പൊതു വിഭാഗം

കാലാവസ്ഥ മാറാത്ത കുട്ടനാട്.

ഏറെ പ്രതീക്ഷയോടെ ആണ് ‘A Special Package for Post Flood Kuttanad’ എന്ന പഠനം വായിച്ചു തുടങ്ങിയത്.
കഴിഞ്ഞ വർഷത്തെ വെള്ളപ്പൊക്കം ഏറ്റവുമധികം ബാധിച്ച പ്രദേശമാണ് കുട്ടനാട്. പ്രളയം തുടങ്ങിയതും അവസാനിച്ചതും അവിടെയാണ്. ജൂലൈ മുതൽ സെപ്റ്റംബർ വരെ വെള്ളം അവിടുത്തെ ജനജീവിതത്തെ ബാധിച്ചു. കാലാവസ്ഥ വ്യതിയാനത്തിന്റെ സാഹചര്യത്തിൽ ഇത് ഇനിയൊരു പതിവാകും. അപ്പോൾ കുട്ടനാടിന്റെ ഭാവിയെപ്പറ്റി കൂടുതൽ ചിന്തിച്ചേ തീരൂ.
 
കാലാവസ്ഥ വ്യതിയാനത്തിനതിന്റെ സാഹചര്യത്തിൽ ഇന്ന് നമ്മൾ കാണുന്ന തരത്തിലുള്ള കുട്ടനാടിനെ നാളേക്ക് നിലനിർത്തുക എന്നത് സാന്പത്തികമായി മനുഷ്യർ വിജയിക്കുന്ന യുദ്ധമല്ല. ഇന്ന് നാം കാണുന്ന കുട്ടനാടിന് സഹസ്രാബ്ധങ്ങളുടെ ചരിത്രവും പാരന്പര്യവും ഒന്നുമില്ല. ഒരു പ്രത്യേക സാഹചര്യത്തിൽ ഭക്ഷ്യ സുരക്ഷ ഉറപ്പു വരുത്താനായി പ്രകൃതിക്ക് പല മാറ്റങ്ങൾ വരുത്തി മനുഷ്യർ ഉണ്ടാക്കിയെടുത്ത പ്രദേശമാണിത്. കുട്ടനാടിൻറെ സ്വാഭാവികമായ ആവാസ വ്യവസ്ഥയെ വെട്ടിക്കീറിയും അണകെട്ടിയും ബണ്ടുകെട്ടിയും നമ്മൾ മാറ്റിമറിച്ചു.
 
ഇപ്പോൾ ഭക്ഷ്യ സുക്ഷയുടെ കാര്യത്തിൽ പഴയ സ്ഥിതിയല്ല കേരളത്തിനുള്ളത് എന്നതിനാൽ കുട്ടനാടിനെ അതുപോലെ തന്നെ നിർത്തേണ്ട കാര്യവുമില്ല. സമുദ്രനിരപ്പ് ഉയരുന്ന ലോകത്ത്, കുറച്ചു സമയത്തിനുള്ളിൽ കൂടുതൽ മഴ പെയ്യുന്ന ലോകത്ത് കൃഷിയും, ടൂറിസവും, റോഡും, വീടും, കനാലുകളും, ബണ്ടും, സ്പിൽവേയും, അണക്കെട്ടും, ജനങ്ങളുടെ തൊഴിലും, ജീവിതവും അടിസ്ഥാനപരമായി മാറിയേ പറ്റൂ. അതിന് ആദ്യം അറിയേണ്ടത് എങ്ങനെയാണ് കാലാവസ്ഥ വ്യതിയാനം കുട്ടനാടിനെ ബാധിക്കുക എന്നതാണ്. അത്തരത്തിൽ ഒരു മോഡലിൽ നിന്നാണ് പ്രളയനാന്തര കുട്ടനാടിൻറെ ഭാവി ചിന്തിച്ചു തുടങ്ങേണ്ടത്.
 
ഇതെല്ലാം ചിന്തിച്ചുകൊണ്ടാണ് ഞാൻ നൂറ്റി ഇരുപത് പേജ് റിപ്പോർട്ട് വായിക്കുന്നത്. എന്നാൽ കാലാവസ്ഥ വ്യതിയാനം എന്നൊരു വാക്ക് കണ്ണിൽ പെടുന്നതേയില്ല. അങ്ങനെ വരാൻ വഴിയില്ലല്ലോ എന്ന് വിചാരിച്ച് വീണ്ടും വീണ്ടും നോക്കി. നോ രക്ഷ. പിന്നെ കണ്ട്രോൾ എഫ് അടിച്ചു ‘climate’ എന്ന് സെർച്ച് ചെയ്തു. രണ്ടു ക്ലൈമറ്റ് ഉണ്ട്, എഴുപത്തി രണ്ടാം പേജിലെ ഫുട്ട് നോട്ടിൽ, തൊണ്ണൂറ്റി രണ്ടാം പേജിലെ ‘Development of Climate Resilient Varieties’ എന്ന സെക്ഷനിൽ.
 
അടുത്ത കാലത്തൊന്നും ഒരു റിപ്പോർട്ട് വായിച്ച് ഇത്രയും നിരാശ തോന്നിയിട്ടില്ല. നവകേരളത്തിൻറെ ‘പോസ്റ്റർ ചൈൽഡ്’ ആകാൻ സാധ്യതയുള്ള പ്രദേശമാണ് കുട്ടനാട്. പക്ഷെ അത് ഇന്നലത്തെ മനോഭാവം കൊണ്ട് സാധിക്കുന്ന ഒന്നല്ല. റിപ്പോർട്ടിൽ പറയുന്ന രണ്ടായിരത്തി നാന്നൂറ്റി നാല്പത്തി ഏഴു കോടി രൂപ കടലിൽ ഇടുന്ന കല്ലുപോലെ കാലാവസ്ഥ വ്യതിയാനത്തിൽ മുങ്ങിപ്പോകും എന്നാണ് എൻറെ അഭിപ്രായം. നാളത്തെ കുട്ടനാട് ഇന്നത്തെ കുട്ടനാടിൻറെ തുടർച്ചയായിട്ടല്ല ചിന്തിക്കേണ്ടത് എന്നതിന്റെ ഒരു ലാഞ്ചന പോലും റിപ്പോർട്ടിലില്ല. അതുകൊണ്ട് ഈ റിപ്പോർട്ടിനെ വിശദമായി വിശകലനം ചെയ്യാൻ എന്റെ സമയം ചിലവാക്കുന്നതിൽ ഒരർത്ഥവും കാണുന്നില്ല.
 
കുട്ടനാടിൻറെ ഭാവിയെ ഞാൻ എങ്ങനെ കാണുന്നു എന്നത് കോട്ടയത്ത് ഒരു പ്രസംഗത്തിൽ പറഞ്ഞിട്ടുണ്ട്, അതിൻറെ വീഡിയോ കിട്ടുമോ എന്ന് നോക്കട്ടെ, കിട്ടിയില്ലെങ്കിൽ വീണ്ടും എഴുതാം. (ആ മീറ്റിംഗിലാണ് അന്നത്തെ റെവന്യൂ സെക്രട്ടറിയായിരുന്ന ശ്രീ പി എച്ച് കുര്യൻ കുട്ടനാടിന്റെ ഭാവി കൃഷിയിലല്ല എന്ന എൻറെ അഭിപ്രായത്തെ പിന്തുണച്ചു സംസാരിച്ചതും കൃഷിമന്ത്രിയും ആയി കുഴപ്പത്തിലായതും).
 
മുരളി തുമ്മാരുകുടി
 

Leave a Comment