പൊതു വിഭാഗം

(ക്ലബ്ബ്) ഹൌസ് റൂൾസ്

ക്ലബ്ബ് ഹൌസ് എന്ന പുതിയ മാധ്യമത്തിൽ കുറച്ചു തവണ മാത്രമേ കയറിയിട്ടുള്ളൂ. അവിടെ നിന്നും ഞാൻ മനസ്സിലാക്കിയതും പ്രധാനമെന്ന് തോന്നിയതുമായ ചില കാര്യങ്ങൾ പറയാം.
 
1. പറഞ്ഞ സമയത്ത് തന്നെ റും തുടങ്ങുന്നത് വളരെ പ്രധാനമാണ്, തീർക്കുന്നതും.
 
2. മൊത്തം സെഷന് സമയപരിധി നല്ലതാണ്. കൂടുതൽ സമയം ക്ലബ്ബ് ഹൌസ് നടത്തുന്നത് റെക്കോർഡ് ആണെന്നൊക്കെ തോന്നുമെങ്കിലും പങ്കെടുക്കുന്നവർക്ക് മറ്റു കാര്യങ്ങളും ചെയ്യാനുണ്ടെന്ന് ഓർക്കണം. ആരംഭകാലത്ത് ആയതുകൊണ്ടാകാം തൽക്കാലം ക്ലബ്ബ് ഹൌസ് അഡിക്റ്റീവ് ആണ്, അത് ഒഴിവാക്കാനുള്ള കാര്യങ്ങൾ ശ്രദ്ധിക്കണം.
 
3. നല്ലൊരു മോഡറേറ്റർ ഉണ്ടാകുന്നത് പ്രധാനമാണ്. പറ്റിയാൽ ഒന്നിൽ കൂടുതൽ മോഡറേറ്റർമാർ ആകാം. മോഡറേറ്ററും ചർച്ച ചെയ്യുന്നവരും തമ്മിൽ ഒരു ബാക്ക് എൻഡ് വാട്ട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കുന്നത് പ്രൊഫഷണലായ ചർച്ചക്ക് ഉതകും.
 
4. ചർച്ചയിൽ രണ്ടു മിനുട്ട് കൊണ്ട് സ്വന്തം അഭിപ്രായം പറയാൻ ആളുകൾ പഠിക്കണം, ചോദ്യം മുപ്പത് സെക്കന്റിൽ ചോദിക്കാനും. ചോദ്യം എന്ന രൂപത്തിൽ അഭിപ്രായം വിശദീകരിച്ച് സമയം കളയരുത്.
 
5. ചോദ്യോത്തര രൂപത്തിലാണെങ്കിൽ ഉപ ചോദ്യങ്ങൾ ചോദിക്കരുത്, മറ്റ് ആളുകളും കൂടി ചോദിച്ച ശേഷം രണ്ടാം ഊഴം വരുന്പോൾ ചോദിക്കാം.
 
6. ചോദ്യം ചോദിക്കുന്പോഴും ചർച്ചയിൽ പങ്കെടുക്കുന്പോഴും സമയ പരിധിക്കപ്പുറം പോവുകയാണെങ്കിൽ മോഡറേറ്റർ ഇടപെടണം.
 
7. ചോദ്യം ചോദിക്കുന്ന സെഷനിൽ കൈ പൊക്കുന്നതനുസരിച്ച് ചോദിക്കാൻ ഊഴം കൊടുക്കുന്നതാണ് ശരി. പ്രത്യേകിച്ചും “പ്രമുഖരെ” പ്രത്യേകം പരിഗണിക്കുന്നത് നല്ല കാര്യമല്ല. ഇത്തരത്തിൽ അവസരം കിട്ടുന്ന പ്രമുഖനായ എനിക്കും ഇത് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.
 
8. ഒരിക്കൽ സംസാരിച്ചു കഴിഞ്ഞാൽ ഔട്ട് ഓഫ് ടേൺ സംസാരിക്കാൻ അനുവദിക്കുന്നത് തെറ്റാണ്.
 
9. ഓഡിയൻസിൽ നിങ്ങൾക്ക് താൽപ്പര്യമുള്ളവരുണ്ടെങ്കിൽ അവരെ ഒരു പ്രാവശ്യം സംസാരിക്കാൻ ക്ഷണിക്കാം. അവർ വേണ്ട എന്ന് പറഞ്ഞാൽ പല പ്രാവശ്യം പിംഗ് ചെയ്തു ബുദ്ധിമുട്ടിക്കുന്നത് ശരിയല്ല. അവർക്ക് ഇഷ്ടമുള്ളപ്പോൾ വരട്ടെ, അല്ലെങ്കിൽ അവിടെ സമാധാനമായി ഇരുന്ന് കാര്യങ്ങൾ കേൾക്കട്ടെ. എന്നെ ഒന്നിൽ കൂടുതൽ തവണ പിംഗ് ചെയ്താൽ ഞാൻ സ്ഥലം വിടാറാണ് പതിവ്.
 
10. ക്ലബ്ബ് ഹൌസ് സംവിധാനത്തിൽ ഇപ്പോൾ ഒരു റെക്കോർഡിങ്ങ് ഫീച്ചർ ഇല്ല. നിങ്ങളുടെ ഫോണിൽ മറ്റുള്ളവരോട് പറയാതെ അത് ചെയ്യുന്നത് ശരിയല്ല. അതേ സമയം ഇത്തരം തെറ്റായ കാര്യങ്ങൾ ഇപ്പോൾത്തന്നെ ക്ലബ്ബ് ഹൗസും മറ്റുള്ളവരും ചെയ്യുന്നുണ്ടെന്ന ധാരണയിൽ സംസാരിക്കുന്നതാണ് നല്ലത്.
 
മുരളി തുമ്മാരുകുടി

Leave a Comment