പൊതു വിഭാഗം

കൊറോണയും കൊറോണപ്പേടിയും…

കേരളത്തിൽ കൊറോണപ്പേടി ചിലപ്പോഴൊക്കെ അതിരുവിടുന്നതായി തോന്നുന്നു.
 
കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് മാളുകൾ അടക്കാനുള്ള തീരുമാനം അത്തരത്തിൽ ഒന്നായിരുന്നു. സ്വാഭാവികമായും എല്ലാ ഉദ്യോഗസ്ഥരും ജനനന്മയെ കരുതിയാണ് തീരുമാനങ്ങൾ എടുക്കുന്നത്. പക്ഷെ ഓരോ തീരുമാനം എടുക്കുന്പോഴും അതിന്റെ പ്രത്യാഘാതം പലപ്പോഴും വ്യക്തമാകണമെന്നില്ല. മാളാണെങ്കിലും റിസോർട്ട് ആണെങ്കിലും അടപ്പിക്കുവാൻ ഏളുപ്പമാണ്, തുറക്കാനും വലിയ ബുദ്ധിമുട്ടൊന്നുമില്ല. പക്ഷെ ഇത്തരം എടുത്തുചാടി ഉള്ള നടപടികൾ ഉണ്ടാക്കുന്ന ഭീതി സ്വിച്ചിടുന്ന എളുപ്പത്തിൽ മാറ്റിയെടുക്കാൻ പറ്റില്ല. മാളുകൾ തുറന്നാലും കുറച്ചു കാലത്തേക്ക് ആളുകൾ ആ വഴി പോകാൻ മടിക്കും.
 
ഭാഗ്യത്തിന് മുഖ്യമന്ത്രി വൈകിട്ടത്തെ പത്ര സമ്മേളനത്തിൽ ശാന്തനായി മാളുകൾ ഒന്നും അടക്കേണ്ട സാഹചര്യമില്ല എന്ന് പറഞ്ഞു. ആളുകളുടെ എണ്ണം കുറഞ്ഞിട്ടുണ്ടെങ്കിലും ഭീതി കുറക്കാനും അവശ്യ വസ്തുക്കളുടെ ക്ഷാമം ഇല്ലെന്ന് ഉറപ്പ് വരുത്താനും തീർച്ചയായും ഇത് ഉപകരിക്കും.
 
കേരളം (ഇന്ത്യയും) കൊറോണബാധയുടെ പുതിയൊരു തലത്തിലേക്ക് നീങ്ങാൻ പോവുകയാണ്. ഇന്ത്യയിൽ കൊറോണ കേസുകളുടെ എണ്ണം നൂറു കവിഞ്ഞു. മറ്റു രാജ്യങ്ങളിൽ സംഭവിച്ചത് പോലെയാണ് ഇന്ത്യയിലും സംഭവിക്കാൻ പോകുന്നതെങ്കിൽ (അങ്ങനെ ആകാതിരിക്കേണ്ട കാര്യമില്ല), ഇനി കേസുകളുടെ വളർച്ച കുറച്ചുകൂടി വേഗത്തിലാകും. അപ്പോൾ കൊറോണയെ നേരിടാൻ പുതിയ തന്ത്രങ്ങൾ വേണ്ടി വരും. ഇന്ത്യ പോലുള്ള വലിയ ജനാധിപത്യ രാജ്യത്ത് ഏതൊക്കെ നിയന്ത്രണങ്ങൾ ആണ് നടപ്പിലാക്കാൻ പറ്റുന്നത്? ഏത് തരത്തിലാണ് ടെസ്റ്റിംഗും കേസുകളും കൈകാര്യം ചെയ്യേണ്ടത് എന്നെല്ലാം കൂടുതൽ ചിന്തിച്ചു തീരുമാനം എടുക്കേണ്ടി വരും.
 
മറ്റുള്ള എമർജൻസികളെ പോലെ തന്നെ ഒരു റിസ്ക് മാനേജ്‌മെന്റ് ഫ്രെയിംവർക്ക് അനുസരിച്ചാണ് ഇനി കൊറോണയെ കൈകാര്യം ചെയ്യേണ്ടത്. കൊറോണയെ നിയന്ത്രിക്കാൻ എടുക്കുന്ന ഓരോ തീരുമാനവും കൊറോണക്കും ആരോഗ്യ രംഗത്തിനും പുറത്ത് പ്രത്യാഘാതങ്ങൾ ഉണ്ടാകും. അത് കൊറോണക്കാലത്തേക്കാൾ നീണ്ടു നിൽക്കും. അപ്പോൾ ഓരോ തീരുമാനവും എടുക്കുന്നതിന് മുൻപും അതിന്റെ എല്ലാ പ്രത്യാഘാതങ്ങളും ചിന്തിക്കണം.
ഇതൊന്നും താഴത്തെ തട്ടിലുള്ള ഉദ്യോഗസ്ഥർക്കോ എന്തിന് ഒരു വകുപ്പിന്റെ മന്ത്രിക്ക് പോലുമോ അറിഞ്ഞിരിക്കണമെന്നില്ല. പൊതുജനാരോഗ്യം സംരക്ഷിക്കാനായി എടുക്കുന്ന തീരുമാനങ്ങൾ ഇപ്പോൾത്തന്നെ ടൂറിസം മേഖലയെ അടിപ്പെടുത്തി കഴിഞ്ഞു. ട്രാവൽ ഏജൻസി മുതൽ കാറ്ററിങ്ങ് വരെയുള്ള മേഖലകളിലും മാന്ദ്യം വ്യക്തമാണ്. സിനിമാ തീയേറ്ററുകളിൽ നിന്നും മാന്ദ്യം സിനിമാ വ്യവസായത്തിലേക്ക് എത്തും. അരക്ഷിതാവസ്ഥ മൂലം പൊതുവിൽ ആളുകൾ പണമിറക്കുന്നത് കുറയ്ക്കും. അപ്പോൾ സേവന രംഗം സന്പദ്‌വ്യവസ്ഥയുടെ പ്രധാന ഭാഗമായി കേരളത്തിന്റെ എക്കോണമിയിൽ അത് വ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും.
 
സാന്പത്തിക രംഗത്ത് ഉണ്ടാകുന്ന മാന്ദ്യം തിരിച്ച് പൊതുജനാരോഗ്യത്തെ ബാധിക്കുന്ന സമയം വരും. ആരോഗ്യ രംഗത്തെ ഏറെ വിഭവങ്ങളും സമയവും ഇപ്പോൾ കൊറോണ പ്രതിരോധത്തിലാണ് ഉപയോഗിക്കപ്പെടുന്നത്. ആശുപത്രിയിലേക്ക് ഒരു രോഗവുമായി പോകാനുള്ള ത്വര ആളുകൾ ഇപ്പോൾ തന്നെ മാറ്റിക്കഴിഞ്ഞു. ഇത്തരത്തിൽ സമയത്ത് ചികിത്സ കിട്ടാത്തതിനാൽ സാധാരണഗതിയിൽ നിസ്സാരമായി ചികിൽസിച്ചു പോകാമായിരുന്ന മറ്റു രോഗങ്ങൾ കൂടുതൽ വഷളായി എന്നും വരാം. മൊത്തത്തിൽ കൊറോണയുണ്ടാക്കിയതിലും ആരോഗ്യപ്രശ്നങ്ങൾ കൊറോണപ്പേടി ഉണ്ടാക്കാം.
 
ഇതൊക്കെ ഉണ്ടാകും എന്നല്ല, ഉണ്ടാകാം എന്നാണ് ഞാൻ പറയുന്നത്. അതുകൊണ്ടു തന്നെ മാറിവരുന്ന കൊറോണ സാഹചര്യത്തെ എങ്ങനെ കൈകാര്യം ചെയ്യാമെന്ന് ഒരു ഉന്നതതല സംഘം ചർച്ച ചെയ്യുന്നതിനോടൊപ്പം എങ്ങനെയാണ് കൊറോണ മറ്റു രംഗങ്ങളിലേക്ക് പടരുന്നത് എന്നതിനെപ്പറ്റിയും വ്യാപകമായ ചർച്ചകൾ ഏറ്റവും ഉന്നത തലത്തിൽ നടത്തണം. അതനുസരിച്ചു വേണം പുതിയതായി നിയന്ത്രണങ്ങൾ പ്രഖ്യാപിക്കാൻ. ഓരോ ജില്ലയിലും ഓരോ തരത്തിൽ നിയന്ത്രണങ്ങൾ പ്രഖ്യാപിക്കുന്നതും കൊറോണ എന്നൊരു വിഷയത്തെ മാത്രം ആസ്പദമാക്കി ഏറ്റവും കർശനമായ നിയന്ത്രണങ്ങൾ പ്രഖ്യാപിക്കുന്നതും ആരോഗ്യ രംഗത്തിന് ഉൾപ്പെടെ ഗുണകരമാവില്ല. കൊറോണ കഴിഞ്ഞും ഒരു ഭാവി നമുക്ക് വേണം എന്ന ഓർമ്മ വേണം.
 
മുരളി തുമ്മാരുകുടി

Leave a Comment