് വിമാനത്താവളം തൊട്ട് കണ്ടെയ്‌നർ റോഡ് വരെയുളള വികസനം വന്നത്. മെട്രോ മുതൽ പോർട്ട് വരെയുള്ള വികസനങ്ങൾക്ക് പാറയും മണ്ണും നല്കാൻ കുന്നത്തുനാട്ടിലെ കുളങ്ങൾ പിന്നെയും ബാക്കി.
 
കേരളത്തിലെ ക്വാറി, മണൽ വിഷയങ്ങളെ കുറിച്ച് ഞാൻ പത്തു വർഷം മുൻപ് തന്നെ എഴുതിയിട്ടുണ്ട്. ക്വാറി നടത്തുന്നവരും മണ്ണെടുക്കുന്നവരും ‘മാഫിയ’ യും ‘ചീത്ത’ യും ആണെന്നും, അതിനെ എതിർക്കുന്നവർ ‘പ്രകൃതി സ്നേഹികളും’ ‘നല്ലവരു’മാണെന്നാണ് നമ്മുടെ പൊതു ബോധം. സത്യം അതല്ല. പൊതുസമൂഹത്തിന്റെ നിർമ്മാണ വസ്തുക്കളുടെ ആവശ്യകതണ് ഈ മാഫിയകൾ നിറവേറ്റുന്നത്. അവർക്കിത് പാറയോടോ മണലിനോടോ ഉള്ള സ്നേഹമോ വെറുപ്പോ അല്ല, പണമുണ്ടാക്കാനുള്ള ഒരു മാർഗ്ഗമാണ്. ഈ വസ്തുക്കളുടെ ഡിമാൻഡ് ഇല്ലതാവുകയോ ഈ കച്ചവടത്തിലെ ലാഭം കുറയുകയോ ചെയ്താൽ അവർ ഈ പണി ഉപേക്ഷിച്ച് പണമിരട്ടിക്കുന്ന വേറെ പണി നോക്കും.
 
എങ്ങനെയാണ് നിർമ്മാണ വസ്തുക്കളുടെ ഡിമാൻഡ് കുറക്കുന്നത്? നിർമ്മാണം കുറക്കുക എന്നതാണ് പ്രധാന മാർഗ്ഗം. ലക്ഷക്കണക്കിന് ഫ്ലാറ്റുകൾ ഉൾപ്പെടെ പത്തുലക്ഷം വീടുകൾ വെറുതെ കിടക്കുന്ന കേരളത്തിൽ ഇനിയും ആയിരക്കണക്കിന് വീടുകളുണ്ടാക്കേണ്ട ആവശ്യമുണ്ടോ? എന്തുകൊണ്ടാണ് വീടുകൾ ആൾതാമസമില്ലാതെ കിടക്കുന്നത്? എന്തുകൊണ്ടാണ് ആളുകൾ വീണ്ടും വീണ്ടും വെറുതെയിടാനായി വീടുണ്ടാക്കുന്നത്? ഇപ്പോൾ ഉള്ള വീടുകൾ മാർക്കറ്റിൽ എത്തിയാൽ തന്നെ വീടുകളുടെ വിലയും, വീട് നിർമാണത്തിന്റെ ആവശ്യകതയും കുറയും. ഈ വിധത്തിൽ ക്വാറികളുടെ എണ്ണം കുറക്കാൻ ഏത് നയങ്ങളും നിയമങ്ങളുമാണ് ഉണ്ടാകേണ്ടത്?
 
പാറയും മണലും ഇത്രയധികം ഉപയോഗിക്കാതെയും വീടുകൾ പണിയാം. ലോകത്ത് വേറെ അനവധി നിർമ്മാണ വസ്തുക്കളും രീതികളുമുണ്ട്. അവ കേരളത്തിൽ എത്തിച്ചും പാറയുടെയും മണലിന്റെയും ഡിമാൻഡ് കുറക്കാം. എന്തുകൊണ്ടാണ് ഇത് സംഭവിക്കാത്തത്? ഏതൊക്കെ നയങ്ങളും നിയമങ്ങളുമാണ് ഇത്തരത്തിലുള്ള ഒരു മാറ്റമുണ്ടാക്കാൻ പോകുന്നത് ?
അതിന് പറ്റിയ മാർഗ്ഗം ഇത്തരം നിർമാണവസ്തുക്കളുടെ വിലയിൽ വർദ്ധന വരുത്തുക എന്നതാണ്.
 
പാറയുടെയും മണലിന്റെയും ഇപ്പോഴത്തെ വില നിശ്ചയിക്കുന്നത്, അത് പ്രകൃതിയിൽ നിന്നും ശേഖരിക്കാനുള്ള ചിലവ്, ലൈസൻസ് ഫീ (വളരെ തുച്ഛം), പല തലങ്ങളിലെ കൈക്കൂലി ഇവ ചേർന്നാണ്. പാറയും മണ്ണും പ്രകൃതിയിൽ നിന്നെടുക്കുന്പോൾ ഉണ്ടാകുന്ന പരിസ്ഥിതി ആഘാതത്തിൻറെ ചിലവ് നമ്മൾ പരിസ്ഥിതിയിലേക്ക് തള്ളുകയാണ്. പരിസ്ഥതിക്കുണ്ടാകുന്ന നാശത്തിന്റെ വില കണ്ടുപിടിക്കാൻ ഇപ്പോൾ സാന്പത്തിക ശാസ്ത്രജ്ഞർക്ക് കഴിയും. അതും കൂടി ചേർത്തുവേണം പാറയുടെ വില നിർണ്ണയിക്കാൻ.
ഒരു പാറമടയിൽ നിന്നും ലാഭകരമായി പാറ പൊട്ടിച്ചെടുക്കാൻ പറ്റാത്ത കാലം വരുന്പോൾ അതിൻറെ ഉടമ സ്ഥലം കാലിയാക്കും. അതിന് ശേഷം അവിടെയുണ്ടാകുന്ന പ്രത്യാഘാതങ്ങളായ മണ്ണൊലിപ്പ്, ഉരുൾ പൊട്ടൽ, മുങ്ങി മരണം, കുടിവെള്ള പ്രശ്നങ്ങൾ ഇതൊന്നും തൽക്കാലം അവരുടെ ഉത്തരവാദിത്തമല്ല. ഇത് മാറണം. ഒരു പാറമട ഉണ്ടാക്കുന്ന കാലത്ത് തന്നെ അതിൻറെ ഉല്പാദനകാലം കഴിയുന്പോൾ എങ്ങനെയാണ് അപകടവും പ്രകൃതി നാശവുമില്ലാതെ ആ സ്ഥലം പുനരുപയോഗം ചെയ്യാൻ സാധിക്കുന്നതെന്ന് ആദ്യമേ ചിന്തിക്കണം. അതിനുള്ള പണം പാറമട ഉല്പാദനത്തിലിരിക്കുന്ന കാലത്ത് തന്നെ കണ്ടെത്തണം. ഓരോ ലോഡ് പാറ കയറിപ്പോകുന്പോഴും ഈ പണം ഒരു റിഹാബിലിറ്റേഷൻ ഫണ്ടിൽ എത്തണം. ഈ തുക കൂടി ചേരുന്പോൾ സ്വാഭാവികമായും പാറയുടെ വില കൂടുമല്ലോ.
 
പാറ എന്നത് ഒരിക്കൽ മാത്രമേ കുഴിച്ചെടുക്കാൻ പറ്റൂ എന്നതിനാൽ ഈ തലമുറ കുന്നിടിച്ചു പാറയും മണ്ണും എടുത്താൽ അടുത്ത തലമുറക്ക് അതുപയോഗിക്കാൻ പറ്റില്ല. അതുകൊണ്ട് ഈ ഖനനത്തിൽ അടുത്ത തലമുറക്കും ഒരവകാശമുണ്ട്. ആ അവകാശം ഒരു പെനാൽറ്റിയായി നമ്മൾ ഇപ്പോഴേ മാറ്റി വക്കണം. അത് മറ്റു നിർമ്മാണ വസ്തുക്കളോ രീതികളോ നാട്ടിലെത്തിക്കാനായി ഉപയോഗിക്കണം. അടുത്ത തലമുറയോടുള്ള നമ്മുടെ ഉത്തരവാദിത്തമാണത്.
 
ഇപ്പോൾ പാറയുടെയും മണലിന്റെയും വില എല്ലാവർക്കും ഒരേ നിരക്കിലാണ്. ആദ്യത്തെ വീട് വെക്കുന്നവർക്കും, അഞ്ചാമത്തെ വീട് വെക്കുന്നവർക്കും, നാന്നൂറ് ചതുരശ്ര അടിയുടെ വീട് വെക്കുന്നവർക്കും, നാലായിരം അടിയുടെ വീട് വെക്കുന്നവർക്കും ഒരേ വില. ഇത് മാറണം. വസ്തുവിന്റെ ഉപയോഗമനുസരിച്ച് ഡിഫറൻഷ്യൽ പ്രൈസ് വെക്കാമല്ലോ.
 
കേരളത്തിൽ ഇപ്പോൾ ഉള്ള അയ്യായിരം ക്വാറിയിൽ ഈ പറഞ്ഞ സംവിധാനം നടപ്പിലാക്കാനാവില്ല. ക്വാറികളുടെ എണ്ണം ഇപ്പോഴുള്ളതിന്റെ അൻപതിൽ ഒന്നായി ചുരുക്കിയാൽ അവ ഓരോന്നും ഇപ്പോഴത്തേതിലും വലുതാകും. അവിടെ ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിക്കണം. പരിസ്ഥിതി ആഘാത പഠനം മുതൽ റിഹാബിലിറ്റേഷൻ പ്ലാൻ വരെ ഉൾപ്പെട്ടതായിരിക്കണം ഓരോ ക്വാറിയും. ക്വാറി എന്നത് കുടിൽ വ്യവസായത്തിൽ നിന്നും മാറി ആധുനിക സൗകര്യങ്ങളും സാങ്കേതിക വിദ്യയുമുള്ള ഒരു വ്യവസായമാകുന്പോൾ മുൻപ് പറഞ്ഞ എല്ലാ കാര്യങ്ങളും കാര്യക്ഷമമായി നടപ്പിലാക്കാൻ സാധിക്കും.
 
ഇത് ചെയ്യണമെങ്കിൽ തീർച്ചയായും ഈ രംഗത്ത് ഏറ്റവും ഉയർന്ന തട്ടിൽ നിന്നുള്ള രാഷ്ട്രീയ ശ്രദ്ധ പതിയണം. നിലവിലുള്ള സാഹചര്യത്തിൽ ഇതിന് വലിയ എതിർപ്പുകളുണ്ടാകാം. കാരണം, മേൽപ്പറഞ്ഞ എല്ലാ ചിലവുകളും ചേർന്ന യഥാർത്ഥ വിലയിടാതെ, ചുളുവിലയിൽ പാറയും മണലും ഉപയോഗിച്ച് കൊണ്ടിരിക്കുകയാണ് സമൂഹം. പരിസ്ഥിതി നാശത്തിന്റെ വിലയും അടുത്ത തലമുറക്കുള്ള പെനാൽറ്റിയും സ്ഥലം റിഹാബിലിറ്റേഷന്റെ വിലയും ചേർത്ത് പാറയുടെ വില പത്തിരട്ടി ആയാൽ ഇപ്പോൾ ക്വാറിക്കെതിരെ ശബ്ദമുയർത്തുന്നവരെല്ലാം കളം മാറി ചവിട്ടും. ഈ രംഗത്ത് ഇപ്പോഴുള്ള ആയിരക്കണക്കിന് ക്വാറി ഉടമസ്ഥർ ഈ ബിസിനസിൽ പണം മുടക്കുകയും ഉദ്യോഗസ്ഥ തലത്തിലും രാഷ്ട്രീയ തലത്തിലും വ്യക്തി ബന്ധങ്ങൾ ഉണ്ടാക്കുകയും ചെയ്തിട്ടുണ്ട്. അതിനെ മറികടന്ന് സമൂഹത്തിന്റെ ഭാവിക്കായും അടുത്ത തലമുറക്ക് വേണ്ടിയും തീരുമാനങ്ങളെടുക്കുക എളുപ്പമല്ല.
 
കാര്യങ്ങളുടെ പോക്ക് കുളത്തിലേക്കാണെങ്കിലും ഓണക്കാലമായതിനാൽ ‘ക്വാറിയുമില്ല ക്രഷറുമില്ല, എള്ളോളമില്ല ജെ സി ബി യും’ എന്നൊരു കാലം വരുമെന്ന് ആശിക്കാം.
 
മുരളി തുമ്മാരുകുടി
 

Leave a Comment