പൊതു വിഭാഗം

കൊച്ചി മാറുമോ?

കൊച്ചിയുടെ ഭാവി എന്ന വിഷയത്തിൽ ഒരു സെമിനാർ സംഘടിപ്പിക്കണം എന്ന് എൻറെ സുഹൃത്തും ആൾ ഇന്ത്യ പ്രൊഫഷണൽ കോൺഗ്രസ്സ് ഭാരവാഹിയും ആയ
Sudheer Mohan ഏറെ നാളായി പറയുന്നു. സമയവും സൗകര്യവും ഒത്തുവന്നത് ജനുവരി നാലാം തിയതിയാണ്.
ശ്രീ ഹൈബി ഈഡൻ എം പി, ഹരീഷ് വാസുദേവൻ, നിർമ്മല ടീച്ചർ (സെയിന്റ് തെരേസാസ് കോളേജ്), മാത്യു കുഴൽനാടൻ, തോമസ് ഇവരൊക്കെ ആയിരുന്നു പാനൽ അംഗങ്ങൾ. മാധ്യമപ്രവർത്തകയായ ശ്രീജയായിരുന്നു മോഡറേറ്റർ. പരിപാടി വൈകീട്ട് ആയിരുന്നെങ്കിലും ഹാൾ തിങ്ങിനിറഞ്ഞ് ആളുണ്ടായിരുന്നു.
സിങ്കപ്പൂർ, ദുബായ്, ആംസ്റ്റർഡാം, ഹോങ്കോങ്ങ് തുടങ്ങി കൊച്ചിയോട് ഉപമിക്കാവുന്ന ഏതൊരു നഗരത്തേക്കാൾ സാദ്ധ്യതകൾ ഉള്ള നഗരമാണ് കൊച്ചി എന്ന് പറഞ്ഞുകൊണ്ടാണ് ഞാൻ ചർച്ച തുടങ്ങിവെച്ചത്. സാധ്യതകളുടെ ഭാവിയിലേക്ക് എത്തുമെന്നുള്ള ആത്മവിശ്വാസവും അതിന് അനുകൂലവും അനുരൂപവുമായ നയങ്ങൾ ഉണ്ടാവുക എന്നതുമാണ് പ്രധാനം. ഒരു നഗരത്തിലെ ചിലവിന് ആവശ്യമായ വരുമാനം അവിടെ നിന്നുതന്നെ കണ്ടെത്തണം, നഗരത്തിലെ കാര്യങ്ങൾ തീരുമാനിക്കാനുള്ള അധികാരം അവിടുത്തെ മേയർക്ക് ഉണ്ടാകണം എന്നതൊക്കെയാണ് നഗരവികസനത്തിന് അടിസ്ഥാനം എന്നായിരുന്നു എൻറെ പക്ഷം. ലണ്ടനിലെ മേയർമാരുടെ അടുത്ത ലക്ഷ്യം ബ്രിട്ടനിലെ മന്ത്രിയോ പ്രധാനമന്ത്രിയോ ആകുക എന്നതാകുന്പോൾ കൊച്ചിയിലെ മേയർമാർ ഒരു എം എൽ എ എങ്കിലും ആകുന്നതാണ് സ്വപ്നം കാണുന്നത്.
വിഷയങ്ങളോടുള്ള പ്രൊഫഷണൽ ആയ സമീപനം കൊണ്ടും ഉത്തരങ്ങളിലെ ആത്മാർത്ഥതകൊണ്ടും ഹൈബി എന്നെ അതിശയപ്പെടുത്തി. ഓരോ വാർഡിലും ലഭ്യമായ വിഭവങ്ങളും അവരുടെ താല്പര്യവും മാത്രം നോക്കി പ്ലാനിങ് നടത്തിയാൽ കൊച്ചിക്ക് ഭാവി ഉണ്ടാവില്ല എന്നും സമഗ്രവും പ്രൊഫഷണലുകളുടെ ഉപദേശം അനുസരിച്ചുള്ളതുമാകണം കൊച്ചിയുടെ ഭാവി പ്ലാനിങ്ങ് എന്നതുമായിരുന്നു ഹൈബിയുടെ നിർദ്ദേശം. വെള്ളക്കെട്ട് ഉൾപ്പപ്പെടെയുള്ള പ്രശ്നങ്ങൾ ഒരുവർഷം കൊണ്ട് തീരുന്നതല്ല എന്നും, ‘ഇപ്പൊ ശരിയാക്കുക’ എന്നതല്ല, ശരിയായ പ്ലാനുകൾ ഉണ്ടാവുക, ആ പ്ലാനുകൾ സമയബന്ധിതമായി നടപ്പിലാക്കുക ഇതൊക്കെയാണ് പ്രധാനം എന്നും, കൊച്ചിക്ക് വരുമാനം വളരെ കുറവാണെന്നും കേരളത്തിന്റെ ബജറ്റിനേക്കാൾ വലുപ്പമുള്ള നഗര ബഡ്ജറ്റുകൾ ഉണ്ടെന്നും ഹൈബി പറഞ്ഞു. കൂടുതൽ പണം കണ്ടെത്തിയേ പറ്റൂ.
മാലിന്യ നിർമ്മാർജ്ജനത്തിൽ ഉൾപ്പെടെ ചെറിയ ചെറിയ ഇടപെടലുകളുമായി കൊച്ചിയിൽ ആളുകളുടെ മനോഭാവത്തിന് ഒരു മാറ്റമുണ്ടാക്കാൻ ശ്രമിക്കുന്ന ആളാണ് നിർമ്മല ടീച്ചർ. ഖരമാലിന്യ നിർമ്മാർജ്ജനം കൊച്ചിക്ക് ഇപ്പോഴും ഒരു പ്രശ്നമാണെന്നും അക്കാര്യത്തിൽ വേണ്ടത്ര ഇടപെടൽ ഉണ്ടായിട്ടില്ല എന്നുമാണ് ടീച്ചറുടെ അഭിപ്രായം.
പാനലുകളിൽ എങ്ങനെ സംസാരിക്കണം എന്ന് ഹരീഷിന് അറിയാവുന്നതു പോലെ ആർക്കും അറിയാം എന്ന് തോന്നുന്നില്ല. കൃത്യമായ വാക്കുകളിൽ അഭിപ്രായങ്ങൾ വെട്ടിത്തുറന്ന് പറയും, വിമർശിക്കാൻ മറ്റുള്ളവർ പേടിക്കുന്നവരെ പോലും എടുത്തിട്ട് കുടയും. ഈ പരിപാടിയിലും അത് വ്യത്യസ്തമായിരുന്നില്ല. കൊച്ചിയിലെ ഖരമാലിന്യ നിർമ്മാർജ്ജനം എത്രമാത്രം ദുരന്തമാണെന്നും അതിന് കൊണ്ടുവരുന്ന പരിഹാരങ്ങൾ കാര്യങ്ങളെ എന്തുകൊണ്ട് ശരിയാക്കാൻ പോകുന്നില്ല എന്നും അദ്ദേഹം വിശദീകരിച്ചു.
1896 ൽ അമേരിക്കയിൽ നടന്ന മേയർമാരുടെ ലോക സമ്മേളനം ‘അടിച്ചു പിരിഞ്ഞത്’ ഖരമാലിന്യം എന്ന വിഷയത്തിൽ ആയിരുന്നു. ലോകം അവിടുന്ന് ഏറെ മാറി. ഖരമാലിന്യവും ദ്രവമാലിന്യവും കൈകാര്യം ചെയ്യുന്നത് സാങ്കേതികമായി ഇപ്പോൾ ഒരു വെല്ലുവിളി അല്ല. പക്ഷെ കൊച്ചിയുൾപ്പെടെ കേരളത്തിലെ നഗരങ്ങൾ ഇപ്പോഴും ഈ വിഷയത്തിൽ പത്തൊന്പതാം നൂറ്റാണ്ടിൽ കിടന്നു കറങ്ങുകയാണ്.
സദസ്സിലുണ്ടായിരുന്ന ധാരാളം വിദഗ്ദ്ധർ അവരുടെ അഭിപ്രായങ്ങളും അനുഭവങ്ങളും പങ്കുവെച്ചു.
ശ്രീജയെപ്പോലെ പരിചയസന്പന്നയായ ഒരു മോഡറേറ്റർ ഉണ്ടായതുകൊണ്ട് ചോദ്യങ്ങളും ഉത്തരങ്ങളും സമയത്തിനുള്ളിൽ തന്നെ നിയന്ത്രിക്കാൻ സാധിച്ചു.
ആകപ്പാടെ നല്ല ഒരു വൈകുന്നേരം ആയിരുന്നു. കൊച്ചിയുടെ ഇന്നിനെപ്പറ്റിയായിരുന്നു കൂടുതലും ചർച്ചകൾ. ഇനിയൊരിക്കൽ കൊച്ചിയുടെ നാളെ എന്നതും വിഷയമാക്കാം എന്ന് തീരുമാനിച്ച് മൂന്നു മണിക്കൂർ കഴിഞ്ഞ് യോഗം അവസാനിപ്പിച്ചു. ധാരാളം ചോദ്യങ്ങൾ അപ്പോഴും ബാക്കിയുണ്ടായിരുന്നു.
ഹൈബിക്കും മറ്റു പാനൽ അംഗങ്ങൾക്കും, മോഡറേറ്റർക്കും പിന്നിൽ പ്രവർത്തിച്ച All India Professionals’ Congress നും പിന്നിൽ പ്രവർത്തിച്ച സംഘാടകർക്കും നന്ദി.
 
മുരളി തുമ്മാരുകുടി

Leave a Comment