പൊതു വിഭാഗം

കേരളത്തിലെ എഞ്ചിനീയറിങ്ങ് വിദ്യാഭ്യാസം..

കഴിഞ്ഞ മുപ്പത് വർഷത്തിനിടക്ക് കേരളത്തിലെ എൻജിനീയറിങ് കോളേജുകളുടെ എണ്ണം പത്തിരട്ടിയായി, എഞ്ചിനീയറിങ്ങ് കോളേജിൽ പഠിക്കാൻ എത്തുന്നവരുടെ എണ്ണവും അതിലും എത്രയോ മടങ്ങായി..
 
സമൂഹത്തിലെ ഏറ്റവും മിടുക്കരായ രണ്ടായിരം പേർ മാത്രം പഠിച്ചിരുന്ന കാലത്ത് എഞ്ചിനീയറിങ്ങ് കോളേജുകളിൽ തോൽവി എന്നത് അത്ര സാധാരണം ആയിരുന്നില്ല. പഠിച്ചു പുറത്തു വരുന്നവർക്ക് എഞ്ചിനീയറിങ്ങുമായി ബന്ധമുള്ള എന്തെങ്കിലും ജോലികൾ കിട്ടാനുള്ള സാധ്യതയും ഉണ്ടായിരുന്നു.
 
പക്ഷെ എഞ്ചിനീയറിങ്ങ് കോളേജുകളുടെ എണ്ണത്തിൽ ഉണ്ടായ വൻ വർദ്ധന ഇതെല്ലം മാറ്റി മറിച്ചു. എഞ്ചിനീയറിങ്ങ് കോളേജുകളിൽ എത്തുന്നവരുടെ എണ്ണം ആയിരങ്ങളിൽ നിന്നും പതിനായിരങ്ങളിലേക്ക് മാറി. എഞ്ചിനീയറിങ്ങ് കോളേജുകളിൽ തോൽവി പതിവായി. വർഷാവർഷം പഠിച്ചിറങ്ങുന്നവർക്ക് എഞ്ചിനീയറിങ്ങുമായി ബന്ധമുള്ള ജോലികൾ കിട്ടാൻ ബുദ്ധിമുട്ടായി. ബാങ്ക് ക്ലർക്ക് മുതൽ ബസ് കണ്ടക്ടർ വരെ ആകാൻ എൻജിനീയർമാർ മത്സരിക്കുന്ന നില വന്നു.
 
ലോകത്ത് എൻജിനീയർമാരുടെ ആവശ്യത്തിന് ഇപ്പോഴും കുറവൊന്നുമില്ല. കേരളത്തിൽ നിന്നും പതിനായിരം എൻജിനീയർമാർ കൂടുതൽ വന്നതുകൊണ്ട് ലോക കമ്പോളം ഇടിഞ്ഞു വീഴാൻ ഒന്നും പോകുന്നില്ല. പക്ഷെ നമ്മൾ പഠിപ്പിച്ചെടുക്കുന്ന എൻജിനീയർമാർ ലോകത്തെവിടെയും മത്സരിക്കാൻ കഴിവുള്ളവർ ആകണം, ലോകം ആഗ്രഹിക്കുന്ന സിലബസ് വേണം അവർ പഠിക്കാൻ, ഭാഷയിലും എഴുത്തിലും പ്രസന്റേഷനിലും ഒക്കെ കൂടുതൽ കഴിവ് വേണം, പിന്നെ ലോകവും ആയി അവരെ ബന്ധിപ്പിക്കാനുള്ള സംവിധാനം ഉണ്ടാക്കണം.
 
നിലവിൽ ഇതൊന്നുമില്ല. പത്തു കഴിഞ്ഞാൽ പ്ലസ് റ്റു പോലെ പ്ലസ് റ്റു കഴിഞ്ഞാൽ എഞ്ചിനീയറിങ്ങ് കോളേജിലേക്ക് കുട്ടികൾ മാർച്ച് ചെയ്യുകയാണ്. എഞ്ചിനീയറിങ്ങ് ജയിച്ചോ തോറ്റോ പുറത്തിറങ്ങിയിട്ടാണ് ജീവിതത്തിൽ എന്ത് ചെയ്യണമെന്ന് ചിന്തിച്ച് തുടങ്ങുന്നത്.
 
കേരള ഹയർ എഡ്യൂക്കേഷൻ കൗൺസിലോ നമ്മുടെ ടെക്നിക്കൽ യൂണിവേഴ്സിറ്റിയോ വിദ്യാഭ്യാസ വകുപ്പോ ഇതിനെപ്പറ്റി പഠനം നടത്തി കാര്യങ്ങൾ കൂടുതൽ ശരിയാക്കേണ്ടതാണ്. നിർഭാഗ്യവശാൽ അതുണ്ടാവുന്നില്ല.
 
കേരളത്തിലെ എൻജിനീയറിങ് വിദ്യാഭ്യാസത്തിലെ വെല്ലുവിളികളെ പറ്റി ആൾ ഇന്ത്യ പ്രൊഫഷണൽസ് കോൺഗ്രസ്സ് നടത്തിയ പഠനം അതിനാൽത്തന്നെ ശ്രദ്ധിക്കപ്പെടേണ്ടതാണ്. മൈതാന പ്രസംഗത്തിൽ നിന്നും മാറി വസ്തുതകളുടെ അടിസ്ഥാനത്തിലുള്ള ചർച്ചകളിൽ നിന്നാണ് ഉപയോഗപ്രദമായ പോളിസികൾ ഉണ്ടാക്കാൻ പറ്റുന്നത്. AIPC യുടെ ഈ പഠനം സമൂഹത്തിൽ ചർച്ചകളിലേക്ക് നയിക്കട്ടെ, ഗുണകരമായ മാറ്റങ്ങൾ എഞ്ചിനീയറിങ്ങ് വിദ്യാഭ്യാസത്തിൽ ഉണ്ടാകട്ടെ. സമൂഹത്തെ ബാധിക്കുന്ന മറ്റു വിഷയങ്ങളെ പറ്റിയും വസ്തുതകളെ അടിസ്ഥാനമാക്കിയുള്ള പഠനവും ചർച്ചകളും ഉണ്ടാകട്ടെ. മറ്റു പാർട്ടികൾക്കും പ്രസ്ഥാനങ്ങൾക്കും ഇത് മാതൃകയാവട്ടെ.
 
പഠനത്തിന് നേതൃത്വം നൽകിയ Sudheer Mohan സുധീറിന് അഭിനന്ദനങ്ങൾ.
 
മുരളി തുമ്മാരുകുടി
 
https://d3ohrsh0hwj88.cloudfront.net/Tb21State-of-Engineering-Education.pdf?fbclid=IwAR3ZaV_VFbE8MW6eVCfxomXk3r-E8ZMy1QQHEBCEI5dfUd3Nfv-vOdLqvW0

Leave a Comment