പൊതു വിഭാഗം

കേരളത്തിലെ നോക്കുകൂലി ലോകമാതൃക ആകുമ്പോൾ…

“ചേട്ടന് ഈ ലോകത്തെ കാര്യങ്ങളൊക്കെ കേരളത്തിൽ കൊണ്ടുവരണം എന്നല്ലാതെ കേരളത്തിലെ കാര്യങ്ങൾ ലോകത്ത് എത്തിക്കണം എന്ന് ഒരിക്കലും തോന്നിയിട്ടില്ലേ” എന്ന് സുഹൃത്തുക്കളും, “ഇയ്യാൾക്ക് കേരളത്തിലെ ഒരു കാര്യവും ഇഷ്ടമല്ല, സായിപ്പിന്റെ ലോകത്തെ കാര്യം മാത്രമേ മാതൃകയുള്ളൂ” എന്ന് സുഹൃത്തുക്കൾ അല്ലാത്തവരും നേരിട്ടും അല്ലാതേയും പറഞ്ഞിട്ടുണ്ട്.

ഇത് രണ്ടും സത്യമല്ല. കേരളത്തിലെ അനവധി മാതൃകകൾ, ഉദാഹരണത്തിന് വിദ്യാഭ്യാസത്തിലെയും ആരോഗ്യ രംഗത്തെയും പൊതുഗതാഗതത്തിലെയും സർക്കാർ മേഖലയും സ്വകാര്യമേഖലയും തമ്മിലുള്ള സഹവർത്തിത്വം, കോ-ഓപ്പറേറ്റീവ് മൂവ്മെന്റ്, ത്രിതല പഞ്ചായത്ത്, റെസിഡന്റ്സ് അസോസിയേഷനുകൾ എന്നിങ്ങനെ കേരളത്തിലെ അനവധി കാര്യങ്ങൾ ലോക മാതൃകയാണ്. അത് ഞാൻ മറ്റുള്ള പല സ്ഥലങ്ങളിലും എപ്പോഴും പറയാറുണ്ട്. കേരളത്തിലെ കുടുംബശ്രീ എന്നത് കേരളത്തിന്റെ അത്രയും ജനസംഖ്യയുള്ള മറ്റൊരു രാജ്യത്ത് ആയിരുന്നുവെങ്കിൽ നോബൽ പ്രൈസ് കിട്ടുമായിരുന്ന ഒന്നാണ് എന്നതിൽ എനിക്ക് സംശയമേ ഇല്ല. വേറേയും കാര്യങ്ങളുണ്ട്. പക്ഷെ കേരളത്തിലെ ഒരു കാര്യം ലോക മാതൃകയാണെന്ന് ഞാൻ കേരളത്തിൽ പറഞ്ഞിട്ട് എന്താണ് കാര്യം.

ഇന്ന് ഞാൻ ആ പതിവ് തെറ്റിക്കുകയാണ്. കേരളത്തിൽ നിന്നും ലോകമാതൃകയാകാൻ പോകുന്ന ഒരു കാര്യത്തെക്കുറിച്ചു പറയാം. നോക്കുകൂലി !. അതേ നിങ്ങൾ കേട്ടത് ശരിയാണ്, നോക്കുകൂലി തന്നെ.    

കേരളത്തിൽ ഏറെ പഴി കേട്ടിട്ടുള്ളതും ഇപ്പോഴും പഴി കേൾക്കുന്നതുമായ ഒരു പരിപാടിയാണ് നോക്കുകൂലി. ഒരു പ്രദേശത്ത് ഒരു പ്രത്യേക തൊഴിൽ ചെയ്യുന്നവർക്ക് അത് നഷ്ടപ്പെടുന്ന സാഹചര്യമുണ്ടായാൽ, (ഉദാഹരണത്തിന് യന്ത്രവൽക്കരണത്തിലൂടെ തുറമുഖത്തെ ചുമട്ടുതൊഴിലാളികളുടെ ജോലി നഷ്ടപ്പെടുക, മറുനാടൻ തൊഴിലാളികൾ വരുന്നതിലൂടെ റെയിൽ നിർമ്മാണത്തിൽ നാട്ടുകാരുടെ തൊഴിൽ നഷ്ടമാകുക, വീട്ടുകാർ ചുമടിറക്കുന്നതിലൂടെ ചുമട്ടു തൊഴിലാളികളുടെ പണി നഷ്ടമാകുക എന്നിങ്ങനെ) തൊഴിലുടമ പരമ്പരാഗത  തൊഴിലാളികൾക്ക് നൽകേണ്ടുന്ന നഷ്ടപരിഹാരമാണ് ഇത്. ഒരു പണിയുമെടുക്കാത്ത തൊഴിലാളികൾക്ക് കൊടുക്കേണ്ട പണമായതിനാലും തൊഴിലുടമക്ക് അമിതചെലവ് ആയതിനാലും ഇതിനെ എല്ലാവരും മോശമായിട്ടാണ് കാണുന്നത്. കേരളത്തിലെ മിക്ക രാഷ്ട്രീയപ്പാർട്ടികളും ഇതിനെ തള്ളിപ്പറഞ്ഞിട്ടുണ്ട്. (എന്നാലും പൊതുമേഖലാ സ്ഥാപനങ്ങളിൽ ഉൾപ്പെടെ മറുനാടൻ തൊഴിലാളികളെ വലിയ തോതിൽ ഉപയോഗിക്കുന്ന ഇടങ്ങളിലും നാട്ടിലെ നിർമ്മാണസ്ഥലത്തെ ചെറിയ കയറ്റിറക്കങ്ങളിലും ഇപ്പോഴും നോക്കുകൂലി ഉണ്ടെന്നത് ഒരു രഹസ്യമല്ല).

നോക്കുകൂലിയുടെ ഈ ചീത്തപ്പേര് ഇനി മാറുകയാണ്. റോബോട്ടുകളും കൃത്രിമ ബുദ്ധിയും ഡ്രൈവർ മുതൽ ഡോക്ടർ വരെ, കുഴിവെട്ട് മുതൽ വിമാനം ഓടിക്കുന്നത് വരെ, വീട് വൃത്തിയാക്കുന്നത് മുതൽ ദോശയുണ്ടാക്കുന്നതു വരെയുള്ള തൊഴിലുകൾ ഏറ്റെടുക്കാൻ പോകുകയാണെന്ന് ഞാൻ പറഞ്ഞല്ലോ. അങ്ങനെ ലോകത്തെ ബഹുഭൂരിപക്ഷം ആളുകൾക്കും ‘തൊഴിലില്ലാതെ’ ആകുന്ന ഒരു കാലം അതിവിദൂരമല്ല. അക്കാലത്ത് സമൂഹത്തിൽ സമാധാനം നിലനിർത്തണമെങ്കിൽ തൊഴിൽ നഷ്ടമാകുന്നവർക്കും ലഭ്യമാകാത്തവർക്കും ഒരു ‘റോബോട്ട്’  നോക്കുകൂലി ഉണ്ടായേ പറ്റൂ…

ഒരുദാഹരണം പറയാം. കേരളത്തിലെ വലിയൊരു പൊതുമേഖലാ സ്ഥാപനമായ FACT യിൽ  ഒരുകാലത്ത് പതിനായിരത്തോളം തൊഴിലാളികൾ ജോലി ചെയ്തിരുന്നു. ഇപ്പോൾ ഒരുപക്ഷെ അതിന്റെ പകുതിയേ കാണുകയുള്ളു. അതേസമയം FACT യുടെയത്രയും പ്രൊഡക്ഷൻ കപ്പാസിറ്റിയുള്ള ഒരു രാസവള നിർമ്മാണശാല 2030 ൽ നടത്തിക്കൊണ്ടു പോകാൻ നൂറുപേരിൽ താഴെ മതിയാകും. പ്ലാന്റ് നടത്തുന്നത് കംപ്യൂട്ടർ, ലാബിൽ ഗുണപരിശോധന നടത്തുന്നത് റോബോട്ട്, ബില്ലടിക്കുന്നതും കംപ്യൂട്ടർ, വളം കയറ്റിപ്പോകുന്ന ട്രക്ക് ഓടിക്കുന്നത് കൃത്രിമബുദ്ധി എന്നിങ്ങനെ. ഇത് അപ്പോൾ ബാക്കിയാകുന്ന തൊഴിലാളികൾ സമ്മതിക്കില്ല, പക്ഷെ തൊഴിലാളികളെ വേണ്ട സാങ്കേതികവിദ്യകൾ ഉപയോഗിച്ച്  പ്രസ്ഥാനം നടത്തിയാൽ കമ്പനി ലാഭമാവില്ല. എല്ലാ തൊഴിലാളികൾക്കും അവർക്ക് കിട്ടിയിരുന്ന ശമ്പളം കൊടുത്താലും റോബോട്ടും കൃത്രിമ ബുദ്ധിയും ഉപയോഗിച്ചാൽ കന്പനി ലാഭത്തിലായി എന്നും വരാം. അപ്പോൾ പിന്നെ നോക്കുകൂലി കൊടുക്കുകയാണ് ശരിയായ രീതി. ഒരു കന്പനിയുടെ മാത്രം കാര്യമല്ലിത്. ബസുകൾ സ്വയം ഓടിത്തുടങ്ങിയാൽ പിന്നെ കെ എസ് ആർ ടി സി ക്ക് ആയിരക്കണക്കിന് ഡ്രൈവർമാരുടെ ആവശ്യമില്ല. പക്ഷെ, അവർക്ക് ശന്പളം കൊടുത്താലേ പുതിയ സാങ്കേതികവിദ്യ വരുത്താനുള്ള സാമൂഹിക സാഹചര്യം ഉണ്ടാകൂ.

അതേ സമയം ഇനിയും ജോലി ഇല്ലാത്ത ഒരു തലമുറ ഉണ്ട്. അവർക്ക് കൊടുക്കാൻ ജോലി ഇല്ലാതെ ആവുകയാണ്. അതുകൊണ്ട് എല്ലാ സ്ഥാപനങ്ങളിൽ നിന്നും അവർ ഉപയോഗിക്കുന്ന റോബോട്ടിന്റെ എണ്ണം വച്ച് ഒരു റോബോട്ട് ടാക്സ് ഏർപ്പെടുത്താം എന്നാണ് ഒരു ചിന്ത. അങ്ങനെ കിട്ടുന്ന പണം ആളുകൾക്ക് തൊഴിൽ ഇല്ലാത്ത തലമുറക്ക് കൊടുക്കാം, അവർ അതുകൊണ്ട് അടിച്ചു പൊളിച്ചു ജീവിക്കട്ടെ.  ഇതൊക്കെയാണ് സമീപഭാവിയിൽ സംഭവിക്കാൻ പോകുന്നത്. ലോകത്തെ വികസിത രാജ്യങ്ങളുൾപ്പെടെ ഇക്കാര്യത്തിൽ ഏറെ ആശങ്കാകുലരാണ്, ചർച്ചകൾ നടക്കുന്നുണ്ട്. ആളുകൾക്ക് മാസാമാസം പണം കൊടുക്കാൻ ബുദ്ധിമുട്ടുണ്ടാകും എന്നതല്ല പ്രധാന പ്രശ്നം. ആളുകൾക്ക് പണികൊടുക്കാൻ ഉണ്ടാവില്ല എന്നതാണ്.

ഇവിടെയാണ് നോക്കുകൂലിയുടെ ചരിത പ്രാധാന്യം. തൊഴിലെടുക്കാതിരിക്കുന്നവർക്ക് പണി കൊടുക്കാതെ പണം കൊടുക്കുന്ന രീതികൾ എന്തെന്ന് ലോകത്താദ്യമായി പരീക്ഷിച്ച് ഉറപ്പിച്ചവരാണ് നമ്മൾ. അപ്പോൾ യന്ത്രവത്കൃതമായ സന്പദ്‌വ്യവസ്ഥയിൽ നാട്ടുകാർക്ക് പണി ചെയ്യാതിരിക്കുന്നതിന് പണം വീതിച്ചുകൊടുക്കാൻ നമുക്കൊരു ബുദ്ധിമുട്ടുമുണ്ടാകുകയില്ല.

നമ്മളോടാ… കളി..!

മുരളി തുമ്മാരുകുടി.

 

Leave a Comment