കഴിഞ്ഞ രണ്ടാഴ്ചയായി കേരളത്തിലെ റോഡുകളിൽ യാത്രയാണ്.
ഏറ്റവും ആദ്യം ശ്രദ്ധിക്കുന്നത് നമ്മുടെ റോഡുകൾ എത്രമാത്രം നന്നായിട്ടുണ്ട് എന്നതാണ്. ഗ്രാമങ്ങളിൽ പോലും നല്ല നിലവാരമുള്ള റോഡുകൾ. പോഞ്ഞാശ്ശേരിയിൽ നിന്നും വെങ്ങോലയിലേക്കുള്ള റോഡ് നാളുകളായി കുളമായിരുന്നത് പോലും ഇപ്പോൾ അടിപൊളിയാണ്.
തെക്ക് വടക്കുള്ള നാഷണൽ ഹൈവേയിൽ എങ്ങും വികസന പ്രവർത്തനങ്ങളായതിനാൽ അല്പം അസൗകര്യം ഉണ്ടെങ്കിലും കാര്യങ്ങൾ ഇതുപോലെ പോയാൽ രണ്ടുവർഷത്തിനകം റോഡുകളുടെ കാര്യത്തിൽ കേരളത്തിൽ ഒരു കുതിച്ചുചാട്ടം തന്നെ ഉണ്ടാകും.
വിഷമിപ്പിച്ചത് പൊതുഗതാഗതത്തിന്റെ സ്ഥിതിയാണ്, പ്രത്യേകിച്ചും ബസുകളുടെ.
കെ എസ് ആർ ടി സി യും സ്വകാര്യ ബസ് സർവ്വീസുകളും പടിപടിയായി കുറഞ്ഞുവരുന്ന ഒരു രീതിയാണ് കാണുന്നത്. അതേ സമയം സ്വകാര്യ വാഹനങ്ങൾ അതി വേഗത്തിൽ വർദ്ധിച്ചും വരുന്നു.
ആലുവ എറണാകുളം മെട്രോ വന്നപ്പോൾ റോഡിൽ തിരക്ക് കുറയും എന്നൊരു പ്രതീക്ഷ ഉണ്ടായിരുന്നു. എന്നാൽ ഇത്തവണ ഓരോ യാത്രയിലും പഴയത് പോലെയോ അതിലും കൂടുതലോ ആണ് റോഡിലെ തിരക്ക്. എപ്പോൾ ലക്ഷ്യസ്ഥാനത്ത് എത്തുമെന്ന് പറയാൻ പറ്റാത്ത സ്ഥിതി.
പാശ്ചാത്യ രാജ്യങ്ങളിൽ അമേരിക്ക ഒഴിച്ചുള്ളവയിൽ പൊതുഗതാഗതം ശക്തി പ്രാപിക്കുകയാണ്. ജർമ്മനിയിൽ സ്വകാര്യ വാഹനങ്ങളെ, പ്രത്യേകിച്ചും കാറുകളെ നിരുത്സാഹപ്പെടുത്താനുദ്ദേശിച്ചുള്ള നയങ്ങളും നടപടികളും ആണ് എവിടെയും.
ഇവിടെ പക്ഷെ കാര്യങ്ങൾ തിരിച്ചാണെന്ന് തോന്നുന്നു. ആളുകളെ പൊതുഗതാഗതത്തിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങളല്ല നടക്കുന്നത്. നഷ്ടത്തിലാകുന്ന സ്വകാര്യ ബസ് പ്രസ്ഥാനങ്ങളെ പിന്തുണക്കാനോ വിജയിപ്പിക്കാനോ ശ്രമമില്ല. സ്വകാര്യ വാഹനങ്ങൾ കുറക്കാനുള്ള ഒരു നയവും കാണുന്നില്ല. അതുകൊണ്ട് റോഡുകൾ നന്നാകുന്പോൾ യാത്ര സുഗമം ആകുമെന്നുള്ള പ്രതീക്ഷ കുറയുന്നു.
സ്വകാര്യമേഖലയ്ക്ക് പരമാവധി സ്വാതന്ത്ര്യം കൊടുത്ത് പൊതുഗതാഗതത്തെ പുനരുജ്ജീവിപ്പിക്കണം. കെ എസ് ആർ ടി സി യുടെ താല്പര്യങ്ങളും മോട്ടോർ വെഹിക്കിൾ ഡിപ്പാർട്മെന്റിന്റെ “ലൈസൻസ് രാജും” നോക്കി സ്വകാര്യമേഖലയെ നിയന്ത്രിക്കാൻ നോക്കിയാൽ കുളിപ്പിച്ച് കുളിപ്പിച്ച് കുഞ്ഞില്ലാതെ ആയ നിലവരും.
നമ്മുടെ നാട്ടിൽ സ്വകാര്യ വാഹനങ്ങൾ കുറച്ചു കൊണ്ടുവരാനും പൊതുഗതാഗതം ലാഭകരമായി ശക്തിപ്രാപിക്കാനും ഉള്ള നയപരമായ ഇടപെടലുകൾ ഉണ്ടാകണം.
ഇല്ലെങ്കിൽ നമ്മുടെ റോഡുകളിൽ ഉണ്ടാകുന്ന പുരോഗതി യാത്രയുടെ സുഖമായി മാറില്ല. അപകടം, ആരോഗ്യം, സാന്പത്തികമായ നഷ്ടങ്ങൾ ഇതൊക്കെ വേറെ.
മുരളി തുമ്മാരുകുടി
Leave a Comment