പൊതു വിഭാഗം

കൊറോണയുടെ തിരിച്ചുവരവ്

2020 മാർച്ച് മുതൽ കോവിഡിനെപ്പറ്റി എഴുതുന്നു.
 
സ്ഥിരമായി നാട്ടുകാരെ പേടിപ്പിക്കാൻ “പുലി വരുന്നേ” എന്ന് പറഞ്ഞുകൊണ്ടിരുന്ന പയ്യനെ അവസാനം ആളുകൾ വിശ്വസിക്കാതെയായി എന്നൊരു കഥയുണ്ട്. പക്ഷെ കഥയുടെ അവസാനം പുലി വന്നുവെങ്കിലും ആ ഭാഗം വരെ ആരും ശ്രദ്ധിക്കാറില്ല.
 
കോവിഡിന്റെ കാര്യവും ഏതാണ്ട് ഇങ്ങനെയാണ്. രണ്ടായിരത്തി ഇരുപത് മാർച്ചിൽ കോവിഡ് മറ്റു രാജ്യങ്ങളിൽ സംഹാരതാണ്ഡവം ആടിയപ്പോൾ നമ്മൾ അതിവേഗത്തിൽ ലോക്ക് ഡൌൺ പ്രഖ്യാപിച്ച് കേസുകളുടെ എണ്ണം ആശുപത്രി സംവിധാനങ്ങളുടെ പരിധിക്കുള്ളിൽ നിർത്തി. മറ്റു പല രാജ്യങ്ങളിലെയും പോലെ ആദ്യത്തെ തരംഗത്തിൽ മരണം ഏറെ ഉണ്ടാകാത്തത് കൊണ്ട് നമുക്ക് എന്തോ പ്രത്യേക ഇമ്മ്യൂണിറ്റി ഉണ്ടെന്നെല്ലാം ആളുകൾ വിശ്വസിച്ചു. രണ്ടാം തരംഗം മറ്റിടങ്ങളിൽ വന്നപ്പോൾ വേണ്ടത്ര ശ്രദ്ധ കൊടുത്തില്ല, ആശുപത്രി കിടക്കകൾ കിട്ടാതായി, ഓക്സിജന് വരെ ക്ഷാമം ഉണ്ടായി, ഒഴിവാക്കാവുന്ന മരണങ്ങൾ ഉണ്ടായി.
 
മൂന്നാം തരംഗം യൂറോപ്പിൽ എത്തിയിട്ട് രണ്ടു മാസമായി. മറ്റിടങ്ങളെക്കാൾ കുറച്ചു വൈകിയാണ് ഇന്ത്യയിൽ മറ്റു തരംഗങ്ങൾ എത്തിയത്, അതുകൊണ്ട് തന്നെ ഇവിടേയും ഒരു തരംഗം ഉണ്ടാകുമെന്ന് ഉറപ്പായിരുന്നു. മൂന്നാഴ്ചയായി ഇന്ത്യയിൽ കൊറോണ കേസുകൾ അതി വേഗത്തിൽ കൂടുകയാണ്. ഇപ്പോൾ കേരളത്തിലും.
 
ഈ തരംഗത്തിൽ കേരളത്തിൽ കോവിഡ് കേസുകളുടെ എണ്ണം കഴിഞ്ഞ തരംഗത്തിലെ പരമാവധിയായ നാല്പത്തിനായിരങ്ങൾക്ക് അപ്പുറം പോകുമെന്ന് ഇപ്പോൾ ഉറപ്പായിട്ടുണ്ട്. കേസുകളുടെ എണ്ണം പ്രതിദിനം ലക്ഷം കഴിയുമോ എന്നതാണ് നോക്കേണ്ടത്. കോവിഡിന്റെ ഈ തരംഗത്തിൽ അനവധി ഇടങ്ങളിൽ കഴിഞ്ഞ തരംഗത്തിലും പലമടങ്ങ് ഉയരത്തിൽ എത്തി. അത് കൊണ്ട് തന്നെ പ്രതിദിനം ഒരു ലക്ഷം എന്നത് സാധ്യമായ ഒന്നാണ്.
 
കോവിഡ് കേസുകൾക്കപ്പുറം പ്രധാനമായത് ആശുപത്രിയിൽ എത്തുന്നവരുടെ എണ്ണമാണ്. പ്രധാനമായി വാക്സിനേഷൻ വന്നത് കൊണ്ട് ഇത്തവണ രോഗം വന്ന് ആശുപത്രിയിൽ എത്തുന്നവർ വളരെ കുറവാണ്. അതിൽ തന്നെ വാക്സിൻ എടുക്കാത്തവർക്കാണ് രോഗം കൂടുന്നതും മരണങ്ങൾ സംഭവിക്കുന്നതും. കേരളത്തിൽ വാക്സിനേഷൻ നിരക്ക് വളരെ കൂടുതലായതുകൊണ്ട് തന്നെ ഈ തവണയും നമ്മുടെ ആശുപത്രി സംവിധാനങ്ങളുടെ (എഫ്. എൽ. ടി. സി. ഉൾപ്പടെ) പരിധിക്കകത്ത് കേസുകൾ കൈകാര്യം ചെയ്യാൻ നമുക്ക് സാധിക്കും. നമ്മളെല്ലാവരും നന്നായി സഹകരിക്കണം എന്നുമാത്രം.
ആളുകൾ സാന്പത്തികമായും മാനസികമായും ക്ഷീണിച്ചിരിക്കുകയാണ്. അതുകൊണ്ട് തന്നെ ലോക്ക് ഡൌൺ പോലുള്ള നിയന്ത്രണങ്ങൾ കൊണ്ടുവരാതിരിക്കുന്നതാണ് നല്ലത്. ഒന്പതാം ക്‌ളാസ്സ് വരെയുള്ള സ്‌കൂൾ അടച്ച് ഓൺലൈൻ ആക്കിയിട്ടുണ്ട്. ഒട്ടും സുഖകരമായ തീരുമാനമല്ലെങ്കിലും കേസുകളുടെ എണ്ണം പരിധി കടക്കാതിരിക്കാൻ ഇനിയും നിയന്ത്രണങ്ങൾ വേണ്ടി വരും.
 
മറ്റു നാടുകളിലെ രീതി അനുസരിച്ചാണെങ്കിൽ ഒരു മാസത്തിനകം കേസുകളുടെ എണ്ണം വീണ്ടും താഴേക്ക് വരും. കേരളം പോലെ ശക്തമായ നിയന്ത്രണങ്ങൾ നടപ്പിലാക്കുന്ന സ്ഥലങ്ങളിൽ വീണ്ടും “ഫ്ളാറ്റനിങ്ങ് ദി കർവ്വ്” എഫക്റ്റ് ഉണ്ടാകും, അതായത് മറ്റു സ്ഥലങ്ങളെക്കാൾ കുറച്ചു കൂടി സമയം വേണ്ടി വരും ഇവിടെ കേസുകൾ വീണ്ടും ആയിരത്തിന് താഴെയാകാൻ. കേസുകളുടെ ഏഴു ദിവസത്തെ ശരാശരി താഴേക്ക് വരാൻ തുടങ്ങുന്പോൾ തന്നെ നിയന്ത്രണങ്ങളിൽ അയവു വരുത്തി ആളുകൾക്ക് അല്പം ആശ്വാസം നൽകണം. ഏറ്റവും വേഗത്തിൽ സ്‌കൂളുകൾ തുറക്കണം, അത് വിദ്യാഭ്യാസത്തിന്റെ മാത്രം കാര്യമല്ല, വിദ്യാർത്ഥികളുടെ മാനസിക വളർച്ചയുടേയും ആരോഗ്യത്തിന്റെയും കാര്യമാണ്.
ഇതൊക്കെ സർക്കാർ ചിന്തിക്കുന്ന കാലത്ത് നമുക്ക് വ്യക്തിപരമായി ചെയ്യാവുന്ന ചിലതുണ്ട്.
1. നമുക്ക് ചുറ്റുമുള്ള ആരെങ്കിലും വാക്സിൻ എടുക്കാത്തവർ ഉണ്ടെങ്കിൽ അവരെ അതിന് പ്രേരിപ്പിക്കുക. വാക്സിൻ എടുക്കാത്തവർക്ക് രോഗം വന്നാൽ മരിക്കാനുള്ള സാധ്യത വാക്സിൻ എടുത്തവരെക്കാൾ പതിനഞ്ചു മടങ്ങ് വരെ കൂടുതലാണ്. നമ്മുടെ കയ്യിൽ ഇപ്പോൾ ഉള്ള ഏറ്റവും ശക്തമായ പ്രതിരോധം വാക്സിൻ തന്നെയാണ്.
2. ഒരു ഡോസ് എടുത്തവർ രണ്ടാമത്തേതും, രണ്ടും ലഭിച്ചവർ ലഭ്യമാകുന്ന മുറക്ക് ബൂസ്റ്റർ ഡോസും എടുക്കുക.
3. ഒപ്പം വാക്സിൻ എടുത്തത് കൊണ്ട്, ബൂസ്റ്റർ ഉണ്ടെങ്കിൽ പോലും, രോഗം വരില്ല എന്ന വിശ്വാസം ഒഴിവാക്കുക.
4. നിങ്ങളുടെ ആരോഗ്യ ഇൻഷുറൻസ് ഈ വർഷത്തേക്ക് പുതുക്കി കയ്യിൽ വക്കുക. രോഗം വന്നാൽ സാന്പത്തിക പരാധീനതയിൽ പെടരുതല്ലോ.
5. മാസ്ക്ക്, ഹാൻഡ് വാഷ്, സോഷ്യൽ ഡിസ്റ്റൻസിങ്ങ് എല്ലാം കർശനമായി പാലിക്കാൻ ശ്രദ്ധിക്കുക.
6. കല്യാണങ്ങൾ വീണ്ടും ആയിരത്തിന് മുകളിലേക്ക് എത്തിയിട്ടുണ്ട്, സർക്കാർ നിർദ്ദേശം എഴുപത്തി അഞ്ചും നൂറ്റന്പതും ഒക്കെ ആണെങ്കിലും. ഇക്കാര്യങ്ങളിൽ പരമാവധി കരുതൽ എടുക്കുക. പറ്റിയാൽ ചടങ്ങുകൾ രണ്ടു മാസത്തേക്ക് മാറ്റിവെക്കുക.
7. ഉത്സവങ്ങളും, പെരുന്നാളുകളും, പാർട്ടി സമ്മേളനങ്ങളും, വോളിബോൾ മാച്ചുകളും ആയിരക്കണക്കിന് ആളുകളെ ചേർത്ത് യാതൊരു സാമൂഹിക അകലവും ഇല്ലാതെ നടത്തുന്നത് ഇപ്പോൾ സ്ഥിരം കാഴ്ചയാണ്. നിയമം പാലിച്ചും പാലിപ്പിച്ചും നാട്ടുകാരും പോലീസും മടുത്തു എന്ന് തോന്നുന്നു. ചുരുങ്ങിയത് അടുത്ത ഒരു മാസത്തേക്കെങ്കിലും ഒരല്പം ബ്രേക്ക് ഇടുന്നത് നല്ലതാണ്.
8. മറ്റുള്ളവർ നിയന്ത്രിച്ചാലും ഇല്ലെങ്കിലും അടുത്ത ഒരു മാസക്കാലം നമ്മൾ വ്യക്തിപരമായി പരമാവധി സന്പർക്കം കുറക്കുക. യാത്രകൾ അത്യാവശ്യത്തിന് മാത്രമാക്കുക. തീയേറ്റർ പോലുള്ള അടച്ചു പൂട്ടിയതും എ. സി. ഉള്ളതുമായ സാഹചര്യങ്ങളിൽ സമയം ചിലവഴിക്കാതിരിക്കുക. വിദേശ യാത്ര ചെയ്യുന്നവർ അതിർത്തികൾ അടച്ചിടാനുള്ള സാധ്യത മനസ്സിൽ കാണുക.
9. നിങ്ങളുടെ വീട്ടിൽ പ്രായമായവർ, മറ്റു രോഗങ്ങൾ ഉള്ളവരുണ്ടെങ്കിൽ അവരെ പരമാവധി സംരക്ഷിക്കാൻ ശ്രമിക്കുക. അങ്ങനെയുള്ളവരുള്ള വീടുകളിൽ പോകുന്നത് ഒരു മാസത്തേക്കെങ്കിലും ഒഴിവാക്കുക.
10. ഇതൊക്കെ പറയുന്പോഴും നല്ല മാനസിക ആരോഗ്യം നിലനിർത്താൻ മനഃപൂർവ്വം ശ്രമിക്കുക. സുഹൃത്തുക്കളെ ചെറിയ ഗ്രൂപ്പ് ആയി കാണുക, പുറത്തിറങ്ങി നടക്കുക, കൂട്ടുകാരും ബന്ധുക്കളുമായി സംസാരിക്കുക. ഓ. ടി. ടി. യിൽ സിനിമ കാണുക, ആരോഗ്യകരമായ ഭക്ഷണം, വ്യായാമം എല്ലാം പ്രധാനമാണ്. ഇതൊരു കെട്ട കാലമാണ്, നമുക്ക് അതിജീവിച്ചേ പറ്റൂ,
സുരക്ഷിതരായിരിക്കുക
#WeShallOvercome
മുരളി തുമ്മാരുകുടി
 
(picture. Global 7 Day moving average of CORONA cases)
May be an image of text that says "daily linear logarithmic Daily New Cases Cases per Day Data as of 0:00 GMT+0 4M 3M 2M 1M 0 22, Jan 2020 2020 2021 Aug16,2021 2021 2022 13, 26, 06, Jun Nov 03, Mar Aug Jan 7-day moving average"

Leave a Comment