പൊതു വിഭാഗം

കാര്യം നിസ്സാരം, പക്ഷെ പ്രശ്നം ഗുരുതരം!

കഴിഞ്ഞ കുറച്ചു വർഷങ്ങളായി കേരളത്തിലെ റോഡുകളുടെ നിർമ്മാണത്തിലും നടത്തിപ്പിലും വളരെയധികം പ്രൊഫഷണലിസവും പുരോഗതിയും വന്നിട്ടുണ്ട്.

കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ നാഷണൽ ഹൈവേ ആറുവരിപ്പാത ആകുന്നതോടെ കേരളത്തിൽ റോഡ് മാർഗമുള്ള യാത്ര സുഗമമാകും. സാമ്പത്തിക അവസരങ്ങൾ ഉണ്ടാക്കും, സാമൂഹ്യമാറ്റങ്ങളും.

ഇന്ത്യയിൽ മറ്റു ഭാഗങ്ങളിൽ റോഡുകൾ നന്നായപ്പോഴും ഡ്രൈവിംഗ് സംസ്കാരം മാറിയില്ല എന്നത് യാത്രാവേഗത കുറച്ചു, അപകടങ്ങൾ കൂട്ടി.

കഴിഞ്ഞ ഡിസംബറിൽ യു.പി. യിൽ ഏകദേശം രണ്ടായിരം കിലോമീറ്റർ റോഡുവഴി യാത്ര ചെയ്തിരുന്നു. പണ്ടൊരു ജി.റ്റി. റോഡ് മാത്രം ഉണ്ടായിരുന്നിടത്ത് ഇപ്പോൾ തലങ്ങും വിലങ്ങും ഹൈവേകൾ ആണ്. ചിലത് നാലുവരിപ്പാത, ചിലത് ആറുവരിപ്പാത.

ആറുവരിപ്പാത ഡ്രൈവിംഗിൽ വളരെ ക്രേസിയായ ഒരു പാറ്റേൺ ആണ് കണ്ടത്. ഏറ്റവും വേഗതയിൽ പോകേണ്ട വലത്തേ അറ്റത്തെ ലൈൻ, ട്രക്കുകൾ കയ്യടക്കിയിരിക്കുകയാണ്. ഈ തെറ്റായ രീതി അപകടങ്ങൾ കൂട്ടുന്നു, മൊത്തം വേഗത കുറയുന്നു. പല രാജ്യങ്ങളിലും ഇത് നിയമവിരുദ്ധമാണ്. ഏറ്റവും അതിശയം ഇടത്തേ അറ്റത്തെ സ്ലോ ലൈൻ ആണ്. അതിനെ മെയിൻ ട്രാഫിക്കിന് എതിരെ പോകുന്ന സർവ്വീസ് ലൈൻ ആയിട്ടാണ് ആളുകൾ കണക്കാക്കായിരിക്കുന്നത്.

റോഡുനിയമം പാലിച്ചു വണ്ടി ഓടിച്ചാൽ ഹെഡ്-ഓൺ കൂട്ടിയിടി നടക്കും. ശേഷം ചിന്ത്യം! ഫലത്തിൽ ആറുവരിപ്പാത നാലുവഴിപ്പാത തന്നെ. അപകട സാധ്യതകൾ വല്ലാതെ കൂടിയിരിക്കുന്നു.

കേരളത്തിൽ ആറുവരിപ്പാതകൾ വരുമ്പോൾ ഡ്രൈവിംഗ് സംസ്കാരത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാകണം. ബോധവൽക്കണം, നിരീക്ഷണം, ശിക്ഷ എല്ലാം നടപ്പിലാക്കണം.

നല്ല റോഡുകൾ ജീവിതം എളുപ്പമാക്കണം. ജീവൻ എളുപ്പത്തിൽ എടുക്കുന്നതാക്കരുത്.

നല്ല റോഡുകളിൽ നല്ല ഡ്രൈവിംഗ് സംസ്കാരം ഉണ്ടാകട്ടെ.

മുരളി തുമ്മാരുകുടി

May be an image of car, road and text that says "ആറുവരിയിൽ വാഹനം ഓടിക്കേണ്ടത് എങ്ങനെയാണ്..?"

Leave a Comment