ഓഖിയിലാണ് തുടക്കം, 2017 ൽ.
2018 ൽ നിപ്പ, കുട്ടനാട്ടിലെ വെള്ളപ്പൊക്കം, ഓഗസ്റ്റിലെ മഹാ പ്രളയം.
2019 ൽ വടക്കൻ കേരളത്തിൽ ഉരുൾ പൊട്ടൽ, നിലന്പൂരിലെ വെള്ളപ്പൊക്കം.
2020 മുതൽ കോവിഡ് കാലമാണ്.
2021 ൽ ഇടുക്കി മുതൽ പത്തനംതിട്ട വരെയുള്ളിടത്ത് മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം.
വർഷാവർഷം കൂടിവരുന്ന കടലാക്രമണം.
ഓഖിക്ക് ശേഷം ഒന്നിലേറെ ചുഴലിക്കാറ്റിന്റെ മുന്നറിയിപ്പുകൾ.
ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തം ഉണ്ട്. ഈ ദുരന്തമെല്ലാം മാറി സാധാരണ പോലെ ഒരു കാലം വന്നത്തിനു ശേഷം കാര്യങ്ങൾ ചെയ്യാമെന്ന പ്രതീക്ഷ തൽക്കാലം മാറ്റിവെക്കാം.
എങ്ങനെയാണ് വർഷാവർഷം ഉണ്ടാകാനിടയുള്ള ദുരന്തങ്ങളെ കൈകാര്യം ചെയ്യേണ്ടത് എന്ന് കലണ്ടർ വച്ച് പ്ലാൻ ചെയ്യുന്ന സംവിധാനങ്ങൾ ഉണ്ടാക്കാം.
ഇപ്പോൾ തന്നെ നമുക്കൊരു ദുരന്ത നിവാരണ അതോറിറ്റി ഉണ്ട്. കാലാവസ്ഥ വ്യതിയാനത്തിന് ഒരു വകുപ്പുമുണ്ട്. നമുക്കുണ്ടാകുന്ന പ്രധാന ദുരന്തങ്ങളെല്ലാം കാലാവസ്ഥ ബന്ധിതമാണ്, അത് കൂടി വരാൻ പോവുകയാണ്. പക്ഷെ ദുരന്ത നിവാരണ അതോറിറ്റിയും കാലാവസ്ഥ വ്യതിയാന വകുപ്പും തമ്മിൽ ഇപ്പോൾ വേണ്ടത്ര സംയോജനമില്ല. രണ്ടു കൂട്ടരും സംസ്ഥാന തലം മുതൽ പഞ്ചായത്ത് തലം വരെ വ്യത്യസ്തമായ പ്ലാനുകളാണ് ഉണ്ടാക്കുന്നത്. ഇത് മാറണം. ഈ സംവിധാങ്ങളെല്ലാം ഒരുമിച്ച് പ്രവർത്തിക്കണം.
ഈ രണ്ടു വകുപ്പിന്റെ കയ്യിലും പെടാത്ത ദുരന്തങ്ങൾ വേറെയുമുണ്ട്. ആയിരത്തിലേറെ ആളുകളാണ് കേരളത്തിൽ ഓരോ വർഷവും മുങ്ങിമരിക്കുന്നത്. 2018 ലെ പ്രളയത്തിൽ മരിച്ചവരുടെ ഇരട്ടിയിലധികം വരും ഇത്. എന്നിട്ടും ഇത് ഒരു വകുപ്പിന്റെയും ഉത്തരവാദിത്തമല്ല. ഈ അവസ്ഥ മാറണം.
കോവിഡിന് മുൻപ് റോഡിൽ മരിക്കുന്നവരുടെ എണ്ണം വർഷാവർഷം കൂടുകയായിരുന്നു. കോവിഡ് ഇത് മുപ്പത് ശതമാനം കുറച്ചിട്ടുണ്ട്. കോവിഡ് മാറിയാൽ മരണം വീണ്ടും നാലായിരം കടന്നു മുന്നോട്ട് പോകും. റോഡ് സേഫ്റ്റിയും പല ഡിപ്പാർട്മെന്റിലായി വിഭജിച്ചു കിടക്കുകയാണ്, അപകടം കുറക്കാനുള്ള ശ്രമങ്ങൾ ഒരു ഫലവും കാണിക്കുന്നില്ല എന്നാണ് കണക്കുകൾ പറയുന്നത്.
നിർമ്മാണ രംഗത്തെ അപകടങ്ങൾ, വൈദ്യതി മൂലമുള്ള അപകടങ്ങൾ ഇവയെല്ലാം കൂടി വീണ്ടും രണ്ടായിരത്തോളം മരണങ്ങൾ. അതിനും പ്രത്യേകിച്ച് ഉത്തരവാദികൾ ഇല്ല. വർഷാവർഷം ഇതും കൂടുകയാണ്.
ഓരോ വർഷവും എണ്ണായിരത്തോളം ആളുകളുടെ മരണം, ആയിരക്കണക്കിന് കോടി രൂപയുടെ വസ്തു നാശം, പുനർ നിർമ്മാണത്തിന് ചിലവാക്കുന്ന ശതകോടികൾ… ഇവയെല്ലാം കൈകാര്യം ചെയ്യാൻ നമുക്ക് സമയോചിതമായ ഒരു സംവിധാനം വേണം.
ഇതിനോടൊപ്പം ചേർത്ത് വെക്കേണ്ട ഒന്നാണ് നമ്മുടെ ഡാമുകൾ. കേരളത്തിൽ അങ്ങോളമിങ്ങോളമായി അനവധി ഡാമുകൾ. ചിലത് വൈദ്യതി വകുപ്പിന്റെ, ചിലത് ഇറിഗേഷൻ ഡിപ്പാർട്മെന്റിന്റെ. ഒരെണ്ണമെങ്കിലും തമിഴ് നാടിൻറെ നിയന്ത്രണത്തിൽ. ഇതൊക്കെ ഉണ്ടാക്കുന്ന ദുരന്ത സാധ്യതകൾ, ഇതിൽ ചിലതെങ്കിലും ദുരന്തം ഒഴിവാക്കാൻ ഉപയോഗിക്കാൻ പറ്റുന്നതിന്റെ സാദ്ധ്യതകൾ. ഇവയൊക്കെ സംയോജിപ്പിച്ച് പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകത.
ഓരോ ദുരന്തം വരുന്പോഴും ആളുകൾ സന്നദ്ധ സേവനത്തിന് ഇറങ്ങുന്നു. അവരാണ് നമ്മുടെ ദുരന്ത നിവാരണ സംവിധാനത്തിന്റെ നട്ടെല്ല്. ഇവരെ സന്നദ്ധ സേവകരായി പരിശീലിപ്പിക്കുന്ന സിവിൽ ഡിഫൻസ് സംവിധാനം ഇപ്പോൾ ശക്തിപ്പെടുത്തിക്കൊണ്ടിരിക്കയാണ്. പക്ഷെ ദുരന്തങ്ങൾ കഴിയുന്പോൾ ഈ സംവിധാനം വീണ്ടും തണുപ്പനാകുന്ന അവസ്ഥയുണ്ട്.
പത്തു വർഷം മുൻപ് തന്നെ കാലാവസ്ഥ വ്യതിയാനത്തിന് ലോകത്ത് പല രാജ്യങ്ങളിലും മന്ത്രിമാർ ഉണ്ടായി. പക്ഷെ ഇപ്പോൾ കാലാവസ്ഥ വ്യതിയാനത്തെ ലോകം കൂടുതൽ കാലാവസ്ഥ അടിയന്തിരാവസ്ഥയായിട്ടാണ് കൈകാര്യം ചെയ്യുന്നത്. അടുത്ത പതിറ്റാണ്ടുകളിൽ പതുക്കെ ഉണ്ടായി അടുത്ത തലമുറക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന ഒന്നായിട്ടാണ് കാലാവസ്ഥ വ്യതിയാനത്തെ ആളുകൾ കണ്ടുകൊണ്ടിരിക്കുന്നത്. അത് മാറി. കാലാവസ്ഥ വ്യതിയാനം ഇപ്പോൾ നമുക്ക് ചുറ്റും ഉണ്ട്, ഇതിപ്പോൾ ഈ തലമുറയുടെ പ്രശ്നം തന്നെയാണ്. ഗ്രീസിൽ വർധിച്ചു വരുന്ന കാട്ടുതീയുടെ സാഹചര്യത്തിൽ പുതിയതായി ഒരു ministry of climate crisis and civil protection കഴിഞ്ഞ മാസം ഉണ്ടാക്കിയിട്ടുണ്ട്.
ഇവയെല്ലാം കൂട്ടിവായിക്കുന്പോൾ നമുക്കൊരു “Ministry for Climate Emergency and Disaster Risk Reduction” ഉണ്ടാക്കേണ്ട സമയം ആണ്. മുൻപ് പറഞ്ഞവയുൾപ്പെടെ ചെയ്യേണ്ട അനവധി കാര്യങ്ങളും കൈകാര്യം ചെയ്യാൻ അനവധി കോടികളുമുണ്ട്. ഇപ്പോൾ നിലവിലുള്ള പല മന്ത്രാലയങ്ങളെക്കാളും വിപുലമായ അധികാരങ്ങളും ബജറ്റും ഉണ്ടാകും. ഒരു ഫുൾ ടൈം മന്ത്രി ഉണ്ടാകുന്പോൾ ഈ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ കൈവരും. വകുപ്പുകൾ സംയോജിപ്പിച്ച് പ്രവർത്തിപ്പിക്കാൻ പറ്റും. ഓരോ ദുരന്തവും കഴിയുന്പോൾ എന്ത് ചെയ്യും എന്നല്ല, ദുരന്തങ്ങൾ മുൻകൂട്ടി കണ്ട്, കാലാവസ്ഥ വ്യതിയാനത്തിന്റെ പ്രശ്നങ്ങൾ മനസിലാക്കി പ്രവർത്തിച്ചാൽ കേരളത്തിന്റെ ഭാവിക്ക് ഗുണകരമാകും. ദുരന്തവും ദുരന്ത നിവാരണവും കൈകാര്യം ചെയ്യാൻ ഒരു മന്ത്രി വരുന്പോൾ മറ്റുള്ള മന്ത്രിമാർക്കും വകുപ്പുകൾക്കും അവരുടെ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കാൻ സമയവും കിട്ടും.
(“ചേട്ടന്റെ ചാട്ടം എങ്ങോട്ടാണെന്ന് ഞങ്ങൾക്ക് മനസ്സിലാകുന്നുണ്ട് എന്നല്ലേ? ഉണ്ണീ, നോക്കണ്ട, അത് ഞാൻ അല്ല !)
മുരളി തുമ്മാരുകുടി
sir enikk kananam ennund sirne patti kettu my number 9544104458