പൊതു വിഭാഗം

കൊറോണക്കാലത്തെ പുസ്തകം…

ഈ കൊറോണക്കാലത്ത് നമുക്കെല്ലാം കൂടി ഒരു പുസ്തകമെഴുതാമെന്ന് ഇന്നലെ ഞാൻ പറഞ്ഞിരുന്നുവല്ലോ. നൂറു പേരെങ്കിലും അതിന് അനുകൂലമായ പ്രതികരണങ്ങൾ അയക്കുകയും അതിൽ അൻപത് പേരെങ്കിലും സമയത്തിന് എഴുതിത്തരികയും ചെയ്താൽ ഒരു പുസ്തകത്തിനുള്ള മാറ്റർ ആയി. പിന്നെ അത് എഡിറ്റ് ചെയ്തു പ്രസിദ്ധീകരിക്കാം എന്നതായിരുന്നു ചിന്ത.
പക്ഷെ പോസ്റ്റിട്ട് മിനുറ്റുകൾക്കകം ആളുകൾ താല്പര്യം പ്രകടിപ്പിച്ചു തുടങ്ങി. ഇന്ന് രാവിലെ ആയപ്പോഴേക്കും മുന്നൂറ്റി അൻപത് പേർ സിന്ധുവിന് നേരിട്ട് എഴുതിയിട്ടുണ്ട്. സന്തോഷം.
പോസ്റ്റിട്ട് ഒരു മണിക്കൂറിനകം ഡി സി ബുക്ക്സ് ഈ പുസ്തകം പ്രസിദ്ധീകരിക്കുന്നതിന് താല്പര്യം പ്രകടിപ്പിച്ചു. അപ്പോൾ ആ കാര്യവും ഓക്കെ.
 
ധന്യ Dhanya Ajith പുസ്തകത്തിന് വേണ്ട പടങ്ങൾ വരച്ചു തരാം എന്ന് വാഗ്ദാനം ചെയ്തിട്ടുണ്ട്. ആനന്ദലബ്ധിക്ക് ഇനിയെന്ത് വേണം !
പല ആളുകളും ചില ചോദ്യങ്ങളുമായി വന്നിട്ടുണ്ട്. അതിന് പൊതുവായ ഉത്തരം പറയാം.
 
1. പ്രസിദ്ധീകരിക്കാൻ ഉദ്ദേശിക്കുന്ന ആർട്ടിക്കിൾസ് കൊറോണയെപ്പറ്റിയുള്ളതായിരിക്കണമെന്നുണ്ടോ?
ഇല്ല, വിഷയം എന്തുമാകാം, പക്ഷെ ഈ കൊറോണ ലോക്ക് ഡൌൺ കാലത്ത് എഴുതിയതായിരിക്കണം എന്നതാണ് പ്രധാനം. കാരണം ഇതൊരു പുസ്തകം പബ്ലിഷിങ്ങ് പരിപാടിയല്ല, നമ്മുടെ എല്ലാം സമയം ക്രിയാത്മകമായി ഉപയോഗിക്കാനും പോസിറ്റീവ് ആയ മൂഡ് നിലനിർത്താനുമുള്ള ഒരു ആശയമാണ്. അപ്പോൾ മുൻപ് എന്നെങ്കിലും എഴുതിയ ഒരു പോസ്റ്റ് എടുത്ത് വെറുതെ അയച്ചു തന്നാൽ അതുകൊണ്ട് നമ്മൾ ഉദ്ദേശിക്കുന്ന ഫലം കിട്ടില്ല.
 
2. ഒരിക്കൽ പ്രസിദ്ധീകരിച്ചവ അംഗീകരിക്കുമോ?
സാങ്കേതികമായി മുൻപ് മറ്റുള്ള പ്രസിദ്ധീകരണങ്ങളിൽ വന്നവക്ക് കോപ്പി റൈറ്റ് പ്രശ്നങ്ങൾ ഉണ്ട്, അതുകൊണ്ട് അവ അംഗീകരിക്കാൻ പറ്റില്ല. പഴയ ഫേസ്ബുക്ക് പോസ്റ്റ് ആണെങ്കിൽ നമ്മൾ കൊറോണക്കാലത്തെ എഴുതിയതാണെന്നൊക്കെ പറഞ്ഞു പുറത്തെടുത്താൽ ആളുകൾ കളിയാക്കില്ലേ. കൊറോണക്കാലത്ത് എഴുതിയതും ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തതും ആണെങ്കിൽ കുഴപ്പമില്ല.
 
3. കഥകളും യാത്രാവിവരണവും കൂടാതെ കവിതകളും ഉൾപ്പെടുത്തുമോ?
ആദ്യം വേണ്ട എന്നാണ് കരുതിയത്, പിന്നെ കരുതി, എന്തുകൊണ്ട് പാടില്ല? അതുകൊണ്ട് ധൈര്യമായി കവിതകൾ എഴുതൂ, അയക്കൂ.
 
4. ആർട്ടിക്കിൾസ് ഇംഗ്ളീഷിൽ അയക്കമോ ?
തൽക്കാലം ഇതൊരു മലയാളം പബ്ലിക്കേഷൻ ആണ്. ഇംഗ്ളീഷിൽ പബ്ലിഷ് ചെയ്ത് എനിക്ക് പരിചയമില്ല, പബ്ലിഷേഴ്സിനെയും. എഡിറ്റിങ്ങും വെല്ലുവിളിയാണ്. പക്ഷെ വേറെ ആരെങ്കിലും ഇംഗ്ളീഷിൽ പബ്ലിഷ് ചെയ്യാൻ മുൻകൈ എടുത്താൽ ഞാൻ ഒരു ലേഖനം എഴുതാം, എന്ത് സഹായവും ചെയ്യുകയും ആവാം.
 
5. ഈ ലേഖനങ്ങൾക്ക് വേണ്ടി കുറച്ചു പടങ്ങൾ വരക്കാൻ ആളുകളുടെ സഹായം വേണം. താല്പര്യമുള്ളവർ സിന്ധുവിനെ ബന്ധപ്പെടണം.
 
പ്രധാനമന്ത്രി മൂന്നാഴ്ചയാണല്ലോ ലോക്ക് ഡൌൺ പ്രഖ്യാപിച്ചിരിക്കുന്നത്. അതിനുള്ളിൽ കാര്യങ്ങൾ ഏറെ മുന്നോട്ടു കൊണ്ടുപോകണം എന്നതാണ് പ്ലാൻ. അതുകൊണ്ട് നിങ്ങൾ നിങ്ങളുടെ മാറ്റർ അടുത്ത രണ്ടാഴ്ചക്കുള്ളിൽ (ഏപ്രിൽ 8 വരെ) സിന്ധുവിന് അയക്കണം. അതിന് ശേഷം കിട്ടുന്നവ ഉൾപ്പെടുത്താൻ സാധിക്കില്ല. ഇന്ന് തൊട്ട് അയച്ചു തുടങ്ങാം, എഡിറ്റിങ്ങ് ഉടൻ തുടങ്ങാമല്ലോ. ലോക്ക് ഡൌൺ കഴിയുന്നതിന് മുൻപ് ഒന്നാമത്തെ ഡ്രാഫ്റ്റും ചിത്രങ്ങളും റെഡി ആക്കണം എന്നാണ് പ്ലാൻ. നിങ്ങളുടെ സഹകരണം ആണ് പ്രധാനം.
 
സിന്ധുവിന്റെ ഇമെയിൽ അഡ്രസ് Sindhukb@hotmail.com ആണ്.
 
ആവേശത്തോടെ പങ്കാളികളാകാൻ മുന്നോട്ടുവന്നവർക്ക് നന്ദി. ഡി സി ബുക്സിനും ധന്യക്കും.
 
മുരളി തുമ്മാരുകുടി
 

Leave a Comment