പൊതു വിഭാഗം

കേരളത്തെ ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ എത്തിക്കുന്പോൾ…

നൂറ്റി അൻപത് വർഷമായി ജനീവയിൽ ട്രാം സർവീസ് ആരംഭിച്ചിട്ട്. ആദ്യം ഒക്കെ കുതിരയാണ് ട്രാമിനെ വലിച്ചു കൊണ്ട് പോയിരുന്നത്. പിന്നെ അത് കൽക്കരിയായി, ഡീസൽ ആയി, ഇപ്പോൾ ഇലക്ട്രിക്കും.
 
വർഷത്തിലൊരിക്കൽ കഴിഞ്ഞ നൂറ്റാണ്ടിലെ ട്രാം അവർ ട്രാക്കിലിറക്കും. അന്ന് ട്രാമിൽ ഡ്രൈവറും കണ്ടക്ടറും അവർക്ക് പ്രത്യേക യൂണിഫോമും ഉണ്ടായിരുന്നു. കണ്ടക്ടർക്ക് ടിക്കറ്റ് റാക്കും പീപ്പിയും ഉണ്ടായിരുന്നു. പുതിയ തലമുറ ഇതൊന്നും കണ്ടിട്ടില്ല, അത് കാണാൻ അവർ വരും. പോയ നൂറ്റാണ്ടിന്റെ ഓർമ്മകൾ പുതുക്കാൻ പഴയ തലമുറയും.
 
ജനീവയിലെ ട്രാമിൽ ഇപ്പോൾ കണ്ടക്ടർ ഇല്ല, ടിക്കറ്റ് വാങ്ങുന്നത് ഒരു മെഷീനിൽ നിന്നാണ് (മൊബൈലിലും വാങ്ങാം). നഗരത്തിൽ ഹോട്ടലിൽ താമസിക്കുന്ന സന്ദർശകർക്ക് പൊതുഗതാഗതം ഇപ്പോൾ തന്നെ ഫ്രീ ആണ്. എല്ലാവർക്കും പൊതുഗതാഗതം ഫ്രീ ആക്കുന്ന പരീക്ഷണങ്ങൾ ലക്സംബർഗിൽ നടക്കുന്നു. ഡ്രൈവർ തന്നെ ഇനി അധിക കാലം ഉണ്ടാവില്ല.
 
മീനവിയൽ കേരളത്തിൽ കണ്ടക്ടർമാർ ടിക്കറ്റ് ബുക്കും റാക്കും മെഷീനും ആയി യാത്രക്കാർക്കിടയിൽ നുഴഞ്ഞു കയറുന്നു. അൻപത് വർഷമായി ഞാൻ ഈ കാഴ്ച കാണുന്നു. അതിന് മുൻപ് എൻറെ അച്ഛൻ കണ്ട കാഴ്ചയും വ്യത്യസ്തമല്ല. എന്തുകൊണ്ടാണ് സാങ്കേതിക വിദ്യകളിൽ ഉണ്ടാകുന്ന മാറ്റം നമ്മുടെ സംവിധാനങ്ങളെ അധികം സ്പർശിക്കാത്തത് ?
 
ഇതിപ്പോൾ കണ്ടക്ടറുടെയും ടിക്കറ്റിന്റെയും മാത്രം കാര്യമല്ല. കൃഷി, കെട്ടിടം പണി, വില്ലേജ് ഓഫീസ്, ബാർബർഷോപ്പ് തുടങ്ങി നമ്മുടെ ചുറ്റുമുള്ള സ്ഥാപനങ്ങളിലെല്ലാം തന്നെ ലോകത്ത് വന്നിരിക്കുന്ന സാങ്കേതിക മാറ്റങ്ങൾ എത്തിച്ചേരുന്നത് വളരെ പതുക്കെയാണ്. ആധുനിക വിദ്യാഭ്യാസവും ഏറ്റവും ലേറ്റസ്റ്റ് മൊബൈൽ ഫോണും ഒക്കെ ഉണ്ടെങ്കിലും ഒരു സംസ്ഥാനം എന്ന നിലയിൽ നമ്മൾ ഇപ്പോഴും ഇരുപതാം നൂറ്റാണ്ടിലെ സാങ്കേതിക വിദ്യകളിലും നയങ്ങളിലും കുരുങ്ങി കിടക്കുകയാണ്.
 
കൃത്രിമ ബുദ്ധിയും റോബോട്ടും ത്രീ ഡി പ്രിന്റിങ്ങും ഇന്റർനെറ്റ് ഓഫ് തിങ്‌സും ഒക്കെയായി ലോകം ഏറെ മാറുകയാണ്. ഈ മാറ്റങ്ങൾ നമ്മൾ അറിയണം, അതിന് തയ്യാറെടുക്കണം,
“മാറ്റുവിന് ചട്ടങ്ങളെ സ്വയ,മല്ലെങ്കില് മാറ്റുമതുകളീ നിങ്ങളെത്താന്” എന്ന് ആശാൻ പാടിയത് ഇന്നും പ്രസക്തമാണ്.
അനവധി മലയാളികൾ വിദേശങ്ങളിൽ ഉണ്ട്. വിദേശത്തേക്ക് യാത്ര ചെയ്യുന്ന മലയാളികളും അനവധി. അവരോട് ഒരു ചോദ്യം.
നിങ്ങൾ കണ്ടിട്ടുള്ളതിൽ പണവും സമയവും ലാഭിക്കാവുന്ന പുതിയ സാങ്കേതിക വിദ്യകളും നയങ്ങളും എന്തൊക്കെയാണ്?
“ഇതൊന്നും കേരളത്തിൽ നടക്കില്ല”, “ഇത് തൊഴിലില്ലായ്മ ഉണ്ടാക്കും” എന്നൊക്കെയുള്ള ചിന്തകൾ വേണ്ട, അത് നമുക്ക് അടുത്ത ലെവലിൽ ചർച്ച ചെയ്യാം. നിങ്ങൾ കണ്ടിട്ടുള്ള കാര്യങ്ങൾ പറയാമോ?
 
അത് ഡ്രൈവർ ഇല്ലാതെ ഓടുന്ന മെട്രോ മുതൽ അറ്റൻഡർമാർ ഇല്ലാത്ത പെട്രോൾ സ്റ്റേഷൻ വരെ എന്തും ആകാം. ഞാൻ ഇതൊക്കെ ഒന്ന് ക്രോഡീകരിക്കാനുള്ള ശ്രമത്തിലാണ്.
 
നിങ്ങളുടെ ആശയങ്ങൾ ചുരുക്കി എഴുതൂ. കൂടുതൽ വിവരങ്ങൾക്കായി ഞാൻ വീണ്ടും സമീപിച്ചേക്കാം.
മുരളി തുമ്മാരുകുടി
 

Leave a Comment