എൻറെ സുഹൃത്തും സ്വിസ് ഐ. ടി. ഗുരുവുമായ Ranji Collins ആണ് പത്തു ദിവസം മുൻപ് “ക്ലബ്ബ് ഹൗസിലേക്ക് ഒരു ക്ഷണം തരട്ടേ” എന്ന് ചോദിച്ചത്. സ്വിസ്സ് ആയതിനാൽ ജനീവയിൽ ഏതെങ്കിലും ക്ലബ്ബ് ആയിരിക്കുമെന്നാണ് ആദ്യം കരുതിയത്. പിന്നെയാണ് പുതിയ സമൂഹ മാധ്യമം ആണെന്നൊക്കെ മനസ്സിലാക്കിയത്. അന്ന് കേരളത്തിൽ ഈ മാധ്യമം കത്തിക്കയറിയിരുന്നില്ല. എന്നാലും എടുത്തു ചാടി.
രണ്ടോ മൂന്നോ ദിവസത്തിനകം കേരളം ഒട്ടാകെ ക്ലബ്ബ് ഹൗസിൽ എത്തി. കുറച്ച് തിരക്കായതിനാൽ അവിടെ പോകാൻ സമയം കിട്ടിയില്ല. എന്താണീ സംഭവം എന്നറിയാൻ ഏതെങ്കിലും ഗ്രൂപ്പിൽ കയറുന്പോൾ തന്നെ പരിചയക്കാർ ആരെങ്കിലും കാണും, ഉടൻ സംസാരിക്കാൻ ക്ഷണിക്കും, ഞാൻ ഓടി സ്ഥലം വിടും. അത് സമയക്കുറവ് കൊണ്ടും വേണ്ടത്ര തയ്യാറെടുപ്പില്ലാത്തത് കൊണ്ടുമാണ്. ക്ഷമിക്കുക.
“ചേട്ടൻ ക്ലബ്ബ് ഹൗസിൽ വന്നേ പറ്റൂ, പതിനയ്യായിരം ഫോളോവേഴ്സ് ആയി” എന്ന് പറഞ്ഞതും രഞ്ജിത്താണ്!. ഞാൻ ഒന്ന് ഞെട്ടി. ഒരിക്കൽ പോലും സംസാരിച്ചിട്ടില്ല, അപ്പോൾ ആളുകൾക്ക് പ്രതീക്ഷയുണ്ട്. പോയി നോക്കിയ ഞാൻ വീണ്ടും ഞെട്ടി. ഫോളോവേഴ്സിന്റെ എണ്ണം അപ്പോൾ ഇരുപതിനായിരം കടന്നു.
ഇനി ഒളിച്ചിരുന്നിട്ട് കാര്യമില്ല.
അതേ സമയം തന്നെ വേണ്ടത്ര സമയം ചിലവാക്കാൻ ഇല്ലാതെ അവിടെ ചെല്ലുന്നത് ശരിയല്ലല്ലോ. ഈ ശനിയാഴ്ച ലോക പരിസ്ഥിതി ദിനമാണ്, മുഴുവൻ തിരക്ക്. അന്ന് പറ്റില്ല.
അപ്പോൾ ജൂൺ ആറാം തിയതി ഉച്ചക്ക് ഇന്ത്യൻ സമയം പന്ത്രണ്ടര മുതൽ ഞാൻ ക്ളബ്ബ് ഹൗസിൽ കാണും. തിരക്കൊന്നുമില്ല, നാലഞ്ച് മണിക്കൂർ അവിടെത്തന്നെ കാണും. വരുന്നവരെയെല്ലാം കണ്ടിട്ടേ പോകുന്നുള്ളൂ. ഈ ക്ലബ്ബ് ഹൌസ് സംഭവം എങ്ങനെയാണ് ക്രിയാത്മകമായി ഉപയോഗിക്കാൻ സാധിക്കുന്നതെന്ന് മനസ്സിലാക്കുകയും വേണം. എൻറെ സുഹൃത്തായ Neyyan Rasheed മോഡറേറ്റർ ആയി അവിടെ കാണും.
അപ്പോൾ എല്ലാം പറഞ്ഞത് പോലെ… ഞായറാഴ്ച കാണാം
മുരളി തുമ്മാരുകുടി


Leave a Comment